Image

നര്‍മമുഹൂര്‍ത്തങ്ങളുമായി ചന്ദ്രേട്ടന്‍ എവിടെയാ?

ആശ പണിക്കര്‍ Published on 25 April, 2015
നര്‍മമുഹൂര്‍ത്തങ്ങളുമായി ചന്ദ്രേട്ടന്‍ എവിടെയാ?
 ഭര്‍ത്താവ് എപ്പോഴും അടുത്തു വേണമെന്നാഗ്രഹിക്കുന്ന സ്ത്രീകല്‍ കുറവല്ല. പക്ഷേ അതിന്റെ പേരില്‍ സ്‌നേഹക്കൂടുതല്‍ കൊണ്ട് ഭര്‍ത്താവിനെ ഇടം വലം തിരിയാന്‍ അനുവദിക്കാതെ വീര്‍പ്പു മുട്ടിച്ചാലോ? ചിലപ്പോള്‍ സ്വസ്ഥത ആഗ്രഹിച്ച് ഭര്‍ത്താവ് മറ്റു വഴികള്‍ തേടിപ്പോയെന്നു വരാം. ഇത്തരത്തില്‍ ഒരു കഥ പറയുകയാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലൂടെ സിദ്ധാര്‍ത്ഥ് ഭരതന്‍. 

12 വര്‍ഷം മുമ്പ് പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിയില്‍ ദിലീപ് അവതരിപ്പിച്ച കിഴക്കേതില്‍ സുന്ദരേശന്‍ എന്ന കഥാപാത്രത്തെ ഓര്‍മയില്ലേ? ഭാര്യ രാധാമണി എപ്പോഴും തന്റെ കൂടെ വേണമെന്ന് ആഗ്രഹിച്ച് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥയായ അവളുടെ ജോലി കളയാന്‍ നിരന്തരം ശ്രമിക്കുന്ന സുന്ദരേശനെ? കോമഡി കൈകാര്യം ചെയ്യാനുള്ള ദിലീപിന്റെ കഴിവുകള്‍ പരമാവധി മുതലാക്കിയ സിനിമയായിരുന്നു അത്. എന്നാല്‍ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം അതിനു നേരെ വിപരീതമാണ്. 

ഈ സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്ന ചന്ദ്രമോഹന്‍ എന്ന കഥാപാത്രം നിയമസഭാ മന്ദിരത്തില്‍ ക്‌ളാര്‍ക്കാണ്. ഭാര്യ സുഷമ(അനുശ്രീ) ബി.എസ്.എന്‍.എല്ലില്‍ ഉദ്യോഗസ്ഥയാണ്. രണ്ടു പേരും രണ്ടു സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് എപ്പോഴും അടുത്തുവേണമെന്നാഗ്രഹിക്കുന്ന സുഷമ ചന്ദ്രമോഹന് പലപ്പോഴും തലവേദനയാകുന്നുണ്ട്. ഭര്‍ത്താവിനോടുള്ള അമിത സ്‌നേഹവും ഇത്തരം പൊല്ലാപ്പുകളും ദാമ്പത്യജീവിതത്തില്‍ ചില വിനകള്‍ വരുത്തിയേക്കാം എന്നാണ് ചിത്രം പറയുന്നത്.

ഭാര്യ അടുത്തില്ലാത്ത അവസരങ്ങള്‍ ചന്ദ്രമോഹന്‍ ആസ്വദിക്കുന്നത് സുഹൃത്തുക്കളായ ചന്ദ്രശേഖര മേനോന്‍(മുകേഷ്), ലോഡ്ജില്‍ അയാളോടൊപ്പം താമസിക്കുന്ന സുമീഷ്, ജ്യോതിഷി ഇളയത്( സുരാജ്) എന്നിവര്‍ക്കൊപ്പമാണ്. ഭാര്യ കൂടെയില്ലാത്തതിന്റെ ആഹ്‌ളാദം സുഹൃത്തുക്കള്‍ക്കൊപ്പം  അടിച്ചുപൊളിക്കുന്ന ചന്ദ്രമോഹന്റെ ജീവിതത്തിലേക്ക് നര്‍ത്തകിയായ ഗീതാഞ്ജലി ( നമിത പ്രമോദ്) എന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി കടന്നു വരുന്നു. ഒരു പ്രത്യേക ആവശ്യവുമായാണ് അവള്‍ ചന്ദ്രമോഹനെ കാണാനെത്തുന്നത്. ഭാര്യയും ഭര്‍ത്താവും രണ്ട് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സാഹചര്യമുള്ളപ്പോള്‍ ഭര്‍ത്താവിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുമ്പോഴുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. 

കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന സിനിമ ചിരിയുടെ ഒരു പാട് മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന് സമ്മാനിക്കും. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ. ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 


നര്‍മമുഹൂര്‍ത്തങ്ങളുമായി ചന്ദ്രേട്ടന്‍ എവിടെയാ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക