Image

ദീപ്‌തി സതി; ലാല്‍ ജോസിന്റെ പുതിയ നായിക (ജയമോഹനന്‍ എം)

Published on 28 April, 2015
ദീപ്‌തി സതി; ലാല്‍ ജോസിന്റെ പുതിയ നായിക (ജയമോഹനന്‍ എം)
മലയാള സിനിമക്ക്‌ മികച്ച നായികമാരെ സമ്മാനിച്ച സമീപകാല സംവിധായകന്‍ ആരെന്ന്‌ ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു - ലാല്‍ ജോസ്‌. ലാല്‍ ജോസിന്റെ നായികമാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌ കാവ്യാ മാധവന്‍ മുതല്‍ ആന്‍ അഗസ്റ്റിന്‍ വരെ. നായികയ്‌ക്ക്‌ ഏറെ പ്രധാന്യമുള്ള ചിത്രങ്ങള്‍ ഒരുക്കുന്നു എന്നിടത്താണ്‌ ലാല്‍ ജോസ്‌ സിനിമകള്‍ നായികമാര്‍ക്ക്‌ പ്രീയപ്പട്ടതാകുന്നത്‌. ലാല്‍ ജോസ്‌ സിനിമയിലൂടെ തുടങ്ങിയാല്‍ പിന്നെ മലയാള സിനിമയില്‍ രാശി തെളിഞ്ഞുവെന്നത്‌ ചരിത്രം.

മലയാള സിനിമയുടെ തിലകക്കുറിയായി മാറിയ കാവ്യാ മാധവന്‍ തന്നെ ഉദാഹരണം. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെ ലാല്‍ ജോസിന്റെ കണ്ടെത്തലായി കാവ്യ എത്തുമ്പോള്‍ പിന്നീട്‌ എക്കാലത്തെയും പ്രീയപ്പെട്ട നായികയുടെ ഗണത്തിലേക്ക്‌ കാവ്യമാറുമെന്ന്‌ ആരും കരുതിയതുമില്ല. എന്നാല്‍ കാവ്യയും ലാല്‍ ജോസും ഈയൊരു ചിത്രം കൊണ്ടു തന്നെ ജനമനസില്‍ ഇടം നേടി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ കാവ്യയെങ്കില്‍ മീശമാധനവില്‍ ജ്യോതിര്‍മയിയെ താരമാക്കി ലാല്‍ ജോസ്‌. തുടര്‍ന്ന്‌ രസികനില്‍ എത്തിയപ്പോള്‍ സംവൃതാ സുനിലായി താരം. രണ്ടാം ഭാവത്തില്‍ പൂര്‍ണ്ണിമ നായികയായി എത്തി. നീലത്താമരയിലൂടെ അര്‍ച്ചനാ കവിയിലും എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ആന്‍ അഗസ്റ്റിനും ലാല്‍ ജോസ്‌ മലയാള സിനിമയില്‍ അവതരിപ്പിച്ച നായികമാര്‍ തന്നെ.

ലാല്‍ ജോസ്‌ നായികമാരുടെ ഈ ഗണത്തില്‍ പുതുമുഖമായി എത്തുകയാണ്‌ ദീപ്‌തി സതി. മലയാളിയെങ്കിലും മുംബൈക്കാരി. പക്കാ മോഡല്‍ ഗേള്‍. മുന്‍ വര്‍ഷത്തെ മിസ്‌ കേരള പട്ടം സ്വന്തമാക്കിയ സുന്ദരി കൂടിയാണ്‌ ദീപ്‌തി സതി. എന്നാല്‍ നാടന്‍ മലയാളി പെണ്‍കുട്ടി മാത്രമല്ല ബിക്കിനി റോളില്‍ റാംപില്‍ എത്തുന്ന ബോള്‍ഡ്‌ ഗേള്‍ കൂടിയാണ്‌ ദീപ്‌തി. ലാല്‍ ജോസിന്റെ പുതിയ ചിത്രമായ നീനയിലൂടെയാണ്‌ ദീപ്‌തി സതി സിനിമയിലെത്തുന്നത്‌. മോഡലായ ദീപ്‌തിയുടെ കരിയറില്‍ പുതിയൊരു വഴിമാറ്റത്തിന്‌ തുടക്കം.

ഏറെക്കാലത്തെ അന്വേഷണത്തിന്‌ ഒടുവിലാണ്‌ ദീപ്‌തി സതിയെ തന്റെ നായികയായി ലാല്‍ ജോസ്‌ കണ്ടെത്തുന്നത്‌. അതിനെക്കുറിച്ച്‌ സംവിധായകന്‍ ലാല്‍ ജോസ്‌ പറയുന്നതിനങ്ങനെ...

നീനയില്‍ രണ്ട്‌ നായികമാരാണുള്ളത്‌. ഒന്ന്‌ ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുന്ന നളിനി എന്ന കഥാപാത്രം. മറ്റൊന്ന്‌ നീന എന്ന കഥാപാത്രം. നളിനി സാധാരണ വീട്ടമ്മയാണെങ്കില്‍ നീന നേരെ തിരിച്ചാണ്‌. പക്കാ ബോള്‍ഡ്‌ കാരക്‌ടര്‍. മുടിയൊക്കെ മുറിച്ച്‌ ഒരു ടോംബോയ്‌ സ്‌റ്റൈല്‍. സിഗരറ്റ്‌ വലിക്കുകയും മദ്യപിക്കുകയുമൊക്കെ ചെയ്യുന്ന കാരക്‌ടറാണ്‌. അപ്പോള്‍ അത്‌ ഒരു പക്കാ മലയാളി പെണ്‍കുട്ടി അവതരിപ്പിച്ചാല്‍ ശരിയാവില്ല. എന്നാല്‍ മലയാളത്തെക്കുറിച്ച്‌ ധാരണയുള്ളയാളാവണം. ഈ അന്വേഷണം പലരിലേക്കും നീങ്ങിയപ്പോഴും ശരിയാവുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ്‌ ദീപ്‌തി സതിയിലെത്തുന്നത്‌. കണ്ടപ്പോള്‍ ഞാന്‍ അന്വേഷിച്ചിരുന്ന അതേ മുഖമാണ്‌ ദീപ്‌തിക്ക്‌.

എന്തായാലും നീനയിലെ ടൈറ്റില്‍ റോളിലെത്തിയ സന്തോഷത്തിലാണ്‌ ദീപ്‌തി സതി. മലയാള സിനിമയില്‍ അരങ്ങേറുന്നതിനെക്കുറിച്ച്‌ ദീപ്‌തി സതി സംസാരിക്കുന്നു...
പക്കോ ടോംബോയ്‌ ഗെറ്റപ്പ്‌. ദീപ്‌തി എപ്പോഴും ഇങ്ങനെയാണോ?

നല്ല മുടിയുള്ള പെണ്‍കുട്ടിയായിരുന്നു ഞാന്‍. മുടി മുറിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടേയില്ല. അപ്പോഴാണ്‌ നീനയിലേക്കുള്ള ഓഫര്‍ വരുന്നത്‌. മുടി മുറിക്കണമെന്നതായിരുന്നു ഒരു കണ്ടീഷന്‍. മുടി മുറിച്ചാലും വേണ്ടില്ല ഒരു ലാല്‍ ജോസ്‌ ചിത്രത്തില്‍ അവസരം കിട്ടിയാല്‍ മതിയെന്നായിരുന്നു എനിക്ക്‌. അപ്പോ തന്നെ മുടി മുറിച്ചു. അതോടെയാണ്‌ ഈ ഗെറ്റപ്പിലേക്ക്‌ എത്തിയത്‌.

ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത്‌ ഒരു റിസ്‌കല്ലേ?

ലാല്‍ ജോസ്‌ ഫിലിം എന്ന്‌ പറയുമ്പോള്‍ മലയാളിക്ക്‌ ഒരു പ്രതീക്ഷയുണ്ടാവും. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്‌. ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സിനിമ മീശമാധവനായിരിക്കും. ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമകളിലൊന്നാണ്‌ ക്ലാസ്‌മേറ്റ്‌സ്‌. അങ്ങനെയുള്ളപ്പോള്‍ എനിക്കൊരു പേടിയുമില്ല. സത്യത്തില്‍ ഈ സിനിമയില്‍ ഞാന്‍ മാത്രമാണ്‌ പുതുമുഖം. മറ്റുള്ളവരെല്ലാം കഴിവ്‌ തെളിയിച്ചവരാണ്‌. ഒപ്പം അഭിനയിക്കുന്ന ആന്‍ അഗസ്റ്റിന്‍ സ്റ്റേറ്റ്‌ അവാര്‍ഡ്‌ വാങ്ങിയ നടിയാണ്‌. ഇത്രയും എക്‌സ്‌പീരിയന്‍സുള്ള ഒരു ടീമില്‍ നിന്ന്‌ വരുന്ന സിനിമയാണ്‌ നീന. അപ്പോള്‍ പിന്നെ ഞാന്‍ എന്തിന്‌ ഭയക്കണം.

നീന സൂപ്പര്‍ഹിറ്റായി എന്ന്‌ കരുതുക. അപ്പോള്‍ മലയാള സിനിമയില്‍ നായികയായി തുടരുമോ, മോഡലിംഗിലേക്ക്‌ മടങ്ങുമോ?

നീന സൂപ്പര്‍ഹിറ്റാകും എന്നാണ്‌ എന്റെ വിശ്വാസം. മലയാള സിനിമയില്‍ തന്നെ തുടരണം എന്നാണ്‌ എന്റെ ആഗ്രഹം. മോഡലിംഗ്‌ എന്റെ കരിയര്‍ തന്നെയാണ്‌. അതേ പോലെ തന്നെ ഞാന്‍ സിനിമയെയും ഇഷ്‌ടപ്പെടുന്നു. സിനിമയും മോഡലിംഗും എനിക്ക്‌ രണ്ടായി തോന്നുന്ന വിഷയങ്ങളല്ല. മലയാള സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നുണ്ട്‌. എപ്പോഴെങ്കിലും അത്‌ സാധിക്കുമെന്ന്‌ കരുതുന്നു.

എങ്കിലും മുംബൈ മോഡലിനെപ്പോലെ സ്റ്റൈലിഷ്‌ ലുക്കുള്ള നായികയെ മലയാള സിനിമ എപ്പോഴും തിരഞ്ഞെടുക്കുമോ?

ഈ സിനിമക്ക്‌ വേണ്ടിയാണ്‌ ഞാന്‍ ഈ സ്റ്റൈലിഷ്‌ ലുക്കില്‍ എത്തുന്നത്‌. സത്യത്തില്‍ ഞാന്‍ തനി നാടന്‍ പെണ്‍കുട്ടിയായി മാറുന്നവളാണ്‌. കേരളത്തിന്റെ സാധാരണത്വവും സാംസ്‌കാരിക തനിമയും പാരമ്പര്യവും തന്നെയാണ്‌ എന്നെ എന്നും എക്‌സൈറ്റ്‌ ചെയ്യിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ മലയാളി പെണ്‍കുട്ടിയായി മാറാന്‍ എനിക്ക്‌ പ്രയാസമുണ്ടെന്ന്‌ കരുതുന്നില്ല.
ദീപ്‌തി സതി; ലാല്‍ ജോസിന്റെ പുതിയ നായിക (ജയമോഹനന്‍ എം)
ദീപ്‌തി സതി; ലാല്‍ ജോസിന്റെ പുതിയ നായിക (ജയമോഹനന്‍ എം)
ദീപ്‌തി സതി; ലാല്‍ ജോസിന്റെ പുതിയ നായിക (ജയമോഹനന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക