Image

മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ നെറ്റ്‌ വര്‍ക്കിംഗ്‌ ശക്തമാക്കും

Published on 29 April, 2015
മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ നെറ്റ്‌ വര്‍ക്കിംഗ്‌ ശക്തമാക്കും
ഗ്രീന്‍ബര്‍ഗ്‌, ന്യൂയോര്‍ക്ക്‌: പതിനാറു വര്‍ഷം പിന്നിടുന്ന മലയാളി വ്യാപാരി-വ്യവസായികളുടെ സംഘടന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ കുടുംബ സംഗമം സൗഹൃദത്തിന്റേയും നെറ്റ്‌ വര്‍ക്കിംഗിന്റേയും വേദിയായി. ബിസിനസ്‌ രംഗത്തെ മാറ്റങ്ങള്‍ അപഗ്രഥിക്കുകയും പരസ്‌പര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഒരുമയോടെ മുന്നേറാനും തീരുമാനിക്കുകയും ചെയ്‌തു.

ഉദ്‌ഘാടകയായിരുന്ന റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ എങ്ങനെ കോടീശ്വരനാകാം എന്നതിനെപ്പറ്റിയുള്ള സെമിനാറില്‍ പങ്കെടുത്തത് അനുസ്മരിച്ചു. കോടീശ്വരനാകാന്‍ ആഗ്രഹിക്കുന്നവര്‍ കയ്യിലൊന്നുമില്ലെങ്കിലും കോടീശ്വരനെപ്പോലെ പെരുമാറുകയാണ്‌ ആദ്യമായി വേണ്ടതെന്നാണ്‌ അവര്‍ സെമിനാറില്‍ പഠിപ്പിച്ചത്‌. നടപ്പിലും പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം ഒരു കോടീശ്വര ലുക്ക്‌ ഉണ്ടായാല്‍ തന്നെ പിന്നീട്‌ അതുണ്ടാകാനുള്ള സാധ്യത കൂടും. ഉയര്‍ന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ അവിടെ എത്തിയില്ലെങ്കില്‍ കൂടി ആ പ്രവര്‍ത്തനങ്ങള്‍ അവരെ ഉയര്‍ത്തും- അവര്‍ ചൂണ്ടിക്കാട്ടി.

കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ താനും ഒരു വ്യാപാരിയായിരുന്നുവെന്നും എന്നാല്‍ തനിക്കത്‌ പറഞ്ഞിട്ടില്ലെന്ന്‌ അനുഭവത്തിലൂടെ പഠിച്ചുവെന്നും ഫൊക്കാന സീനിയര്‍ നേതാവ്‌ ടി.എസ്‌. ചാക്കോ പറഞ്ഞു. ആദ്യം ഒരു സാരിക്കട തുടങ്ങി. അടുത്തെങ്ങും സാരിക്കടകളില്ല. നല്ല കച്ചവടം പ്രതീക്ഷിച്ചു. പക്ഷെ കാര്യമായൊന്നും വിറ്റില്ല. നാട്ടില്‍ നിന്നുവരുന്ന പ്രായമായവര്‍ വരെ സാരിക്കു പകരം ജീന്‍സും ടോപ്പും ധരിച്ചു.

പിന്നീടൊരു റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തുടങ്ങി. പല മലയാളികളേയും എട്ടും ഒമ്പതും വീടുകാണിക്കും. പക്ഷെ അവസാനം അവര്‍ പോയി സായിപ്പിന്റെ കയ്യില്‍ നിന്നും വീടു വാങ്ങും. തനിക്ക്‌ ബിസിനസ്‌ അറിയില്ലെന്നും അതില്‍ വിജയിക്കില്ലെന്നും കണ്ടപ്പോള്‍ കളം മാറി ചവുട്ടി.


ചടങ്ങിന്റെ സംഘാടകരിലൊരാളായ ജോയി ഇട്ടന്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ്‌ മാധവന്‍ നായര്‍ സംഘടനകൊണ്ട്‌ വ്യാപാര-വ്യവസായ രംഗത്തുള്ള മലയാളികള്‍ക്കുണ്ടാകുന്ന നന്മകള്‍ അനുസ്‌മരിച്ചു. നെറ്റ്‌ വര്‍ക്കിംഗ്‌ യോഗം പ്രതിമാസം  ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്‌.  അസോസിയേഷനിലെ അംഗസംഖ്യയില്‍ കുറവുവന്നു. അതു പരിഹരിക്കാന്‍ ശ്രമിക്കും. കൂടുതല്‍ പേര്‍ക്ക്‌ ലൈഫ്‌ മെമ്പര്‍ഷിപ്പ്‌ നല്‍കി സംഘടന ഊര്‍ജിതപ്പെടുത്തും. നേപ്പാളിലെ ദുരിതബാധിതര്‍ക്കുവേണ്ടി സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യരുടെ ഊര്‍ജസ്വലതയും പൗരസ്‌ത്യരുടെ ശാന്തതയും ഒന്നുചേരുമ്പോള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. അതിനു അംഗങ്ങളെ പ്രാപ്‌തരാക്കുകയാണ്‌ ലക്ഷ്യം. പാശ്ചാത്യര്‍ എപ്പോഴും കര്‍മ്മനിരതരാണ്‌. നിരന്തരമായ പ്രയത്‌നമാണ്‌ നമുക്ക്‌ കുറവുള്ളത്‌. പക്ഷെ നമ്മെപ്പോലെ മനശാന്തി അനുഭവിക്കാന്‍ അവര്‍ക്കാകുന്നുണ്ടോ എന്നു സംശയം.

തൊലിയുടെ നിറം നമുക്ക്‌ പലപ്പോഴും ഒരു കുറവുതന്നെയാണ്‌. പക്ഷെ ശരിയായ മനോഭാവവും പ്രര്‍ത്തനരീതിയുംകൊണ്ട്‌ ആ കുറവ്‌ നികത്താവുന്നതേയുള്ളൂ എന്നതാണ്‌ വിജയത്തിലെത്തിയവരുടെയെല്ലാം അനുഭവം പഠിപ്പിക്കുന്നത്‌. അതുപോലെ തന്നെ ടീം പ്ലെയറായി മുന്നോട്ടുപോകേണ്ടതുണ്ട്‌. അമേരിക്ക ഇപ്പോഴും ലാന്‍ഡ്‌ ഓഫ്‌ ഓപ്പര്‍ച്യൂണിറ്റി തന്നെയാണെന്നും ബുദ്ധിപൂര്‍വ്വമായി പ്രവര്‍ത്തിക്കുന്നവര്‍ വിജയത്തിലെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടനയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നു മുന്‍ പ്രസിഡന്റ്‌ ജോണ്‍ ആകശാല പറഞ്ഞു. സമ്മേളനത്തിനു ചുക്കാന്‍പിടിച്ച പോള്‍ കറുകപ്പിള്ളില്‍, മുന്‍ പ്രസിഡന്റ്‌ റോയി എണ്ണശ്ശേരില്‍, മുന്‍ സെക്രട്ടറി ജിന്‍സ്‌മോന്‍ സഖറിയ, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ഫോമാ മുന്‍ വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌,
ലീല മാരേട്ട്‌, ട്രഷറര്‍ കോശി ഉമ്മന്‍, ജോ. ട്രഷറര്‍ സുധാകര്‍ മേനോന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കെ.സി അലക്‌സാണ്ടറുടെ ഗാനങ്ങള്‍, മാതായി ചാക്കോയുടെ മാജിക്‌ ഷോ എന്നിവയും ഉണ്ടായിരുന്നു. വിനീത നായരായിരുന്നു എം.സി. ചേംബര്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി സ്വാഗതം ആശംസിച്ചു.

റോയല്‍ പാലസ്‌ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ നാനാതുറകളില്‍പ്പെട്ട ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ നെറ്റ്‌ വര്‍ക്കിംഗ്‌ ശക്തമാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക