Image

വേങ്ങൂരിലെ മോശ (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 31 March, 2015
വേങ്ങൂരിലെ മോശ (ഡി.ബാബുപോള്‍)
മലങ്കരസഭാ ചരിത്രത്തില്‍ ഉജ്ജ്വലപ്രഭയോടെ തിളങ്ങിനില്‍കുന്ന ഒരു കഥാപാത്രം ഉണ്ട് വേങ്ങൂരിനെ അനശ്വരമാക്കുന്നതായി: വേങ്ങൂര്‍ ഗീവര്‍ഗീസ് കത്തനാര്‍. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ നമ്പൂതിരിമാരുടെയും അവരില്‍ നിന്ന് ക്രിസ്തുമതത്തില്‍ ചേര്‍ന്ന സുറിയാനിക്രിസ്ത്യാനികളും കളരി തുടങ്ങിയ അഭ്യാസങ്ങളില്‍ കോവിദരായ കുറുപ്പുമാര്‍ അടക്കം ഉള്ള സവര്‍ണ്ണഹിന്ദുക്കളും അധിവസിച്ചിരുന്ന ഇടം ആയിരുന്നു വേങ്ങൂര്‍. മലയാറ്റൂര്‍ മുടി, പൂര്‍ണ്ണാനദി എന്നിവയൊക്കെ അടയാളപ്പെടുത്തിയ ഒരിടം. പില്‍ക്കാലത്ത് തിരുവിതാംകൂറും വ്യവസ്ഥാപിതമായ റവന്യൂഭരണവും ഒക്കെ വന്നപ്പോള്‍ വേങ്ങൂര്‍ ഒരു ഭരണഘടകം ആയി. പ്രവൃത്തി എന്നും പിന്നീട് വില്ലേജ് എന്നും മറ്റും അറിയപ്പെട്ട അടിസ്ഥാനഘടകം. അത്തരം ഘടകങ്ങള്‍ പോലും വിഭജിക്കപ്പെട്ടപ്പോള്‍ കിഴക്കന്‍ വേങ്ങൂരും പടിഞ്ഞാറന്‍ വേങ്ങൂരും ഉണ്ടായി. എന്നാല്‍ വേങ്ങൂര്‍ ഗീവര്‍ഗീസ് കത്തനാര്‍ സ്വന്തം കുടുംബത്തിന്റെ പേരില്‍ ആയിരുന്നു അറിയപ്പെട്ടത്. അര്‍ക്കദിയാക്കോന്റെ നാല് ഉപദേശിമാരില്‍ ഒരാള്‍ മാത്രം നാട്ടുപേരില്‍ അറിയപ്പെടാനിടയില്ല. കൂനന്‍ കുരിശ് സ്വന്തം നയിച്ച ഇട്ടിത്തൊമ്മന്‍ കത്തനാരെ ആരും കല്ലിശ്ശേരി ഇട്ടിത്തൊമ്മന്‍ കത്തനാര്‍ എന്ന് വിളിക്കാറില്ല. അദ്യത്തെ നാട്ടുമെത്രാനായ ദ് കാംപോയെ കുറവിലങ്ങാട്ട് ചാണ്ടിക്കത്തനാര്‍ എന്നല്ലല്ലോ വിളിച്ചിരുന്നത്. ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍, പറമ്പില്‍ ചാണ്ടിക്കന്നനാര്‍, പള്ളിവീട്ടില്‍ ചാണ്ടി കത്തനാര്‍, വേങ്ങൂര്‍ ഗീവര്‍ഗീസ് കത്തനാര്‍.

കുറുപ്പംപടി പള്ളിയില്‍ വികാരി ആയിരുന്നു ഈ പിതാവ്. അതുകൊണ്ടാണ് അര്‍ക്കദിയാക്കോന്‍ ദീര്‍ഘകാലം കുറുപ്പംപടിയില്‍ താമസിച്ചതും.

അതിരിക്കട്ടെ. രാജാധികാരത്തിന്റെയും വിദേശ സഭാ മേല്‍ക്കോയ്മയുടെയും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ മലങ്കര നസ്രാണികള്‍ക്ക് നേതൃത്വം കൊടുത്ത ഒരു വൈദികന്‍ വേങ്ങൂര്‍ എന്ന നാമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇവിടെ പറയുന്നത് സ്ഥലനാമപുരാണമോ പ്രാദേശികചരിത്രമോ പറയാനല്ല. പത്തുമുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പേരുള്ള ഒരാള്‍ താന്‍ ശരി എന്ന് വിശ്വസിച്ച നിലപാടുകള്‍ക്കായി ക്ലേശങ്ങള്‍ സഹിക്കുവാനും തന്നെ വിശ്വസിച്ച ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ഇന്ന് വേങ്ങൂര്‍ എന്നറിയപ്പെടുന്ന നാട്ടില്‍ ജീവിച്ചിരുന്നു എന്ന് പറയുകയാണ് എന്റെ ലക്ഷ്യം. ഭാഗ്യസ്മരണാര്‍ഹനായ ഓ.സി.വര്‍ഗീസ് കോറെപ്പിസ്‌ക്കോപ്പായെക്കുറിച്ചാണ് പറയുന്നത്.

എഴുപതുകളില്‍ സഭാന്തരീക്ഷം കലങ്ങിമറിഞ്ഞപ്പോള്‍ രണ്ട് സാധ്യതകളാണ് ഓ.സി. അച്ചന്റെ മുന്നില്‍ ഉണ്ടായിരുന്നത്. ഒന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ഉറച്ചുനില്‍ക്കുക. മെത്രാന്‍ കക്ഷിയിലെ ഫിപ്പോസച്ചന്റെ ഉടമസ്ഥതയിലുള്ള തോട്ടയ്ക്കാട്ട് ഹൈസ്‌ക്കൂളില്‍ പഠിപ്പിക്കുമ്പോള്‍ ആവാ ക്കഷിപ്പള്ളി തേടി മൈലുകള്‍ താണ്ടിയുന്നു. ഒരു 'കക്ഷി തീഷ്ണവാദി' ആയിരുന്നയാള്‍ക്ക് അത് സ്വാഭാവികമായ ഒരു പാത ആയിരുന്നു. മറ്റൊന്ന് വേങ്ങൂര്‍ പള്ളിയിലെ വികാരിസ്ഥാനം വഹിച്ചുകൊണ്ട് പോത്താനിക്കാട് ഉമ്മിണിക്കുന്നു പള്ളിയില്‍ മറ്റ് ചിലര്‍ ചെയ്തതുപോലെ ജനങ്ങളുടെ ഭൂരിപക്ഷഹിതത്തിനെതിരെ കേസ് നടത്തുക. ഇത് രണ്ടും അല്ലല്ലോ അച്ചന്‍ ചെയ്തത്. അച്ചന്‍ ഭൂരിപക്ഷത്തെയും ആ പ്രദേശത്തിന്റെ പാരമ്പര്യത്തെയും മാനിച്ചു. സ്വന്തം മന:സാക്ഷിയോട് നീതി പുലര്‍ത്തുകയും ചെയ്തു. അപ്പോള്‍ വേങ്ങൂരില്‍ ഒരു കാതോലിക്കേറ്റ് സെന്റര്‍ ഉണ്ടായി. അത് പിന്നെ ഒരു ഇടവകയുമായി.

തെക്കന്‍പ്രദേശത്ത് പാത്രിയര്‍ക്കീസ് വിഭാഗം അനുവര്‍ത്തിക്കുന്ന സമീപനമാണ് വേണ്ടൂര്‍ ഓര്‍ത്തഡോക്‌സ് ഇടവക അനുവര്‍ത്തിക്കുന്നത്. വടക്ക് പാത്രിയര്‍ക്കീസ് വിഭാഗത്തിന് നിര്‍ണ്ണായക ഭൂരിപക്ഷം ഉള്ള പള്ളികളില്‍ അപശബ്ദം ഉണ്ടാകാതിരുന്നിട്ടില്ലല്ലോ. വേങ്ങൂരില്‍ അതുണ്ടാകാതിരുന്നത് വേറെ പള്ളി വച്ച് മാറാന്‍ ഓ.സി. അച്ചനും ഒപ്പം നിന്നവരും തീരുമാനിച്ചതുകൊണ്ടാണ്. കുറുപ്പംപടിയിലും ഒരു ഭാഗത്ത് ദൈവത്തിന്റെ കൈയ്യൊപ്പ് സ്വന്തം വ്യക്തിത്വത്തില്‍ ആലേഖനം ചെയ്തിരുന്ന ഡോക്ടര്‍ കെ.എം. ചാക്കോയും മറുഭാഗത്ത് അവരുടെ ആധ്യാത്മികാവശ്യങ്ങളും വേണ്ടിവന്നാല്‍ നിറവേറ്റാന്‍ സൗമനസ്യം കാണിച്ച പി.ഏ. പൗലോസ് കോറെപ്പിസ്‌ക്കോപ്പ(കോറൂസോ ദശറോറോ) യും ഉണ്ടായിരുന്നതുകൊണ്ടാണ് സ്വയംപര്യാപ്തമായ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയും കലഹമുക്തമായ മാതൃ ഇടവകയും ഉണ്ടായത്.
ചരിത്രം സമൂഹത്തിന്റേതാണ്. എന്നാല്‍ അത് നിര്‍മ്മിക്കുന്നതില്‍ വ്യക്തികള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. വേങ്ങൂര്‍ കാതോലിക്കേറ്റ് സെന്ററും അവിടുത്തെ ഇപ്പോഴത്തെ ഇടവകയും ആ പള്ളിയില്‍ ചേര്‍ന്നുനടന്നവരുടെ സ്വപ്രത്യയസൈഥര്യത്തിന്റെ ഉത്തമനിദര്‍ശനമാണ്; അവരില്ലെങ്കില്‍ ആ ഇടവക ഇല്ല. എന്നാല്‍ സമാരാധ്യനായ ഓ.സി.വര്‍ഗീസ് കോറെപ്പിസ്‌ക്കോപ്പാ തന്റെ വ്യക്തിത്വത്തിന്റെ ശ്രേഷ്ഠമുദ്ര ചാര്‍ത്തിയില്ലായിരുന്നെങ്കില്‍ ആ ജനം മോശ ഇല്ലാത്ത ഇസ്രയേലായി ഇന്നും മരുഭൂമിയില്‍ അലയുമായിരുന്നു. ഈ പാരസ്പര്യമാണ് വേങ്ങൂര്‍ മരുഭൂമിയില്‍ കാതോലിക്കേറ്റ് ഇടവകയെ ഇന്നും നിര്‍വ്വചിക്കുന്നത് എന്നാണ് ചരിത്രവിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ നിഗമനം.

വേങ്ങൂരിലെ മോശ (ഡി.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക