Image

ഭൂമിയിലെ നരകം (കവിത: അഷ്‌റഫ്‌ കാളത്തോട്‌)

Published on 30 March, 2015
ഭൂമിയിലെ നരകം (കവിത: അഷ്‌റഫ്‌ കാളത്തോട്‌)
കുട്ടിയായിരിക്കെ
ഒച്ചിനെക്കാള്‍ പതിയെ ആയിരുന്നു
കാലം സഞ്ചരിച്ചിരുന്നത്‌
പിന്നെ പിന്നെ അതിനു വേഗത വെച്ചു തുടങ്ങി
ആഹ്ലാദത്തിന്റെയും ചിലപ്പോള്‍ മടുപ്പിന്റെയും
പാഠശാല ദിവസങ്ങള്‍ പലപ്പോഴും
കടലിന്റെ സ്വഭാവം പുലര്‍ത്തിയിരുന്നു...
പ്രക്ഷുബ്ധമായ തിരമാലകള്‍ ഹൃദയം പിടിച്ചുകുലുക്കി
അശാന്തതീരത്തിന്റെ അലങ്കോലക്കാഴ്‌ച്ച തീര്‍ത്തിരുന്നു...!!
പെട്ടെന്നൊരുദിവസം മനസ്സ്‌ ഉത്‌കണ്ടാകുലമായത്‌
പൗര്‍ണമിപോലെ നീ വന്നുദിച്ചപ്പോഴാണ്‌
നിമിഷങ്ങള്‍ക്ക്‌ ഒച്ചിനെക്കാള്‍ വേഗത
കുറഞ്ഞുപോയോ എന്നൊക്കെ തോന്നുകയും ചെയ്‌തിരുന്നു....
രാതികള്‍..ഇഴഞ്ഞിഴഞ്ഞു വെളുപ്പിച്ചുകൊണ്ടിരുന്നു...
കൊഴിഞ്ഞു വീണ ഇലകണക്കെ
മെത്തയില്‍ നിര്‍ന്നിമേഷമായിരുന്നു ഞാന്‍ ...!
ഇപ്പോള്‍ എത്ര വേഗമാണ്‌
ദിവസങ്ങള്‍ പെയ്‌തു തീരുന്നത്‌..!!!
ഇരുട്ടെത്തുന്നതിനുമുന്‍പു പ്രകാശമോ
പ്രകാശം എത്തുന്നതിനു മുന്‍പ്‌
ഇരുട്ടോ എന്ന മത്സരത്തിലാണ്‌...
മത്സരം മുറുകുന്നതിനനുസരിച്ചു
നെഞ്ചിടിപ്പ്‌ വര്‍ദ്ധിക്കുന്നു...
അസ്‌റായീലിന്റെ പ്രകാശ വേഗത്തിലുള്ള
വരവ്‌ ഇനി ഏതു നിമിഷവും ഉണ്ടായേക്കാമെന്ന
വ്യസനതാളം ഹൃദയ മുരളിയില്‍ കാടിളക്കുന്നു...
കാലില്ലാത്ത കാലത്തിന്റെ ഗതകാലങ്ങളിലേക്ക്‌
മനസ്സിന്റെ അധിനിവേശം തുടരുന്നു.
മഷി തീരാത്ത പേനയും എഴുതിയെഴുതി പിന്നെയും പിന്നെയും
തീരാത്ത പേജുകളുമായി മുന്‍കറും നക്കീറും
പുസ്‌തകത്താളിലൂടെ വിചാരണ ചെയ്‌ത്‌
നഗ്‌നനാക്കപ്പെടുമല്ലോ എന്ന വേവലാതി
ഐതീഹ്യപ്പെരുമയും ചരിത്രവും ഈമാനേകിയ
മക്കയുടെ കോലായയിലിരുന്നു കരയണമെന്ന നിശ്ചയം
കരഞ്ഞുണരുന്ന മഞ്ഞുകണങ്ങളാല്‍
തുളസിക്കതിരിന്റെ വിശുദ്ധിയോടെ
ഗതകാല പ്രൗഡി നിറഞ്ഞ കഅബയുടെ സ്വര്‍ണകവാടത്തില്‍
നെഞ്ചുരുകിത്തരളമാകുവാന്‍ പിടയുന്ന പ്രാണന്‍...
രാത്രി മഴയുടെ പതിഞ്ഞ താളത്തില്‍
തൗബയുടെ മന്ത്രസാന്ദ്രധ്വനിഏറ്റെടുത്തു കുറുകുന്ന
മിനാര പ്രാക്കളുടെ പ്രാര്‍ത്ഥന
കാതോര്‍ക്കുന്ന മലക്കുകളുടെ അകമ്പടിയില്‍
സിറാത്തെന്ന പാലം കടക്കുന്നതുവരെ പേറുന്നൊരണയാത്ത
തീയിലുണ്ട്‌ ഭൂമിയിലെ നരകം
==============================
അസ്‌റായീലിന്റെ യമന്റെ
മുന്‍കറും നക്കീറും നന്മയും തിന്മയും രേഖപ്പെടുത്തുന്ന മാലാഖമാര്‍
ഈമാനേകിയ വിശ്വാസമേകിയ
കഅബ സൗദി അറേബ്യയിലെ മക്കയില്‍ മസ്‌ജിദുല്‍ ഹറമിനകത്ത്‌ സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅബ
തൗബ പശ്ചാത്തപിക്കല്‍
മിനാരം പള്ളിയുടെ മുകളിലെ മകുടം
മലക്കുകള്‍ മാലാഖമാര്‍
സിറാത്തെന്ന പാലം സ്വര്‍ഗ്ഗ നരകങ്ങളെ വേര്‍ത്തിരിക്കുന്ന പാലം
ഭൂമിയിലെ നരകം (കവിത: അഷ്‌റഫ്‌ കാളത്തോട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക