Image

അന്തിക്കാട് ഇപ്പോഴും അന്ധകാരയുഗത്തിലോ? (ജയമോഹനന്‍ എം)

ജയമോഹനന്‍ എം Published on 26 April, 2015
അന്തിക്കാട് ഇപ്പോഴും അന്ധകാരയുഗത്തിലോ? (ജയമോഹനന്‍ എം)
ഒരു കലാസൃഷ്ടിക്ക് തീര്‍ച്ചയായും സൗന്ദര്യവും രാഷ്ട്രീയവും കൂടി കലര്‍ന്നതാണ്. ഇവ രണ്ടും ഒന്നുകില്‍ പുരോഗമന പരമോ അല്ലെങ്കില്‍ പ്രതിലോമകരമോ ആവാം. സൃഷ്ടി സംഭവിക്കുമ്പോഴോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു കാലത്തോ അത് വീണ്ടും അംഗീകരിക്കപ്പെടുകയോ, അല്ലെങ്കില്‍ വിമര്‍ശിക്കപ്പെടുകയോ ചെയ്യാം. സൃഷ്ടി സംഭവിച്ച കാലത്ത് വിമര്‍ശിക്കപ്പെട്ടവ പിന്നീടൊരു കാലത്ത് അംഗീകരിക്കപ്പെടുന്നത് സ്വാഭാവികമാണ്. സൃഷ്ടി സംഭവിച്ച കാലത്ത് പുകഴ്ത്തപ്പെട്ടിരുന്നവ കാലചക്രം മാറുമ്പോള്‍ വിമര്‍ശിക്കപ്പെടുന്നതും സ്വാഭാവികം തന്നെ. സിനിമ എന്ന കലാസൃഷ്ടിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല.
എന്നാല്‍ നമ്മുടെ പ്രീയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഈവക കാര്യങ്ങളൊന്നും അറിയാത്ത ഒരു വ്യക്തിയാണ് എന്ന് തോന്നിപ്പോകുന്നു. ''പൊട്ടക്കുളത്തിലെ തവള'' എന്നു തന്നെ അദ്ദേഹത്തെ നിര്‍ദയം വിളിക്കാനാണ് തോന്നുന്നത്. കാരണം സൈബര്‍ ലോകത്തെ ഒന്നാകെ അദ്ദേഹം അവഹേളിച്ചിരിക്കുന്നത് കാണുമ്പോള്‍ അതല്ലാതെ മറ്റൊന്നും പറയാനില്ല.
എന്നും എപ്പോഴും എന്ന സിനിമയാണ് പ്രസ്തുത ലേഖനത്തിന് ആധാരം. ശരാശരിയിലും താഴെ നിലവാരമുള്ള പ്രസ്തുത സിനിമ സൈബര്‍ ലോകത്ത് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. പരസ്യതാത്പര്യം മുന്‍നിര്‍ത്തി മാത്രം സിനിമയെ സമീപിക്കുന്ന മുഖ്യധാര മാധ്യമങ്ങളാവട്ടെ സിനിമയെ പുകഴ്ത്തുകയും ചെയ്തു. അതെപ്പോഴും അങ്ങനെയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ അവിടെയും ഇവിടെയും തൊടാതെയുള്ള ഒരു ''സുഖിപ്പിക്കല്‍'' എഴുത്താണ് എപ്പോഴും നടത്തുന്നത്. ഇത്തരം സുഖിപ്പിക്കല്‍ എഴുത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ പ്രമുഖനാണ് സത്യന്‍ അന്തിക്കാട്. നാട്ടിന്‍പുറത്തെ നന്മയുടെ മൊത്ത കച്ചവടക്കാരന്‍ എന്ന നിലയിലും കുടുംബ ചിത്രങ്ങളുടെ പ്രീയപ്പെട്ട സംവിധായകന്‍ എന്ന നിലയിലും അദ്ദേഹത്തെ ഡെയ്‌ലി പുകഴ്ത്തുക എന്ന കര്‍മ്മം മാത്രമേ മുഖ്യധാരക്കാര്‍ ചെയ്യുകയുള്ളു. ഒരുകാലത്ത് അദ്ദേഹം ഇതൊക്കെയായിരുന്നു എന്ന് വിസ്മരിക്കുന്നില്ല.
എന്നാല്‍ സമീപകാലത്ത് അദ്ദേഹത്തിന്റെ സിനിമകളെല്ലാം വെറും ശരാശരിക്ക് താഴെ മാത്രമുള്ള പൊട്ടപ്പടങ്ങളായിരുന്നുവെന്നതാണ് സത്യം. ഈ സത്യം വിളിച്ചു പറയുന്നതാവട്ടെ മുഖ്യധാര മാധ്യമങ്ങളല്ല, മറിച്ച് ഓണ്‍ലൈന്‍ മീഡിയകളും ഫേസ്ബുക്ക് , ട്വിറ്റര്‍ തുടങ്ങിയ നവ മാധ്യമങ്ങളുമാണ്. ഇതിനെ ക്കുറിച്ച് സത്യന്‍ അന്തിക്കാട് പ്രമുഖ പത്രത്തില്‍ എഴുതിയ വിമര്‍ശനം ഇങ്ങനെ പോകുന്നു.
എന്റെ എന്നും എപ്പോഴും എന്ന സിനിമ കുടുംബങ്ങള്‍ ഏറ്റെടുത്ത് മുമ്പോട്ടു പോകുകയാണ്. അപ്പോഴുണ്ട് ഒരു ബുദ്ധിജീവി ഒരു ഓണ്‍ ലൈന്‍ മീഡയയില്‍ സിനിമയെ വിമര്‍ശിച്ച് എഴുതിയിരിക്കുന്നു. പത്രത്തിലായിരുന്നെങ്കില്‍ വിമര്‍ശനം പ്രസിദ്ധീകരണ യോഗ്യമോ എന്ന് നോക്കാന്‍ പത്രാധിപരുണ്ട്. വിഡ്ഡത്തമാണെങ്കില്‍ പുറം ലോകം കാണില്ല. ഓണ്‍ ലൈന്‍ മീഡിയ വന്നതോടെ ആര്‍ക്കും എന്തും എഴുതാം. ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയ സുഹൃത്തിനോട് ഞാന്‍ ചോദിച്ചു.
ഈ വിമര്‍ശിക്കുന്നയാളുടെ കലാപാരമ്പര്യം എന്താണ്?
ഒന്നുമില്ല.
സാഹിത്യത്തിലോ, സിനിമയിലോ, ഏതെങ്കിലും മേഖലയിലോ ചെറുതായെങ്കിലും പ്രതിഭ തെളിയിച്ചിട്ടുണ്ടോ?
ഒരു ന്യൂസ് ചാനലില്‍ പണ്ട് വാര്‍ത്ത വായിച്ചിട്ടുണ്ട്.
വിട്ടക്ക് ഞാന്‍ പറഞ്ഞു.
ഇങ്ങനെ പോകുന്നു സത്യന്‍ അന്തിക്കാടിന്റെ ലേഖനം.
മാത്രമല്ല വിഡ്ഡിത്തം ഒരു കുറ്റമല്ല എന്നും ഇവരൊക്കെ മനസു ദ്രവിച്ച് തന്നെപ്പോലെയുള്ള മിടുക്കാന്‍മാരുടെ അധ്വാന ശീലമുള്ള സിനിമ കണ്ട് തെക്കുവടക്ക് നടക്കുമെന്നും. അത് കണ്ട് താന്‍ രസിക്കുമെന്നുമൊക്കെ സത്യന്‍ വെച്ചു കീച്ചുന്നുണ്ട്.
ഇവിടെയാണ് സത്യന്‍ അന്തിക്കാടിനെ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടി വരുന്നത്.
ഉദാഹരണത്തിന് സത്യന്‍ അന്തിക്കാടും ഭാര്യയും മക്കളും കൂടി ഒരു ഹോട്ടലില്‍ കയറി ബിരിയാണി കഴിക്കുന്നു എന്നു വെക്കുക. ചിക്കന്‍ ബിരിയാണി വേണ്ട, സത്യന്‍ അന്തികാട് നാട്ടുപുറത്തെ നന്മ സിനിമയുടെ ആളാണല്ലോ, കോഴിയെ കൊന്ന പാപം വേണ്ട, സാദാ വെജിറ്റബിള്‍ ബിരിയാണി മതിയെന്ന് വെക്കുക. ഈ വെജിറ്റബിള്‍ ബിരിയണിയില്‍ മുഴുവന്‍ ഉപ്പാണെന്ന് കരുതുക. വായില്‍ വെക്കാന്‍ കൊള്ളില്ല. ഈ സമയം തനിക്ക് കുക്കിംഗ് അറിയില്ല എന്ന് കരുതി സത്യന്‍ അന്താക്കാട് ബഹുമാനപൂരസരം ആ ബിരിയാണി തിന്നു തീര്‍ക്കുമോ, അതോ ഹോട്ടലുകാരനെ രണ്ട് പറയുമോ. സത്യന്‍ അന്തിക്കാട് വാ തുറന്നില്ലെങ്കിലും മക്കളെങ്കിലും അവരോട് നല്ല ചീത്ത പറയാതെ പോവില്ല.
ഇവിടെ സത്യന്‍ അന്തിക്കാട് മനസിലാക്കേണ്ട ഒരു കാര്യം സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ പ്രേക്ഷകനായിരുന്നാല്‍ മതി. അല്ലാതെ സിനിമക്കാരനോ, കലാകാരനോ ആവണമെന്നില്ല. ബിരിയാണി തിന്നിട്ട് അഭിപ്രായം പറയാന്‍ ഉമ്മറിക്കയുടെ കടയിലെ ബിരിയാണി വെപ്പുകാരനോ, താജ് ഹോട്ടലിലെ ഷെഫോ ആവണെന്നില്ല. നല്ല നാല് ബിരിയാണി തിന്നിട്ടുള്ള ആര്‍ക്കും ഇപ്പോ താന്‍ തിന്നിട്ടിറങ്ങിയ ബിരിയാണി കൊള്ളില്ല എന്നു പറയാവുന്നത് തന്നെ.
പിന്നെ അത് ഓണ്‍ ലൈന്‍ മീഡിയയില്‍ വരുന്നു എന്ന പ്രശ്‌നം. മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ മതിയാകും ഒരു സിനിമ എന്നും നൂറു ദിവസം ഓടിയിട്ടുണ്ടെങ്കില്‍ മൗത്ത് പബ്ലിസിറ്റിയാണ് പ്രധാന കാരണം. അതായത് സിനിമ നല്ലതെന്ന് ആളുകള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഒരു സിനിമ വിജയിക്കുന്നു. ഒരു സിനിമ പരാജയപ്പെടാനും ഈ മൗത്ത് പബ്ലിസിറ്റി ധാരാളമാണ്. ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നു. അഭ്യസ്ത വിദ്യരെല്ലാം ഐ ഫോണും, ടാബ്‌ലെറ്റും സ്വന്തമാക്കുന്നു കൊച്ചു കേരളത്തില്‍പ്പോലും. അപ്പോള്‍ പിന്നെ ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളാവും പ്രധാന മാധ്യമം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സ്വാഭാവികമായും എഴുതുകയും ചെയ്യും.
അവിടെ എഡിറ്റിംഗിന്റെ ആവശ്യമൊന്നുമില്ല. മുമ്പ് വാമൊഴിയായി പറഞ്ഞു നടന്നിരുന്ന അഭിപ്രായം വാക്കുകളില്ലാക്കി സൈബര്‍ ലോകത്തെ ചുമരില്‍ കുറിക്കുന്നു അത്രമാത്രം. അതുകൊണ്ട് വിജയിച്ച സിനിമകളും ഇവിടെയുണ്ട്. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് നന്ദി സിനിമയുടെ തുടക്കത്തില്‍ എഴുതി കാണിക്കുന്നത് അതുകൊണ്ടാണ്. ഇത് കാലഘട്ടത്തിന്റെ മാറ്റമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചാണ്. ഇത് മനസിലാക്കാന്‍ കഴിയാത്തത് താങ്കള്‍ പൊട്ടക്കുളത്തിലെ തവളയായത് കൊണ്ടു മാത്രമാണ്. പൊട്ടക്കുളത്തില്‍ നിന്നും പുറത്തു ചാടാതെ ഇതിന് മറ്റൊരു മരുന്നില്ല.
ഇത് കൂടാതെ കേരളത്തിന്റെ ജീവിത പരിസരത്തില്‍ നിന്നാണ് താങ്കള്‍ സിനിമയെടുക്കുന്നത് എന്നും എഴുതിയിട്ടുണ്ടല്ലോ. വെറും മ പ്രസിദ്ധീകരണങ്ങളിലെ പൈങ്കിളി വാരികകളില്‍ കാണുന്നതിലും വലുതായ ജീവിത രാഷ്ട്രീയ പരിസങ്ങളൊന്നും താങ്കളുടെ സിനിമകളിലുമില്ല. മുഖ്യധാരാ മാധ്യമങ്ങളിലെ ജേണലിസ്റ്റുകളും പത്രാധിപന്‍മാരും സുഹൃത്തുക്കളായിട്ടുള്ളപ്പോള്‍ അവിടെ താങ്കള്‍ക്ക് സ്തുതി പാടലുകള്‍ ലഭിക്കുമായിരിക്കും. വിമര്‍ശകര്‍ക്ക് യോഗ്യത വേണമെന്ന് ആവശ്യപ്പെടുന്ന താങ്കള്‍ ഈ സ്തുതി പാടലുകാര്‍ക്ക് എന്ത് യോഗ്യതയാണ് വെച്ചിരിക്കുന്നത്. എന്ത് കോപ്രായം കണ്ടാലും കണ്ണുമടച്ച് വെരിഗുഡ് നല്‍കുക എന്ന യോഗ്യതയോ.
എന്തായാലും അന്തിക്കാട്ടുകാരന്‍ സത്യേട്ടാ, വിമര്‍ശകരെക്കുറിച്ച് നഴ്‌സറിക്കുട്ടികളുടെ നിലവാരത്തില്‍ കുറ്റം പറഞ്ഞതോടെ താങ്കളുടെ നിലവാരം എന്തെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഒപ്പം പുതിയ തലമുറയെയും കാലം മാറിയതിനെയും അംഗീകരിക്കാന്‍ മടിക്കുന്ന മാടമ്പി വൃദ്ധ മനസിന്റെ ജല്പനങ്ങള്‍ അറപ്പിക്കുന്നതും വെറുപ്പിക്കുന്നതുമാണ്. ഒരു കലാകാരന് കുറച്ചു കൂടി നിലവാരം അത്യാവശ്യം തന്നെ. അതോ ഈ അന്തിക്കാട് എന്ന പ്രദശം ഇപ്പോഴും അന്ധകാര യുഗത്തില്‍ തന്നെയാണോ.
അന്തിക്കാട് ഇപ്പോഴും അന്ധകാരയുഗത്തിലോ? (ജയമോഹനന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക