Image

വിഷുവിന് വെറുതെ കിട്ടിയാല്‍ വിഷവും കുടിക്കുന്ന മലയാളി

അനില്‍ പെണ്ണുക്കര Published on 13 April, 2015
വിഷുവിന് വെറുതെ കിട്ടിയാല്‍ വിഷവും കുടിക്കുന്ന മലയാളി
വിഷു വന്നു മുറ്റത്തുവന്നു .കണിയൊരുക്കാനുള്ള പച്ചക്കറി തേടി മലയാളി തമിഴുനാടിന്റെ ലോറി നോക്കിയിരിക്കുന്നു.കണിവെള്ളരി,മുതല്‍ കറിവേപ്പില വരെ തമിഴുനാട്ടില്‍ നിന്ന് വരണം.കണിയൊരുക്കിയ പച്ചക്കറി പാചകം ചെയ്ത് ഉച്ചയ്ക്ക് അകത്താക്കുമ്പോള്‍ ഓര്‍ക്കുക അതില്‍ മുഴുവന്‍ എന്‌ടോസള്‍ഫാന്‍ ആണെന്ന്.ഇതെല്ലാം നമുക്കറിയാം .പക്ഷെ സ്വന്തം തോട്ടത്തില്‍ പച്ചക്കറി ഇല്ലല്ലോ.പിന്നെ എന്‌ടോസള്‍ഫാനല്ലാതെ മറ്റു മാര്‍ഗമില്ലല്ലൊ . 

മലയാളി ഇപ്പോള്‍ ഇങ്ങനെയാണ്. ഭക്ഷണക്കാര്യത്തില്‍ യാതൊരു നോട്ടമോ ശ്രദ്ധയോ ഇല്ല. കിട്ടിയതെന്തും തിന്നും . കീടനാശിനിപൂരിതമായ പച്ചക്കറികളോ ഐസിട്ടു സൂക്ഷിച്ച ചീഞ്ഞ മത്സ്യമോ ഹോര്‍മോണ്‍ കൂടിയ ചിക്കനോ ഒക്കെ യഥേഷ്ടം ഭക്ഷിക്കാന്‍ യാതൊരു മടിയുമില്ല മലയാളിക്ക്. ആകര്‍ഷകമായ കളര്‍ ചേര്‍ത്തതാണെങ്കില്‍ കൂടുതല്‍ ഭക്ഷിക്കും. ഇന്നിപ്പോള്‍ പൊന്ന് വിചാരവും പെണ്ണുവിചാരവുമാണ് ഏറ്റവും മുന്നില്‍. മറ്റെല്ലാം പിന്നിലാണ്.  രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ റേഷന്‍കടക്ക് മുമ്പില്‍ തിരക്കിയ മലയാളി ഇപ്പോള്‍ തിരക്കു കൂട്ടുന്നത് സ്വര്‍ണക്കടകള്‍ക്കു മുമ്പിലാണ്. ഭക്ഷണക്കാര്യത്തിലും മലയാളിക്ക് കണ്ണില്ലാതായിക്കഴിഞ്ഞു. 

ഇന്ത്യ  കയറ്റിയയച്ച 10 ടണ്‍ കറിവേപ്പില ഈയിടെ യു.എ.ഇ യില്‍ നിന്ന് തിരിച്ചയച്ചു. എന്തായിരുന്നു കാരണമെന്നോ? കറിവേപ്പിലയില്‍ കീടനാശിനിയുടെ സാന്നിധ്യം കാണപ്പെട്ടുവത്രേ. ആ സര്‍ക്കാര്‍ മറ്റൊന്നും ആലോചിക്കാതെ ഉടനെ കറിവേപ്പില തിരികെ അയച്ചു!ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാനമായൊരു തിരിച്ചയക്കല്‍ മറ്റൊരു ഗള്‍ഫ് നാട്ടിലും അരങ്ങേറി. തിരിച്ചയയ്ക്കപ്പെട്ട കറിവേപ്പില മുഴുവന്‍ കടലില്‍ തള്ളിയോ? ഇല്ല, അത് കേരളക്കരയില്‍ വിറ്റുതീര്‍ത്തു!  കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കയറ്റിയയച്ച കറിവേപ്പില തിരിച്ചുവന്നത് സമീപകാലത്താണ്. തിരിച്ചയച്ച കറിവേപ്പിലയുടെ സാമ്പിളുകള്‍ വിദേശ ലബോറട്ടറികളില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ പ്രധാന കീടനാശിനികള്‍ ഇവയാണ്  ഓര്‍ഗാനോ ഫോസ്ഫറസ്, ഓര്‍ഗാനോ ക്ലോറിന്‍, സിന്തറ്റിക് പെറിത്രോയ്ഡ്‌സ് മുതലായവ. ഇവയില്‍ പലതിന്റേയും അളവ് അപകടകരമായ തോതിലും.  പച്ചക്കറികളിലെ കീടനാശനിയുടെ അളവ് പരിശോധിച്ച് തിട്ടപ്പെടുത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ സംസ്ഥാനത്തെ ലബോറട്ടറികളില്‍ ഇല്ല. ഇത് പച്ചക്കറി വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും പ്രയാസമുളവാക്കുന്നു. 

മലയാളി നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ 360 മില്ലിഗ്രാം വിഷാംശമുണ്ടെന്ന് കാര്‍ഷികശാസ്ത്ര പഠനം വ്യക്തമാക്കുന്നു. മാംസാഹാരത്തില്‍ 358 മില്ലിഗ്രാമും സസ്യാഹാരത്തില്‍ 362 മില്ലിഗ്രാമും വിഷം അകത്തെത്തുന്നത്. അമേരിക്കയില്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ വെറും 7.5 മില്ലിഗ്രാമും ബ്രിട്ടനില്‍ 12 മില്ലിഗ്രാമും കാനഡയില്‍ 13 മില്ലിഗ്രാമും വിഷമാണുള്ളത്. ഇന്ത്യയിലിത് പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ എത്രയോ കൂടിയ അളവിലാവാന്‍ കാരണം അമേരിക്കയില്‍ നിരോധിച്ചതും അതിനേക്കാള്‍ മാരകമായതുമായ കീടനാശിനികള്‍ ഇവിടെ വ്യാപകമായി ഉപയോഗിച്ചുവരുന്നു എന്നതാണ്. അമിത കീടനാശിനി പ്രയോഗം മൂലം ശരീരത്തില്‍ പ്രവേശിക്കുന്ന വിഷാംശം ഹോര്‍മോണ്‍ വ്യവസ്ഥയെ താറുമാറാക്കുന്നു. ലൈംഗിക തകരാറുകള്‍ക്ക് കാരണമാകുന്നു. സര്‍വോപരി സ്തനാര്‍ബുദത്തിനും മറ്റു വൈകല്യങ്ങള്‍ക്കും ഇത് കാരണമാകുന്നു.  കുടിക്കുന്ന വെള്ളം ശ്വസിക്കുന്ന വായു, ധരിക്കുന്ന വസ്ത്രം, കിടക്കുന്ന കിടക്ക തുടങ്ങി ഭൗമോപരിതലത്തിലെ വാതകങ്ങള്‍വരെ പരിശോധനാ വിധേയനാക്കുന്ന മലയാളി, അതേ മനോഭാവത്തോടെ കഴിക്കുന്ന ഭക്ഷണവും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഒപ്പംതന്നെ മായം ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങളെ വര്‍ജിക്കുകയും വേണം. 
 
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, അരി, ഗോതമ്പ് തുടങ്ങിയ നാടന്‍ ഭക്ഷ്യവസ്തുക്കള്‍ രോഗപ്രതിരോധത്തിന് സഹായകമാണ്. അവ മാരകരോഗങ്ങള്‍ ഉണ്ടാക്കുന്നില്ല. പെപ്റ്റിക് അള്‍സര്‍, കാന്‍സര്‍ മുതലായ മാരകരോഗങ്ങള്‍ ഉണ്ടാകുന്നത് നല്ലൊരു ശതമാനവും വിഷമയമായ ഭക്ഷണത്തില്‍ നിന്നാണ്. ഈ സത്യം കാണാതിരുന്നുകൂടാ. 

ഈ വിഷുവും ഇങ്ങനെ പോകും .പത്രവാര്‍ത്തയും മറ്റും വെള്ളത്തിലെ വര പോലെയാകും .ഓരോ ദിവസം കഴിയുംതോറും കിലോകണക്കിനു വിഷം നാം അകത്താക്കുന്നു .എന്തിനും ഏതിലും മായം .സര്‍വത്ര മായം .ഒരിക്കല്‍ മുഖം നോക്കുന്ന മലയാളി ഞെട്ടും ..സ്വന്തം മുഖം തിരിച്ചറിയാനാവാതെ ..

വിഷുവിന് വെറുതെ കിട്ടിയാല്‍ വിഷവും കുടിക്കുന്ന മലയാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക