Image

ഉര്‍വശിക്കെന്താ മദ്യപിച്ചാല്‍? (ജയമോഹനന്‍.എം)

Published on 27 April, 2015
ഉര്‍വശിക്കെന്താ മദ്യപിച്ചാല്‍? (ജയമോഹനന്‍.എം)
''നിയമസഭാ സെക്രട്ടറിയേറ്റില്‍ ഇടതു സംഘടനയുടെ വനിതാ ഫോറത്തിന്റെ വാര്‍ഷിക യോഗം പ്രമുഖ നടിയുടെ അധികപ്രസംഗത്തില്‍ അലങ്കോലമായി''. നമ്മുടെ പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. മദ്യലഹരിയില്‍ നാവുകുഴഞ്ഞ് നടി നിലവിട്ട് പ്രസംഗം തുടങ്ങിയതോടെ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ എന്‍.ശക്തന്‍ വേദി വിടുകയും ചെയ്തു എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ പത്രം പേരെടുത്ത് പറയാത്ത നടി സാക്ഷാല്‍ ഉര്‍വശിയാണ്. ഉര്‍വശി മദ്യലഹരിയില്‍ പരിപാടി അലങ്കോലപ്പെടുത്തിയതും പിന്നീട് സംഘാടകര്‍ അനുനയിപ്പിച്ച് കാറില്‍ കയറ്റി അയക്കാന്‍ ശ്രമിച്ചപ്പോള്‍ അവരോട് തട്ടിക്കയറുന്നതും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
ഇപ്പോഴിതാ കേരളമൊട്ടാകെ ഉര്‍വശിയുടെ മദ്യപാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

സൈബര്‍ ലോകത്ത് അഭിനവ സദാചാര വാദികള്‍ സ്ത്രീയായ ഉര്‍വശി മദ്യപിച്ചതിനെതിരെ രോഷം കൊള്ളുകയാണ്. അവരുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച വിവാഹ മോചനവും ഈ മദ്യപാനവും കൂട്ടികലര്‍ത്തി കഥകള്‍ മെനയുന്നു. ഭാരത സ്ത്രീ തന്‍ ഭാവശുദ്ധി ഉര്‍വശി കളഞ്ഞുകുളിച്ചുവെന്ന് മറ്റു ചിലര്‍.
ഇവിടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന സംഭവം ഉര്‍വശി എന്ന വനിത മദ്യപിച്ചു എന്നതാകുന്നു. മദ്യപിച്ച് നിയമസഭയിലെ പ്രോഗ്രാമിനെത്തി എന്നത് തികഞ്ഞ കുറ്റം തന്നെ. അത് ആരായാലും വെച്ചുപൊറുപ്പിക്കാവുന്നതല്ല.

എന്നാല്‍ സ്ത്രീ മദ്യപിച്ചു എന്നത് മാത്രം കുറ്റകരമായി കാണുന്ന പൊതുബോധത്തെയാണ് ഇവിടെ വിമര്‍ശിക്കുന്നത്. മദ്യപിച്ച് പരിപാടി അലങ്കോലപ്പെടുത്തിയതിലെ വിമര്‍ശനം ഉര്‍വശി എന്ന വ്യക്തിയിലേക്കാണ് തിരിയേണ്ടത്. ഉര്‍വശി എന്ന സ്ത്രീ മദ്യപിച്ചു എന്ന് വരുമ്പോള്‍ പുരുഷന്‍ മദ്യപിച്ച് പരിപാടി അലങ്കോലപ്പെടുത്തിയാല്‍ അത് ശരിയെന്നാവും.

ഇതേ കേരളത്തില്‍ തന്നെയല്ലേ മദ്യപാനിയായ അരാജക വാദികളായ എ.അയ്യപ്പനും ജോണ്‍ ഏബ്രഹാമും അരാധിക്കപ്പെട്ടത്. അയ്യപ്പനും ജോണും മദ്യപിക്കുമ്പോള്‍ അത് സര്‍ഗാത്മകവും ഉര്‍വശി മദ്യപിക്കുമ്പോള്‍ അലമ്പുമാകുന്നത് തികച്ചും ഇരട്ടത്താപ്പ് തന്നെയാണ്. ബിവ്‌റേജസ് കോര്‍പ്പറേഷന്റെ മുമ്പില്‍ നീണ്ട ക്യൂ ഉള്ളപ്പോള്‍ അവിടെ പുരുഷന്‍മാരുടെ നീണ്ട നിര കാണുമ്പോള്‍ അസഹിഷ്ണുത കാണിക്കാത്തവര്‍ വയനാട്ടില്‍ മദ്യം വാങ്ങാനെത്തിയ സ്ത്രീയെ ഓടിച്ചിട്ടു തല്ലുകയുണ്ടായി.

പെണ്ണ് മദ്യപിക്കുന്നതും, നാല് വര്‍ത്തമാനം പറയുന്നതും എന്തോ കുഴപ്പം പിടിച്ച കാര്യമാണന്ന പൊതുബോധത്തില്‍ നിന്നും ഇനിയും മലയാളി മുക്തമായിട്ടില്ല എന്നതാണ് പ്രധാന കാര്യം.
മദ്യപിക്കുകയോ, മദ്യപിക്കാതിരിക്കുകയോ ചെയ്യുന്നത് നടി ഉര്‍വശിയുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ അതൊരു പൊതുവേദിയില്‍ അതായത് നിയമസഭ പോലെയൊരിടത്ത് ചെയ്തു എന്നിടത്താണ് വ്യക്തിപരമായി ഉര്‍വശി വിമര്‍ശിക്കപ്പെടേണ്ടത്. അല്ലാതെ ഉര്‍വശിയിലെ സ്ത്രീയെന്ന സ്വത്വമല്ല വിമര്‍ശിക്കപ്പെടേണ്ടത്.

ഇതേ ഉര്‍വശി തന്നെയാണ് കൈരളി ടിവിയില്‍ കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രോഗ്രാമിന്റെ ജഡ്ജായി ഇരിക്കുന്നത്. അവിടെ മദ്യപാനം മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളുടെ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഉര്‍വശി ആ പോഗ്രാമിന്റെ അവതാരക എന്ന പദവിയോട് പോലും നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചിരിക്കുന്നു. ഇവിടെയാണ് ഉര്‍വശി എന്ന വ്യക്തി ചോദ്യം ചെയ്യപ്പെടേണ്ടത്.

പ്രോഗ്രാമിലേക്ക് കടന്നു വരുമ്പോള്‍ എന്താണ് ഈ പോഗ്രാം എന്ന് പോലും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തന്നെ വിളിച്ച മാധ്യമ പ്രവര്‍ത്തകയോട് ഇത് എന്ത് പരിപാടിയാണ് എന്നൊക്കെ ഉര്‍വശി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ഇതോടെ ഉര്‍വശി നല്ല ഫോമിലാണെന്ന് സംഘാടകര്‍ക്ക് മനസിലായി. ഇതോടെ വേദിയിലുണ്ടായിരുന്ന ബഹുമാനപ്പെട്ട സ്പീക്കര്‍ പതിയെ സ്ഥലം വിട്ടു. തുടര്‍ന്ന് മൈക്കിനടത്ത് എത്തിയ ഉര്‍വശി എന്തൊക്കെയോ പുലമ്പുകയും ചെയ്തു.
തുടര്‍ന്നാണ് ഇവരെ ഒരുവിധം പിടിച്ചിറക്കി കാറിനടുത്തേക്ക് കൊണ്ടു വരുന്നത്. അവിടെ അവര്‍ സംഘാടകരോട് വീണ്ടും തട്ടിക്കയറുന്നു.

സ്പീക്കര്‍ എന്തിന് നേരത്തെ പോയി എന്ന് ചോദിച്ച് ബഹളം വെക്കുന്ന ഉര്‍വശിയെ ഒരുവിധമാണ് ആളുകള്‍ കാറില്‍ കയറ്റി അയക്കുന്നത്.
ഒന്നാമത് ഇത്തരക്കാരെ കാര്യമാത്രപ്രസക്തമായ ഒരു ചടങ്ങിന്റെ വേദിയിലേക്ക് ക്ഷണിച്ചുവരുത്തുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. പെട്ടിക്കട ഉദ്ഘാടനം ചെയ്യാന്‍ പോലും സിനിമാതാരങ്ങള്‍ വേണമെന്നതാണ് നാട്ടിലെ അവസ്ഥ. സാമൂഹികമായ മാറ്റങ്ങളെക്കുറിച്ച് യാതൊന്നും അറിവില്ലാത്ത നമ്മുടെ നാട്ടിലെ സിനിമക്കാരെ ഉദ്ഘാടനത്തിന് വിളിക്കുന്ന സംഘാടകരെയാണ് ആദ്യം പരിപാടി അലങ്കോലപ്പെട്ടതിന് പ്രതിചേര്‍ക്കേണ്ടത്.
പിന്നീട് വ്യക്തി എന്ന നിലയില്‍ പൊതുസമൂഹത്തില്‍ മോശം അന്തരീക്ഷം സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് വരുത്തി വെച്ച ഉര്‍വശിയെ വിമര്‍ശിക്കണം. കാരണം ഒരു മാധ്യമത്തിലെ ഉത്തരവാദിത്വപ്പെട്ട പോഗ്രാം ജഡ്ജ് എന്ന സ്ഥാനത്തിരിക്കുമ്പോള്‍ അവര്‍ പാലിക്കേണ്ട മര്യാദകള്‍ അവര്‍ പാലിച്ചില്ല. അഭിനേത്രി എന്ന നിലയില്‍ അവര്‍ക്ക് എങ്ങനെയും പെരുമാറാവുന്നതാണ്. എന്നാല്‍ എവിടെ പെരുമാറുന്നു എന്നതും പ്രശ്‌നമാണ്.

മൂന്നാമതായി ഉര്‍വശിയുടെ കാട്ടിക്കൂട്ടലുകള്‍ നടത്തിയപ്പോള്‍ അയ്യോ അതാ ഒരു സ്ത്രീ മദ്യപിച്ചു ബഹളം വെക്കുന്നു എന്ന് പറഞ്ഞ് സംഭവത്തിലെ സ്ത്രീയെന്ന വിഷയത്തെ മാത്രം പ്രൊജക്ട് ചെയ്ത് വാര്‍ത്തയാക്കുന്നവരെയാണ്. സ്ത്രീ മദ്യപിക്കരുതെന്ന് തിട്ടൂരമിറക്കാന്‍ കേരളം ഭരിക്കുന്നത് താലിബാനൊന്നുമല്ലല്ലോ.

അതുകൊണ്ടു തന്നെ ഉര്‍വശിക്ക് മദ്യപിക്കാം. ഇനിയും മദ്യപിക്കാം. പെണ്ണു മദ്യപിച്ചു എന്നതുകൊണ്ട് ഈ രാജ്യത്തെ നിയമം അത് തടയാന്‍ പോകുന്നില്ല. പക്ഷെ മദ്യപിച്ച് ബഹളം വെച്ചാല്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കണം. ഏതൊരു ആണും മദ്യപിച്ച് ബഹളം വെച്ചാല്‍ പോലീസില്‍ ഏല്‍പ്പിക്കും എന്നത് പോല തന്നെ ഉര്‍വശിയെയും പോലീസില്‍ ഏല്‍പ്പിക്കണം. അതില്‍ കവിഞ്ഞ് ഉര്‍വശിയുടെ മദ്യപാനത്തിന് യാതൊരു പ്രസക്തിയുമില്ല.
ഉര്‍വശിക്കെന്താ മദ്യപിച്ചാല്‍? (ജയമോഹനന്‍.എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക