Image

ക്രൂശിക്കപ്പെടുന്ന ക്രൂശിതന്‍ (ഡോ. ജോര്‍ജ്‌ മരങ്ങോലി)

Published on 28 March, 2015
ക്രൂശിക്കപ്പെടുന്ന ക്രൂശിതന്‍ (ഡോ. ജോര്‍ജ്‌ മരങ്ങോലി)
രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മനുഷ്യരാശിക്കുവേണ്ടി ഗാഗുല്‍ത്താമലയില്‍ തുടങ്ങിവെച്ചതാണ്‌ ആ കുരിശുമരണം! യുഗയുഗാന്തരങ്ങളായി ആ ജീവത്യാഗത്തിന്റെ സ്‌മരണ ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികള്‍ ദിവസേനയെന്നോണം പരിശുദ്ധ കുര്‍ബാനവഴി പുതുക്കിക്കൊണ്ടിരിക്കുകയുമാണ്‌.

ക്രിസ്‌തുദേവന്‍ ഇപ്രകാരം പറഞ്ഞതായിട്ടാണ്‌ വേദപുസ്‌തകം സാക്ഷ്യപ്പെടുത്തുന്നത്‌. `ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ' (മര്‍ക്കോ 8:34)

ആ വാക്ക്‌ ശ്രവിച്ച ഒട്ടേറെപ്പേര്‍ ക്രിസ്‌തുവിനെ അനുഗമിക്കാന്‍ ശ്രമിച്ചെങ്കിലും വളരെപ്പേര്‍ക്കും അതിനു കഴിഞ്ഞില്ല. ക്രിസ്‌തുവിന്റെ അനുയായികളാണ്‌ അവരെന്ന്‌ ഉറക്കെ പറയാന്‍ പോലും ജീവനുതുല്യം ക്രിസ്‌തു സ്‌നേഹിച്ച ആ ശിഷ്യന്മാര്‍ക്ക്‌ ധൈര്യമില്ലായിരുന്നു!

`നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല' (മര്‍ക്കോ 14: 17) എന്ന്‌ മൂന്നുതവണ ആണയിട്ട്‌ പറയാന്‍ പത്രോസിനു സാധിച്ചത്‌ ധൈര്യക്കുറവുകൊണ്ടായിരുന്നിരിക്കാം! അതൊക്കെ പഴയകാല സംഭവങ്ങള്‍!

രണ്ടായിരത്തിപതിമൂന്നാമാണ്ട്‌ ജനുവരിമാസം ഇരുപത്തൊന്നാം തീയതിയിലെ `ബാംഗ്ലൂര്‍ മിറര്‍' എന്ന പത്രത്തിന്റെ ഒമ്പതാം പേജില്‍ ഒരു വാര്‍ത്തയും ഫോട്ടോയുമുണ്ടായിരുന്നു.

`വലിക്കുകയും കുടിക്കുകയും ചെയ്യുന്ന യേശുക്രിസ്‌തു നിയമയുദ്ധത്തിന്‌ തീ കൊളുത്തി' എന്നതായിരുന്നു തലക്കെട്ട്‌. ഇടതു കൈയ്യില്‍ ഒരു ബിയര്‍ ക്യാനും, വലതുകൈയ്യില്‍ പുകയുന്ന സിഗരറ്റുമായിട്ടുള്ള യേശുക്രിസ്‌തുവിന്റെ പടം 2013-ലെ കലണ്ടറില്‍ അച്ചടിച്ച്‌ 30,000 കോപ്പികള്‍ വിതരണം ചെയ്‌തുകഴിഞ്ഞപ്പോഴാണ്‌, മതവികാരത്തെ വൃണപ്പെടുത്തുന്ന ആ പടത്തിനെതിരേ രണ്ടു വക്കീലന്മാര്‍ പൂനെയിലെ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കേസുകൊടുത്തത്‌! ഇന്റര്‍നെറ്റില്‍ നിന്നെടുത്ത ഫോട്ടോ രൂപംമാറ്റം ചെയ്‌തതാണെന്നറിയാതെ അച്ചടിച്ചുപോയതാണെന്ന്‌ സ്ഥാപിച്ച്‌ മുന്‍ സേന കോര്‍പ്പറേറ്റര്‍ `തനാജി ലോങ്കാന്‍' കലണ്ടറുകള്‍ മുഴുവന്‍ പിന്‍വലിപ്പിച്ചു! അറിയാതെ സംഭവിച്ചുപോയ ഒരു പിഴവാണെങ്കില്‍കൂടി ഇതുമൂലം പരസ്യമായി വീണ്ടും ക്രൂശിക്കപ്പെട്ടത്‌ ക്രിസ്‌തുനാഥന്‍ തന്നെ!

ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ പട്ടണത്തില്‍ ജനിച്ച `ബാങ്ക്‌സി' എന്ന അപരനാമത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരു ചിത്രകാരന്‍ വരച്ച `കണ്‍സ്യൂമര്‍ ജീസസ്‌' എന്ന ചുവരെഴുത്ത്‌ ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റി! വലതു കൈയ്യിലും ഇടതുകൈയ്യിലും ഷോപ്പിംഗ്‌ ബാഗുകളും തൂക്കി കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുക്രിസ്‌തുവിന്റെ ചിത്രം കണ്ടവര്‍ക്കൊക്കെ ഒരു മനംപുരട്ടുന്ന അനുഭവമാണ്‌ പ്രദാനം ചെയ്‌തത്‌! തങ്ങള്‍ ദൈവമായിട്ടാരാധിക്കുന്ന മനുഷ്യപുത്രന്റെ ഈ വിചിത്രമായ ചിത്രീകരണം കണ്ട്‌ പലരും മന:പ്രയാസപ്പെട്ടു. ഒരു കലാകാരന്റെ വ്യത്യസ്‌തമായ ഭാവനയുടെ ഫലംകൊണ്ട്‌ സംഭവിച്ചത്‌, ക്രിസ്‌തു തമ്പുരാന്‍ പിന്നെയും ക്രൂശിക്കപ്പെട്ടു!

മേല്‍പറഞ്ഞതൊക്കെ കലയുടേയും, ഭാവനയുടേയും, സാങ്കേതികവിദ്യയുടെ പേരില്‍ നടക്കുന്ന ക്രൂശിക്കപ്പെടല്‍ എന്നു വേണമെങ്കില്‍ നമുക്ക്‌ ആശ്വസിക്കാം. എന്നിരുന്നാലും അവര്‍ക്കെല്ലാവര്‍ക്കും വേണമായിരുന്നുവെങ്കില്‍ ഇതുപോലുള്ള ക്രൂശിക്കലുകള്‍ ഒഴിവാക്കാമായിരുന്നു!

`നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം ഇവളെ കല്ലെറിയട്ടെ' (യോഹ. 8:7) എന്ന്‌ കല്‍പിച്ച്‌ ഒരു ജനത്തെ മുഴുവന്‍ ശാന്തമാക്കിയ യേശുക്രിസ്‌തുവിനെ ക്രൂശിലേറ്റാന്‍ അന്നത്തെ പുരോഹിത പ്രമാണിമാര്‍ മുതിര്‍ന്നില്ല, കാരണം, അവര്‍ക്ക്‌ ഭയമായിരുന്നു! പക്ഷെ ഇന്നത്തെ സമൂഹം അതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്‌. അത്യന്താധുനിക യുഗത്തില്‍ ജീവിക്കുന്ന നമുക്ക്‌ ഒന്നിനോടും തെല്ലും ഭയമില്ല! പുരോഹിതരോ, പ്രമാണിമാരോ, ഫരിസേയരോ അല്ലെങ്കില്‍ക്കൂടി ക്രിസ്‌തുവിനെ ഓരോ നിമിഷവും ക്രൂശിക്കുന്ന കാര്യത്തില്‍ നമ്മള്‍ എന്നും മുന്നിലാണ്‌! പലപ്പോവും അന്യരായല്ല, കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിച്ച്‌ കൂടെ സഞ്ചരിക്കുന്ന സ്വന്തപ്പെട്ടവരാല്‍ തന്നെയാണ്‌ ക്രിസ്‌തു ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നത്‌!

`നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' (മര്‍ക്കോ 12:31) എന്ന്‌ ക്രിസ്‌തുനാഥന്‍ അറിയിച്ച കല്‌പന കേള്‍ക്കാഞ്ഞിട്ടാണോ, അതോ തന്നെത്തന്നെ സ്വയം സ്‌നേഹിക്കാത്തവര്‍ക്ക്‌ അയല്‍ക്കാരനെ ഏതുതരത്തില്‍ സ്‌നേഹിക്കാന്‍ സാധിക്കും എന്നു കരിതിയിട്ടാണോ എന്നറിയില്ല അയല്‍ക്കാരന്റെ വീട്ടില്‍ തീപുകഞ്ഞാല്‍, അവിടെ ഒരു സത്‌കാരം നടന്നാല്‍, എന്തിനേറെ എന്തെങ്കിലും തരത്തില്‍ സന്തോഷമുണ്ടായാല്‍ ആ സന്തോഷത്തെ ഏതുവിധേനയും നശിപ്പിച്ച്‌ സ്വയം ആത്മസംതൃപ്‌തിയടയുന്ന അയല്‍ക്കാര്‍ നമുക്കുചുറ്റുമുള്ളപ്പോള്‍ വീണ്ടും ക്രൂശിക്കപ്പെടുന്നത്‌ നല്ലവനായ ആ സ്‌നേഹസ്വരൂപനല്ലേ?

നമ്മുടെ തെറ്റുകളും കുറ്റങ്ങളുമെല്ലാം സ്വയം ഏറ്റെടുത്ത്‌ അതിനു പരിഹാരമായി സ്വന്തം ജീവന്‍ ഹോമം ചെയ്‌ത ആ പരമാത്മാവ്‌ നമ്മുടെ നിഷ്‌കരുണമായ ഓരോരോ പ്രവര്‍ത്തികളാലും വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നതിനെക്കുറിച്ച്‌ നമ്മള്‍ ചിന്തിക്കാറേയില്ല! ഈലോക ജീവിതത്തിന്റെ സുഖലോലുപതയില്‍ അലിഞ്ഞുചേര്‍ന്നുപോയ നമുക്ക്‌ മഹത്തായ ഈ ജീവത്യാഗത്തിന്റെ കാഠിന്യത്തെക്കുറിച്ചോര്‍ക്കാന്‍ സമയംകിട്ടാറില്ല!

എന്നാല്‍ ഓര്‍ക്കണം! നമ്മള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന, നമുക്കുചുറ്റും നാം ദര്‍ശിക്കാറുള്ള കുരിശുമരണതുല്യമായ ചെയ്‌തികളെക്കുറിച്ച്‌ നമ്മള്‍ ബോധവാന്മാരാണം!

ചിലപ്പോഴൊക്കെ ചിലരെക്കുറിച്ചെങ്കിലും നമ്മള്‍ പറയാറില്ലേ - `ഹൊ..എന്തൊരു കഷ്‌ടമാ അവരുടെ ജീവിതം. അല്ലെങ്കില്‍ അവരുടെ കഷ്‌ടപ്പാട്‌...' എന്നൊക്കെ. എന്നാല്‍ മിക്കപ്പോഴും അവരുടെ ചെയ്‌തികളെക്കുറിച്ച്‌ നാം മനസിലാക്കിക്കഴിയുമ്പോള്‍ ഓരോരുത്തര്‍ക്കായി ദൈവം ഒരുക്കിവെച്ചിട്ടുള്ള താലന്തുകളും, അതിന്റെ മറുവശത്തുള്ള കൈയ്‌പേറിയ പാനപാത്രങ്ങളുമാണ്‌ അവര്‍ അനുഭവിക്കുന്നതെന്ന്‌ ഗ്രഹിക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല!

സ്വന്തം മക്കളെ തന്നെ പല തട്ടില്‍ വേര്‍തിരിച്ചുകണ്ട്‌ ഒരാള്‍ക്കുമാത്രം (മിക്കവാറും ഇളയ മക്കളായിരിക്കും ആ ഭാഗ്യവാന്മാര്‍!) എല്ലാം നല്‍കുകയും, മറ്റുമക്കളെ പ്രത്യേകിച്ച്‌ കുടുംബം നിലനിര്‍ത്താന്‍ അഹോരാത്രം കഠിനാധ്വാനം ചെയ്‌ത മൂത്ത മക്കളെ തീര്‍ത്തും അവഗണിക്കുകയും, പറ്റുന്നിടത്തോളം അവരെ ഊറ്റിപ്പഴിഞ്ഞ്‌ അതുംകൂടി ഇളയ മകന്‌ സമ്പാദിക്കുകയും ചെയ്യുന്നതിനുപുറമെ, അവരെ നരകയാതന അനുഭവിപ്പിക്കുന്ന മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തിലില്ലേ?

വിദേശങ്ങളില്‍ പോയി വെയിലും മഞ്ഞും സഹിച്ച്‌ കഷ്‌ടപ്പെട്ട്‌, ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും പേറി ജനിച്ച നാട്ടില്‍ ഒരു സ്വപ്‌ന സാക്ഷാത്‌കാരമെന്നോണം പണികഴിപ്പിക്കുന്ന വീടും, സ്വത്തുക്കളും അവ നോക്കിക്കൊള്ളാമെന്ന വ്യാജേന കൈവശംവെച്ച്‌ അനുഭവിക്കുന്നത്‌ പോരാഞ്ഞിട്ട്‌, കഷ്‌ടപ്പെട്ട ഉടയവര്‍ തിരിച്ചുവരുമ്പോള്‍ മുതല്‍ തിരികെ കൊടുക്കാതിരിക്കുകയും, ശത്രുക്കളെപ്പോലെ അവരെ ഭീഷണിപ്പെടുത്തി, ഗുണ്ടകളെക്കൊണ്ട്‌ ഇല്ലാതാക്കി, ഒടുവില്‍ അത്‌ ആത്മഹത്യയാക്കി, രക്തബന്ധത്തിന്റെ പാവനത നശിപ്പിക്കുന്ന സഹോദരന്മാരും നമ്മുടെ സമൂഹത്തിലുണ്ട്‌. സ്വത്തിനുവേണ്ടി മാതാപിതാക്കളെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന മക്കളും, ഒരു ചെറിയ മാലയ്‌ക്കുവേണ്ടി സഹോദര പുത്രനെ ആറ്റില്‍മുക്കി കൊന്ന പിതൃസഹോദരനും, മുതല്‍ കൈക്കാലക്കിയശേഷം മാതാപിതാക്കളെ തെരുവില്‍ ഇറക്കിവിട്ട പുത്രീ-പുതന്മാരും നമുക്കു പരിചിതരാണ്‌! ഇവരൊക്കെ വാസ്‌തവത്തില്‍ എന്താണ്‌ ചെയ്യുന്നത്‌? ഒരിക്കല്‍ മാനവരാശിക്കുവേണ്ടി ക്രൂശില്‍ തൂങ്ങിമരിച്ച ആ നല്ലയിടയനെ വീണ്ടും ക്രൂശിച്ചുകൊണ്ടേയിരിക്കുന്നു!

കോഴ വാങ്ങുന്ന ഉദ്യോഗസ്ഥരും, അനാശാസ്യം അലങ്കാരമാക്കിയ പ്രമാണിമാരും, ശവശരീരത്തില്‍ സ്‌കാനിംഗും ഡയാലിസിസും നടത്തിയ കാശു പിടുങ്ങുന്ന ആതുരസേവകരും, പുണ്യജന്മം പാപപങ്കിലമാക്കി പൗരോഹിത്യത്തിന്‌ കളങ്കം വരുത്തിയ പുരോഹിതരും, സന്യസ്‌തരും, സ്വന്തം കുഞ്ഞുങ്ങളെപോലും കാമാവേശത്തിന്‌ ഇരകളാക്കി പീഡിപ്പിക്കുന്ന പിതാക്കന്മാരും നമുക്കു ചുറ്റുമുള്ളപ്പോള്‍ വീണ്ടും ക്രൂശിക്കപ്പെടുന്നത്‌ നമുക്കുവേണ്ടി ഒരിക്കല്‍ മരിച്ച ക്രിസ്‌തുനാഥനല്ലേ?

വിവര സാങ്കേതികവിദ്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, തിരക്കേറിയ `ടെക്കി' ജീവിതത്തിനിടയില്‍ പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ട്‌ വഞ്ചിതരായിരിക്കുന്ന, ഒരുമിച്ച്‌ താമസിക്കുന്ന കമിതാക്കളും, ഭാര്യാഭര്‍ത്താക്കന്മാരും, പണത്തിനുവേണ്ടി എന്തു ക്രൂരകൃത്യവും ചെയ്യാന്‍ മടിയില്ലാത്തവും, കാര്യം കാണുന്നതുവരെ കാലുപിടിക്കുകയും കാര്യം കണ്ടുകഴിയുമ്പോള്‍ കാലുവാരുകയും ചെയ്യുന്ന മനസാക്ഷിയില്ലാത്ത സ്വാര്‍ത്ഥമതികളും, സഹോദരന്റെ കണ്ണിലെ ചെറിയ കരടിനെ പൊലിപ്പിച്ച്‌ വലുതാക്കി, സ്വന്തം കണ്ണിലെ വലിയ തടിക്കഷണം മറച്ചുപിടിച്ച്‌ സഹോദരനെ സമൂഹമധ്യത്തില്‍ ചെളിവാരിയെറിഞ്ഞ്‌ ആനന്ദിക്കുന്ന സാമര്‍ത്ഥ്യക്കാരും, `ഇന്‍വെസ്റ്റ്‌മെന്റ്‌' എന്ന ഓമനപ്പേരില്‍ വിദേശത്തുള്ള ബന്ധുജനങ്ങളെ തന്മയത്വമായി കളിപ്പിക്കുന്ന ഫ്‌ളാറ്റ്‌ മുതലാളിമാരും, ബിസിസുകാരും എന്നുവേണ്ട ഏതിനും എന്തിനും തട്ടിപ്പിന്റേയും വെട്ടിപ്പിന്റേയും പരിവേഷം ചാര്‍ത്തി, ഒരു ചളിപ്പുമില്ലാതെ സകലരേയും പറ്റിച്ച്‌ സുഖജീവിതം നയിക്കുന്ന പകല്‍ മാന്യന്മാരുമെല്ലാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ ഒരേയൊരു കാര്യമാണ്‌. എല്ലാവര്‍ക്കും വേണ്ടി മരക്കുരിശേന്തി, ക്രൂശില്‍ ജീവന്‍ ത്യജിച്ച നിരപരാധിയായ യേശുവിനെ വീണ്ടും, വീണ്ടും ക്രൂശിച്ചുകൊണ്ടേയിരിക്കുന്നു.

എവിടെയാണ്‌ നമുക്ക്‌ തെറ്റു പറ്റുന്നതെന്ന്‌ സ്വയം അവലോകനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌. ലോകം മുഴുവനുമുള്ള മനുഷ്യര്‍ പലതരത്തിലും, വിധത്തിലും ഒരിക്കല്‍ ക്രൂശിതനായ ആ യേശുവിനെത്തന്നെ വീണ്ടും, വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്ക്‌ നമ്മുടെ മനസാക്ഷിയുടെ സമക്ഷമെങ്കിലും ചെറിയൊരു പ്രതിജ്ഞയെടുക്കാം. ഞാന്‍ മൂലം ആ മഹാപാതകം ഇനിയും ആവര്‍ത്തിക്കപ്പെടുകയില്ലെന്ന്‌! ആരും നന്നാകാനല്ല, ആരേയും നന്നാക്കാനുമല്ല, ക്രൂശിക്കപ്പെട്ട ഒരു നിരപരാധി വീണ്ടും ക്രൂശിക്കപ്പെടാതിരിക്കാന്‍! ഈ പുനരുദ്ധാനകാലത്ത്‌ എളിയവരായ നമുക്ക്‌ സ്വീകരിക്കാവുന്ന വലിയൊരു ചെറിയ പുണ്യം! ഈസ്റ്റര്‍ മംഗളങ്ങള്‍....

ഡോ. ജോര്‍ജ്‌ മരങ്ങോലി (drmarangoly@gmail.com)
ക്രൂശിക്കപ്പെടുന്ന ക്രൂശിതന്‍ (ഡോ. ജോര്‍ജ്‌ മരങ്ങോലി)
Join WhatsApp News
പാസ്റ്റർ മത്തായി 2015-03-28 21:40:51
പാവങ്ങൾ എന്നും ഗലീലിയിൽ തന്നെ.  അല്ലെങ്കിൽ കോരന് കുമ്പിളിൽ കഞ്ഞി.  യഹൂദന്മാരുടെ ഭദ്രാസനങ്ങൾ ഇളകും എന്ന് വന്നപ്പോൾ ബിഷപ്പ് കയ്യാഫസു ജൂദാസ്മായി കൂട്ട് ചേർന്ന് യേശുവിനെ കുരിശെ കേറ്റിയതാണ്. അല്ലാതെ നമ്മളുടെ പാപത്തിനായി മരിച്ചതാന്നൊക്കെ പറഞ്ഞാൽ അത് വിശ്വസിക്കാൻ ഞങ്ങളെ കിട്ടത്തില്ല. പിന്നെ മരകുരിശു ചുമന്നു പുറകെ ചെല്ലാൻ പറഞ്ഞതിന്റെ അർഥം പിടികിട്ടിയില്ല അല്ലിയോ?  ഞാൻ പറഞ്ഞു തരാം. നമ്മള് എത്ര നാളായിട്ട് ഈ വെട്ടിപ്പും തട്ടിപ്പും തുടങ്ങിയതാ. അത് ഒരു രായിക്ക് രാമാനം ഇട്ടിട്ടു മരക്കുരിശും ചുമന്നു പുറകെ ചെല്ലാൻ പറഞ്ഞാൽ അത് നടക്കുന്ന കാര്യാമാണോ.  പാസ്റ്റർ ആയേപ്പിന്നെ ദേഹം അനങ്ങി ജോലി ചെയ്യ്തിട്ടില്ല പിന്നാ മരക്കുരിശും ചുമന്ന് പുറകെ ചെല്ലാൻ പറഞ്ഞാൽ. അതും മാത്രം പറയണ്ട. സ്വർഗ്ഗത്തിൽ പോകാൻ എന്തെല്ലാം ഊടു വഴികളാ ഉള്ളത് അന്നേരമ കുരിശും എടുത്തു പുറകെ ചെല്ലാൻ പറയുന്നത്. നടന്നതാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക