Image

നീതി കിട്ടും വരെ പോരാടും: പ്രവീണിന്റെ മാതാവ് ശ്രീമതി ലവ്‌ലി വര്‍ഗീസുമായുള്ള അഭിമുഖം

ഷിജി അലക്‌സ് Published on 29 April, 2015
നീതി കിട്ടും വരെ പോരാടും:  പ്രവീണിന്റെ മാതാവ് ശ്രീമതി ലവ്‌ലി വര്‍ഗീസുമായുള്ള അഭിമുഖം
കാര്‍ബണ്‍ഡെയ്ല്‍ SIU വിദ്യാര്‍ത്ഥി ആയിരുന്ന മോര്‍ട്ടന്‍ ഗ്രോവ് സ്വദേശി പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂപ സാഹചര്യത്തിലുള്ള മരണം സംഭവിച്ചിട്ട് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിട്ടു. ഈ സാഹചര്യത്തില്‍ പ്രവീണ്‍ കേസിന്റെ പുരോഗതിയും ഭാവി പരിപാടികളും വിശദമാക്കാനായി, പ്രവീണിന്റെ മാതാവ് ശ്രീമതി ലവ്‌ലി വര്‍ഗീസുമായി ലേഖിക നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

നിലവിലുള്ള സാഹചര്യം:

നോര്‍ത്തമേരിക്കന്‍-ഇന്ത്യന്‍ സമുഹവും, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയുമായി നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൈ കോര്‍ക്കുന്നതുമൂലം, കേസിന്റെ ആര്‍ജ്ജവം ഒട്ടും ചോര്‍ന്ന് പോകാതെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നുണ്ട്. ഇന്ത്യന്‍-അമേരിക്കന്‍ ടെലിവിഷന്‍, പത്രമാധ്യമങ്ങള്‍ ഈ ഉദ്യമത്തിന് നല്‍കുന്ന സഹകരണം വിസ്മയാവഹമാണ്. പ്രവീണിന്റെ മൃതശരീരം കണ്ട കോളോണിയല്‍ ഫ്യൂണറല്‍ ഹോം അധികൃതര്‍ ആണ്, ഒരു രണ്ടാം പോസ്റ്റ്മാര്‍ട്ടത്തിന്റെ ആവശ്യകത വ്യക്തമാക്കിയത്. അതിനെ തുടര്‍ന്ന് ഫോറന്‍സിക് രംഗത്തെ അതിവിദഗ്ദ്ധനായ ഡോ.മര്‍ഗോളിന്‍ പുനര്‍ പോസ്റ്റ്മാര്‍ട്ടം നടത്തുകയും, ആദ്യ പോസ്റ്റ്മാര്‍ട്ടം റിസല്‍ട്ടില്‍ നിന്നും വിഭിന്നമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. കാര്‍ബണ്‍ഡേയ്ല്‍ റേഡിയോ ജോക്കി ആയ മോണിക്കാ സൂക്കാസിന്റെ റേഡിയോ പ്രക്ഷേപണങ്ങള്‍, കാര്‍ബണ്‍ഡേയിലിലും, ചിക്കാഗോയിലും, ആയി നടന്ന പ്രതിഷേധ യോഗങ്ങള്‍. മോര്‍ട്ടണ്‍ ഗ്രോവ് മേയറുടെ നേതൃത്വത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ ഭരണനേതൃത്വത്തെ ഉള്‍ക്കൊള്ളിച്ച് നടത്തിയ പത്രസമ്മേളനം, ആര്‍ക്കേഞ്ചല്‍സ് ഓഫ് ജസ്റ്റിസ് എന്ന സംഘടയുടെ കടന്ന് വരവ്, ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ചില്‍ വച്ച് നടന്ന പ്രവീണിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങ്, എല്ലാം തന്നെയും പ്രവീണിനും കുടുംബത്തിനും നീതി ലഭിക്കണം എന്ന് ഉച്ചൈസ്ഥരം ഘോഷിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് 2015 ഫെബ്രുവരിയില്‍ കാര്‍ബണ്‍ഡേയ്ല്‍ സെപെഷ്യല്‍ പ്രൊസിക്യൂട്ടര്‍, മൈക്കല്‍ കാറിന്റെ നേതൃത്വത്തില്‍ ഉള്ള ഗ്രാന്റ് ജൂറി വിധി വന്നത്.

ഗ്രാന്റ് ജൂറി വിധി: 

ഇന്ത്യന്‍ സമൂഹവും അമേരിക്കന്‍ സമൂഹവും ഒരുപോലെ ഞെട്ടലോടെയാണ് ഗ്രാന്റ് ജൂറി വിധി ശ്രവിച്ചത്. കുറ്റമാരോപിക്കാന്‍ കുറ്റവാളികള്‍ ആരുമില്ല എന്ന രീതിയില്‍ ജൂഡിഷറിക്ക് തന്നെ കളങ്കം ഏല്‍പ്പിക്കുന്ന തരത്തിലുള്ളതായിരുന്നു വിധി പ്രസ്താവം. പോലീസിന്റെ പ്രാഥമിക അന്വേഷണം തൃപ്തികരമല്ല എന്ന് കരുതിയിരുന്ന സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ഏറ്റെടുത്തത്. അത് തുടക്കത്തില്‍ ആശ്വസമായി തോന്നിയെങ്കിലും , പിന്നീട് ആ ഓഫീസുമായി നടന്ന കൂടിക്കാഴ്ചകളില്‍ നിന്ന് ഒരു കാര്യം വ്യക്തമായി, അതായത്, മുന്‍വിധിയോടെയാണ് മൈക്കിള്‍കാര്‍ ഈ കേസിനെ സമീപിച്ചത് എന്ന്. പ്രവീണിന് തികച്ചും അപരിചിതനായ വ്യക്തി ആയിരുന്ന കാര്‍ഡ്രൈവറെ സംരക്ഷിക്കുന്ന രീതിയില്‍ പെരുമാറിയ ഓഫീസര്‍, പുനര്‍ പോസ്റ്റ്മാര്‍ട്ടത്തിന്റെ റിസല്‍ട്ടോ, പ്രവീണിന്റെ സുഹൃത്തുക്കളുടെ മൊഴിയോ കണക്കിലെടുക്കാതെ ഒരു തീരുമാത്തിലെത്തുകയായിരുന്നു. ഈ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിക്ക് തികച്ചും അപമാനകരമായ ഒരു വിധി പ്രസ്താവം. എന്നാല്‍ നാനാതുറകളില്‍ നിന്നുള്ള സമ്മര്‍ദ്ധത്തിന്റെ ഫലമായി മൈക്കല്‍ കാര്‍ കേസില്‍ നിന്നും പിന്‍മാറുകയും മറ്റൊരു ഓഫീസര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തു. പുതിയ ഓഫീസര്‍ രണ്ടാം പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും മറ്റുള്ള തെളിവുകളും സംഭരിക്കുന്നത ആശ്വാസം പകരുന്നു. നാലോളം കോണ്‍ഗ്രസ്‌മെന്‍, ഗവര്‍ണറുടെ ഓഫീസ് ഇവയുടെ ഒക്കെ സ്വാധീനം കുടുംബത്തിന് ആശ്വാസം പകരുന്നു.

ഭാവി പരിപാടികള്‍:

ഈ വരുന്ന മെയ്-9-ാം തിയതി ഉച്ചക്ക് 12 മണി മുതല്‍ രണ്ട് മണിവരെ ചിക്കാഗോയിലെ ഡെയ്‌ലി സെന്റര്‍ അങ്കണത്തില്‍ സമാധാനപരമായ ഒരു പ്രതിഷേധറാലി സംഘടിപ്പിക്കുന്നു. രാഷ്ട്രീയ നേതൃത്വ പങ്കാളിത്തവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം കൊണ്ട് റാലി ശ്രദ്ധേയമാകും എന്ന് പ്രതീക്ഷിക്കുന്നു. ഇതേ സാഹചര്യത്തില്‍ കൂടി കടന്നു പോകുന്ന മറ്റുള്ള കുടുംബങ്ങളും ഈ ഉദ്യമത്തില്‍ പങ്ക് ചേരുന്നു. “Holding Hands together – justice for all ” എന്ന ഈ പ്രതിഷേധ റാലിയിലേക്ക് ഏവരുടെ സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു.

അതിനുശേഷം, ജൂലൈ 10-ന് പ്രവീണ്‍ കേസിന്റെ നടത്തിപ്പിനാവശ്യമായ ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടി ഒരു സ്റ്റേജ് ഷോ നടത്തുന്നു. അമേരിക്കന്‍ ഡെയ്‌സ് എന്ന ഈ പ്രോഗ്രാം നടത്താനായി പ്രവീണിന്റെ ഹൈസ്‌കൂള്‍ ആയ നൈല്‍സ് വെസ്റ്റ് ഹൈസ്‌കൂള്‍ , വേദി ചെറിയനിരക്കില്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുകയില്‍ മിച്ചമുള്ളത്, സമസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായും, സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ക്കും ആയി ഉപയോഗിക്കുന്നതാണ്. ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. ഇതൊരു വന്‍വിജയമാക്കി മാറ്റണമേ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

ഇതാ ഇവിടെ ഒരു കുടുംബം, ഏറെ പ്രതീക്ഷയോടെ, തങ്ങള്‍ക്ക് നീതി ലഭിക്കുന്ന ഒരു ദിവസവും കാത്ത് തങ്ങളാലാവുന്നതെല്ലാം ചെയ്ത് കാത്തിരിക്കുന്നു. നമുക്കും അവരോടൊപ്പം ചേരാം. ഒരുമിച്ച് കൈകള്‍ കോര്‍ക്കാം, നീതി ലഭിക്കുന്ന ഒരു നാളേയ്ക്കായി.

ഷിജി അലക്‌സ്

നീതി കിട്ടും വരെ പോരാടും:  പ്രവീണിന്റെ മാതാവ് ശ്രീമതി ലവ്‌ലി വര്‍ഗീസുമായുള്ള അഭിമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക