Image

മലക്കപ്പാറയുടെ മടിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 63: ജോര്‍ജ്‌ തുമ്പയില്‍)

Published on 29 March, 2015
മലക്കപ്പാറയുടെ മടിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 63: ജോര്‍ജ്‌ തുമ്പയില്‍)
തൃശൂര്‍ ജില്ലയില്‍ പുലിയിറങ്ങുന്ന ഇടം. മലക്കപ്പാറയെക്കുറിച്ച്‌ അത്രയേ പറയാന്‍ പറ്റൂ എന്നാണ്‌ യാത്രയ്‌ക്ക്‌ മുന്‍പ്‌ സ്‌നേഹിതന്‍ ഏര്‍പ്പാടാക്കി തന്നെ ഡ്രൈവര്‍ ജോസഫ്‌ പറഞ്ഞത്‌. യുഎസില്‍ നിന്നും വന്ന ഒരു അവധിക്കാലത്തായിരുന്നു മലക്കപ്പാറയിലേക്കുള്ള യാത്ര. അമേരിക്കയില്‍ വച്ച്‌ തന്നെ കേട്ടിരുന്നു, മലക്കപ്പാറ വിശേഷങ്ങള്‍. പുലിയിറങ്ങി കൊച്ചു കുട്ടികളെ വരെ കടിച്ചെടുത്തു കൊണ്ടു പോയ കഥ ഡ്രൈവര്‍ പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞപ്പോള്‍ ഇങ്ങേരെ വിശ്വസിച്ച്‌ ഇറങ്ങിത്തിരിച്ച്‌ അബദ്ധമായി പോയോ എന്നു തോന്നിപ്പോയി. മഴ മാറി നിന്ന ഒരു പകലായിരുന്നു അത്‌. ഞാന്‍ ചാലക്കുടിയില്‍ നിന്നാണ്‌ യാത്ര തിരിച്ചത്‌.

ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌ മലക്കപ്പാറ ടാറ്റാ ടീ പ്ലാന്റേഷനില്‍ നിന്നുമുള്ള തേയില കൊച്ചിയിലെത്തിക്കുന്നതിനുവേണ്ടി മലക്കപ്പാറ നിന്ന്‌ ചാലക്കുടിയിലേക്ക്‌ 88 കിലോമീറ്റര്‍ നീളത്തില്‍ വനത്തിനുള്ളിലൂടെ നിര്‍മ്മിച്ച റോഡിലൂടെയാണ്‌ ഞങ്ങളിപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌. പ്രഭാത ഭക്ഷണം ചാലക്കുടിയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നു അകത്താക്കിയിരുന്നതിനാല്‍ വിശപ്പ്‌ മാറി നിന്നു.

ജോസഫ്‌ ഇടതടവില്ലാതെ വണ്ടിയുടെ ഹോണ്‍ മുഴക്കുകയും കഥകള്‍ പറയുകയും ചെയ്‌തു. അയാള്‍ക്ക്‌ ഈ റൂട്ട്‌ നല്ല നിശ്ചയമുണ്ട്‌. 1957ല്‍ വിമുക്ത ഭടന്‍മാര്‍ക്കായി സര്‍ക്കാര്‍ 4.5 എക്കര്‍ വെച്ച്‌ കാടു പതിച്ചു നല്‍കിയതോടെയാണ്‌ അതിരപ്പിള്ളി വരെയുള്ള പ്രദേശത്ത്‌ ജനവാസം തുടങ്ങിയതെന്നു ജോസഫ്‌ പറഞ്ഞു. അതെനിക്ക്‌ പുതിയ ഒരു അറിവായിരുന്നു. ചിക്ലായി മുതല്‍ കണ്ണങ്കുഴിത്തോടുവരെയുള്ള 500 ഏക്കറില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടം വന്നതോടെ അവിടത്തെ വനവും വെളുപ്പിക്കപ്പെട്ടു. വാഴച്ചാല്‍ പെരിങ്ങല്‍ക്കുത്ത്‌ ലോവര്‍ ഷോളയാര്‍ മലക്കപ്പാറ പിന്നീട്‌ വാല്‍പ്പാറയും അളിയാറും. കാടും ജലസംഭരണികളും തേയിലത്തോട്ടങ്ങളും ഇടകലര്‍ന്ന്‌ പച്ചപ്പും ജലനീലിമയും കൂടിക്കുഴഞ്ഞ്‌ സ്വപ്‌നസമാനമായൊരു യാത്രാപഥം പോലെ റോഡ്‌ നീണ്ടു നിവര്‍ന്നു കിടന്നു. വഴിയിലെ തിരിവില്‍ എവിടെയെങ്കിലും ഒരു കടുവ പതുങ്ങിയിരിപ്പുണ്ടോയെന്നായിരുന്നു ജോസഫിന്റെ വേവലാതി. അയാള്‍ ഹോണില്‍ നിന്നും കൈയെടുത്തേതിയില്ല. ഞാന്‍ പുറം കാഴ്‌ചകളില്‍ രമിച്ചങ്ങനെ ഇരുന്നു. വഴിയില്‍ പെരിങ്ങല്‍ കുത്ത്‌ ഡാമിലേക്കുള്ള ദിശാസൂചി. 1957ല്‍ കമ്മീഷന്‍ ചെയ്‌ത ഈ ഡാം ചാലക്കുടിപ്പുഴയിലെ ആദ്യ ജല വൈദ്യുത പദ്ധതി കൂടിയാണ്‌.. ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഡാമില്‍ ബോട്ടിങ്ങ്‌ തുടങ്ങിയിട്ടുണ്ടെന്ന്‌ കേട്ടിരുന്നു. നല്ല വഴി അവസാനിക്കുന്നതിന്റഎ സൂചനകള്‍ പോലെ ചിലയിടങ്ങളില്‍ ഗട്ടറുകള്‍ കണ്ടു തുടങ്ങി. ജോസഫ്‌ വണ്ടി കുഴികളില്‍ നിന്നു വെട്ടിച്ചൊതുക്കി ഓടിക്കുകയായിരുന്നു. ഞാനപ്പോള്‍ ഓര്‍ത്തത്‌ കാര്‍പ്പാത്യന്‍ മലനിരകള്‍ വഴി വണ്ടിയോടിച്ചു ഡ്രാക്കുളകോട്ട കാണാന്‍ പോയ സഞ്ചാരിയെക്കുറിച്ചായിരുന്നു. ഏതാണ്ട്‌ അതു പോലെ തന്നെയായിരുന്നു വഴി നിവര്‍ന്നു കിടന്നിരുന്നത്‌. വഴി ദുര്‍ഘടമായിത്തുടങ്ങി. പാതയെ മുറിച്ചുകൊണ്ട്‌ പലയിടത്തും നിലംപതികളിലൂടെയും കലുങ്കുകളിലൂടെയും കാട്ടരുവികള്‍ കടന്നുപോകുന്നുണ്ട്‌.. ചിലയിടങ്ങളില്‍ കാടിന്റെ ശോഷണം വിളിച്ചറിയിച്ചുകൊണ്ട്‌ കലങ്ങിമറിഞ്ഞ്‌, മറ്റുചിലയിടത്ത്‌ കണ്ണീര്‍ പോലെ തെളിഞ്ഞ്‌..

വഴിയില്‍ ലോവര്‍ ഷോളയാര്‍ ഡാമില്‍ നിന്നും വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളം കൊണ്ടുപോകുന്ന വലിയ പൈപ്പുകള്‍ കണ്ടു. 1965ല്‍ ആണ്‌ ലോവര്‍ ഷോളയാര്‍ ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്‌. കുറച്ചു നേരം ചിലവഴിച്ചിട്ടാകാം തുടര്‍യാത്ര എന്ന്‌ മോഹിപ്പിക്കുന്നത്ര മനോഹരമാണ്‌ ഓരോ ഇടങ്ങളും. പാതയോരത്തൊരിടത്ത്‌ വണ്ടി നിറുത്തി. ഇരുവശത്തും മേലാപ്പുവിരിച്ച്‌ ഇല്ലിക്കാടുകള്‍. വലതുവശത്ത്‌ ലോവര്‍ ഷോളയാര്‍ഡാമിന്റെ ജലസംഭരണി. മുളങ്കുട്ടത്തിനിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന ശബ്‌ദം. ഞാന്‍ ജോസഫിനെ കൊണ്ട്‌ വണ്ടി നിര്‍ത്തിച്ചു പുറത്തിറങ്ങി ഒന്നു രണ്ടു ചിത്രങ്ങളെടുത്തു. എന്തു നല്ല പച്ചപ്പാണ്‌. ഓരോ ഭാവങ്ങളില്‍ ഓരോ ഭേദങ്ങളില്‍ നിറം മാനം മുട്ടെ നില്‍ക്കുന്നു. വഴിയോരങ്ങളുടെ പ്രലോഭനങ്ങളെ അതിജീവിച്ചുകൊണ്ട്‌ വീണ്ടും യാത്ര തുടര്‍ന്നു. വണ്ടി വഴിയില്‍ നിര്‍ത്താന്‍ ജോസഫിന്‌ തീരെ താത്‌പര്യമില്ലായിരുന്നു. അയാള്‍ കടുവയെ ഭയക്കുന്നുണ്ടെന്നു വ്യക്തമായിരുന്നു. അങ്ങനെ മലക്കപ്പാറയിലെത്തുമ്പോള്‍ സമയം നട്ടുച്ച.

ചെക്ക്‌ പോസ്റ്റ്‌ കടന്ന്‌ ആദ്യംകണ്ട ചായ്‌പിനോടു ചേര്‍ന്നു വണ്ടി നിര്‍ത്തി. അവിടെ ഊണ്‌ റെഡി എന്ന ബോര്‍ഡ്‌ കണ്ടു. ആധൂനികതയുടെ അടയാളങ്ങള്‍ അത്രയൊന്നും പ്രകടമല്ല ഈ പ്ലാന്റേഷന്‍ ഗ്രാമത്തില്‍. മലയാളികളും തമിഴ്‌നാട്ടുകാരുമായ തോട്ടം തൊഴിലാളികള്‍, അവരെ ചുറ്റിപറ്റിവളര്‍ന്നുവന്ന ഒരു ചെറു അങ്ങാടി. സ്ഥലകാലബോധമില്ലാതെ ഇങ്ങോട്ടിറങ്ങിവരുന്ന ആനക്കൂട്ടങ്ങള്‍. ആക്രമണകാരികളായ പുലികള്‍. കേരളവും തമിഴ്‌നാടും അതിര്‍ത്തിപങ്കിടുന്ന ഈ അങ്ങാടിയില്‍ നിന്ന്‌ മുന്നോട്ട്‌ പോയി തമിഴ്‌നാട്‌ അതിര്‍ത്തിയും കടന്ന്‌ ഷോളയാര്‍ ഡാമിലേക്കുള്ള വഴിയരികില്‍ നിന്ന്‌ താഴോട്ടിറങ്ങി ഒരു കോട്ടേജ്‌ ഉണ്ട്‌. അവിടെ വേണമെങ്കില്‍ ഒരു ദിവസം താമസിക്കാമെന്ന്‌ നിശ്ചയിച്ചിരുന്നു.

അപ്പോഴാണ്‌ പിന്നില്‍ വലിയ ഹോണ്‍ശബ്ദം കേട്ടത്‌. ടൗണിനടുത്തായി ആനയിറങ്ങിട്ടുണ്ടത്രെ. വലിയ ശബ്ദമുണ്ടാക്കുന്ന ഹോണ്‍ ഘടിപ്പിച്ച വാഹനമുപയോഗിച്ച്‌ തമിഴ്‌നാടിന്റെ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥര്‍ ആനക്കൂട്ടത്തെ കേരള ആതിര്‍ത്തിയിലെ കാടുകളിലേക്ക്‌ അകറ്റിവിടുകയാണ്‌.. കുറച്ചകലെയുള്ള തൊഴിലാളികളുടെ ഒരു പാഡിയും ചെറിയൊരു കപ്പേളയുടെ മുന്‍ഭാഗവും തലേന്നാള്‍ രാത്രി ആന തകര്‍ത്ത വിവരവും പറഞ്ഞറിഞു. അഞ്ച്‌ സ്ഥിരം അധ്യാപകരും എണ്‍പത്‌ വിദ്യാര്‍ത്ഥികളും പഠിക്കുന്ന മലക്കപ്പാറ ഗവ. യു.പി. സ്‌ക്കൂളിന്റെ കലവറ ആനക്കൂട്ടത്തിന്റെ സ്ഥിരം ആക്രമണ വേദിയാണ്‌. വേനലിലാണ്‌ ആനക്കൂട്ടത്തിന്റെ വരവേറുക. പുലിയുടെ ആക്രമണമാണ്‌ ഈ മേഖലയിലെ പ്രധാന പ്രശ്‌നം. മലക്കപ്പാറ-വാല്‍പ്പാറ മേഖലയില്‍ 9 ചെറിയ കുട്ടികള്‍ ഉള്‍പ്പടെ രണ്ടു വര്‍ഷത്തിനിടയില്‍ 12 പേരാണ്‌ പുലിയുടെ ആക്രമണത്തില്‍ മരിച്ചത്‌. മലക്കപ്പാറയില്‍ കേരളവനംവകുപ്പും വാല്‍പ്പാറയില്‍ തമിഴ്‌നാടും നാലോളം പുലികളെ കൂടുപയോഗിച്ച്‌ പിടിച്ച്‌ ഉള്‍വനങ്ങളിലേക്ക്‌ കയറ്റി വിട്ടിരുന്നു.

അകലെയല്ലാതെ ഷോളയാര്‍ ഡാമിന്റെ ദൂരക്കാഴ്‌ച്ച. ഒരു വശത്ത്‌ കേരളത്തിന്റെ ആനമല മറുവശത്ത്‌ തമിഴ്‌നാടിന്റെ കൊരങ്ങ്‌മുടി ഇതിനെ രണ്ടിനേയും ബന്ധിപ്പിച്ചാണ്‌ ഡാമിന്റെ നിര്‍മ്മിതി. എഷ്യയിലെ തന്നെ രണ്ടാമത്തെ ആഴമേറിയ ഡാം എന്ന ബഹുമതി കൂടിയുണ്ട്‌ അപ്പര്‍ഷോളയാറിന്‌ എന്നു ജോസഫ്‌ പറഞ്ഞു. പറമ്പിക്കുളം അളിയാര്‍ പദ്ധതി കരാര്‍ അനുസരിച്ച്‌ തമിഴ്‌നാട്‌ ഈ ഡാമില്‍ നിന്ന്‌ എല്ലാവര്‍ഷവും ഫെബ്രുവരി 1നും സെപ്‌റ്റംബര്‍ 1 നും കേരളത്തിലെ ലോവര്‍ഷോളയാര്‍ ഡാമിന്റെ പരമാവധിസംഭരണശേഷിയില്‍ നിറയ്‌ക്കാനായി വെള്ളം വിട്ട്‌ നല്‍കണം. ഈ ജലമാണ്‌ ലോവര്‍ഷോളയാര്‍, പെരിങ്ങല്‍കുത്ത്‌ ജലവൈദ്യുതപദ്ധതികളെയും തുമ്പൂര്‍ മുഴിയും കൂടപ്പുഴ തടയണയും പോലുള്ള ജലസേചനപദ്ധതികളെയും നിലനിര്‍ത്തുന്നത്‌.. ഡാമിന്റെ സംഭരണി ചുറ്റിയാണ്‌ ഉരുളിക്കല്‍ എസ്‌റ്റേറ്റ്‌ റൊട്ടിക്കവല വഴി വാല്‍പ്പാറയിലേക്കുള്ള പാതയെന്നു ജോസഫ്‌ പറഞ്ഞു. വെള്ളമിറങ്ങിക്കിടക്കുന്ന റിസര്‍വോയറിനകത്ത്‌ പച്ചപ്പിന്റെ തുരുത്തുകള്‍. ഇടതുവശത്ത്‌ തേയിലത്തോട്ടങ്ങള്‍..

സമയം മൂന്നു മണി കഴിഞ്ഞതോടെ കോട ഇറങ്ങുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങി. ആനക്കൂട്ടം റോഡില്‍ നിന്നും പിന്‍വലിഞ്ഞെന്ന്‌ അറിയിപ്പ്‌ കിട്ടി. ഞങ്ങള്‍ മടക്കയാത്രയ്‌ക്ക്‌ തയ്യാറെടുത്തു. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യും മുന്‍പ്‌ നീണ്ട ഹോണ്‍ ജോസഫ്‌ മുഴക്കുന്നതു കേട്ടപ്പോള്‍ അറിയാതെ ചിരിച്ചു പോയി.

(തുടരും)
മലക്കപ്പാറയുടെ മടിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 63: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക