Image

പ്രവാസി ഓണ്‍ലൈന്‍ വോട്ടിംഗ്‌: ബില്ലിന്റെ കരട്‌ തയാറായി

Published on 11 April, 2015
പ്രവാസി ഓണ്‍ലൈന്‍ വോട്ടിംഗ്‌: ബില്ലിന്റെ കരട്‌ തയാറായി
ന്യൂഡല്‍ഹി: പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവാസി ഓണ്‍ലൈന്‍ വോട്ടിംഗിന്റെ ആദ്യപടിയായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ കരട്‌ തയാറായി. ഇതനുസരിച്ച്‌ പ്രവാസികള്‍ക്ക്‌ ജോലിചെയ്യുന്ന രാജ്യത്തു തന്നെ ഇന്ത്യയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുങ്ങും.

പ്രവാസി വോട്ടവകാശ കേസ്‌ സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും. ജനുവരി 12നു കേസ്‌ പരിഗണിച്ചപ്പോള്‍, തുടര്‍നടപടികളില്‍ എട്ടാഴ്‌ചയ്‌ക്കകം തീരുമാനമെടുത്ത്‌ അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചാണു കേസ്‌ പരിഗണിക്കുന്നത്‌. നിയമഭേദഗതി സംബന്ധിച്ച പുരോഗതി സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

സുപ്രീം കോടതിയിലെ ഹര്‍ജിക്കാരനായ ഡോ. വി.പി. ഷംഷീര്‍ കഴിഞ്ഞദിവസം നിയമമന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോഴാണു നിയമ ഭേദഗതിക്കുള്ള നടപടികളുടെ പുരോഗതി വ്യക്‌തമാക്കപ്പെട്ടത്‌.

ഇലക്‌ട്രോണിക്‌ തപാല്‍ വോട്ട്‌ അനുവദിക്കാനാണു തീരുമാനമെന്നു നിയമ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ വെളിപ്പെടുത്തി. കരടു ബില്‍ തയാറായെങ്കിലും ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ അവതരണം സാധ്യമാകുമോയെന്നു വ്യക്‌തമല്ലെന്ന്‌ മന്ത്രി പറഞ്ഞു.

ജോലിക്കായി അന്യസംസ്‌ഥാനങ്ങളിലേക്കു പോകുന്നവര്‍ക്കു തിരഞ്ഞെടുപ്പിനു സ്വന്തം മണ്ഡലത്തില്‍ വോട്ട്‌ ചെയ്യാന്‍ അവസരമൊരുക്കണമെന്ന ആവശ്യം പഠിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സമിതി രൂപീകരിച്ചിട്ടുണ്ട്‌. വിഷയത്തിന്റെ നിയമപരവും പ്രായോഗികവുമായ പ്രശ്‌നങ്ങളാണു പഠിക്കുക. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണു കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്‌. ഈ സത്യവാങ്‌മൂലവും കോടതി നാളെ പരിശോധിച്ചേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക