Image

കേരളം- തിളയ്‌ക്കുന്ന സദാചാരവും സമരവും (ജയ്‌ പിള്ള)

Published on 18 April, 2015
കേരളം- തിളയ്‌ക്കുന്ന സദാചാരവും സമരവും (ജയ്‌ പിള്ള)
കേരളത്തിലെ സാമൂഹിക അന്തരീക്ഷം സമര സന്നാഹങ്ങളാല്‍ എന്നും ചൂട്‌ പിടിച്ചിരിക്കുന്നു .അതിനുള്ള തെളിവുകള്‍ ആണ്‌ 2014 വര്‍ഷം മുതല്‍ കേരളം കാണുന്ന വിവിധ സമര മാര്‍ഗങ്ങള്‍ .ഇവിടെ യുവ മനസ്സും, പെണ്‍മനസ്സും ഒരുപോലെ തിളയ്‌ക്കുന്നതു നാം കണ്ടു ,ഇന്ന്‌ കാണുകയും ചെയ്യുന്നു .വിദ്യയുടെയും ,അറിവിന്റെയും, സാക്ഷരതയുടെയും എല്ലാം കാര്യത്തില്‍ മുന്നിട്ടു നില്‌കുന്ന കേരളം എന്ന പൊതു ധാരണകള്‍ക്കെല്ലാം വിപരീതമായി ഈ സമരാകാന്തരീക്ഷം കേരളത്തില്‍ വളരുന്നത്‌ എന്ത്‌ കൊണ്ട്‌ .

കേരള ചരിത്രം എടുത്തു നോക്കിയാല്‍ വിവിധങ്ങളും വ്യത്യസ്‌തങ്ങളും ആയ സമരമാര്‍ഗങ്ങള്‍ ,പ്രതിക്ഷേധ മാര്‍ഗങ്ങള്‍ എന്നിവ അരങ്ങേറുകയും, തുടരുകയും ചെയ്യുന്ന ഒരു സമൂഹം ആണ്‌ .ഒരു സമൂഹത്തിലെ ദൈന്യത, അല്ലെങ്കില്‍ സാമൂഹിക ചുറ്റുപാടുകളില്‍ വരുന്ന ജീര്‍ണതയുടെ പരിണിത ഫലം ആണ്‌ സമരങ്ങള്‍ .ഇത്‌ ഇന്നത്തെ സാമൂഹിക ജീവിതത്തിനു ആവശ്യമുണ്ടോ . ഉണ്ടെന്നു തന്നെ ആണ്‌ ഉറച്ച വിശ്വാസം .കഴിഞ്ഞ ഒരു വര്‍ഷം പരിശോധിച്ചാല്‍ കാണുന്ന വ്യത്യസ്ഥ സമരങ്ങളില്‍ എല്ലാം സ്വയം പര്യാപ്‌തതയ്‌ക്കും ,വ്യക്തി സ്വാതന്ത്ര്യത്തിനും ,മേല്‍തട്ട്‌ വിവേചനം ,പുരുഷ മേധാവിത്വം ,അസമത്വം എന്നിവയ്‌ക്ക്‌ എതിരെ ആണെന്ന്‌ കാണാം .

അതിലൊന്നാണ്‌ തലസ്ഥാന നഗരിയില്‍ വഴിനടക്കാനുള്ള അവകാശം നിഷേധിച്ച പാര്‍ടി സമരക്കാരോട്‌ നടത്തിയ ഒറ്റയാള്‍ സമരം അല്ലെങ്കില്‍ പ്രതിക്ഷേധം. ഇതിനെ പാര്‍ട്ടികളും ,മീഡിയകളും പലതരത്തില്‍ വിലയിരുത്തി.പക്ഷെ ജനം മനസ്സുകൊണ്ട്‌ സ്വീകരിച്ച ഒറ്റയാള്‍ പ്രതികരണ സമരം ആയിരുന്നു അത്‌ .ഇതിനു മുന്‍പും സാംസ്‌കാരിക കേരളത്തില്‍ ഒറ്റയാള്‍ സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ .കേരള ചരിത്രത്തിലെ ഏറ്റവും ഹീനവും നിന്ദ്യവുമായ തലക്കരം, മുലക്കരം എന്ന നിയമത്തിനെതിരെ , സവര്‍ണ മേധാവിത്വത്തിനെതിരെ മാര്‍ത്താണ്‌ഡ വര്‍മയുടെ ഭരണ കാലത്ത്‌ കീഴാള സ്‌ത്രീ ആയ നങ്ങേലി നടത്തിയ ഒറ്റയാള്‍ സമരം ശ്രദ്ധേയം ആണ്‌ സ്വന്തം മുല അറുത്തു കരം നല്‌കി രക്ത സാക്ഷിത്വം വഹിച്ച നങ്ങേലി എന്ന രക്തസാക്ഷി പാര്‍ട്ടി പട്ടികയില്‍ സ്ഥാനം പിടിച്ചില്ല .

ചുംബന സമരത്തെ കേരളം ഏറ്റു വാങ്ങിയതും അതുപോലെ തന്നെ ആണ്‌ .സ്വതന്ത്ര ഇന്ത്യയില്‍ എല്ലാവരും സാമാന്‍മാര്‍ ആണെന്നും,ഇവിടെ അടിച്ചേല്‍പിക്കപ്പെടുന്ന സദാചാര ബോധത്തെ വിമര്‍ശിക്കുന്ന രീതിയില്‍ കേരളത്തിലെ യുവത നടത്തിയ സമരം കൊച്ചിയിലും ,കോഴിക്കോട്ടും ,തൃശൂരിലും ,എം.ജി യൂണിവെര്‍സിറ്റി കാമ്പസ്സിലും അരങ്ങേറി .ഇന്നത്തെ നല്ലൊരു വിഭാഗം യുവതലമുറ സോഷ്യല്‍ മീഡിയകളെ ,അസമത്വങ്ങല്‍കും ,സദാചാര നിയമങ്ങള്‍ക്കും എതിരെ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുത്തും ,ചിത്രങ്ങളും ,മീഡിയയും എല്ലാം ഉപേക്ഷിച്ചു സ്വന്തം ശരീരം ആണ്‌ സമര മാര്‍ഗം എന്ന്‌ ഉറക്കെ ഉറക്കെ പ്രഖ്യാപനം നടത്തിയ ഒന്നാണ്‌ ചുംബന സമരം.ഒരു ചുംബന സമരം കൊണ്ട്‌ കേരളത്തിലെ സദാചാര മൂല്യം തകര്‌ന്നുവോ,ഇല്ല മറിച്ചു ലോകം എപ്പോഴും പ്രശംസിക്കുന്ന കേരളീയരുടെ രഹസ്യമായ സദാചാര അന്ധവിശ്വാസങ്ങള്‍ , അടിച്ചേല്‍പിക്കുന്ന ജാതീയ അനാചാരങ്ങള്‍ ലോക ജനതയ്‌ക്ക്‌ മുന്‍പില്‍ തുറന്നു കാണിക്കപ്പെട്ടു .ഒന്ന്‌ മാത്രം പറയട്ടെ സദാചാരം എന്നത്‌ പ്രബല വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ തങ്ങളുടെ ആധിപത്യം വീണ്ടും വീണ്ടും ഉറപ്പിക്കാനുള്ള ആയുധം മാത്രം ആണ്‌

കേരളം കഴിഞ്ഞ ഓണനാളുകളില്‍ കണ്ട ആദിവാസികളുടെ നില്‌പ്‌ സമരം ജനശ്രദ്ധ പിടിച്ചു പറ്റി .പക്ഷെ അധികാരിവര്‍ഗ്ഗം അത്‌ കാണാന്‍ 130 ഓളം ദിവസങ്ങള്‍ എടുത്തു .മണ്ണിന്റെ മക്കളുടെ അവകാശം ആണ്‌ അവര്‍ക്ക്‌ കൃഷി ചെയ്യാനും, കൂര പണിയാനും ഉള്ള മണ്ണ്‌ .നില്‌പ്‌ സമരത്തെ രാഷ്ട്രീയ വത്‌കരിക്കുകയും കാണാതെ കണ്ണടക്കുകയും , എങ്ങോ ഒരു സരിതയും സോളാറും ഭരണവും കൂട്ടി കുഴച്ചു അധികാര കസേരയില്‍ ഇരുപ്പ്‌ ഉറപ്പിക്കുമ്പോള്‍ ഉണ്ണാതെ ഉറങ്ങാതെ എല്ലാം ഉപേക്ഷിച്ചു തെരുവില്‍ നില്‌പ്‌ സമരം നടത്തിയവരെ കാണാന്‍ എടുത്തത്‌ നാല്‌ മാസം. .എങ്കിലും അവസാനം ആ സമരവും വിജയം വരിച്ചു .

ഇപ്പോള്‍ കേരളത്തില്‍ തിളക്കുന്നത്‌ പെണ്‍ സമരങ്ങളാണ്‌ .കാരണം പണ്ട്‌ മുതലേ ചൂഷണം ചെയ്യപ്പെടുന്നതും ,തിരിച്ചറിഞ്ഞിട്ടും നിശബ്ധത പാലിക്കുന്നതും സ്‌ത്രീകള്‍ തന്നെ .അവയില്‍ ചിലതാണ്‌ കല്യാണ്‍ സില്‍ക്‌സിലെ ഇരിപ്പ്‌ സമരം .എഞ്ചിനീയറിംഗ്‌ കോളേജ്‌ കര്‍ഫ്യു സമരം ,പിന്നെ അവസാനം ആര്‍ത്തവ സമരവും.ദേഹ പരിശോധനാ സമരവും .കേരളത്തിലെ സമകാലിക സംഭവങ്ങളും ,ചരിത്രവും പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാകുന്ന ഒന്നുണ്ട്‌ .പെണ്‍ ശരീരങ്ങളും ,അവരുടെ അവകാശങ്ങളും എന്നും ചൂഷണം ചെയ്യപ്പെടുന്നു .പെണ്‍ ശരീരങ്ങളെയും അവരുടെ ശാരീരിക വൈവിധ്യ ആരോഗ്യ പ്രശ്‌നങ്ങളെ പറ്റിയും നിരവധി ചര്‍ച്ചകളും ,വാക്ക്‌പയറ്റുകളും നടന്നിട്ടുള്ള ഒരു സംസ്ഥാനം ആണ്‌ കേരളം.ആര്‍ത്തവകാല വേര്‍തിരിവും ,മറകളും ആണ്‍ ആധിപത്യത്തിന്റെയും പിതൃകുടുംബ ആധിപത്യതിന്റെയും ജാതി മത വ്യവസ്ഥിതികളുടെ ദൃഷ്ടി മാത്രം ആണ്‌ .അതുകൊണ്ട്‌ മാത്രം ആണ്‌ സര്‍ക്കാര്‍ ബസ്സില്‍ സഞ്ചരിച്ച സ്‌ത്രീയെയും ,കുട്ടിയേയും ബസ്സില്‍ നിന്നും ഇറക്കി വിട്ടതും , ശുചീകരണ മുറിയില കണ്ട നാപ്‌കിന്റെ ഉറവിടം തേടി സ്‌ത്രീകളുടെ ദേഹ പരിശോധന നടത്താന്‍ കൊച്ചിയിലെ സ്വകാര്യ സ്ഥാപനം തയ്യാറായതും.സ്‌ത്രീകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കുന്നു എങ്കിലും ഇപ്പോഴും അവര്‍ കടുത്ത മാനസിക ,ശാരീരിക പീഡനങ്ങള്‍ക്കു വിധേയര്‍ ആകുന്നു .പെണ്‍ ഉടലുകളെ കാമത്തോടെയും , കൗതുകത്തോടെയും നോക്കുന്ന പുരുഷന്റെ സമീപനത്തിനെതിരെ നടന്ന സമരങ്ങള്‍ ആണ്‌ തലക്കരം,മുലക്കരം, മണ്ണാപേടി ,പുലപ്പേടി ,ദേവദാസി സമരം,മാറുമറക്കാന്‍ അവകാശ സമരം, ഇതെല്ലാം നമ്മുടെ കൊച്ചുകേരളത്തിന്റെ സമര മാര്‍ഗങ്ങള്‍ ആയിരുന്നു.സമര മാര്‍ഗങ്ങളില്‍ ശരീരത്തിനും കൂടുതല്‍ പ്രാധാന്യം ഇല്ല എന്ന്‌ നമ്മുടെ ചരിത്ര സമരങ്ങള്‍ സൂചിപ്പിക്കുന്നു .പ്രതിക്ഷേധ മാര്‍ഗം സമരം ആണെങ്കില്‍ അതിനുള്ള ആയുധം ശരീരം മാത്രം ആണ്‌.അത്‌ കൊണ്ടാണ്‌ പുന്നപ്ര വയലാര്‍ സമരം,ക്ഷേത്ര പ്രവേശന സമരം,ഗുരുവായൂര്‌ഡ സത്യാഗ്രഹം ,വൈക്കം സത്യാഗ്രഹം എന്നിവ വ്യത്യസ്‌തവും,ചരിത്രത്തില്‍ സ്ഥാനം പിടിച്ചതും.ആര്‍ത്തവകാലത്തെ തീണ്ടലിന്‌ എതിരെയുള്ള സമരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ സ്‌ത്രീകള്‍ പാഡിന്റെ ചിത്രങ്ങള്‍ ഇട്ടും,മെസ്സേജുകള്‍ അയച്ചും അവരുടെ ശക്തി തെളിയിച്ചു.എത്രമാത്രം ശാസ്‌ത്രവും ,നാടും പുരോഗമിച്ചാലും ഒറ്റപ്പെട്ടതും സംഗടിതമായ വിയോജിപ്പുകളിലൂടെ മാത്രമേ നമുക്ക്‌ സമൂഹത്തിനെ അതിന്റെ അനാവശ്യ മാമൂലുകളില്‍ നിന്നും രക്ഷിക്കാന്‍ പറ്റൂ .കൊച്ചിയിലെ സ്ഥാപനത്തില്‍ നടന്ന ദേഹ പരിശോധന സ്‌ത്രീകള്‍ ആണ്‌ നടത്തിയത്‌ എന്നത്‌ വിസ്‌മരിക്കാതെ ഇരിക്കുക .

തലമുറകള്‍ തമ്മിലുള്ള വ്യത്യാസം ,ചിന്താധാര ഇന്ന്‌ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ .പ്രത്യേകിച്ചും കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്ത്‌ .വിദേശ രാജ്യങ്ങളും ആയി അടുത്ത്‌ ബന്ധം ഉള്ള കേരളത്തിന്റെ നല്ലൊരു വിഭാഗം കുടുംബങ്ങളും ,അവരുടെ തലമുറക്കാരും കേരളത്തില്‍ ധാരാളം ഉണ്ട്‌ .അത്‌ കൊണ്ട്‌ തന്നെ സോഷ്യല്‍ മീഡിയകളും ആയി അടുത്ത്‌ ബന്ധം ഉള്ള കേരളത്തിലെ യുവ തലമുറ സംഘം ചേരുന്നതും രാഷ്ട്രീയത്തിനതീതമായി സമര മാര്‍ഗങ്ങള്‍ തേടുന്നതും വളരെ നല്ല കാര്യം തന്നെ .ഈ നടന്ന സമരങ്ങള്‍ എല്ലാം തന്നെ യഥാര്‍ഥ ചിത്രങ്ങളും ആയി പൊരുത്തപ്പെട്ടു പോകുന്നു എന്നതാണ്‌ ഇവിടെ പ്രധാനം .സ്വതന്ത്രചിന്തയും ,അസമത്വങ്ങളോടുള്ള പോരാട്ട ഭൂമിയായി കേരളം ഇനിയും മാറും എന്നുഉള്ളത്‌ വളരെ വ്യക്തം ആണ്‌ .

തയ്യാറാക്കിയത്‌ : ജയ്‌ പിള്ള
കേരളം- തിളയ്‌ക്കുന്ന സദാചാരവും സമരവും (ജയ്‌ പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക