Image

നാമം വിഷു ആഘോഷം-ഏപ്രില്‍ 19ന്

രാജശ്രീ പിന്റോ Published on 06 April, 2015
നാമം വിഷു ആഘോഷം-ഏപ്രില്‍ 19ന്
മേടപുലരിയുടെ നന്മയുമായി വിഷുവിനെ വരവേല്‍ക്കാന്‍ നാമം ഒരുങ്ങിക്കഴിഞ്ഞതായി പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി പറഞ്ഞു. സമൃദ്ധിയുടേയും വെളിച്ചത്തിന്റെയും പൊന്‍കതിരുമായി ന്യൂജേഴ്‌സിയിലെ മലയാളികളോടൊപ്പം ഏപ്രില്‍ 19- ഞായറാഴ്ച  രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ നീളുന്ന പരിപാടികളുമായി, ഹെര്‍ബേര്‍ട്ട് ഹൂവര്‍ മിഡില്‍ സ്‌ക്കൂളില്‍(Hebert Hoover Middle school, 174 Jackson Ave, Edison, NJ- 08837 വച്ച് നടത്തപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആസ്വാദ്യകരമായ കലാവിരുന്നുമായി വിഷു അവിസ്മരണീയമാക്കാന്‍ ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി വൈസ് പ്രസിഡന്റ് വിനീത നായര്‍ കൂട്ടിച്ചേര്‍ത്തു.

എന്നും സാംസ്‌കാരിക തനിമ തെല്ലും ചോര്‍ന്നുപോവാതെ തലമുറകളിലേക്ക് പകര്‍ന്ന് നല്‍കാന്‍ ശ്രദ്ധ കൊടുത്തിട്ടുള്ള നാമം ഇത്തവണയും ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത സംഗീത പരിപാടികളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്. ഇവയില്‍ ന്യൂജേഴ്‌സിയിലെ മികച്ച കലാകാരന്മാരും കലാകാരികളും പങ്കെടുക്കും.

രാവിലെ 10 മണിക്ക് വിഷുകണി കാണല്‍ ചടങ്ങോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. സംഗീത നൃത്ത ഇനങ്ങളില്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ കലാവിദ്യാലയങ്ങളായ സ്വരലയ, അരോഹാനാ മ്യൂസിക് ആന്റ് ആര്‍ട്‌സ്, നൃത്തവിദ്യാലയങ്ങളായ ശിഷ്യ സ്‌ക്കൂള്‍ ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ്, സൗപര്‍ണ്ണിക ഡാന്‍സ് അക്കാദമി, ശിവജ്യോതി ഡാന്‍സ് അക്കാഡമി, നൃത്ത്യ മാധവി സ്‌ക്കൂള്‍ ഓഫ് ഡാന്‍സ്, അംബികാ രാമന്‍ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് അക്കാഡമി, അപൂര്‍വ്വ നൂപുര എന്നിവര്‍ ഒരുക്കുന്ന നൃത്ത വിസ്മയം വിഷു ആഘോഷങ്ങളുടെ മുഖമുദ്രയായിരിക്കുമെന്ന് നാമം കള്‍ച്ചറല്‍ സെക്രട്ടറിയും മുഖ്യ സംഘാടകയുമായ മാലിനി നായര്‍ പറഞ്ഞു.

വളരെ നാളുകളായി പാശ്ചാത്യമണ്ണില്‍ നമ്മുടെ പൈതൃകമായ കലാരൂപങ്ങളെ അതിന്റെ പൂര്‍ണ്ണതയോടെ പ്രചരിപ്പിച്ച് വളര്‍ത്തുന്ന കലാ അദ്ധ്യാപകരെ നാമം വിഷുദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പൊതു ചടങ്ങില്‍ അംഗീകാരം നല്‍കി ആദരിക്കുന്നതില്‍ അതീവ അഭിമാനവും സന്തോഷവും ഉണ്ടെന്നും പറഞ്ഞ നാമം സ്ഥാപകനേതാവും ചെയര്‍മാനുമായ മാധവന്‍ ബി നായര്‍ വിഷു ആഘോഷങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു. 
പൊതു ചടങങില്‍ മലയാളി സമൂഹത്തിലെ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും. ന്യൂജേഴ്‌സി നാട്യസംഗമം അവതരിപ്പിക്കുന്ന നൃത്തരൂപം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമാണ്.

വൈകീട്ട് 5 മണിയോടെ അവസാനിക്കുന്ന വിഷു ആഘോഷങ്ങള്‍ ടിക്കറ്റ് വെച്ച് നിയന്ത്രിച്ചിട്ടുള്ളതാണെന്നും ടിക്കറ്റുകള്‍ക്ക് കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്നും സെക്രട്ടറി അജിത്ത് പ്രഭാകറും ട്രഷറര്‍ ഡോ. ആഷാ വിജയകുമാറും സംയുക്തമായി പത്രകുറിപ്പില്‍ അറിയിച്ചു.

വാര്‍ത്ത: രാജശ്രീ പിന്റോ 
നാമം വിഷു ആഘോഷം-ഏപ്രില്‍ 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക