Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-33: സാം നിലമ്പള്ളില്‍)

Published on 11 April, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-33: സാം നിലമ്പള്ളില്‍)
അദ്ധ്യായം മുപ്പത്തി മൂന്ന്‌.

രാവിലെ ഉണര്‍ന്ന ജൊസേക്ക്‌ തങ്ങള്‍ അഭയംതേടിയിരിക്കുന്നവീട്‌ ചുറ്റിക്കണ്ടു. ആരോ ധനവാന്മാര്‍ താമസിച്ചിരന്ന വീടാണത്‌. എല്ലാമുറികളിലും വിലകൂടിയ ഫര്‍ണിച്ചര്‍, മനോഹരമായി അലങ്കരിച്ച കിടപ്പുമുറികള്‍, ജനല്‍ കര്‍ട്ടനുകള്‍, വാള്‍പേപ്പര്‍പതിച്ച ഭിത്തികളില്‍തൂങ്ങുന്ന ചിത്രങ്ങള്‍, തറയില്‍ കാഷ്‌മീര്‍ കാര്‍പ്പറ്റ്‌. ആ കാര്‍പ്പറ്റിലാണ്‌ അവനും ഭാര്യയും മക്കളും കിടന്നുറങ്ങിയത്‌. ഒരു മെത്തയില്‍ കിടക്കുന്ന സുഖമുണ്ടായിരുന്നു.

ഭര്‍ത്താവ്‌ കൊണ്ടുവന്ന ആഹാരസാധനങ്ങള്‍ പരിശോധിക്കുകയാണ്‌ സാറ. ഒരു വലിയറൊട്ടി, രണ്ട്‌ ആപ്പിള്‍, അഞ്ചാറ്‌ പഴം. സോളമന്‍ രാത്രിയിലെപ്പോഴോ ആഹാരസാധനങ്ങളുമായിവന്നത്‌ അവര്‍ അറിഞ്ഞിരുന്നില്ല. രാവിലെ ഉണര്‍ന്നുനോക്കുമ്പോള്‍ അയാള്‍ നല്ല ഉറക്കത്തിലാണ്‌.

പകല്‍വെളിച്ചത്തില്‍ ജൊസേക്ക്‌ തന്റെ ആതിധേയരെ കണ്ടു. സോളമന്‍ മദ്ധ്യവയസുംകഴിഞ്ഞ മനഷ്യനാണ്‌, നല്ലതടിയന്‍. ബുച്ചറായിരുന്നതുകൊണ്ട്‌ മാംസം ഇഷ്‌ടംപോലെ കഴിച്ചുകാണും. സാറ മെലിഞ്ഞുണങ്ങിയ സ്‌ത്രീയാണ്‌. സോളമന്റെ ഒരുകയ്യുടെ വണ്ണമേ അവര്‍ക്കുള്ളു. മക്കള്‍ രണ്ടുപേരും കൊച്ചുകുട്ടികളാണ്‌.

`ഇതാരോ ധനവാന്മാരായവര്‍ താമസിച്ചിരുന്ന വീടാണല്ലോ,' ജൊസേക്ക്‌ പറഞ്ഞു.

`ശരിയാണ്‌, ആരോ പണക്കാരായ യഹൂദരുടെ വീടായിരുന്നു, എല്ലാം ഉപേക്ഷിച്ച്‌ പോകേണ്ടിവന്നവര്‍. അവരുടെ കിടപ്പുമുറികളൊന്നും ഞങ്ങള്‍ ഉപയോഗിക്കാറില്ല. ഒന്നും അലങ്കോലപ്പെടുത്താതെ ഇവിടെ കഴിയാനാണ്‌ ഞങ്ങള്‍ക്കിഷ്‌ടം. എന്നെങ്കിലും ഈ വീടിന്റെ ഉടമസ്ഥര്‍ തിരികെ വരികയാണെങ്കില്‍ അവര്‍ ഉപേക്ഷിച്ചിട്ടുപോയതെല്ലാം അതുപോലെ കാണണം.'

`ഇങ്ങനെ എത്രനാള്‍ കഴിയാന്‍ സാധിക്കും?'

`കഴിയാവുന്നിടത്തോളം.' സംസാരംകേട്ട്‌ ഉണര്‍ന്ന സോളമന്‍ പറഞ്ഞു. `നാസികളുടെ കയ്യില്‍ അകപ്പെടുന്നതിനേക്കാള്‍ നല്ലത്‌ ആത്മഹത്യയാണ്‌. രക്ഷയില്ലെന്ന്‌ വന്നാല്‍ അവരില്‍ രണ്ടെണ്ണത്തിനെ കൊന്നിട്ട്‌ ഞാനുംചാകും. മാടിനെ വെട്ടുന്ന കത്തി എന്റെ കയ്യിലുണ്ട്‌.'

`തോക്കിന്റെ മുമ്പില്‍ കത്തിയുമായി ചെന്നിട്ടെന്തുകാര്യം?' സാറ പരിഹസിച്ചു. `രക്ഷപെടാന്‍ എന്തുമാര്‍ഗമുണ്ടെന്ന്‌ ആദ്യം ആലോചിക്ക്‌.'

`നിങ്ങള്‍ ഇവിടെ ഒളിച്ചുപാര്‍ക്കുന്നത്‌ അയല്‍വാസികള്‍ക്ക്‌ ആര്‍ക്കും അറിയില്ലേ?'

`ചിലര്‍ക്കൊക്കെ സംശയം ഉണ്ടെന്നുതോന്നുന്നു. പലരും ഒറ്റിക്കൊടുക്കാന്‍ ഇഷ്‌ടപ്പെടുന്നവരല്ല. പക്ഷേ, എല്ലാവരേയും വിശ്വസിക്കാന്‍ കൊള്ളത്തില്ല. ഒരുറാത്തല്‍ പഞ്ചസാരക്കുവേണ്ടി ചിലരത്‌ ചെയ്‌തെന്നുവരും.'

സോളമന്‍ മോഷ്‌ട്ടിച്ചുകൊണ്ടുവന്ന റൊട്ടിയും പഴങ്ങളും അവര്‍ പങ്കിട്ടുകഴിച്ചു.

`ജീവിതത്തില്‍ ആദ്യമായിട്ടാണ്‌ മോഷ്‌ടിച്ചവക കഴിക്കുന്നത്‌.' സോളമന്‍ പറഞ്ഞു. ` ഇത്രനാളും മറ്റുള്ളവരെ സഹായിക്കുകയല്ലാതെ ആരുടേയും സഹായം തേടിപ്പോയിട്ടില്ല. ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി അല്‍പം ആഹാരം മോഷ്‌ടിക്കുന്നത്‌ തെറ്റല്ലെന്ന്‌ എന്റെ മനഃസാക്ഷിപറയുന്നു.'

`എവിടെനിന്നാണ്‌ ഇതെല്ലാം മോഷ്‌ടിക്കുന്നത്‌?' സെല്‍മക്കാണ്‌ അറിയേണ്ടത്‌.

`എന്താ നാളെമുതല്‍ നിനക്കും പോകാന്‍ പരിപാടിയുണ്ടോ?' ജൊസേക്ക്‌ കളിയാക്കി.

`വേണ്ടിവന്നാല്‍ പോകും. എന്റെ മക്കള്‍ പട്ടിണികിടക്കുന്നത്‌ ഞാന്‍ സഹിക്കില്ല.'

`ഞാന്‍ കടകള്‍ കുത്തിത്തുറക്കും അവിടെ പത്ത്‌ റൊട്ടി ഇരുപ്പുണ്ടെങ്കില്‍ ഒരെണ്ണം എടുക്കും. ചില ധനവാന്മാരുടെ വീടുകളിലും കയറും. ആഹാരസാധനങ്ങള്‍ മാത്രമേ എടുക്കാറുള്ളു. കഴിഞ്ഞദിവസം ഒരുവീട്ടിലെ അടുക്കളയില്‍ കയറിയപ്പോള്‍ അവിടെ മേശപ്പുറത്ത്‌ ഒരു വിലകൂടിയവാച്ച്‌ ഇരിക്കുന്നത്‌ കണ്ടു. ഞാനത്‌ തൊട്ടതേയില്ല. അവരുടെ ഫ്രിഡ്‌ജിലിരുന്ന കുറെ ആഹാരംമാത്രം എടുത്തു.'

`എപ്പോളാണ്‌ പോലീസിന്റെ പിടിയില്‍ പെടുന്നതെന്ന്‌ എനിക്കറിയില്ല.' സാറ പറഞ്ഞു. `പിന്നെ ഞങ്ങള്‍ ഇവിടെ പട്ടിണികിടന്ന്‌ ചാകത്തേയുള്ളു.'

സാറയുടെ ഭയം ഒരുദിവസം യാഥാര്‍ദ്ധ്യമായി. അന്നുരാത്രി പുറത്തുപോയ സോളമന്‍ നേരംവെളുത്തിട്ടും തിരിച്ചുവന്നില്ല. പോലീസിന്റെയോ നാസികളുടെയോ പിടിയില്‍പെട്ടെന്ന്‌ അവര്‍ തീര്‍ച്ചയാക്കി. ജീവനോടെയുണ്ടോ എന്ന്‌ എങ്ങനെ അറിയും? ആര്‍ക്കും തിരക്കിപോകാന്‍ സാദ്ധ്യമല്ല. പോകുന്നവരും പിടിയാലാകും. ഇനിയെന്ത്‌ എന്ന വലിയൊരു ചോദ്യഛിഹ്നം അവരുടെ മുമ്പില്‍ അവശേഷിച്ചു.
സോളമന്‍ തിരികെ വന്നില്ലെങ്കില്‍ ഇനിമുതല്‍ ആഹാരവുമില്ല, പട്ടിണികിടന്ന്‌ ചാകാം.

`ചേച്ചി വിഷമിക്കാതിരിക്ക്‌. രാത്രിയായിട്ട്‌ ഞാന്‍പോയി തിരക്കാം,' ജൊസേക്ക്‌ സമാധാനിപ്പിച്ചു. `ചിലപ്പോള്‍ പോലീസിനെ പേടിച്ച്‌ എവിടെങ്കിലും ഒളിച്ചിരിക്കുക ആയിരിക്കും.'

പക്ഷേ, അവര്‍ക്ക്‌ രാത്രിയാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നില്ല. അതിനുമുന്‍പ്‌ ഗെസ്റ്റപ്പോ അവരെ തരക്കി ഒളിവിടത്തില്‍ വന്നു. അറസ്റ്റുചെയ്യപ്പെട്ട്‌ കൊണ്ടുപോകുമ്പോള്‍ സാറക്ക്‌ അറിയേണ്ട ഒരുകാര്യമേ ഉണ്ടായിരുന്നുള്ളു., `എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ എന്തുചെയതു?'

(തുടരും....)

മുപ്പത്തിരണ്ടാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-33: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക