Image

വെസ്റ്റ്‌ചെസ്റ്ററില്‍ വിഷു-ഈസ്റ്റര്‍ കുടുംബ സംഗമം അവിസ്‌മരണീയമായി

Published on 25 April, 2015
വെസ്റ്റ്‌ചെസ്റ്ററില്‍ വിഷു-ഈസ്റ്റര്‍ കുടുംബ സംഗമം അവിസ്‌മരണീയമായി
ഗ്രീന്‍ബര്‍ഗ്‌, ന്യൂയോര്‍ക്ക്‌: വിഷുവിന്റെ ഐശ്വര്യവും, ഈസ്റ്ററിന്റെ പ്രത്യാശയും ആഹ്ലാദം പകര്‍ന്ന കുടുംബ സംഗമം വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രതാപകാലത്തിന്റെ തിരിച്ചുവരവായി. റോയല്‍ പാലസ്‌ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസില്‍ മലയാളി ഐക്യത്തിന്റെ പൂക്കാലം വിരിഞ്ഞപ്പോള്‍ പങ്കെടുത്തവരില്‍ പുത്തനാവേശം.

മുഖ്യാതിഥിയായി പങ്കെടുത്ത്‌ ഈസ്റ്റര്‍ സന്ദേശം നല്‍കിയ യാക്കോബായ സഭയുടെ ഡോ. കുര്യാക്കോസ്‌ മാര്‍ തെയോഫിലസ്‌ മെത്രാപ്പോലീത്ത മതങ്ങള്‍ക്കപ്പുറത്തേക്കുള്ള മലയാളിയുടെ ഐക്യബോധമാണ്‌ ചൂണ്ടിക്കാട്ടിയത്‌. ഈസ്റ്റര്‍ ആഘോഷത്തിലും വിഷു ആഘോഷത്തിലും താന്‍ പങ്കെടുത്തിട്ടുണ്ട്‌. എന്നാല്‍ ഇതു രണ്ടും ഒരുമിച്ചാഘോഷിക്കുന്ന ഒരു വേദിയില്‍ ഇതാദ്യമാണ്‌-വെട്ടിക്കല്‍ തിയോളജിക്കല്‍ സെമിനാരിയുടെ റസിഡന്റ്‌ ബിഷപ്പും, യൂറോപ്പിന്റെ ബിഷപ്പുമായ അദ്ദേഹം പറഞ്ഞു. കുരിശില്‍ മരിച്ച്‌ മരണത്തെ കീഴടക്കിയ നീതിസൂര്യനായ യേശുവിന്റെ പുനരുദ്ധാനമാണ്‌ ഈസ്റ്റര്‍. നരകാസുരനെ മഹാവിഷ്‌ണു വധിച്ചതിന്റെ അനുസ്‌മരണമാണ്‌ വിഷു എന്നു ഒരു ഐതിഹ്യം പറയുന്നു. മറ്റൊന്ന്‌ രാവണന്റെ ഭരണകാലത്ത്‌ കിഴക്ക്‌ ഉദിക്കാതിരുന്ന സൂര്യന്‍ ശ്രീരാമന്‍ രാവണനെ വധിച്ചശേഷം കിഴക്ക്‌ വീണ്ടും ഉദിച്ചുതുടങ്ങിയതിന്റെ അനുസ്‌മരണമായും പറയുന്നു. രണ്ടു മതവിഭാഗങ്ങളിലും നന്മയുടെ പ്രതീകമാണ്‌ ഈ ആഘോഷങ്ങള്‍. വിഷുക്കണിയാകട്ടെ ജീവന്റേയും നന്മയുടേയും പ്രതീകം തന്നെ.

രണ്ടു വിശ്വാസാചാരങ്ങള്‍ ഒരേ സദസില്‍ ആഘോഷിക്കാന്‍ കഴിയുന്നു എന്നതു നിസാരമല്ല. മലയാളി എന്ന ഐക്യബോധം ആണ്‌ താനിവിടെ കാണുന്നത്‌. ഒരര്‍ത്ഥത്തില്‍ കേരളത്തില്‍ നഷ്‌ടമാകുന്ന മലയാളിത്തനിമ ഇപ്പോള്‍
വിദേശത്ത്‌  ജീവിക്കുന്ന മലയാളിയിലാണ്‌ നിലനില്‍ക്കുന്നത്‌. വിഷവസ്‌തുക്കളില്ലാത്ത ഭക്ഷണവും പച്ചക്കറികളും പോലും നമ്മുടെ നാട്ടില്‍ അന്യമായിക്കൊണ്ടിരിക്കുന്നു.

പ്രവാസ നാട്ടിലും നമ്മുടെ പൈതൃകത്തെ ഗൃഹാതുരത്വത്തോടെ അനുസ്‌മരിക്കുന്ന മലയാളിയുടെ ഒത്തുകൂടലാണിത്‌. `ഏകം സത് വിപ്രാ ബഹുധാ വദന്തി' എന്ന വേദവാക്യത്തിന്റെ സാക്ഷികളാണ്‌ നാം. `സത്യം ഒന്ന്‌, അതിനെ  പണ്‌ഡിതര്‍ പല രീതിയില്‍ വ്യാഖ്യാനിക്കുന്നു`. മതം ഒരിക്കലും ഭാരതീയ സംസ്‌കാരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മതത്തിലൂടെയുള്ള ഐഡന്റിറ്റി നമ്മുടെ സംസ്‌കാര പൈതൃകങ്ങളെ മറന്നല്ല താനും.

ഇതു കുടുംബ സംഗമമാണ്‌. കുടുംബത്തിനു വലിയ അര്‍ത്ഥമുണ്ട്‌. കൂടുമ്പോള്‍ ഇമ്പമുള്ളതാണെന്നു ചിലര്‍. കൂടുമ്പോള്‍ ഭൂകമ്പം ഉണ്ടാകുന്നതെന്നു മറ്റു ചിലര്‍. ഇതിലേതാണ്‌ നമ്മുടെ കുടുംബം എന്നു ആലോചിക്കണം.

ഇമ്പമുള്ളതാകണമെങ്കില്‍ കുട്ടികള്‍ക്കു ചെറുപ്രായത്തിലേ ദൈവത്തെ നല്‍കണം, മൂല്യങ്ങള്‍ നല്‍കണം. യുവത്വത്തില്‍ അവര്‍ പല വഴി പോകാം. പക്ഷെ അടിയുറച്ചു വേരുള്ള വൃക്ഷം പോലെ അവര്‍ ആ മൂല്യങ്ങളിലേക്കു മടങ്ങിവരും.

പല മാതാപിതാക്കളുടേയും പ്രശ്‌നങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്‌. 38 വയസുള്ള മകന്‍ വിവാഹം കഴിക്കാത്തതില്‍ മാതാപിതാക്കള്‍ തന്നോടു ആവലാതി പറഞ്ഞു. ആദ്യമൊക്കെ സ്വസമുദായത്തില്‍ നിന്ന്‌ വിവാഹം കഴിക്കണമെന്നു തങ്ങള്‍ ഉപദേശിച്ചു. പിന്നെ ക്രിസ്‌ത്യാനി ആയാല്‍ മതിയെന്നായി. കുറെ കഴിഞ്ഞപ്പോള്‍ മലയാളി ആയാല്‍ മതിയെന്നായി. അതും കഴിഞ്ഞപ്പോള്‍ ഇന്ത്യക്കാരി ആയാല്‍ മതിയെന്നായി. ഇപ്പോള്‍ പറയുന്നത്‌ ഏതു നാട്ടുകാരിയായാലും ഒരു പെണ്ണായാല്‍ മതി എന്നാണ്‌. നമ്മുടെ ചിന്താഗതികള്‍ ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്നു.

ചിരിക്കുന്ന മുഖങ്ങളാണ്‌ താന്‍ ഈ സദസില്‍ കാണുന്നത്‌. സാധാരണ മസില്‍ പിടിച്ച്‌ ഗൗരവത്തില്‍ ഇരിക്കുന്ന മലയാളിയെയാണ്‌ കാണാറുള്ളത്‌. ചിരിക്കാന്‍ കഴിയുന്നു എന്നത്‌ നിസാരമല്ല.

ഈസ്റ്ററിന്റെ വലിയ സന്ദേശം സമാധാനമാണ്‌. അത്‌ ഞാനും നിങ്ങള്‍ക്ക്‌ ആശംസിക്കുന്നു. അതുപോലെതന്നെ വിഷുവിന്റെ ഐശ്വര്യസമ്പൂര്‍ണമായ ആശംസകളും.

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡാളസില്‍ നിന്നുള്ള റെനില്‍ രാധാകൃഷ്‌ണന്‍ നല്‍കിയ വിഷു സന്ദേശത്തില്‍ വിഷു തന്നെ  ഒരു മാമ്പഴക്കാലത്തെയാണ്‌ ഓര്‍മ്മിപ്പിക്കുന്നതെന്ന്‌ പറഞ്ഞു. വിഷുക്കണി കണ്ട്‌ കണ്ണനെ വന്ദിച്ച്‌ പുതിയ വര്‍ഷത്തിലേക്ക്‌ കാലെടുത്ത്‌ വെയ്‌ക്കുമ്പോള്‍ ഐശ്വര്യത്തിന്റെ തിരിനാളം കെടാതെ ജീവിതത്തെ ധന്യമാക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

അസോസിയേഷന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ ആമുഖ പ്രസംഗം നടത്തി. സ്വാഗതം ആശംസിച്ച പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ മലയാളികള്‍ അമേരിക്കയില്‍ കൈവരിച്ച നേട്ടങ്ങള്‍ അനുസ്‌മരിച്ചു. അതനുസരിച്ച്‌ രാഷ്‌ട്രീയ-സാമൂഹിക മണ്‌ഡലങ്ങളില്‍ നമുക്ക്‌ ഉയര്‍ച്ച കൈവരിക്കാനിയിട്ടില്ല. അതിനുള്ള ശ്രമം പുതുതലമുറയിലൂടെ കൈവരിക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്ന്‌ അഭ്യര്‍ത്ഥിച്ചു.

കെ.ജെ. ഗ്രിഗറിയുടേയും രത്‌നമ്മ രാജന്റേയും നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണിയോടെയും വിഷുക്കൈനീട്ടത്തോടെയും പരിപാടികള്‍ തുടങ്ങി. ഗായത്രി നായര്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ എന്നിവര്‍ ഇരു സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ്‌ സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ ജെ. മാത്യൂസ്‌, ഫാമിലി നൈറ്റ്‌ കോര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍, ഗണേഷ്‌ നായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളി,
ഫോമാ ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ , ഫോമാ ജൊ. ട്രഷറര്‍ ജോഫ്രിന്‍ ജോസ്‌, റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ഫൊക്കാന റിജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ജോസ്‌ കാനാട്ട്‌, ജസ്റ്റീസ് ഫൊര്‍ ഓള്‍ ചയര്‍ തോമസ് കൂവള്ളൂര്‍, സുധാ കര്‍ത്താ, ജോര്‍ജ് പാടിയേടത്ത്‌   തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

കലാപരിപാടികള്‍ക്ക്‌ കെ.കെ. ജോണ്‍സണ്‍ എം.സിയായി പ്രവര്‍ത്തിച്ചു. വിഷുവിന്റേയും ഈസ്റ്ററിന്റേയും സംയുക്താഘോഷത്തിന്റെ തിലകക്കുറിയായി പാര്‍ത്ഥസാരഥി പിള്ള താന്‍തന്നെ എഴുതിയ വിഷു- ഈസ്റ്റര്‍ കവിതകള്‍ ആലപിച്ചു. (താഴെ കാണുക).

രാധാ നായര്‍ കവിതാ പാരായണവും, (
താഴെ) തഹ്‌സിന്‍ ഗാനവുമാലപിച്ചു. കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ക്കു പുറമെ ലൈസി അലക്‌സ്‌, അഷിക അലക്‌സ്‌, ഷൈനി ഷാജന്‍, അഞ്‌ജലി, രാധാ നായര്‍ എന്നിവര്‍ അവതരിപ്പിച്ച മാര്‍ഗ്ഗംകളി സദസിന്റെ മനംകവര്‍ന്നു.

അസോസിയേഷന്‍ നടത്തുന്ന 'സ്‌മൈല്‍ ആന്‍ഡ്‌ ക്ലിക്‌' മത്സരത്തെപ്പറ്റി ലിജോ ജോണ്‍ വിശദീകരിച്ചു. പത്തു വയസുവരേയും, 11- 20 വരേയും, 20- 25 വരേയും പ്രായമുള്ളവരുടെ ചിരിക്കുന്ന ചിത്രങ്ങള്‍ ഇമെയില്‍ ആയി അയക്കാം. മെയ്‌ ഒന്നു മുതല്‍ രണ്ടുമാസമാണ്‌ കാലാവധി. ആദ്യത്തെ രണ്ടു വിജയികള്‍ക്ക്‌ ട്രോഫി, സര്‍ട്ടിഫിക്കറ്റ്‌, പ്രത്യേക സമ്മാനം എന്നിവ നല്‍കും. ചിത്രം കേരളദര്‍ശനത്തില്‍ പ്രസിദ്ധീകരിക്കും. അയക്കേണ്ട ഇമെയില്‍:

wmasmile@gmail.com
രണ്ട്‌ ഐ പാഡുകള്‍ ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിതരണം ചെയ്‌തു. വരുണ്‍ നായര്‍, അഖില്‍ ആന്റോ എന്നിവര്‍ക്കാണ്‌ ഐ പാഡ്‌ ലഭിച്ചത്‌. ഐ പാഡ്‌ കിട്ടിയെങ്കിലും ഉഷാ ഉണ്ണിത്താന്‍ അതു സംഘാടകര്‍ക്ക്‌ സംഭാവന ചെയ്‌തതിനാല്‍ വീണ്ടും നറുക്കെടുപ്പ്‌ നടത്തുകയായിരുന്നു.

പാര്‍ത്ഥസാരഥി പിള്ള എഴുതിയ കവിത

വിഷമങ്ങളൊന്നും വിഷയമാവില്ല
വിഷുക്കണി കണ്ടുനിന്നാല്‍
ശബരീശന്‍ തിരുമുമ്പില്‍ മേടത്തിലൊരുക്കുമാ
വിഷുക്കണി കണ്ടുനിന്നാല്‍
അയ്യപ്പാ....വിഷമങ്ങള്‍...

വിജയങ്ങളരുളുന്ന വിഘ്‌നേശ്വരാഗ്രജാ
വിനയത്തിന്‍ ഗുരുനാഥന്‍ നീതന്നേ
വിധികര്‍ത്താവായൊരോനിമിഷവും
വിവിധ രൂപങ്ങളില്‍ നീ വരുന്നു
വിനയന്വിതനായ്‌ ഞാന്‍ തൊഴുന്നു
അയപ്പാ.... വിഷങ്ങള്‍.....

അടവിയില്‍ മരുവുന്നോരവതാരമേ
നീയാണഗതികള്‍ കണികാണും കുലദൈവം
അസുലഭമായ്‌ ലഭിക്കും തിരുദര്‍ശനത്തിന്റെ
അനുഭൂതിക്കൊപ്പമീ മേടക്കണി
അനുസ്യൂതമായ്‌ തരണം ജ്ഞാനക്കനി
അയപ്പാ.... വിഷങ്ങള്‍.....

****

കാലിത്തൊഴുത്തിലെ രോദനമേ
കാലത്തുകണ്ട പ്രകാശമേ
കാലംകണികണ്ട കല്‍പനകള്‍ നിന്റെ
കാരുണ്യമല്ലോ കര്‍ത്താവേ-
കഥയറിയാതെ കനലായ്‌ ഉരുകും
കരിമഷിപ്പാടുവീണ ജീവിതങ്ങള്‍
കരുണയ്‌ക്കായ്‌ നിന്‍ കടവിലടുക്കുമ്പോള്‍
സ്‌നാനപ്പെടുത്തി നീ കാക്കണമേ...

ഉടലിലെ ഉയിരായി ഒരുദിനം വരുമ്പോള്‍
തിരുനാമം അറിയാതെ ഉരുവിടും ഞാന്‍
ഉടയവനെ നല്ലിടയനായിവന്നു നീ
പുതിയൊരു പുല്‍മേടു കാട്ടണമേ.
-------

ടി.കെ. അലി എഴുതിയ എന്റെ അമ്മക്ക് എന്ന ഗാനം രാധാ നായര്‍ ആലപിച്ചത്‌
അകലെ കിനാവിന്റെ ഉമ്മറത്തന്നമ്മ
അരികെ വാ എന്നോതി മാടി വിളിക്കവേ
അതു കേട്ടൊരടിയും ചലിക്കുവാന്‍ ആവാതെ
അതിരുകള്‍ക്കപ്പുറം ഞാനും തളര്‍ന്നു പോയ്
തിരികെട്ടു പോയ വിളക്കിന്റെ മുന്‍പില്‍
ഞാന്‍ തിരയുന്നു ജീവിതസൗഖ്യങ്ങളിക്കരെ
തിരയുന്നു ജീവിത സൗഖ്യങ്ങളിക്കരെ.
ഉരുകുന്ന മരുവിന്റെ നെഞ്ചിലേ അഗ്നിയില്‍
ഉള്ളിലേ തിരയുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌കൃതി
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
കോറിയ ചിത്രങ്ങള്‍ ഓര്‍ത്തു ഞാന്‍ നില്‍ക്കവേ
ചാറിയ മിഴിനീരിലര്‍ത്ഥമാരറിയുവാന്‍
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
അതില്‍ നിന്നിറങ്ങി വന്നെന്നന്നമ്മ പൊന്നമ്മ
അലി വാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിക്കവേ
അറിയാതെ തേങ്ങിക്കരഞ്ഞു പോയ്
അരുവി തന്നലയുന്ന കാറ്റിനോടക്കഥ ചൊല്ലവേ
ഒരു ദിനം സകല സൗഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്ന് നിനച്ചു
ഒടുവില്‍ മരിച്ചുപോയ് ഒരുനാളും
കാണാന്‍ കഴിയാത്ത നോവും മുറിവുമായ് (അകലെ……)

വെസ്റ്റ്‌ചെസ്റ്ററില്‍ വിഷു-ഈസ്റ്റര്‍ കുടുംബ സംഗമം അവിസ്‌മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക