Image

ഒ.കെ കണ്‍മണി ......സുന്ദരം

ആശ പണിക്കര്‍ Published on 18 April, 2015
 ഒ.കെ കണ്‍മണി ......സുന്ദരം
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എന്നും പുതുമയോടെ നില്‍ക്കുന്ന വികാരമാണ് പ്രണയം. അതുകൊണ്ടു തന്നെ പ്രണയകഥകള്‍ എത്ര കേട്ടാലും കണ്ടാലും നമുക്ക് ബോറടിക്കില്ല. എന്നു മാത്രമല്ല, അതില്‍ തന്നെ എത്രയെയെത്രെ പുതുമകള്‍ കൊണ്ടു വരുമ്പോഴും ഇരു കൈയ്യും നീട്ടി സ്വീകരിക്കാനും നാം തയ്യാറാകും. പക്ഷേ അതിന് ജീവിതവുമായി ബന്ധമുണ്ടായിരിക്കണം എന്നു മാത്രം. 

പറഞ്ഞു വരുന്നത് മണി രത്‌നം സംവിധാനം ചെയ്ത ഒ.കെ കണ്‍മണി എന്ന ചിത്രത്തെ കുറിച്ചാണ്. പ്രതിബാധനനായ ഒരു സംവിധായകന് കാലത്തിന്റെയും യുവജനങ്ങളുടെയും മാറ്റങ്ങളെ എത്ര ആഴത്തില്‍ മനസിലാക്കാനും അതിനെ ചിത്രീകരിക്കാനും കഴിയും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ചിത്രം. 

സംവിധാനത്തിലും ഛായാഗ്രഹണത്തിലും സംഗീതത്തിലും മികവ് പുലര്‍ത്തുന്നതില്‍ ഒരു നിശബ്ദ മത്സരം നടന്നതായി തോന്നും ഈ ചിത്രം കാണുമ്പോള്‍. അതി മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഒകെ കണ്‍മണി. പ്രേക്ഷകന്റെ മനസില്‍ ആഹ്‌ളാദം ജനിപ്പിക്കുന്ന ഒരു മനോഹര പ്രണയകഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്.  മികവുറ്റ സംഗീതത്തിന്റെ അകമ്പടിയോടെഅതിമനോഹരമായി ചിത്രീകരിക്കപ്പെട്ട സിനിമ സ്‌ക്രീന് മുന്നിലും പിന്നിലും അണി നിരന്ന പ്രതിഭാധനരുടെ കഴിവ് ആസ്വാദകന് വെളിവാക്കി തരുന്നു.

വിഡിയോ ഗെയിം ഡെവലപ്പറായ ആദിയും ആര്‍ക്കിടെക്റ്റായ താരയുമാണ് ഒകെ കണ്‍മണിയിലെ പ്രധാനതാരങ്ങള്‍. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഇവര്‍ രണ്ടുപേരും മറ്റൊരു സ്ഥലത്ത് വച്ച് അപ്രതീക്ഷിതമായി പരിചയപ്പെടുന്നു. ആ പരിചയം പിന്നീട് പ്രണയത്തിലെത്തുന്നു.

എന്നാല്‍ പുതിയകാലത്തിന്റെ പ്രതീകങ്ങളായ ആദിയും താരയും കടന്നു ചെല്ലാന്‍ ആഗ്രഹിക്കുന്നത് പരമ്പരാഗത വിവാഹ ജീവിതത്തിലേക്കല്ല. മറിച്ച് കെട്ടുപാടുകള്‍ ഒന്നും ആവശ്യമില്ലാത്ത ലിവിംഗ് ടുഗെദര്‍ സമ്പ്രദായത്തിലേക്കാണ്. കാരണം ഇന്നത്തെ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന ചെറുപ്പക്കാര്‍ പറയുന്നതു തന്നെ. വിവാഹിതരാവാനോ കുടുംബജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കാനോ ഇരുവരും തയ്യാറല്ല. അങ്ങനെ രണ്ടു പേരും ലിവ് ഇന്‍ ടുഗദര്‍ റിലേഷന്‍ഷിപ്പ് ആരംഭിക്കുന്നു. വൃദ്ധ ദമ്പതിമാരായ ഗണപതിയുടെയും ഭവാനിയുടെയും വീട്ടില്‍ വാടകയ്ക്കാണ് ആദിയുടെ താമസം. ഈ വീട്ടിലേക്ക് താര കടന്നുവരുന്നതോടെ ഇവരുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ രസകരമായ മുഹൂര്‍ത്തങ്ങളുടെ ഹൃദയാകര്‍ഷകമായ തുടര്‍ച്ചയാണ് സിനിമ. 

പ്രണയത്തിന് കാലഭേദമില്ല എന്നു തെളിയിക്കുന്നതാണ് മണിരത്‌നം സംവിധാനം ചെയ്ത ഈ ചിത്രം.  സിനിമയുടെ എല്ലാ ഘട്ടത്തിലും അത് മികച്ച അവതരണശൈലി പുലര്‍ത്തുന്നു. പ്രണയത്തിന്റെ വര്‍ത്തമാനകാല രസങ്ങള്‍ അതിന്റേതായ രൂപത്തിലും ഭാവത്തിലും പ്രതിഫലിപ്പിക്കാന്‍ മണിരത്‌നത്തിനു കഴിഞ്ഞു. ഇതിലൂടെ ന്യൂജെന്‍ വിഭാഗത്തിന്റെ മനോവ്യാപാരങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ള സംവിധായകന്‍ തന്നെയാണ് താനെന്ന് അദ്ദേഹം തെളിയിക്കുന്നു. പുതുതലമുറയിലെ കമിതാക്കളായ ആദിയുടെയും താരയുടെയും ജീവിതത്തില്‍ വൃദ്ധദമ്പതികളായ ഗണപതിയെയും ഭവാനിയെയും അദ്ദേഹം കൊണ്ടുവന്നതും സ്‌നേഹം കാലത്തിന് അതീതമാണെന്ന് തെളിയിക്കുന്നതിനാണ്. രണ്ടു തലമുറയുടെ പ്രണയബന്ധങ്ങളെ കോര്‍ത്തിണക്കുകയാണ് ഒകെ കണ്‍മണി.

 തികച്ചും ലളിതമായി തന്നെയാണ് കഥ പറഞ്ഞു പോരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളോ അസാധാരണത്വങ്ങളോ ഒന്നുംതന്നെ ഈ സിനിമയില്‍ ഇല്ല. ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് പ്രമേയമായ സിനിമയാണെങ്കില്‍ കൂടി കഥ പറയുന്ന ലാളിത്യം ഏറെ ഹൃദ്യമായി. സംവിധായകന്‍ എല്ലാഘട്ടത്തിലും മികച്ച കൈയ്യടക്കം പ്രകടിപ്പിക്കുന്നു. 

ചിത്രത്തില്‍ താരയെ അവതരിപ്പിച്ച നിത്യ മേനോന്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ മനം കവരുക. താരയെ മികവുറ്റതാക്കാന്‍ നിത്യയ്ക്കായി. ദുല്‍ക്കറും തന്റെ വേഷം നന്നായി ചെയ്തിട്ടുണ്ടെങ്കിലും ആദിയില്‍ ഒരു വ്യത്യസ്തത കൊണ്ടു വരാന്‍ അദ്ദേഹത്തിനായില്ല.  മലയാളത്തില്‍ അദ്ദേഹം അവതരിപ്പിച്ച പല ന്യൂ ജെന്‍ കഥാപാത്രങ്ങളുടെയും ആവര്‍ത്തനമായി തോന്നിയെങ്കില്‍ അതിന് പ്രേക്ഷകനെ കുറ്റം പറയാനാകില്ല. എങ്കിലും നിത്യയും ദുല്‍ഖറുമൊന്നിച്ചുള്ള പ്രണയരംഗങ്ങള്‍ ഏറെ മനോഹരമായി. 

പതിവു പോലെ ഗണപതിയെന്ന കഥാപാത്രത്തെ പ്രകാശ് രാജ് ഗംഭീരമാക്കി. അദ്ദേഹത്തിന്റെ ഭാര്യയായി എത്തിയ ഭവാനിയെ അവതരിപ്പിച്ചിരിക്കുന്നത് മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയും നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ലീല സാംസണ്‍ ആണ്. ഭവാനിയെ ലീല അതിമനോഹരമായി അവതരിപ്പിച്ചു. 

പി. സി ശ്രീറാമിന്റെ കാമറക്കണ്ണിലൂടെ കണ്‍മണി കൂടുതല്‍ അഴകുള്ളവളാകുന്നു. ചിത്രത്തിന്റെ ആദ്യരംഗത്തില്‍ ഒരു ട്രെയിന്റെ വാതിലിലൂടെ ദുല്‍ഖറിനെ കാണിക്കുന്നതൊക്കെ അളന്നുകുറിച്ചതുപോലെ മനോഹരം. സംവിധാനത്തോടും ഛായാഗ്രഹണത്തോടും മത്സരിച്ച് റഹ്മാന്‍ സംഗീതമൊരുക്കിയതു പോലെ പ്രേക്ഷകന് തോന്നും. സിനിമയോട് ഇഴ ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും. വൈരമുത്തുവാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കടല്‍ എന്ന തന്റെ കരിയറിലെ എക്കലത്തെയും പരാജയ സിനിമയെടുത്ത മണിരത്‌നത്തിന്റെ ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്നുറപ്പാണ്. തമിവില്‍ ദുല്‍ഖറിനും നിത്യക്കും ഈ ചിത്രം വിജയിക്കുന്നതോടെ കൂടുതല്‍ ആരാധകരുണ്ടാകും എന്നും തീര്‍ച്ചയാണ്.
 ഒ.കെ കണ്‍മണി ......സുന്ദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക