Image

അഴിമതി ഇല്ലാതാക്കാന്‍ വിജിലന്റ്‌റ് കേരള: രമേശ് ചെന്നിത്തല (ആഭ്യന്തരവിജിലന്‍സ് വകുപ്പുമന്ത്രി)

അനില്‍ പെണ്ണുക്കര Published on 25 April, 2015
അഴിമതി ഇല്ലാതാക്കാന്‍ വിജിലന്റ്‌റ് കേരള: രമേശ് ചെന്നിത്തല (ആഭ്യന്തരവിജിലന്‍സ് വകുപ്പുമന്ത്രി)
നമ്മുടെ സാമൂഹികജീവിതത്തിലെ സമസ്ത മേഖലകളെയും അര്‍ബുദംപോലെ കാര്‍ന്നുതിന്നുന്ന മഹാവിപത്താണ് അഴിമതി. ജനാധിപത്യത്തില്‍ സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും ജനങ്ങളുടെ സൃഷ്ടിയാണ്. ആ സംവിധാനം അവര്‍ക്കുതന്നെ അന്യമാവുകയും അതില്‍ അവര്‍ക്ക് അവിശ്വാസം ജനിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് അഴിമതിയുടെ വ്യാപനംമൂലമുണ്ടാകുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം, കൃഷി തുടങ്ങി പരിഷ്‌കൃതസമൂഹത്തിന്റെ അടിസ്ഥാനശിലകളാകേണ്ട മേഖലകളുടെ വികസനത്തിനായി പതിനായിരക്കണക്കിനു കോടി രൂപയാണു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവയുടെ ഗുണഫലങ്ങള്‍ പൂര്‍ണതോതില്‍ ജനങ്ങളിലേക്കെത്താറില്ല. ഇതിനു പ്രധാനകാരണം അഴിമതിയെന്ന മഹാവിപത്തു സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണമായും നിശ്ചലമാക്കിയതാണ്. രാജ്യത്തു വികസന പ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയിലും എട്ടു പൈസ മാത്രമാണു ഗുണഭോക്താവിനു ലഭിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാമാന്യജനത്തിനു പ്രയോജനമില്ലാത്ത വെള്ളാനകളായി മാറുകയും രാഷ്ട്രീയ ഉദ്യോഗസ്ഥമധ്യവര്‍ത്തി കരാര്‍ ലോബി പദ്ധതികളുടെ നേട്ടം മുഴുവന്‍ കൊയ്‌തെടുക്കുകയും ചെയ്യുമ്പോള്‍ ജനത്തിനു സര്‍ക്കാരിലും അതിന്റെ സംവിധാനങ്ങളിലും അശേഷം വിശ്വാസമില്ലാതാകുന്നു.

നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു സാമ്പത്തികമേഖലയ്ക്കു മുതല്‍ക്കൂട്ടാകേണ്ട സ്വകാര്യസംരംഭകരുടെ പേടിസ്വപ്നവും അഴിമതി തന്നെയാണ്. ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക കോഴ നല്‍കി മാത്രമേ സംരംഭങ്ങള്‍ക്കാവശ്യമായ അനുമതിപത്രങ്ങള്‍ സംഘടിപ്പിക്കാനാകൂ. മനംമടുപ്പിക്കുന്ന ഈ സ്ഥിതിവിശേഷം സംരംഭകരെ വ്യവസായിക വാണിജ്യ മേഖലകളില്‍ നിന്നകറ്റുന്നു.

ഇന്ത്യയില്‍ പ്രതിവര്‍ഷം ആറു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ അഴിമതി നടക്കുന്നുവെന്നാണ് ചില സര്‍ക്കാരിതര ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയത്. അതിനാല്‍ ഈ സാമൂഹികവിപത്തിനെതിരേ വലിയൊരു മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുകയാണ്. ആ ചരിത്രദൗത്യമാണ് കേരളത്തിലെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. വിജിലന്റ് കേരള എന്നു പേരിട്ടിരിക്കുന്ന ഈ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പതാകവാഹകര്‍ ജനങ്ങള്‍ തന്നെയായിരിക്കും.

പൊതുസമൂഹവുമായി ഏറ്റവും ബന്ധപ്പെട്ടവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. അഴിമതിയുടെ ദുര്‍ഗന്ധം സാധാരണക്കാരായ ജനങ്ങള്‍ കൂടുതലനുഭവിക്കുന്നതും ഈ സ്ഥാപനങ്ങളില്‍ നിന്നാണ്. അതിനാല്‍ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കാഹളം മുഴങ്ങേണ്ടതും ഇവിടെ നിന്നു തന്നെ. തദ്ദേശ സ്ഥാപനങ്ങളുടെയും അവയുടെ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫിസുകളിലെയും അഴിമതി തടയുക എന്നതാണ് വിജിലന്റ് കേരളയുടെ പ്രധാനദൗത്യം.

ജനങ്ങളെ മുന്‍നിര്‍ത്തി അഴിമതിയുടെ അടിവേരറുക്കുക എന്നതാണു ലക്ഷ്യം. അഴിമതി കണ്ടെത്തി കേസെടുക്കുക എന്ന പതിവുരീതിയില്‍ നിന്നു വ്യത്യസ്തമായി അഴിമതിക്കായുള്ള ശ്രമത്തെപ്പോലും തടയുക എന്നാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ നയിക്കുന്നു, അവര്‍ക്കു സഹായവും പിന്തുണയും നല്‍കി വിജിലന്‍സ് പൊലിസ് സംവിധാനവും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും നിലകൊള്ളുന്നു.

ലക്ഷ്യങ്ങള്‍

(1) സര്‍ക്കാര്‍ ഓഫിസിലോ പദ്ധതിനടത്തിപ്പിലോ അഴിമിതി കണ്ടാല്‍ കൃത്യമായും വ്യക്തമായും വേേു:്ശഴശഹമിസേലൃമഹമ.ശി എന്ന വെബ് സൈറ്റിലെ എന്റെ പ്രശ്‌നം ലിങ്കില്‍ പോസ്റ്റ് ചെയ്യുന്നതു അഴിമതി തടയാന്‍ സഹായകമാകും.

(2) അഴിമതി നടക്കുന്നതിനു മുമ്പേ അതിനുള്ള സാധ്യത പൂര്‍ണമായി അടക്കുക എന്നാണുദ്ദേശിക്കുന്നത്.

(3) പരാതി നല്‍കുക എന്ന രീതിയില്‍ നിന്നു പങ്കാളിത്തപ്രശ്‌നപരിഹാരമെന്ന പുത്തന്‍ സംസ്‌കാരത്തിലേക്കുള്ള മാറ്റമാണ് വിജിലന്റ് കേരള. പ്രദേശവാസികളുടെ കൂട്ടായ്മയിലൂടെ പല പരാതികളും പരിഹരിക്കാവുന്നതാണ്.

(4) പൊതുജനങ്ങള്‍ക്കു നിയമപരിജ്ഞാനം നല്‍കുന്നതോടൊപ്പം എങ്ങിനെയാണു തന്റെ പ്രശ്‌നത്തിനു പ്രതികരിക്കേണ്ടത് എന്നു മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യവുമുണ്ട്.

(5) ഏറ്റവും കുറഞ്ഞസമയംകൊണ്ടു പ്രശ്‌നപരിഹാരം നേടുകയും ഇതേതരം പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.

(6) പൊതുജനങ്ങളുടെ മേല്‍നോട്ടത്തില്‍ സാമൂഹികനിരീക്ഷണവേദികള്‍ സൃഷ്ടിച്ചു പദ്ധതിവിഹിതത്തിന്റെ ശരിയായ വിതരണവും നിര്‍വഹണവും സര്‍ക്കാര്‍ സേവനങ്ങളും നൂറു ശതമാനവും ഉറപ്പാക്കും.

(7) അഴിമതിക്കാരെ ശിക്ഷിക്കുക എന്നതല്ല, ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത സൃഷ്ടിക്കാതിരിക്കുക എന്നതാണ് ലക്ഷ്യം.

പൈലറ്റ് പ്രോജക്ടായി എറണാകുളം മുതല്‍ വടക്കോട്ടു കാസര്‍കോടുവരെ എട്ടു ജില്ലകളിലെ 44 പഞ്ചായത്തുകളില്‍ 2014 സെപ്റ്റംബര്‍ മാസം വിജിലന്റ് കേരളപദ്ധതി ആരംഭിച്ചു. 2015 മാര്‍ച്ചില്‍ മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും ഉള്‍പ്പെടുത്തി രണ്ടാംഘട്ടത്തിലേക്കു കടന്നു.

ഘടന

ഏഴുതരം പങ്കാളികളുണ്ടാകും

(ഗ്രൂപ്പ്1) സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലോ സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളിലോ അഴിമതി അഭിമുഖീകരിക്കുകയോ കാണുകയോ ചെയ്യുന്നവര്‍

(ഗ്രൂപ്പ് 2) അഴിമതി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ അറിവും കഴിവും നേടി സജീവ പങ്കാളികളാവുന്ന കോയിലേഷന്‍ മെമ്പര്‍മാര്‍. (തദ്ദേശവാസികളും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ തക്ക അറിവും കാര്യപ്രാപ്തിയും മനോഭാവവും സത്യസന്ധതയും സാമുഹികപ്രതിബദ്ധതയും ഉള്ളവര്‍)

(ഗ്രൂപ്പ് 3) ആ പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും.
(ഗ്രൂപ്പ് 4) ജില്ലയിലെ വിജിലന്‍സ് ഉദ്യോഗസ്ഥരും സ്റ്റാഫും.
(ഗ്രൂപ്പ് 5) ജില്ലാതല വിജിലന്‍സ് കമ്മിറ്റി അംഗങ്ങളും ജില്ലാതല ഭരണ മേധാവികളും.
(ഗ്രൂപ്പ് 6) വകുപ്പുമേധാവികള്‍, പൊതുമേഖല സ്ഥാപനമേധാവികള്‍, ബോര്‍ഡ് മേധാവികള്‍, സര്‍ക്കാര്‍ ഉന്നതോദേ ്യാഗസ്ഥര്‍
(ഗ്രൂപ്പ് 7) വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍.

പ്രവര്‍ത്തനരീതി

ഒരാള്‍ വിജിലന്റ് കേരളയുടെ വെബ് സൈറ്റില്‍ തന്റെ പ്രശ്‌നം പോസ്റ്റ് ചെയ്താല്‍ രണ്ടും മൂന്നും ഗ്രൂപ്പുകള്‍ പ്രശ്‌നം പരിശോധിക്കുകയും നിശ്ചിതസമയപരിധിക്കുള്ളില്‍ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. അവര്‍ക്കു പരിഹാരം കാണാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ ഗ്രൂപ്പ് 5 ലേക്കു 30 ദിവസം കഴിഞ്ഞു സ്വയമേവ ഓണ്‍ലൈനില്‍ വരുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഗ്രൂപ്പ് 5 പരിഹരിച്ചില്ലെങ്കില്‍ ഗ്രൂപ്പ് 6 പരിശോധിച്ചു 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും. താന്‍ അവതരിപ്പിച്ച പ്രശ്‌നത്തിന്റെ ഫലം എന്തെന്നു അതുന്നയിച്ചയാള്‍ക്ക് അറിയന്‍ കഴിയുന്ന ഏകജാലക സംവിധാനമാണിത്. അഴിമതി കണ്ടാല്‍, നേരിട്ടാല്‍ അവയുടെ ഫോട്ടോ, വീഡിയോ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം വിജിലന്റ് കേരള വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്താല്‍ പ്രശ്‌ന പരിഹാരം സമയപരിധിക്കുള്ളില്‍ സാധ്യമാകും. വിജിലന്റ് കേരളയില്‍ പങ്കാളിയാകാന്‍ േേവു:്ശഴശഹമിസേലൃമഹമ.ശി എന്ന വെബ്‌സൈറ്റില്‍ ഇമെയിലോ മൊബൈല്‍ നമ്പരോ ഉപയോഗപ്പെടുത്തി അതതു ഗ്രൂപ്പില്‍ ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യണം. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന ആശയങ്ങളെ രൂപപ്പെടുത്തുന്നതിനും ആന്റി കറപ്ഷന്‍ ബെസ്റ്റ് പ്രാക്ടീസസ് വികസിപ്പിക്കുന്നതിനും വേണ്ടിയും ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ചകള്‍ തുടങ്ങാനും തുടരാനും വേണ്ടിയും ചര്‍ച്ചാവേദിയും വെബ് സൈറ്റിന്റെ ഭാഗമായുണ്ട്.

സോഷ്യല്‍ മീഡിയ

വിജിലന്റ് കേരള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും കൂടുതല്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിലേക്കായി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. അതിലേക്കായി ഫേസ്ബുക്കിലും, ട്വിറ്ററിലും, യൂടൂബിലും വിജിലന്റ്‌കേരള പേജുകള്‍ തുടങ്ങിയിട്ടുണ്ട്.

Facebookhttps:www.facebook.com/vigilantkerala
Twitter https:twitter.com/vigilantkerala
Youtube http:www.youtube.com/vigilantkerala

അഴിമതി ഇല്ലാതാക്കാന്‍ വിജിലന്റ്‌റ് കേരള: രമേശ് ചെന്നിത്തല (ആഭ്യന്തരവിജിലന്‍സ് വകുപ്പുമന്ത്രി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക