Image

ഉത്സവ പ്രതീതിയായി ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍

ആശ പണിക്കര്‍ Published on 18 April, 2015
ഉത്സവ പ്രതീതിയായി ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍
 മമ്മൂട്ടിയും സിദ്ദിഖും ദീപക് ദേവും ചേര്‍ന്നൊരുക്കിയ ക്രോണിക് ബാച്ചിലറിനു ശേഷം ഇവര്‍ വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ഭാസ്‌സകര്‍ ദി റാസ്‌കല്‍. കോമഡിയും ആക്ഷനും ഹീറോയിസവും ഫാമിലി മൂഡുമൊക്കെ വളരെ ബുദ്ധിപൂര്‍വം മിക്‌സ് ചെയ്ത ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റ്. അവധിക്കാല വേളയില്‍ കുടുംബപ്രേക്ഷകരെയും കുട്ടികളെയും ചെറുപ്പക്കാരെയും ഒരേ പോലെ ആകര്‍ഷിക്കാന്‍ പാകത്തിലാണ് ഭാസ്‌ക്കര്‍ വന്നിട്ടുള്ളത്. ടിക്കറ്റ് ചാര്‍ജ് മുതലാക്കാന്‍ പറ്റിയ സിനിമ. 

സിദ്ദിഖ് എന്ന സംവിധായകനില്‍ നിന്നും മലയാളിക്ക് ലഭിച്ച മറ്റൊരു മികച്ച എന്റെര്‍ടെയ്‌നര്‍ ആണ് ഭാസ്‌കര്‍. കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ കോമഡിയും ബോറടിപ്പിക്കാത്ത ആക്ഷനും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. ഭാസ്‌ക്കര്‍ ദി റാസ്‌ക്കലിനെ കുടുംബചിത്രമാക്കി മാറ്റാന്‍ സംവിധായകനായ സിദ്ദിഖ് അല്‍പ്പം വിയര്‍ത്തിട്ടുണ്ടെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും. 

ഭാസ്‌കര്‍ അതിസമ്പന്നനാണ്. എന്നാല്‍ അല്‍പ്പം റാസ്‌കല്‍ സ്വഭാവമുള്ള ആളുമാണ്.  അച്ഛന്റെ ഈ റാസ്‌കല്‍ സ്വഭാവം മകന് ഒട്ടും ഇഷ്ടമല്ല താനും. അമ്മ മരിച്ച ആദിയെ ഭാസ്‌കറാണ് വളര്‍ത്തിയതും. ആദിയും ഭാസ്‌കറുമുള്ള ലോകത്തിലേക്ക് ഹിമയും അവരുടെ മകള്‍ ശിവാനിയും കടന്നുവരുന്നതോടെ കഥ മാറുകയാണ്. ഭാസ്‌കറിന്റെ മകനായ ആദി(സനൂപ്)ക്ക് ഹിമ(നയന്‍താരയ)യോട് വല്ലാത്ത അടുപ്പമാണ്. ഇതേ അടുപ്പം ശിവാനി (ബേബി അനിഘ)ക്ക് ഭാസ്‌കറിനോടും ഉണ്ട്. ഭാസ്‌കറും ഹിമയും ഒന്നിക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം. ഇതിനു വേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. ഇത്തരം പ്രമേയങ്ങള്‍ മുന്‍പ് പലതവണ കണ്ടിട്ടുള്ളതാണെങ്കിലും സിദ്ദിഖ് ടച്ചിലൂടെ ആവര്‍ത്തന വിരസത മറികടക്കാന്‍ സിനിമക്കു കഴിഞ്ഞിട്ടുണ്ട്. ആദ്യപകുതിയിലെ രസം അതേപടി നിലനിര്‍ത്തുന്നതില്‍ സംവിധായകന് പൂര്‍ണമായും കഴിഞ്ഞിട്ടില്ല. ഇത് ചിത്രത്തിന് അല്‍പം ഇഴച്ചില്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രവുമല്ല വില്ലന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിനാല്‍ കഥയ്ക്ക് ലഭിക്കുമായിരുന്ന ത്രില്‍ അല്‍പ്പം കുറഞ്ഞിട്ടുമുണ്ട്. 

ഫാമിലി ഡ്രാമയും കോമഡിയും ആക്ഷനും രസകരമായി സംയോജിപ്പിച്ചാണ് സിദ്ധിഖ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നര്‍മ്മ സംഭാഷണളേക്കാള്‍ സിറ്റ്വേഷന്‍ കോമഡിയിലൂടെയാണ് സംവിധായകന്‍ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

നയന്‍താര എന്ന നടിയുടെ അപാരമായ സ്‌ക്രീന്‍ പ്രസന്‍സും സ്റ്റൈലും സിനിമയുടെ ആകര്‍ഷണത്തിന്റെയും വിജയത്തിന്റെയും ഘടകമാണ്. ഹിമ എന്ന നയന്‍സ് അവതരിപ്പിച്ച കഥാപാത്രം ഏറെ മികച്ചതായി. അഭിനയ രംഗത്ത് നയന്‍താര ഏറെ മുന്നേറിയിരിക്കുന്നു എന്ന് ഈ ചിത്രം തെളിയിക്കുന്നു. ഭാസ്‌ക്കറായി എത്തിയ മമ്മൂട്ടി തന്റെ കഥാപാത്രത്തെ ഗംഭീരമാക്കി. സമീപകാലത്ത് ഒട്ടെല്ലാ സിനിമകളിലും നായകന്റെ സുഹൃത്തായി മാറിയ കലാഭവന്‍ ഷാജോണ്‍ കൂടാതെ  സാജു നവോദയ, ഹരിശ്രീ അശോകന്‍ എന്നിവരാണ് സിനിമയില്‍ കോമഡി കൈകാര്യം ചെയ്തത്. എങ്കിലും സിനിമയിലെ മൊത്തം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സാജു അല്‍പം കൂടുതല്‍ സ്‌കോര്‍ ചെയ്തു എന്നു പറയാതെ വയ്യ.  ജനാര്‍ദ്ദനനാണ് ദാസ്‌ക്കറിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ബാലതാരങ്ങളായ മാസ്റ്റര്‍ സനൂപും ബേബി അനിഘയും മികച്ച അഭിനയമാണ് കാഴ്ച വച്ചത്. 

ദീപക് ദേവിന്റെ സംഗീതം സിനിമയുടെ വിജയത്തില്‍ മുഖ്യ പങ്കു വഹിക്കുന്നു. വിജയ് ഉലകനാഥിന്റെ ഛായാഗ്രഹണവും ഏറെ ഗംഭീരമായി. കുടുംബ സമേതം കാണാന്‍ കഴിയുന്ന ഉത്സവ പ്രതീതിയുള്ള സിനിമയാണ് ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്നതില്‍ സംശയമില്ല.  


ഉത്സവ പ്രതീതിയായി ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക