Image

ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയം 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 13 April, 2015
 ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയം  35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍(ഡല്‍ഹികത്ത് : പി.വി.തോമസ്)
ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി രൂപീകൃതമായിട്ട് 35 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ജന്മ വാര്‍ഷിക ദിനം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്(2015 ഏപ്രില്‍ 6) ആയിരുന്നു. വലിയ ആര്‍ഭാടമോ കൊട്ടിഘോഷമോ ഒന്നുമില്ലാതെ കടന്നു പോയി. ബി.ജെ.പി.യുടെ പ്രധാന ആസ്ഥാനമായ ഡല്‍ഹിയിലെ അശോകാ റോഡിലെ ഓഫീസില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടിരുന്നു. അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയോ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയോ സാന്നിധ്യം കൊണ്ടല്ല ശ്രദ്ധിക്കപ്പെട്ടത്. നേരെ മറിച്ച് പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന ലാല്‍ കിഷന്‍ അദ്വാനിയുടേയും സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ ആയിരുന്ന മുരളി മനോഹര്‍ ജോഷിയുടേയും അസാന്നിധ്യം കൊണ്ടായിരുന്നു.

ഈ ജന്മദിന ആഘോഷത്തിന് വളരെ പ്രധാന്യം ഉണ്ടായിരുന്നു. ഒന്ന്, 2014- ല്‍ കേവല ഭൂരിപക്ഷത്തേയും മറികടന്ന് (273) 282 സീറ്റുകള്‍ നേടി മോഡിയും ബി.ജെ.പി.യും കേന്ദ്രത്തില്‍ അധികാരം പിടിച്ച് പറ്റിയതിനു ശേഷമുള്ള ആദ്യത്തെ ജന്മദിനം ആയിരുന്നു അത്. അത് അത്ര നിസ്സാര കാര്യം അല്ല. മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌  ഒരു പാര്‍ട്ടി  കൂട്ടുകക്ഷികളുടെ അകമ്പടി ഇല്ലാതെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത്. മാത്രവുമല്ല പാര്‍ട്ടിയുടെ കണക്ക് പ്രകാരം ബി.ജെ.പി. 8.8കോടി അംഗസംഖ്യയോടെ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ(8.53 കോടി) മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സാഹചര്യത്തിലും ആണ് ഈ വാര്‍ഷീകം.

ഈ അവകാശം അന്വേഷണ വിധേയം ആണെങ്കിലും നിശ്ചയമായും ആഘോഷത്തിനുള്ള ഒരു അവസരം തന്നെ ആയിരുന്നു. പക്ഷെ അങ്ങനൊരു ആഘോഷ കുംഭമേള അവിടെ നടന്നില്ല. അത് വിചിത്രം എന്ന് മാത്രമല്ല പാര്‍ട്ടിയിലെ ഇപ്പോഴത്തെ വ്യക്തി സ്പര്‍ദ്ധയെ ചൂണ്ടിക്കാണിക്കുന്നവയുമാണ്. പ്രത്യേകിച്ചു ലോക്‌സഭ തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് ശേഷം മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും ജമ്മു-കാശ്മീരിലും ഗവണ്‍മെന്റുകള്‍ രൂപീകരിച്ച സാഹചര്യത്തില്‍. 130 വര്‍ഷം പ്രായമുള്ള കോണ്‍ഗ്രസ് 44 സീറ്റുകള്‍ മാത്രം ലോക്‌സഭയില്‍ നേടിയിട്ടും, 92 വര്‍ഷം പ്രായമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടക്ക സംഖ്യ ലോക്‌സഭയില്‍ തികയ്ക്കുവാന്‍ തത്രപ്പെടുമ്പോഴും അവരുടെ ജന്മവാര്‍ഷികങ്ങളും പാര്‍ട്ടി കോണ്‍ഗ്രസുകളും അതിഗംഭീരമായി ആഘോഷിക്കുന്ന ഒരു സാഹചര്യത്തിലാണു  ഈ കുറഞ്ഞ രീതിയിലുള്ള ആഘോഷം എന്ന് ഓര്‍മ്മിക്കണം.

എന്താണ് ഇതിന് കാരണം? പാര്‍ട്ടിയിലെ അന്തഛിദ്രമോ? അതോ മോഡി-ഷാ കൂട്ടുകെട്ടിനോടുള്ള പ്രതിഷേധമോ? അതോ മോഡി ഗവണ്‍മെന്റിന്റെ സാമ്പത്തിക വികസന വാഗ്ദാനങ്ങളുടെ പരാജയത്തോടുള്ള അതൃപ്തിയോ? അതോ ബി.ജെ.പി.യുടെ  തീവ്ര ഹിന്ദുത്വത മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പൂര്‍ത്തിയാക്കപ്പെടാത്തതിന്റെ അമര്‍ഷമോ? ഹിന്ദു രാഷ്ട്രം എന്ന സംഘപരിവാറിന്റെ പ്രതിബദ്ധത മാംസ നിരോധന പ്രക്രിയയില്‍ ഒതുങ്ങി നില്‍ക്കുന്നു. രാമ മന്ദിരവും ആര്‍ട്ടിക്കിള്‍ 370 ഉം (കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പ്) കോമണ്‍ സിവില്‍ കോഡും എവിടെ പോയെന്ന് രാമ ഭക്തര്‍ക്കോ ഹിന്ദുത്വ വാദികള്‍ക്കോ അറിയില്ല. അതുകൊണ്ട് മോഡി ഭരണത്തോട് ബി.ജെ.പി.യിലും സംഘപരിവാറിലും ഒരു തണുപ്പന്‍ പ്രതികരണമാണോ രൂപപ്പെട്ട് വരുന്നത്? അതിന്റെ പ്രതിഫലനം ആണോ ഏപ്രില്‍ 6 ലെ ജന്മദിന വാര്‍ഷികത്തില്‍ ദര്‍ശിച്ചത്?

ഇതൊക്കെ ചോദിക്കുവാന്‍  കാരണം പരസ്യ പ്രചരണത്തിലും ആശയ വിനിമയത്തിലും ആര്‍ഭാടത്തിലും ഒട്ടും കുറവു കാണിക്കാത്ത, അല്ലെങ്കില്‍ ധൂര്‍ത്ത് കാണിക്കുന്ന ഒരു പാര്‍ട്ടിയാണ് ബി.ജെ.പി.യും അതിന്റെ നേതാക്കന്മാരായ മോഡിയും അമിത് ഷായും എന്ന കാരണത്താലാണ്.
ശരിയ്ക്കും പറഞ്ഞാല്‍ ബി.ജെ.പി.യുടെ ജന്മവാര്‍ഷികം ഉജ്ജ്വലമായി ആഘോഷിക്കപ്പെടേണ്ട ഒരു അവസരം ആയിരുന്നു.

കാരണം പാര്‍ട്ടി അധികാരത്തിന്റെ വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന സമയം ആണ് ഇത്. കേന്ദ്രത്തില്‍ മാത്രമല്ല അനേകം സംസ്ഥാനങ്ങളിലും പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലുണ്ട്.

മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും ഗോവയിലും ഛാത്തീസ്ഘട്ടിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി. ആണ് ഭരിക്കുന്നത്. ജമ്മു-കാശ്മീരിലും പഞ്ചാബിലും ആന്ധ്രയിലും ബി.ജെ.പി.ക്ക് ഭരണസഖ്യമുണ്ട്. ബംഗാളിലും ബീഹാറിലും അസ്സാമിലും ബി.ജെ.പി. നില മെച്ചപ്പെടുത്തുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെ.യേയും ഡി.എം.കെ.യേയും മറികടന്ന് ഒരു മുന്നണി രാഷ്ട്രീയത്തിനായി ശ്രമിക്കുന്നു. കര്‍ണ്ണാടകയില്‍ ബി.ജെ.പി. ഭരണകക്ഷി ആയിരുന്നു. ഇനിയും അധികാരത്തില്‍ തിരിച്ച് വരുവാന്‍ സാധ്യതയുണ്ട്.

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന്റെ ഏകാധിപത്യം നിലവിലിരുന്ന ഒരു രാജ്യത്ത് അധികാരം പിടിച്ചെടുക്കകയും 1996-ല്‍ 13 ദിവസം ഭരണം കയ്യാളുകളും 1998-ല്‍ 13 മാസം അധികാരത്തില്‍ ഇരിയ്ക്കുകയും 1999-ല്‍ അഞ്ചു വര്‍ഷം തികച്ച് ഭരിക്കുകയും അതിനുശേഷം കേവല ഭൂരിപക്ഷത്തോടെ 2014-ല്‍ അധികാരത്തില്‍ തിരിച്ചു വരികയും ചെയ്ത ബി.ജെ.പി.യുടെ ചരിത്രം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഒരു ഏടാണ്.

അധികാരത്തിനും രാഷ്ട്രീയ നിലനില്‍പ്പിനും വേണ്ടി ഹിന്ദു മതത്തെ ദുരുപയോഗപ്പെടുത്തുന്ന ഒരു ഫാസിസ്റ്റ് ശക്തിയാണ് ബി.ജെ.പി. എന്ന് വിമര്‍ശകര്‍ അധിക്ഷേപിക്കുന്നുണ്ടെങ്കിലും തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദു ദേശീയതയുടേയും ഭാരതീയതയുടേയും സാംസ്‌കാരിക ദേശീയതയുടേയും സംരക്ഷകരെന്ന് ബി.ജെ.പി. അവകാശപ്പെടുന്നു.

ബി.ജെ.പി. ഇപ്പോള്‍ ആഘോഷിക്കുന്നത് മുപ്പത്തിയഞ്ചാമത്തെ ജന്മ വാര്‍ഷികം ആണെങ്കിലും അതിനു ചുരുങ്ങിയത് 64 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്.1951 ഒക്ടോബര്‍ 21-ാം തീയതി ഭാരതീയ ജനസംഘ് എന്നൊരു രാഷ്ട്രീയ കക്ഷിയാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി എന്ന ഒരു ഹിന്ദുത്വ വാദി ആയിരുന്നു. 1952-ലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ട് കോണ്‍ഗ്രസിനെ പ്രതിരോധിക്കുവാനായി ആര്‍.എസ്.എസിന്റെ അനുഗ്രഹാശ്ശിസുകളോടെ ആണ് ജനസംഘ് രൂപീകരിക്കപ്പെട്ടത്. പക്ഷെ പാര്‍ട്ടി അമ്പേ പരാജയം ആയിരുന്നു തിരഞ്ഞെടുപ്പില്‍.

1977-ല്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന ആദ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായന്റെ ആഹ്വാന പ്രകാരം ജനസംഘ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. എന്നാല്‍ 1980-ല്‍ ഇരട്ട അംഗത്വത്തെ തുടര്‍ന്നുള്ള (ആര്‍.എസ്.എസ്-ജനതാ പാര്‍ട്ടി) വിവാദത്തെ ചൊല്ലി ജനസംഘ് ജനതാ പാര്‍ട്ടി വിടുകയും ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് വേറെയും ഒട്ടേറെ അവതരാങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് 1925- ല്‍ നാഗ്പൂരില്‍ ഹിന്ദുരാഷ്ട്രം എന്ന ആശയവുമായി രാഷ്ട്രീയ സ്വയം സേവക് സംഘ് നിലവില്‍ വരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് പോലും തക്കതായ സഹകരണം ആര്‍.എസ്.എസ്. നല്‍കുക ഉണ്ടായില്ല. കാരണം സ്വാതന്ത്ര്യ സമ്പാദനാന്തരം മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഒരു ഹിന്ദു രാഷ്ട്രം ആയിരിക്കുകയല്ല ഉടലെടുക്കുക എന്നതായിരുന്നു ഇവരുടെ വാദം.

മഹാത്മാ ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹത്തോടോ മറ്റ് സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളോടോ ആയതിനാല്‍ ഇവര്‍ സഹകരിച്ചിരുന്നില്ല. ഇതൊക്കെ ചരിത്രമാണ്. ഗാന്ധിജിയെ ഇവര്‍ ഹിന്ദുമത ശത്രുവായി കണ്ടതില്‍ അത്ഭുതപ്പെടുവാന്‍ അവകാശമില്ല. അതുകൊണ്ടാണ് 1948-ല്‍ മഹാത്മജി ഹിന്ദുമത ഭ്രാന്തനായ നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനുശേഷം ഗവണ്‍മെന്റ് ആര്‍.എസ്.എസിനെ നിരോധിച്ചത്. അടിയന്തരാവസ്ഥാ കാലത്തും (1975-77) ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും (1992 ഡിസംബര്‍ 6) ആര്‍.എസ്.എസ്. നിരോധിക്കപ്പെടുക ഉണ്ടായി. പക്ഷെ ഇന്ന് ആര്‍.എസ്.എസ്. മുഖ്യധാരാ രാഷ്ട്രീയത്തിലെ, അതായത് സംഘപരിവാര്‍ രാഷ്ട്രീയത്തിലെ പ്രധാന ഘടകമാണ്. 2014-ലെ മോഡിയുടെ വിജയത്തിന്റെ പ്രധാന ശില്‍പ്പിയും ആര്‍.എസ്.എസ്. ആയിരുന്നു.

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കുക എന്നതാണ് ആര്‍.എസ്.എസിന്റെ പ്രധാന ലക്ഷ്യം. ഇന്ന് ആര്‍.എസ്.എസിന് നിരോധനം ഇല്ലെന്ന് മാത്രമല്ല ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതില്‍ അംഗമാക്കുവാനുള്ള അനുവാദവും ഉണ്ട്. ഇതിന് നേരത്തെ വിലക്കുണ്ടായിരുന്നു. ജനസംഘും ആര്‍.എസ്.എസും കൂടാതെ ബി.ജെ.പി.യുടെ ഹിന്ദു ചിന്താധാരയുടെ സ്രോതസുകളായി വേറെയും ഒട്ടേറെ ഹിന്ദുത്വ സംഘടനകള്‍ നിലവില്‍ വന്നു. ഇവയില്‍ പ്രധാനമാണ് രാഷ്ട്രീയ സേവികാ സമിതി (1936), വിദ്യാഭാരതി (1952), വിശ്വഹിന്ദു പരിഷത്ത് (1964), ഭാരതീയ മസ്ദൂര്‍ സംഘ് (1955), വനവാസി കല്യാണ്‍ ആശ്രം (1952), അഖില്‍ ഭാരതീയ് വിദ്യാര്‍്തഥി പരിഷത്ത് (1948). ഇവയെല്ലാം ബി.ജെ.പി.യുടെ ശക്തിയുടെ ഉറവിടങ്ങളാണ്.

1980-ല്‍ സ്ഥാപിക്കപ്പെട്ട ബി.ജെ.പി. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വെറും രണ്ടേ രണ്ട് സീറ്റുകള്‍ മാത്രമാണ് ലോക്‌സഭയില്‍ നേടിയത്. ആന്ധ്രാപ്രദേശിലും ഗുജറാത്തിലും ഓരോ സീറ്റുകള്‍ വീതം! ആന്ധ്രാ പ്രദേശില്‍ ജയിച്ചതാകട്ടെ തെലുങ്കുദേശം പാര്‍ട്ടിയുടെ സഹായത്തോടെയും.

പിന്നീടങ്ങോട്ട് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറുകയായിരുന്നു. അത് ബി.ജെ.പി.ക്കും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനും പ്രയോജനപ്രദം ആയിരുന്നു. 1989-ല്‍ ബോഫേഴ്‌സ് പീരങ്കി കോഴക്കേസോടെ രാജീവ് ഗാന്ധി എന്ന ഇതിഹാസം അസ്തമിച്ചു. അതേ തുടര്‍ന്ന്  വി.പി.സിങ്ങും ചന്ദ്രശേഖറും അല്‍പായുസുകളായ പ്രധാനമന്ത്രിമാരായി. സിംങ്ങ് മണ്ഡല്‍ രാഷ്ട്രീയവുമായി രംഗത്തുവന്നു. രാമക്ഷേത്രത്തിനായുള്ള അദ്വാനിയുടെ അയോധ്യാ മുന്നേറ്റത്തെ തുടര്‍ന്ന് ബി.ജെ.പി. പിന്തുണ പിന്‍വലിക്കയാല്‍ വി.പി.സിങ്ങ് ഗവണ്‍മെന്റ് അധികാരത്തില്‍ നിന്നും വെളിയില്‍ പോയി. മണ്ഡലും കമണ്ഡലും ഏറ്റുമുട്ടി.

ചന്ദ്രശേഖറിനെ വീഴ്ത്തിയതാകട്ടെ നിസാരമായൊരു കാരണത്താല്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് തന്നെ ആയിരുന്നു. വി.പി.സിങ്ങിന്റെ മണ്ഡല്‍ കമ്മീഷനും അദ്വാനിയുടെ അയോധ്യ രഥരാത്രയും ഇന്ത്യയുടെ രാഷ്ട്രീയ ഛായയെ പ്രത്യേകിച്ചും 85 ലോക്‌സഭാ അംഗങ്ങള്‍ ഉള്ള യു.പി. ആകെ മാറ്റി മറിച്ചു. ബി.ജെ.പി. ദേശീയ തലത്തിലും ഉത്തര്‍പ്രദേശിലും അദ്വാനി ആവിഷ്‌കരിച്ച, രഥയാത്ര എന്ന വര്‍ഗീയ ധ്രുവീകരണത്തിലൂടെ വളരുകയായിരുന്നു. ഗുജറാത്തിലെ സോമനാഥ് മുതല്‍ അയോദ്ധ്യ വരെയുള്ള രഥയാത്രയെ തുടര്‍ന്ന് ബി.ജെ.പി.യുടെ വളര്ച്ച വിസ്മയകരമായിരുന്നു.

1991 ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. നരസിംഹറാവു  അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ബാബറി മസ്ജിദ് ഇടിച്ചു വീഴ്ത്തി. 1996 ല്‍  റാവുവിനും കോണ്‍ഗ്രസിനും അധികാരം നിലനിര്‍ത്താനായില്ല. ന്യൂനപക്ഷം അവരെ കൈവിട്ടു. പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മ ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവായ അടല്‍ ബിഹാരി വായ്‌പെയിയെ പ്രധാനമന്ത്രി ആയി നിയമിച്ചു. പക്ഷെ ഗവണ്‍മെ്#റ് 13 ദിവസം മാത്രമേ നിലനിന്നുള്ളൂ. കാരണം ഭൂരിപക്ഷം ഇല്ലായിരുന്നു. ബി.ജെ.പി.യുടെ അന്നത്തെ പ്രമുഖ നേതാക്കന്മാരായിരുന്ന വാജ്‌പെയിയും അദ്വാനിയും ജോഷിയും നിസ്സഹായരായി നോക്കി നിന്നു.

പിന്നീട് മൂന്നാം മുന്നണിയുടെ നേതാക്കന്മാരായ ദേവഗൗഡയും ഇന്തര്‍ കുമാര്‍ ഗുജറാളും പ്രധാനമന്ത്രിമാര്‍ ആവുകയും കോണ്‍ഗ്രസിന്റെ കുതികാല്‍ വെട്ടിനെ തുടര്‍ന്ന് അധികാരത്തിന് വെളിയില്‍ പോവുകയും ചെയ്തു. കോണ്‍ഗ്രസിന്റെയും മൂന്നാം മുന്നണിയുടെയും വിശ്വാസ്യതയുടെ നെല്ലിപ്പലക കണ്ടു. 1998-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 180 സീറ്റുകള്‍ നേടിയ ബി.ജെ.പി. സഖ്യകക്ഷി ഗവണ്‍മെന്റ് രൂപീകരിച്ചു. 1999-ല്‍ ജയലളിത പിന്തുണ പിന്‍വലിച്ചപ്പോള്‍ ബി.ജെ.പി.യുടെ വായ്‌പെയ് ഗവണ്‍മെന്റ് ഒരു വോട്ടിന് നിലം പൊത്തി. എന്നാല്‍  തുടര്‍ന്ന് ഉണ്ടായ  തിരഞ്ഞെടുപ്പില്‍ 182 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ച് വന്നു. മോഡി നേടിയ 282 സീറ്റുകള്‍ക്ക് മുമ്പ് ബി.ജെ.പി. നേടിയ ഏറ്റവും കൂടിയ സീറ്റുകള്‍ ആയിരുന്നു ഈ 182. 2004 ലും 2009 ലും ബി.ജെ.പി.യുടെ അവസ്ഥ പരിതാപകരമായിരുന്നു. അതായത് 135-114 സീറ്റുകള്‍ കൊണ്ട് പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടി വന്നു.

ഇന്ന് വിജയത്തിന്റെ പരമോന്നത പീഠത്തില്‍ നില്‍ക്കുമ്പോഴും ബി.ജെ.പി. തീവ്ര ഹിന്ദുത്വയുടെയും സാമ്പത്തിക പുരോഗതിയുടെയും സാംസ്‌കാരിക ദേശീയതയുടേയും ദീന്‍ ദയാല്‍ ഉപാധ്യായുടെ ഇന്റഗ്രല്‍ ഹ്യൂമനിസത്തിന്റെയും ഗാന്ധിയന്‍ സോഷ്യലിസത്തിന്റെയും ഇടയില്‍ പെട്ട് ആശയകുഴപ്പത്തിലാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം കോമണ്‍ സിവില്‍ കോഡും രാമക്ഷേത്ര നിര്‍മ്മാണവു ഇന്നും പാര്‍ട്ടിയുടെ കീറാമുട്ടികള്‍ ആണ്. എന്തായിരിക്കും ഇതിനൊക്കെ ബി.ജെ.പി.യുടെ മറുപടി, അല്ലെങ്കില്‍ സമീപനം? തീവ്ര ഹിന്ദുത്വവും മതസൗഹാര്‍ദവും വികസനവും മോഡിക്കും ബി.ജെ.പി.ക്കും ഒരു പോലെ കൊണ്ടു പോകുവാന്‍ ആകുമോ? 

ആര്‍.എസ്.എസും വിശ്വ ഹിന്ദു പരിഷത്തും മോഡിയെ അദ്ദേഹത്തിന്റെ വികസന പദ്ധതികളുമായി മുമ്പോട്ട് പോകുവാന്‍ അനുവദിക്കുമോ? മോഡിക്ക് എത്ര മാത്രം ഇവര്‍ക്ക് കടിഞ്ഞാണിടുവാന്‍ സാധിക്കും? മോഡിയുടെ പശ്താത്തലവും ആദര്‍ശവും പ്രത്യുത ആര്‍.എസ്.എസ്. പരിശീലനവും പരിശോധിച്ചാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ വളരെ ക്ലേശിക്കേണ്ടി വരുമെന്നറിയാം. കാരണം അദ്ദേഹവും ഇവരില്‍ നിന്നും വ്യത്യസ്തനല്ല. എത്ര കാലം ഇന്ത്യയുടെ  പ്രധാനമന്ത്രിക്ക് ആര്‍.എസ്.എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും തടവുകാരനായി ഇന്ത്യയെ പോലുള്ള ഒരു ബഹുജാതി ബഹുഭാഷ ബഹു സംസ്‌കാര ബഹുവംശ ബഹുവര്‍ഗ്ഗ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ആയി ഭരിക്കുവാന്‍ സാധിക്കും?

മോഡിയുടെ മുമ്പിലുള്ള, അല്ലെങ്കില്‍ ബി.ജെ.പി.യുടെ മുമ്പിലുള്ള, അല്ലെങ്കില്‍ ഇന്ത്യയുടെ  മുമ്പിലുള്ള വെല്ലുവിളിയും ഇത് തന്നെയാണ്. ബി.ജെ.പി.യ്ക്ക്  35-ാം ജന്മദിന ആശംസകള്‍! ഹാപ്പി ഹിന്ദുത്വ. ബാബറിയും ഗുജറാത്തും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ!
 ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയം  35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക