Image

വെളിപ്പെടുത്തലുകളും നനഞ്ഞ പടക്കവും (അനില്‍ പെണ്ണുക്കര)

Published on 12 April, 2015
വെളിപ്പെടുത്തലുകളും നനഞ്ഞ പടക്കവും (അനില്‍ പെണ്ണുക്കര)
കേരളത്തില്‍ ഇപ്പോള്‍ വെളിപ്പെടുത്തലുകളുടെ കാലം .കത്ത്‌ ,കത്തിലെ പേരുകള്‍ ,കൈക്കൂലി നല്‍കിയവരുടെ പേരുകള്‍ ഇങ്ങനെ പോകുന്നു അവ.കുറച്ചു കിടിലന്‍ വെളിപ്പെടുത്തലുകള്‍ക്കു കാതോര്‍ക്കുകയാണിപ്പോള്‍ കേരളരാഷ്ട്രീയം. ഒന്ന്‌,പി സി ജോര്‍ജിന്റെ ഉണ്ടയില്ലാ വെടി ,രണ്ട്‌ ബാലകൃഷ്‌ണ പിള്ള യുടെ കത്ത്‌, പിന്നെയുള്ളത്‌ സരിതയുടെ വെളിപ്പെടുത്തല്‍,കൂടാതെ കേരളം മറന്നുപോയ രണ്ടു വെളിപ്പെടുത്തലുകള്‍ ഉണ്ട്‌.അനധികൃതമായി സ്വത്തുസമ്പാദിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്നു സസ്‌പെന്റ്‌ ചെയ്യപ്പെട്ട മുതിര്‍ന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ ടി.ഒ സൂരജ്‌ പ്രഖ്യാപിച്ച വെളിപ്പെടുത്തല്‍(അദ്ദേഹത്തിന്റെ കാര്യം ഏതാണ്ടൊക്കെ തീരുമാനമായതാണ്‌) . മറ്റൊന്ന്‌ , നടനും രാഷ്ട്രീയനേതാവും വിവാദങ്ങളുടെ സഹയാത്രികനുമായ കെ.ബി ഗണേഷ്‌കുമാറിന്റേതും.ഉമ്മന്‍ ചാണ്ടി ഈ വെളിപ്പെടുത്തലുകള്‍ ഗവ്‌നിച്ചതെയില്ല .നിയമവും വെളിപ്പെടുത്തലുകളും അതിന്റെ വഴിക്കു പോകുമെന്നാണ്‌ അങ്ങോരുടെ പക്ഷം .

ബാറുടമസംഘത്തിന്റെ നേതാവ്‌ ഡോ.ബിജു രമേശ്‌ നടത്തിയ ലഹരിനിറഞ്ഞ വെളിപ്പെടുത്തലിന്റെ ഹാങ്‌ഓവറില്‍ നിന്നു മലയാളിസമൂഹം വിമുക്തി നേടുന്നതിനു മുമ്പാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നതെങ്കിലും മടുപ്പില്ലാതെ അതു സ്വീകരിക്കാന്‍ ഇവിടെ ആളുകള്‍ ധാരാളം. വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കണം എന്നു ചിന്തിക്കുന്നിടംവരെ എത്തിനില്‍ക്കുകയാണു കേരളത്തിന്റെ രാഷ്ട്രീയ മനസ്‌. ഈ മാനസികാവസ്ഥയുടെ വിപണനസാധ്യത പരമാവധി മുതലാക്കാന്‍ മാധ്യമശൃംഖലയും ഒരുങ്ങിനില്‍ക്കുമ്പോള്‍ വെളിപ്പെടുത്തലുകളുടെ മലവെള്ളപ്പാച്ചിലുണ്ടാകുന്നതു സ്വാഭാവികം.എന്നാല്‍, ഇത്തരം കോലാഹലങ്ങള്‍ എളുപ്പം പൊട്ടിമുളയ്‌ക്കാന്‍ പാകപ്പെട്ടു നില്‍ക്കുന്ന കേരള രാഷ്ട്രീയത്തില്‍ അതിനു വളമായി കുമിഞ്ഞുകൂടുന്ന അധാര്‍മികതയെക്കുറിച്ച്‌ അധികമാരും ചിന്തിക്കുന്നില്ല എന്നത്‌ സങ്കടകരമായ കാര്യമാണ്‌. മലപോലെ വന്നുചാടുന്ന വെളിപ്പെടുത്തലുകളും വിവാദങ്ങളും ഒടുവില്‍ എവിടെയെത്തുന്നു എന്നു പരിശോധിക്കുമ്പോള്‍ ഒട്ടും ആശാസ്യമല്ലാത്ത ചില നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടിവരുമെന്നതും യാഥാര്‍ഥ്യമാണ്‌. വെളിപ്പെടുത്തലുകളില്‍ ആരോപണവിധേയരാകുന്ന ഉന്നതര്‍ക്ക്‌ കുറഞ്ഞ കാലത്തേയ്‌ക്കുണ്ടാകുന്ന അപകീര്‍ത്തിയല്ലാതെ കാര്യമായി ഒന്നും സംഭവിക്കുന്നില്ല. വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്കും ദോഷമൊന്നും വരുന്നില്ല. എന്നുമാത്രമല്ല, പലപ്പോഴും നേട്ടംകിട്ടുകയും ചെയ്യുന്നു.

ബാറുടമകളുടെ സംഘടനാ നേതാവും വെളിപ്പെടുത്തലുകാരില്‍ ഒരാളുമായ ബിജു രമേശ്‌ അസോസിയേഷന്‍ യോഗത്തില്‍ പ്രസംഗിച്ചപോലെ അധികാരകേന്ദ്രങ്ങളെ വളയ്‌ക്കാനും ഒടിക്കുമെന്നു ഭീഷണിപ്പെടുത്താനും അങ്ങനെ വിചാരിച്ചകാര്യം നേടാനും അവര്‍ക്കു കഴിയുന്നു. ഒന്നും വെളിപ്പെടുത്താതെ തന്നെ കാര്യങ്ങളെല്ലാം ഭദ്രം. ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ അതിവേഗം വിസ്‌മൃതിയിലേക്കുപോകുന്നു. സോളാര്‍ പാനല്‍ തട്ടിപ്പുകേസും ബാര്‍കോഴ വിവാദവുമുള്‍പ്പെടെ ഇത്തരം വെളിപ്പെടുത്തലുകളുടെ വലിയൊരു നിരതന്നെ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്‌. വലിയ കോലാഹലങ്ങള്‍ക്കുശേഷം അവയെല്ലാം അലിഞ്ഞുതീരു കയായിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആരും തയ്യാറായിട്ടില്ല എന്നു പറയുന്നതാകും കൂടുതല്‍ ശരി. ആരോപണങ്ങള്‍ വ്യാജമായിരുന്നെന്നു വാദിക്കാന്‍ മതിയായ കാരണമാണിത്‌.

വെളിപ്പെടുത്തപ്പെടുന്ന വിഷയത്തിന്റെ ന്യായാന്യായങ്ങളില്‍ മാത്രം ഇത്‌ ഒതുങ്ങുന്നല്ലെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. കേരളരാഷ്ട്രീയത്തെ മൊത്തത്തില്‍ ബാധിച്ച ജീര്‍ണതയിലേക്കും അധാര്‍മികതയിലേക്കുമാണ്‌ അത്‌ വിരല്‍ചൂണ്ടുന്നത്‌. അധികാരകേന്ദ്രങ്ങളില്‍ എവിടെയൊക്കെയോ എന്തൊക്കെയോ അരുതായ്‌മകള്‍ ഒളിഞ്ഞിരിക്കുന്നു എന്നുവ്യക്തം. ആരെങ്കിലുമൊക്കെ നടത്തുന്ന വെളിപ്പെടുത്തലുകളെ ഭയപ്പെടുന്നവര്‍ ഉന്നതസ്ഥാനങ്ങളിലെത്തുന്ന അവസ്ഥ ആശങ്കാജനകമാണ്‌. ഇവരുമായൊക്കെ ബന്ധപ്പെട്ട രഹസ്യങ്ങള്‍ അറിയാന്‍ മാത്രമുള്ള അടുപ്പം സാമ്പത്തിക കുറ്റവാളികള്‍ക്കും മറ്റു ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ഉണ്ടാകുന്നത്‌ അതിലേറെ ഭീതിജനകവും.

ആരോപണം തെളിയിക്കാനായില്ലെങ്കില്‍ ആരോപണമുന്നയിച്ചവര്‍ക്കെതിരേ മാനഷ്ടക്കേസ്‌ ഉണ്ടാവലാണ്‌ സ്വാഭാവിക നടപടി. അങ്ങനെയുണ്ടാകാറില്ല. ഉണ്ടായാല്‍ത്തന്നെ വാദി അതിനുപിറകെ അധികം പോകാത്തതും ആരോപണം ഉന്നയിച്ചവര്‍ പ്രതികളായ, അതുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങുമെത്താതെ പോകുന്നതുമെല്ലാം നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. വലിയ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നു പ്രഖ്യാപിച്ച ചിലര്‍ അതില്‍നിന്നു പിന്മാറുകയോ വെളിപ്പെടുത്തലുകള്‍ മയപ്പെടുത്തുകയോ ചെയ്‌ത സന്ദര്‍ഭങ്ങളും നിരവധിയുണ്ട്‌. ആരോപണവിധേയരായ ഉന്നതര്‍ രക്ഷപ്പെടുന്നത്‌ നിരപരാധികളായതുകൊണ്ടാണെങ്കില്‍ അത്തരം ആരോപണങ്ങള്‍ ഉയരുന്നത്‌ നൈതികതയുടെ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്‌. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും സംശുദ്ധജീവിതം നയിക്കുകയും ചെയ്യുന്ന വ്യക്തികളെ ഇങ്ങനെ ക്രൂശിക്കുന്നതു മാപ്പര്‍ഹിക്കാത്ത കുറ്റമാണ്‌.ആരോപണമുന്നയിക്കുന്നവരും രക്ഷപ്പെടുന്നത്‌ ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഇതിനിടയില്‍ നടക്കാനിടയുള്ള ഒത്തുതീര്‍പ്പുകളെക്കുറിച്ചും ഒരിക്കലും പുറത്തുവരാത്ത അതിന്റെ വ്യവസ്ഥകളെക്കുറിച്ചും ചോദ്യങ്ങളുയരുന്നതു സ്വാഭാവികം. ഇവര്‍ ബ്ലാക്‌മെയിലിങ്‌ തന്ത്രത്തിലൂടെ എന്തൊക്കെയോ നേടിക്കൊണ്ടാണ്‌ പിന്മാറുന്നതെന്ന്‌ ന്യായമായും അനുമാനിക്കാം. ബ്ലാക്‌മെയിലിങ്ങിന്‌ ഇരയാക്കപ്പെടുന്ന വ്യക്തി അതിനു തക്കവിധം അരുതാത്തതെന്തോ ചെയ്‌തിരിക്കാമെന്ന അനുമാനത്തിനും പ്രസക്തിയേറും. കളങ്കമില്ലാത്തവര്‍ ആരെയും ഭയപ്പെടേണ്ടതില്ലല്ലോ. വെളിപ്പെടുത്തല്‍ പ്രഖ്യാപനത്തില്‍ നിന്ന്‌ പിന്മാറുന്ന സംഭവങ്ങള്‍ക്കു പിന്നിലും കാണും അവിശുദ്ധമായ ഇടപാടുകളും ഇടപെടലുകളും. വിവാദങ്ങളുടെ ആഘോഷത്തിമര്‍പ്പില്‍ അധികമാരും കാണാതെപോകുന്ന കാര്യങ്ങളാണിവ.

സാമൂഹ്യ പ്രവര്‍ത്തനത്തിലെ സുതാര്യത സംശുദ്ധ രാഷ്ട്രീയത്തിന്റെ ജീവവായുവാണ്‌. അതില്ലാതാകുമ്പോഴാണ്‌ ഇത്തരം വെളിപ്പെടുത്തലുകള്‍ ജനശ്രദ്ധ നേടുന്നത്‌.സമീപ കാല ത്തുണ്ടായ എല്ലാ വെളിപ്പെടുത്തലുകളും നനഞ്ഞ പടക്കം പോലെ ആയിരുന്നു .ഒന്നും വേണ്ടതുപോലെ ഏശിയില്ല .എങ്കിലും പലരെയും ഉറക്കം കെടുത്താന്‍ അവ കൊണ്ട്‌ സാധിച്ചു എന്നതാണ്‌ സത്യം .
വെളിപ്പെടുത്തലുകളും നനഞ്ഞ പടക്കവും (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക