Image

നിത്യച്ചെലവുകളും 'ബാറാ'ഘോഷങ്ങളും; അഴിമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

അനില്‍ പെണ്ണുക്കര Published on 11 April, 2015
നിത്യച്ചെലവുകളും 'ബാറാ'ഘോഷങ്ങളും; അഴിമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
അങ്ങനെ സരിതയും ജോര്‍ജും കൂടി സരിതോര്‍ജം കൊണ്ടുവന്നു.കേരള രാഷ്ട്രീയത്തില്‍ വലിയ വലിയ സംഭവങ്ങള്‍ ഉണ്ടാകും എന്ന് വിളിച്ചുപറഞ്ഞ ചാനലുകാരെല്ലാം ഇപ്പോള്‍ സരിതയുടെ മോഴിയെടുത്ത ജഡ്ജിയുടെ പിറകെ പോയി.എന്തായാലും ഉമ്മന്‍ ചാണ്ടി രക്ഷപെട്ടു.ജഡ്ജിയുടെ പണി പോകും അത്രതന്നെ . ഇത്രയും നാള്‍ നടന്ന കോലാഹലം കൊണ്ട് ഒരുകാര്യം അടിവരയിടുന്നു.അഴിമതി ഇങ്ങനെ നടന്നുകൊണ്ടെയിരിക്കും .
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ കാര്യം എടുക്കാം .ബാറുടമകള്‍ മാത്രമാണോ ഇത്രയും നാള്‍ കോഴകൊടുത്തു വന്നിരുന്നത്.ബാറുടമകള്‍ മാത്രമല്ല, നമ്മുടെ വാണിജ്യ ശൃംഖലയിലെ ഒട്ടുമിക്ക  വ്യവസായികളും ഹോള്‍സെയില്‍ റീട്ടയില്‍ വ്യാപാരികളും മറ്റു ബിസിനസ് സംരംഭകരും സര്‍ക്കാര്‍ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കോണ്‍ട്രാക്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തോതില്‍ കാലാകാലങ്ങളായി കോഴകൊടുത്തുപോരുന്നുണ്ടെന്നത് അറിയാത്തവരധികമില്ല. വാദിയും പ്രതിയും ആരോപണം നടത്തുന്നവരുമെല്ലാം വായനക്കാരേപ്പോലെ തന്നെ നിസംഗരും നിസഹായരുമായി കഴിയുന്നത് ഈ പ്രവണത വളര്‍ത്തുന്നുണ്ട്. 

രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ചില നേതാക്കളുടെ ജീവിത ശൈലിയില്‍ അനേക കോടികളുടെ തിരിമറി നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.  എങ്ങനെ ഇത് മാറും.നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയ സമൂലം മാറിയാലല്ലാതെ ഇതിന് ഒരന്ത്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. ഇന്ത്യ അതിവേഗം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്, അഴിമതിയില്‍ !  ഇലക്ഷന് ഓരോ സ്ഥാനാര്‍ഥിയും കോടികള്‍  വാരി വലിച്ചു ചെലവാക്കുന്നുണ്ട്. ഈ ചെലവില്‍ നാം കാണുന്ന കൊടിതോരണങ്ങളും ശബ്ദകോലാഹലങ്ങളും റോഡുഷോക്കും പുറമേ പലരുടെയും നിത്യച്ചെലവുകളും 'ബാറാ'ഘോഷങ്ങളും പെടും എന്നത് പരസ്യമായ രഹസ്യം. പാര്‍ട്ടി നല്‍കുന്നതും ജനങ്ങളെ സ്‌നേഹിച്ചും ഭീഷണിപ്പെടുത്തിയും പിരിച്ചെടുക്കുന്നതുമായ  പണം   മുഴുവനായി ഒരു തെരഞ്ഞെടുപ്പിലേക്ക് ഓരോ സ്ഥാനാര്‍ഥിയും അന്ധമായി ചെലവാക്കുമെന്നും ആരും കരുതുന്നില്ല.തോറ്റാല്‍ ആ നിയോജകമണ്ഡലത്തില്‍ അടുത്ത ഇലക്ഷന്‍ വരെ പിടിച്ചുനില്‍ക്കാനും തോറ്റവന്‍ നേരിടേണ്ടി വരുന്ന മറ്റു സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാനും വീണ്ടും പണം ആവശ്യമാണ്. തന്നെക്കൊണ്ടു ഒരു പ്രയോജനവും ഇല്ല  എന്നുവന്നാല്‍  പിന്നെ ഈ ജനം അങ്ങോട്ടു തിരിഞ്ഞുനോക്കില്ലെന്നറിയാവുന്ന എല്ലാ നേതാക്കളും അത് മുന്‍കൂട്ടിക്കണ്ട് എന്നെന്നും പിടിച്ചു നില്‍ക്കാവുന്ന ഒരു ബാങ്ക് അക്കൗണ്ട്  സ്വകാര്യമായി സൂക്ഷിക്കുന്നുണ്ട് . ആ 'അതിബുദ്ധി'  ഓരോ നേതാവിനും ഉള്ളത് കാരണം പരാജയം വിജയമാക്കാന്‍ കഴിയുന്നു.  

കോഴ എന്നത് മന്ത്രിയില്‍   മാത്രം ഒതുക്കിയോ ഭരണപക്ഷത്തെ  കേന്ദ്രീകരിച്ചു മാത്രമോ നടത്തുന്നതില്‍ ഒരു വൈരുദ്ധ്യാത്മകത  ഉണ്ടെന്നാണ് ബാറുടമകള്‍ പറയുന്നത്.  ഏതാണ്ടു 16 കോടി രൂപ  ബാറുകളില്‍ നിന്ന് പിരിച്ചെന്നും അത് ഇന്ന് ഭരിക്കുന്നതും നാളെ ഭരിക്കുമെന്ന് അവകാശപ്പെടുന്നതുമായ എല്ലാ നേതാക്കള്‍ക്കുമായി വീതിച്ചുവെന്നുമാണു ബാറുടമകള്‍ സംയുക്തമായും ഒറ്റയ്‌ക്കൊറ്റയ്ക്കായും പറഞ്ഞു ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ സി.ബി ഐ വേണ്ടെന്നും എങ്ങും എത്താത്ത തരത്തിലുള്ള വെറും ഒരന്വേഷണ പ്രഹസനം മതിയെന്നും വിദഗ്ധ പാര്‍ട്ടി നാക്കുകള്‍ ആവശ്യപ്പെടുന്നത്. അന്വേഷണം വേണമെന്ന് പറയുന്നവരും വേണ്ടാ എന്നുപറയുന്നവരും ഒത്തൊരുമിച്ചു നടത്തുന്ന പ്രഹസനമാണിതെന്നും സംശയിക്കുന്നത് വെറുതെയല്ല.  ബോധം കെടുത്താനുള്ള ദ്രാവകമായതിനാല്‍ കള്ളു കച്ചവടത്തില്‍ എന്ത് മായവും ചേര്‍ക്കാം. എന്നാല്‍ പഞ്ചസാര, പയറുവര്‍ഗങ്ങള്‍ ,അരി,ബേബിഫുഡ് തുടങ്ങിയവയിലെ മായത്തിനും ചില നീക്കുപോക്കുകള്‍ വേണ്ടതുള്ളതിനാല്‍ കുത്തനെ വിലകൂട്ടുന്നതാണ്  മായം ചേര്‍ക്കുന്നതിനേക്കാള്‍ ലാഭം. കൂടെക്കൂടെ ഈ വിലക്കയറ്റം മുറപോലെ നടക്കുന്നതും അത് തടയാത്തതും ഈ 'കോഴ'യുടെ ബലം കൊണ്ടാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍  ആദ്യഗഡുവായി 'നൂറു രൂപകൂട്ടി' പിന്നെ 'പത്തുരൂപ കുറയ്ക്കുക' എന്ന ബുദ്ധിവ്യാപാരമാണെന്നും നമുക്കറിയാം. വിലകൂട്ടുന്നതനുസരിച്ചു കൂലിപ്പണിക്കാര്‍ അവരുടെ കൂലിയും കൂട്ടും. അതുകൊണ്ട് അവര്‍ക്കും നഷ്ടമില്ല. കൂലി 300 ല്‍ നിന്ന് 400 ആയതും പിന്നെ 500, 600 എന്നിങ്ങനെ കൂടിക്കൂടി ഇപ്പോള്‍ 700 ഉം 800 ഉം ഒക്കെ ആയതും മദ്യവില കൂടിയതിന്റെ തത്വ ശാസ്ത്രത്തില്‍ തന്നെയാണ്. സിമന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയിലെല്ലാം വിലനിയന്ത്രണം നടപ്പാക്കാന്‍ ആകാത്തതിനു കാരണം, 'ഇലക്ഷന്‍ ഫണ്ട്' എന്ന ഓമനപ്പേരുള്ള ഈ കോഴ തന്നെയാണ്.

 കോഴകൊണ്ട് ഒന്നുമാകില്ലെന്ന് വിചാരിക്കുന്ന 'ദീര്‍ഘവീക്ഷണം' കൂടുതലുള്ള നേതാക്കള്‍,  'അഴിമതി' എന്ന കുറേക്കൂടി വിശാലമായ വിനിമയ മാര്‍ഗ്ഗത്തിലെത്തുന്നു എന്നതാണ് സത്യം. നിത്യോപയോഗ വസ്തുക്കള്‍ക്ക് നിത്യേനയെന്നോണം വില കയറുന്നു. ആര്‍ക്കും ഒരു പരാതിയില്ല, പരിഭവവും.വില നിശ്ചയിക്കുന്നവര്‍ മുന്‍കരുതലായി കാണേണ്ടവരെ കാണേണ്ടവിധം കണ്ടു കൈ മടക്കിയിട്ടുണ്ട്.  അഴിമതിയിലൂടെയും കോഴയിലൂടെയും നേടുന്ന പണത്തില്‍ ഒരു പങ്ക്,  ആത്മ പ്രശംസയ്ക്കും ആത്മപ്രചാരണത്തിനും ചെലവാക്കി ഇമേജ് കൂടുതല്‍ വലുതാക്കി,  ഇതേ പണം കൊണ്ടുതന്നെ കാലാകാലം പിടിച്ച്‌നില്‍ക്കാം എന്നും പാര്‍ട്ടിക്കാര്‍ വിശ്വസിക്കുന്നു.  

കേരളത്തില്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പണവും വാക്കും  അതേപടി വിഴുങ്ങുന്നവര്‍ക്കുമൊക്കെ ഇതെല്ലാം മനസ്സിലാകുന്നുമുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയയും നേതൃ മോഹങ്ങളും ഭരണവും ഭരണക്കൊതിയും ആക്രമണങ്ങളും പ്രത്യാക്രമണവുമെല്ലാം  ചേര്‍ന്നു ബന്ധപ്പെട്ടു കിടക്കുന്ന ധനവ്യാപാരം മാത്രമാണിതെല്ലാം. നമ്മുടെ രാഷ്ട്രീയ സംവിധാനവും  മിക്കവാറും  നേതാക്കളും അഴിമതിയിലും കുറ്റകൃത്യങ്ങളിലും മുങ്ങിപ്പോയിരിക്കുന്നു.അവര്‍ക്കതില്‍  മാനഹാനിയില്ലെന്നു വരുന്നതാണ് സങ്കടകരം. കുറ്റകൃത്യങ്ങള്‍ക്കെതിരേ ആരോപണവുമായി പല്ലും നഖവും കാട്ടി ആക്രോശിക്കുന്നവരും അതേ കുറ്റകൃത്യങ്ങളില്‍ മുങ്ങി നിന്നുകൊണ്ടാണ് മുഷ്ടി ചുരുട്ടുന്നത് എന്നറിയുമ്പോള്‍ വോട്ടര്‍മാര്‍ സങ്കടപ്പെടുകയല്ലാതെ വേറെന്തു ചെയ്യും.സങ്കടപ്പെടുന്ന വോട്ടറന്മാര്‍ ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കളര്‍ ഫോട്ടം ആക്കുന്ന തിരക്കിലാണിപ്പോള്‍ .ഈ രാഷ്ട്രീയ ക്കാരെ കൊണ്ട് അങ്ങനെ ചില കാര്യങ്ങളൊക്കെയുണ്ട് കേട്ടോ.

നിത്യച്ചെലവുകളും 'ബാറാ'ഘോഷങ്ങളും; അഴിമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക