Image

സ്വപ്നഭൂമിക(നോവല്‍: 22 - മുരളി ജെ. നായര്‍)

മുരളി ജെ. നായര്‍ Published on 25 April, 2015
സ്വപ്നഭൂമിക(നോവല്‍: 22 - മുരളി ജെ. നായര്‍)
ഇരുപത്തിരണ്ട്
ഒരു പക്ഷേ തന്റെ പേടി അസ്ഥാനത്തായിരിക്കാം. എങ്കിലും കേട്ടപ്പോള്‍ മുതല്‍ ഒരു തരം ഇരിക്കപ്പൊറുതിയില്ലായ്മ.
സന്ധ്യ കാര്‍ റോഡിലേക്കെടുത്തു. വളരെ സൂക്ഷിച്ചു ഡ്രൈവു ചെയ്യണം, സ്വയം താക്കീതു ചെയ്തു.
എന്തായിരിക്കാം പ്രശ്‌നം?
വിനോദ്, നേരത്തേ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നത് ജോലിത്തിരിക്കുണ്ട്, ഫ്രീയാകുമ്പോള്‍ വിളിക്കാം എന്നാണ്.
ഒരു മണിക്കൂര്‍ നേരമായിട്ടും കോള്‍ വരാതായപ്പോള്‍ അസ്വസ്ഥത തോന്നി. അതാണ് കടയിലേക്കു വിളിച്ചു നോക്കിയത്. പിള്ളച്ചേട്ടന്റെ ഉത്തരം കൂടുതല്‍ അങ്കലാപ്പു സൃഷ്ടിച്ചതേയുള്ളൂ.
'ഇവിടെ നിന്ന് ഇറങ്ങിയിട്ട് അരമണിക്കൂറില്‍ കൂടുതലായല്ലോ.'
'എങ്ങോട്ടു പോകുന്നു എന്നു പറഞ്ഞോ?'
'ഇല്ല, വീട്ടിലേക്കായിരിക്കുമെന്നാ ഞാന്‍ കരുതിയത്.'
കുറേനേരം പ്രതികരണമൊന്നും കേള്‍ക്കാതായപ്പോള്‍ പിള്ളച്ചേട്ടന്‍ വീണ്ടും: 'എവിടെയെങ്കിലും പോകുന്ന കാര്യം പറഞ്ഞിരുന്നോ?'
'ഇല്ല.'
'ഡാഡിയില്ലേ അവിടെ?'
'ഇല്ല, ഡാഡിയും മമ്മിയുംകൂടി ഗ്രോസറി സ്‌ററോറില്‍ പോയിരിക്കയാണ്.'
അങ്കലാപ്പ് ഏറി വരുന്നതുപോലെ.
'എന്നാല്‍ വിനോദ് വഴിയില്‍ വച്ച് അവരെ കണ്ട് അവരുടെ കൂടെ കൂടികാണും.' പിള്ളച്ചേട്ടന്റെ സാന്ത്വനം.
'ശരി, ഞാന്‍ കുറേക്കഴിഞ്ഞ് വിളിക്കാം.' 
'ഓക്കെ.'
ഫോണ്‍ വച്ചിട്ട് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
എന്തിനാണ് ഇത്ര 'വറീഡാ' കുന്നതെന്ന് തന്നോടു തന്നെ ചോദിച്ചു. ഉത്തരമില്ല.
ഒരുതരം അകാരണമായ ഭീതി.
്്്അങ്ങനെയാണ് കാറെടുത്ത് നേരെ കടയിലേക്കു പോകാന്‍ തീരുമാനിച്ചത്.
ഇനി നടന്നു വരുകയാവുമോ?
സ്‌ററോറില്‍ നിന്നു വീട്ടിലേക്ക് ഏറിയാല്‍ രണ്ടുമൈല്‍ ദൂരമേയുള്ളൂ. ഒന്നാന്തരം കാലാവസ്ഥയും. മെയ്മാസസായാഹ്നത്തിന്റെ സകല മനോഹാരിതയും.
അങ്ങനെയുള്ള ലോലഭാവങ്ങളൊന്നും ഉള്ള ആളല്ല വിനോദ്.
സ്‌റ്റോറിന്റെ പാര്‍ക്കിങ് ലോട്ട് നിറഞ്ഞിരിക്കുന്നു. ഒരു കാറിനു മാത്രമുള്ള സ്ഥലമേയുള്ളൂ.
കാര്‍ നിരത്തി പ്രവേശന കവാടത്തിലേക്ക് ഓടുകയായിരുന്നു.
അകത്ത് വലിയ തിരക്ക്. കൗണ്ടറില്‍ പിള്ളച്ചേട്ടനും മറ്റേയാളും. പിള്ളച്ചേട്ടന്‍ തന്നെക്കണ്ട് സൗഹൃദപൂര്‍വ്വം ചിരിച്ചു.
എന്താണു ചോദിക്കുക?
'സന്ധ്യ ഓഫീസിലിരിക്ക്,' ഓഫീസ് ഭാഗത്തേക്ക് കൈകാണിച്ച് പിള്ളച്ചേട്ടന്‍ പറഞ്ഞു. ഞാനുടനെ വരാം.'
ഓഫീസിലേക്കു വന്നു.
'വേറെ ആരെങ്കിലും ഉണ്ടായിരുന്നോ കൂടെ?'
പിള്ളച്ചേട്ടന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
'ഓ, ആ ജോബി ഉണ്ടായിരുന്നു.' പെട്ടെന്ന് ഓര്‍മ്മവന്നതുപോലെ പിള്ളച്ചേട്ടന്റെ മറുപടി.
ജോബി! അവനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ട്. നാട്ടില്‍ നിന്നു വന്നിട്ട് കുറേക്കാലമേ ആയിട്ടുള്ളൈങ്കിലും അവനും അവന്റെ ഗാങ്ങും കാട്ടിക്കൂട്ടുന്ന വീരപരാക്രമങ്ങളെക്കുറിച്ച്. അവരുമായിട്ടാണോ വിനുവിന്റെ ചങ്ങാത്തം, ദൈവമേ!
പെട്ടെന്നാണ് വാതില്‍ തുറക്കപ്പെട്ടത്. വിനോദ്!
വിനോദ് തന്നേയും പിളളച്ചേട്ടനേയും മാറിമാറി നോക്കി.
'ഞങ്ങള്‍ പോലീസിനെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു.'
പിള്ളച്ചേട്ടന്റെ വാക്കുകളില്‍ ആശ്വാസവും തെല്ലു തമാശയും അദ്ദേഹം ചിരിച്ചു. 'എവിടെയായിരന്നു വിനോദ്?'
വിനോദ് പെട്ടെന്ന് മറുപടി പറഞ്ഞില്ല.
ഒഴിഞ്ഞ കസേരയില്‍ ഇരുന്നുകൊണ്ട് വിനോദ് ചോദിച്ചു.
'സന്ധ്യയെപ്പോള്‍ വന്നു?'
'ഇപ്പോ വന്നേയുള്ളൂ. ഇവിടെ വിളിച്ചു ചോദിച്ചപ്പോള്‍ വിനു ഇറങ്ങിയെന്നു പറഞ്ഞു.' തെല്ലിട നിര്‍ത്തി, തുടര്‍ന്നു. 'ഞാനാകെ പേടിച്ചു പോയി.'
'ഞാനെന്താ കൊച്ചുകുട്ടിയാണോ, അത്രയങ്ങു പേടിക്കാന്‍.' വിനോദിന്റെ വാക്കുകളില്‍ പ്രകടമായ പുച്ഛം.
ങേ, ശ്വാസത്തിനു മദ്യഗന്ധമുണ്ടോ? അതെ, കണ്ണുകളും വല്ലാതെ ചുവന്നിരിക്കുന്നു.
'ഞാന്‍ കൗണ്ടറിലേക്കു ചെല്ലട്ടെ.' പിള്ളച്ചേട്ടന്‍ പുറത്തേക്കു പോയി.
'എന്താ വിനു ഇത്, ഇങ്ങനെയൊക്കെ? 'എന്തു ചോദിക്കണമെന്നറിയാതെ പരതി.
'എങ്ങനെയൊക്കെ?'
വിനോദിനു ദേഷ്യം വരുന്നുണ്ട്.
'വാ, വീട്ടിലേക്കു പോവാം.'
തന്നോടൊപ്പം വിനോദും എഴുന്നേറ്റു.
'സീയൂ.' കൗണ്ടറിലേക്കു നോക്കി സൗഹൃദപൂര്‍വ്വം പറഞ്ഞു.
വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. വിനോദിന്റെ നടപ്പു ശ്രദ്ധിച്ചു. കുഴപ്പമൊന്നുമില്ല എന്നു തോന്നുന്നു.
കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.
താനെന്താ ഇത്ര എക്‌സൈറ്റഡ് ആവുന്നത്, സ്വയം ചോദിച്ചു. അതിനു തക്ക സംഭവങ്ങളൊന്നും ഉണ്ടായില്ലല്ലോ. വിനോദ് അല്പം മദ്യപിച്ചു. അത്രയല്ലേ ഉണ്ടായുള്ളൂ?
എന്നാലും..... എന്തൊക്കെയോ കുഴപ്പമുണ്ടാകാന്‍ പോകുന്നെന്നു മനസു പറയുന്നതുപോലെ.
കൂട്ടിന് ജോബിയായിരുന്നു എന്നു കേട്ടപ്പോള്‍ മുതലാണഅ തനിക്ക് അങ്കലാപ്പ്. അയാള്‍ ഉള്‍പ്പെട്ട ആ കൂട്ടത്തെപ്പറ്റി കേട്ടിട്ടുള്ളതൊന്നും അത്ര നല്ല കാര്യങ്ങളല്ല.
അതിലൊരുത്തന്റെ പെങ്ങള്‍ക്ക് തന്റെ റീഹാബിലിറ്റേഷന്റെ കാര്യങ്ങളൊക്കെ അറിയുകയും ചെയ്യാം.
ദൈവമേ..... ഇത്ര പെട്ടെന്ന് ആ കഥകളൊന്നും വിനോദിന്റെ ചെവിയിലെത്തരുതേ.... അറിയാതെ പ്രാര്‍ത്ഥിച്ചു പോയി.
 മുമ്പില്‍ ചുവന്ന ട്രാഫിക്ക് ലൈറ്റ്. വണ്ടി സ്ലോ ചെയ്ത് നിര്‍ത്തി.
വിനോദിനെ നോക്കി. പുറത്തേക്ക് നോക്കിയിരുപ്പാണ്.
'ഹൗ വാസ് യുവര്‍ ഡേ?'
അനുനയ സ്വരത്തില്‍ ചോദിച്ചു.
'ഊം....?'
കേള്‍ക്കാത്ത മാതിരി തന്റെ നേരെ തിരിഞ്ഞു.
സൗഹൃദപൂര്‍വ്വം ചിരിച്ചുകൊണ്ട് ചോദിച്ചു. 'ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?'
'ഐ ഹേറ്റ് ഇറ്റ്.' പെട്ടെന്നായിരുന്നു മറുപടി. ഞെട്ടിപ്പോയി.
സിഗ്നല്‍ പച്ചയായത് അറിഞ്ഞില്ല. പിന്നിലുള്ള ആള്‍ ഹോണ്‍ അടിച്ചപ്പോഴാണ് പരിസരബോധം വീണത്.
കാര്‍ മുന്നോട്ടെടുത്തു.
ജോലിയെപ്പറ്റിയുള്ള പ്രശ്‌നം മാത്രമാണോ ഇത്. അതോ ഇനി മറ്റുവല്ലതും....
'ഇന്നു നിന്റെ ഡാഡിയോട് ഞാന്‍ സംസാരിക്കാന്‍ പോവുകയാണ്. എനിക്ക് മടുത്തു.'
വിശ്വസിക്കാന്‍ കഴിയുന്നില്ല. വിനോദ് തന്നെയാണോ ഇപ്പറയുന്നത്?
ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കാന്‍ പാടുപെട്ടു.
വീട്ടിലെത്തുന്നതുവരെ പിന്നൊന്നും സംസാരിച്ചില്ല.
ആ നിശ്ശബ്ദതയായിരുന്നു കൂടുതല്‍ ദുസ്സഹം.
ഡാഡിയും മമ്മിയും എ.
കാത്തിയിരിക്കുന്നു. ഡ്രൈവ് വേയില്‍ കാര്‍ കണ്ടു.
കാര്‍ നിര്‍ത്തി ഇറങ്ങുമ്പോഴും വിനോദ് തന്റെ നേരെ നോക്കിയില്ല.
വാതില്‍ തുറന്നത് മമ്മി.
ഡാഡി സോഫയില്‍ ഇരിക്കുന്നു. രണ്ടുപേരെയും കണ്ട് ചിരിച്ചു.
വിനോദ് ഒന്നും പറയാതെ മുകളിലേക്കു പടികള്‍ കയറി.
മമ്മി ചോദ്യഭാവത്തില്‍ നോക്കി.
മമ്മിയോട് സംസാരിക്കണം. അത് ഡാഡിയുടെ മുമ്പില്‍ വച്ചു പാടില്ലതാനും.
കിച്ചനിലേക്കു നടന്നു. മമ്മി പിന്തുടരുന്നതറിഞ്ഞു.
'ഹീ ഈസ് ഡ്രങ്ക്,' സ്വരം താഴ്ത്തി മമ്മിയോടു പറഞ്ഞു.
മമ്മിയുടെ കണ്ണില്‍ അവിശ്വസനീയത.
'എന്താ മോളേ നീയിപ്പറേന്നേ?'
'എനിക്കൊന്നുമറിയില്ല മമ്മി.' പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തി. 'ആകെ ദേഷ്യത്തിലാണു വിനു.'
'എന്താ മോളേ എന്തുണ്ടായി, തെളിച്ചു പറ.'
മമ്മിയെ കെട്ടിപ്പിടിച്ചു. സ്വരം താഴ്ത്തി പറഞ്ഞു.
'എന്തൊക്കെയോ മനസിലായെന്നു തോന്നുന്നു. ആ ജോബിയോടൊത്താണ് ഇന്നു കുടിക്കാന്‍ പോയത്.'
മമ്മി തന്നെ തലോടിക്കൊണ്ടിരുന്നു.
എന്നോട് കാറില്‍വച്ചു ദേഷ്യപ്പെട്ടു. ഹീ ഹേറ്റ്‌സ് ദ ന്യൂ പ്ലെയ്‌സ്. ഇന്നു ഡാഡിയോട് എല്ലാം പറയുമെന്നു പറഞ്ഞിരിക്കയാണ്. മമ്മിയുടെ പിടിവിടുവിച്ച്, കണ്ണുനീര്‍ തുടച്ചു.
'മോളു വെഷമിക്കാതെ.'
ഡാഡി കിച്ചനുനേരെ നടന്നുവരുന്നതറിഞ്ഞു.
ഡാഡിയുടെ നോട്ടം നേരിടാനാകാതെ മുഖം കുനിച്ചു.
'എന്താ, എന്തുണ്ടായി?'
ഡാഡിയുടെ ചോദ്യം.
'അവനോടുതന്നെ ചോദിക്ക്.' മമ്മിക്ക് ദേഷ്യവും സങ്കടവും ഒപ്പം വരുന്നുണ്ടെന്നു മനസിലായി.
ഡാഡി തന്നേയും മമ്മിയേയും മാറി മാറിനോക്കി.
'എന്താ കാര്യമെന്നു പറ.' ഡാഡി സ്വരമുയര്‍ത്തി.
'വിനോദ്....' മമ്മി നിര്‍ത്തി. വിനോദിന് എന്തോ പ്രശ്‌നമുള്ളതു പോലെ.'
'എന്തു പ്രശ്‌നം?'
മമ്മി തന്റെ കണ്ണുകളിലേക്കു നോക്കി. ആ നോട്ടം നേരിടാനാകാതെ തലകുനിച്ചു.
ഡാഡിയോട് മമ്മി പറയട്ടെ. പതുക്കെ കിച്ചനില്‍ നിന്ന് പുറത്തേക്കു നടന്നു. മുകളിലേക്കു സ്റ്റെപ്പുകള്‍ കയറി.
വിനു ബാത്‌റുമിലാണ്.
ദൈവമേ.... എല്ലാം ഒന്നു നേരെയായെന്നു കരുതി സമാധിച്ചതായിരുന്നു. ജീവിതത്തിനു പുതിയ അര്‍ത്ഥങ്ങള്‍ കൈവന്നിരിക്കുന്നുവെന്നു തോന്നിയിരുന്നു. എന്നിട്ടിപ്പോള്‍....
ടെന്‍ഷന്‍ ഉണ്ടാകുന്ന കാര്യങ്ങളില്‍നിന്നൊഴിഞ്ഞു നില്ക്കണമെന്നു തെറാപ്പിസ്റ്റ് പ്രത്യേകം പറഞ്ഞിരുന്നതാണ്.
ഒരു പക്ഷേ തന്റെ പേടിയായിരിക്കാം എല്ലാം....
വിനു ബാത്‌റൂമില്‍ നിന്നിറങ്ങിയിട്ടില്ല.
വീണ്ടും താഴേക്കു വന്നു.
മമ്മി സോഫയില്‍ താടിക്കു കൈകൊടുത്തിരിക്കയാണ്. ഡാഡി ദേഷ്യത്തിലാണെന്നു തോന്നുന്നു.
'അതിനിപ്പം എന്തോ ഉണ്ടായെന്നാ നീ പറയുന്നെ?' ഡാഡിയുടെ ശബ്ദം. അവന്‍ അല്പം ബിയറോ മറ്റോ കുടിച്ചുകാണും. അതിന് അമ്മയും മോളും കൂടെ ഇങ്ങനെ കിടന്നു തുള്ളാന്‍ തുടങ്ങിയാല്‍?'
ഡാഡി തന്നെ നോക്കി. പെട്ടെന്നു മുഖംതിരിച്ചു.
മ്മിയുടെ അടുത്തുചെന്നിരുന്നു.
'ഇതു തുടരാന്‍ അനുവദിക്കല്ലേ മമ്മീ.' യാചനയുടെ സ്വരത്തില്‍ പറഞ്ഞു.
'ഞങ്ങള്‍ എന്തുചെയ്യണമെന്നാ മോളേ പറയുന്നത്?'
'വിനുവിന് ഈ കടയും ജോലിയും മറ്റും ഇഷ്ടമല്ലെന്നു മനസിലായില്ലേ?'
ഡാഡിയാണതിനു മറുപടി പറഞ്ഞത്. 'എത്ര പാടുപെട്ടാ ഈ സെറ്റപ്പൊക്കെ ഒപ്പിച്ചെടുത്തതെന്നു നിനക്കറിയാമോ?'
മമ്മി തന്റെ ചുമലില്‍ കൈവച്ചു. 'എന്റെ മോളേ....' സ്വരം ഇടറുന്നുണ്ടെന്നു തോന്നി.
'നിങ്ങളുടെ ഭാവിയെക്കരുതിയല്ലേ ഇതെല്ലാം ചെയ്തത്?'
ഡാഡിയുടെ ചോദ്യം വീണ്ടും.
'നീയവനെ പറഞ്ഞു മനസിലാക്കണം.' മമ്മി വീണ്ടും. 'നാട്ടിലെ രീതികളൊന്നുമല്ല ഇവിടെ എന്നു പറയണം. കുറെ കഷ്ടപ്പെടാതെ പറ്റില്ലെന്ന് ബോദ്ധ്യപ്പെടുത്തണം.'
'എന്നെക്കൊണ്ട് ഒന്നും വയ്യ.'
 ഇനിയെന്തു പറയും. എന്തെങ്കിലും പറഞ്ഞാല്‍ മമ്മി കരയും. അതു കാണുന്നതാണ് ഏറ്റവും ദുസ്സഹം.
നിമിഷങ്ങള്‍ക്കു ദൈര്‍ഘ്യമേറി.
ആരും ഒന്നും സംസാരിച്ചില്ല, കുറേ നേരത്തേക്ക്.
'നിങ്ങള്‍ക്കവനോട് ഒന്നു സംസാരിച്ചുകൂടേ?'
മമ്മി, ഡാഡിയുടെ നേരെ തിരിഞ്ഞു. 'നാട്ടില്‍ ലക്ഷങ്ങള്‍ ഇട്ടുകളിച്ചു നടന്നവനാണ്.'
'അതിനിപ്പോ എന്തുണ്ടായെന്നാ ഈ പറഞ്ഞുവരുന്നെ? കടയുടെ പ്രശ്‌നം മാത്രമാണെങ്കില്‍ ഞാനവനോടു സംസാരിക്കാം. നിങ്ങള്‍ രണ്ടുപേരും കൂടി ഇങ്ങനെ ഭ്രാന്തുപിടിപ്പിക്കാതെ.'
ഡാഡിയുടെ വാക്കുകളില്‍ അക്ഷമ.
വിനു സ്റ്റെപ്പുകള്‍ ഇറങ്ങി വരുന്ന ശബ്ദം.
'ചോറെടുത്തു വയ്ക്ക്, വിശക്കുന്നു.' ഡാഡി പറഞ്ഞു.

സ്വപ്നഭൂമിക(നോവല്‍: 22 - മുരളി ജെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക