Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-31: സാം നിലമ്പള്ളില്‍)

Published on 28 March, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-31: സാം നിലമ്പള്ളില്‍)
അദ്ധ്യായം മുപ്പത്തി ഒന്ന്‌.

`കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചതുപോലെ അല്ലല്ലോ, ജൊസേക്കേ.' സൊറാബ്‌ പറഞ്ഞു. `നീ ഇവിടെ ഉണ്ടെന്നുള്ള വിവരം നാസികള്‍ അറിഞ്ഞിരിക്കുന്നു. അവര്‍ ഏതുനിനിഷവും ഇവിടെയെത്താം. നിന്നെ പിടികൂടിയാല്‍ അവര്‍ എന്നെയും മക്കളേയും അറസ്റ്റുചെയ്യം.'

ജൊസ്‌ക്ക്‌ അതുകേട്ട്‌ ഭയന്നു. യുദ്ധംകഴിയുന്നതുവരെ ഇവിടെ സുരക്ഷതമായി കഴിയാമെന്നാണ്‌ വിചാരിച്ചത്‌. ഇവരുടെ ഫാക്‌ട്ടറിയില്‍ ഒരു ജോലിതന്നു; തമസിക്കാന്‍ കാര്‍ഷെഡ്ഡിനോട്‌ ചേര്‍ന്നുള്ള മുറിയും. ഇപ്പോള്‍ ഭാര്യയേയും മക്കളേയുംകൊണ്ട്‌ താന്‍ എങ്ങോട്ടുപോകും? എസ്സെസ്സും അവരുടെ ഏജന്റുമാരുംകൂടി യഹൂദരെ അരിച്ചുപെറുക്കുകയാണ്‌.

`ഞാനെന്തുചെയ്യണമെന്നാ അങ്കിള്‍ പറയുന്നത്‌.' ജൊസേക്ക്‌ ചോദിച്ചു. `രക്ഷപെടാനുള്ള ഒരുവഴി പറഞ്ഞുതന്നാല്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. അങ്കിളിനെ ദ്രോഹിക്കണമെന്ന്‌ എനിക്കാഗ്രഹമില്ല.'

സൊറാബ്‌ ആലോചനയില്‍മുഴുകി.

`ഒരുവഴിയെ ഞാന്‍ കാണുന്നുള്ളു. എന്റെ ബോട്ടില്‍ നിങ്ങളെ തുറമുഖത്ത്‌ എത്തിക്കാം. അവിടെനിന്ന്‌ സ്വീഡനിലേക്ക്‌ പോകുന്ന ഏതെങ്കിലും കപ്പലില്‍കയറി രക്ഷപെടാം. ക്യാപ്‌റ്റന്‌ കുറെ പണംകൊടുത്താല്‍ അയാള്‍ വഴങ്ങിയേക്കും. പണത്തെപറ്റി നീ വിഷമിക്കേണ്ട. അത്‌ ഞാന്‍ കൊടുത്തോളാം. ഇന്നുരാത്രിയില്‍ പോകാന്‍ തയ്യാറായിക്കൊള്ളു.'

സൊറാബ്‌ പോംവഴി നിര്‍ദ്ദേശിച്ചെങ്കിലും അതെങ്ങനെ പ്രായോഗികമാകുമെന്ന്‌ ജൊസേക്ക്‌ സംശയിച്ചു. പോകുന്ന വഴിയിലും പോര്‍ട്ടിലും നാസികളും അവരുടെ ഏജന്റന്മാരും കാണും. അവരെ വെട്ടിച്ച്‌ എങ്ങനെ കപ്പലില്‍ കയറും? കാണുന്ന മാത്രയില്‍ വെടിവെയ്‌ക്കാന്‍ അവര്‍ മടിക്കുകയില്ല. എന്തായാലും പോകാന്‍ തയ്യാറായിരിക്കാന്‍ സെല്‍മയോട്‌ പറഞ്ഞു. കൂടുതലൊന്നും വിശദീകരിച്ചില്ല.

സൊറാബും മകനും കൂടിയാലോചനയിലാണ്‌. ഒരു വയ്യാവേലി വലിച്ചുവെച്ചെന്ന ഭാവമാണ്‌ മകന്‌. ഡെന്മാര്‍ക്കിനെ കീഴ്‌പ്പെടത്തിയെന്നുവെച്ച്‌ യഹൂദരെ നാസികള്‍ വേട്ടയാടുമെന്ന്‌ അവനും വിചാരിച്ചില്ല. ഇപ്പോള്‍ റേഡിയോയില്‍കൂടിയും പത്രങ്ങളില്‍കൂടിയും ഭീഷണിയുടെ ശബ്‌ദമാണ്‌ കേള്‍ക്കുന്നത്‌. യഹൂദരെ ആരെങ്കിലും ഒളിച്ചുപാര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവരും കുറ്റവാളികളാണ്‌. അവരുടെ വസ്‌തുവകകള്‍ കണ്ടുകെട്ടുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ധനവാനും സമൂഹത്തില്‍ സ്വാധീനമുള്ളവനുമായ തന്നെ തൊടാന്‍ ആരും ധൈര്യപ്പെടുകയില്ലെന്നാണ്‌ സൊറാബ്‌ വിചാരിച്ചത്‌. ഒരു നായയും തന്റെപടികടന്ന്‌ വരികയില്ലെന്ന്‌ വീമ്പിളക്കിയത്‌ അതുകൊണ്ടാണ്‌. ഇപ്പോള്‍ അയാള്‍ ശരിക്കും ഭയന്നിരിക്കുന്നു. താന്‍ പടുത്തുയത്തിയ ഫാക്‌ട്ടറിയും സ്വത്തുക്കളും ഒരു യഹൂദനുവേണ്ടി നഷടപ്പെടുത്താന്‍ എന്തായാലും ഉദ്ദേശമില്ല. അവനെ നാസികള്‍ പിടിക്കുകയോ കൊല്ലുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. അവനെ പോര്‍ട്ടിലേക്ക്‌ കൊണ്ടുപോകാന്‍ അയാള്‍ വാടകവഞ്ചി ഇടപാടുചെയ്‌തു.

`ഒരു കപ്പലിന്റെ കപ്പിത്താനുമായി എല്ലാം ഇടപാട്‌ ചെയ്‌തിട്ടുണ്ട്‌. രാത്രി പന്ത്രണ്ടുമണിക്ക്‌ ഒരാള്‍ വിളിക്കാന്‍ വരും. അയാളുടെകൂടെ പൊകാന്‍ തയ്യാറായിക്കൊള്ളണം. അയാള്‍ നിങ്ങളെ കപ്പലില്‍ കയറ്റിവിടും. യാതൊരുകാരണവശാലും ഞങ്ങളുടെ പേര്‌ പറയരുത്‌. നിങ്ങളെ പറഞ്ഞുവിടുന്നതില്‍ വിഷമമുണെന്ന്‌ പപ്പ പറഞ്ഞു.' ഒരു കവര്‍ കൊടുത്തിട്ട സൊറാബിന്റെ മകന്‍പോയി.

ജൊസേക്ക്‌ കവറും പിടിച്ചുകൊണ്ട്‌ അയാള്‍ പോയവഴിയെ നോക്കിനിന്നു.കവറില്‍ പണമാണെന്ന്‌ അറിയാം. ഇത്രയുമെങ്കിലും ഉപകാരം ചെയ്‌തതിന്‌ നന്ദി പറയേണ്ടതായിരുന്നു. പരിഭ്രമത്തിനിടയില്‍ അതും മറന്നുപോയി.

കഞ്ഞുങ്ങള്‍ രണ്ടുപേരും നല്ല ഉറക്കത്തിലാണ്‌, സെല്‍മയും ഇരുന്നുറങ്ങന്നു. കാര്യത്തിന്റെ ഗൗരവം അവള്‍ക്ക്‌ മനസിലായിട്ടില്ല. എങ്ങോട്ടോ പോകുന്നു എന്നുമാത്രം പിടികിട്ടിയിട്ടുണ്ട്‌. ഇതുപോലത്തെ ഒരു രാത്രിയിലായിരുന്നല്ലോ സ്വന്തംവീടുംപൂട്ടി ഇറങ്ങിയത്‌.

കായലിന്റെ കരയിലാണ്‌ സൊറാബിന്റെ വീട്‌. അതുകൊണ്ട്‌ റോഡില്‍ കടക്കാതെതന്നെ വഞ്ചിയില്‍ കയറാം. അത്രയും സുക്ഷിതത്ത്വമുണ്ട്‌. കായലിലും കടലിലും രാത്രിയില്‍ നാസികളുടെ ശല്ല്യമുണ്ടാകാന്‍ സാദ്ധ്യതകുറവാണ്‌. എങ്ങനെയെങ്കിലും കപ്പലില്‍ കയറിപറ്റിയാല്‍ മതിയായിരുന്നു.

വാതിലില്‍ ആരോ മുട്ടുന്നു. തുറന്നുനോക്കി. ഒരു അപരിചിതന്‍, ഇരുട്ടത്ത്‌ മുഖം കാണ്ടാന്‍ വയ്യ.

`വഞ്ചിക്കാരനാണ്‌,' അയാള്‍ പറഞ്ഞു. `വേഗം ഇറങ്ങിക്കോ.'

കുഞ്ഞുങ്ങളേയും എടുത്തുകൊണ്ട്‌ വേഗംഇറങ്ങി. വഞ്ചിയില്‍ കയറുമ്പോള്‍ തിരിഞ്ഞുനോക്കി. സൊറാബിന്റെ വീട്ടില്‍ ലൈറ്റ്‌ കത്തുന്നുണ്ട്‌. ജാലകത്തിന്‌ സമീപം ആരോ നില്‍ക്കുന്നു. സൊറാബോ മകനോ ആയിരിക്കും. തങ്ങള്‍ പോകുന്നത്‌ കാണാന്‍ നില്‍ക്കുകയാണ്‌.

`കപ്പലില്‍ എല്ലാം ഇടപാട്‌ ചെയ്‌തിട്ടുണ്ടല്ലോ.' വഞ്ചിക്കാരനോട്‌ ചോദിച്ചു.

അയാള്‍ ഒന്ന്‌ ഇരുത്തിമൂളി.

കടലില്‍നിന്നുവീശുന്ന കാറ്റിന്‌ നല്ലതണുപ്പുണ്ട്‌. കുഞ്ഞുങ്ങളെ കമ്പിളിപുതപ്പിച്ച്‌ മടിയില്‍കിടത്തി. അവര്‍ക്ക്‌ യാതൊന്നും അറിയില്ലല്ലോ. അവര്‍ ഉറങ്ങട്ടെ. അച്ഛനമ്മമാര്‍ അനുഭവിക്കുന്ന വൈഷമ്യങ്ങള്‍ അവര്‍ അറിയാതിരിക്കട്ടെ.

`എങ്ങോട്ടാണ്‌ നമ്മള്‍ പോകുന്നത്‌?' സെല്‍മ ചോദിച്ചു.

`പറയാം.'

ചുറ്റുപാടും അന്ധകാരവും നിശബ്‌ദതയുമാണ്‌. അങ്ങുദൂരെ വെളിച്ചം കാണുന്നുണ്ട്‌. തുറമുഖമായിരിക്കും. കപ്പലുകളിലെ വെളിച്ചമാണ്‌ കാണുന്നത്‌. കുറെദൂരം ചെന്നപ്പോള്‍ വഞ്ചി അയാള്‍ കരയോട്‌ അടുപ്പിച്ചു.

`എന്തിനാണ്‌ ഇവിടെ അടുപ്പിച്ചത്‌?'ജൊസേക്ക്‌ ചോദിച്ചു.

`ഇവിടെ ഇറങ്ങിക്കോളു. ഇനി മുമ്പോട്ടുവരാന്‍ എനിക്ക്‌ സാധ്യമല്ല. ഇവിടുന്ന്‌ നടന്നാല്‍ തുറമുഖത്തെത്താം.' അവരെ അവിടെ ഇറക്കിയിട്ട്‌ അയാള്‍ പോയി.

സൊറാബ്‌ തങ്ങളെ എങ്ങനെയെങ്കിലും ഒഴിവാക്കുകയായിരുന്നു എന്ന്‌ അന്നേരമാണ്‌ അവന്‌ മനസിലായത്‌. ഈ രാത്രിയില്‍ പരിചയമില്ലാത്ത വഴികളില്‍കൂടി എങ്ങനെപോകും. അന്ധകാരത്തിന്റെ കടലില്‍ അകപ്പെട്ടതുപോലെയായി. കപ്പലും കപ്പിത്താനുമെല്ലാം വെറുംകളവായിരുന്നു. ഒഴിവാക്കണമെങ്കില്‍ പറഞ്ഞാല്‍ മതിയായിരുന്നല്ലോ. താന്‍ സ്വയം ഇറങ്ങിക്കൊടുക്കുമായിരുന്നല്ലോ. രത്രിയില്‍ അപരിചിതമായ സ്ഥലത്ത്‌ കൊണ്ടുവന്ന്‌ തള്ളണമായിരുന്നോ?

`എവിടെയാണ്‌ നമ്മള്‍?' സെല്‍മ ചോദിച്ചു.

അവന്‍ അവളുടെ കൈപിടിച്ചു.

`വരു.' അവര്‍ വെളിച്ചം ലക്ഷ്യമാക്കി നടന്നു.


(തുടരും....)


മുപ്പതാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-31: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക