Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍: 23- കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ Published on 28 March, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍: 23- കൊല്ലം തെല്‍മ)
അദ്ധ്യായം 23
ബ്ലാക്ക് പജീറോയില്‍ നിന്ന് മിഥുനും സംവിധായകന്‍ കാശിനാഥനും പ്രൊഡ്യൂസര്‍ ശ്യാംകുമാറും ഇറങ്ങി. ചുറ്റിലും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തെ കണ്ട് മിഥുന്‍ കൈ ഉയര്‍ത്തി വീശിക്കാണിച്ചു കൊണ്ട് അവര്‍ മൂവരും തിയേറ്റര്‍ കോംപ്ലക്‌സിലേയ്ക്ക് നടന്നുകയറി.
പിന്നാലെ ബി.എം.ഡബ്ലൂവില്‍ നിന്ന് കെല്‍സിയുെ ദീപ്തിയും ഇറങ്ങി തിയേറ്ററിലേയ്ക്ക് നടന്നു. ജനം ആര്‍ത്തിറമ്പി. ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ ജയ് വിളികളാല്‍ തിയേറ്റര്‍ പരിസരം മുഖരിതമാക്കി....
അരമണിക്കൂറിനുള്ളില്‍ ടിക്കറ്റ് കൊടുത്തുതീര്‍ന്നു. ഫൗസ് ഫുള്‍ ബോര്‍ഡ് സ്ഥാപിച്ചു. ടിക്കറ്റ് കിട്ടാതിരുന്ന ആള്‍ക്കാരെ പുറത്തിറക്കി സെക്യൂരിറ്റിയും പോലീസും ഗേറ്റ് ലോക്ക് ചെയ്തു. ഒന്നുരണ്ടു ഷോയുടെ ആള്‍ക്കാര്‍ പിന്നെയും ബാക്കി! കുറേപ്പേര്‍ നിരാശരായി മടങ്ങിപ്പോയി. പിന്നെയും കുറേപ്പേര്‍ അടുത്തഷോയെങ്കിലും കാണണം എന്ന വാശിയില്‍ ഗേറ്റിനു പുറത്ത് ക്യൂനില്‍ക്കുന്നു..... ചെറിയതോതില്‍ കശപിശയും ഉന്തും തള്ളും ഉണ്ടായി. എതിര്‍പക്ഷത്തില്‍പെട്ട ചിലര്‍ റിലീസിംഗ് ഉഴപ്പാന്‍ വന്നതാണെന്നുള്ളതു മനസിലാക്കി പോലീസ് അവരെ വിരട്ടിയോടിച്ചു.
പത്തുമണി നാല്‍പ്പത്തിയഞ്ച് മിനിട്ട് പ്രദര്‍ശനത്തിനുള്ള ബെല്‍ മുഴങ്ങി.... തിയേറ്റര്‍ ശാന്തമായി. നിറഞ്ഞു നില്‍ക്കുന്ന ആകാംഷയുടെ ശാന്തത! തിയേറ്റര്‍ സ്‌ക്രീനില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തെളിഞ്ഞു..... പിന്നെ പശ്ചാത്തലസംഗീതത്തിന്റെ മേളക്കൊഴുപ്പില്‍ ഇരുട്ടില്‍ വെളുത്ത അക്ഷരങ്ങള്‍ മിന്നിത്തെളിഞ്ഞു.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കാശിനാഥന്‍; വലിയ വെളുത്ത അക്ഷരങ്ങള്‍ മിന്നിത്തെളിഞ്ഞു.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കാശിനാഥന്‍; വലിയ വെളുത്ത മലയാളം അക്ഷരങ്ങള്‍ സ്‌ക്രീനില്‍ നിറഞ്ഞു. തിയേറ്റര്‍ നിറയെ കൈയ്യടി മുഴങ്ങി..... ചെവി തുളച്ചിറങ്ങുന്ന നീളന്‍ വിസിലടികള്‍! ഹര്‍ഷാരവങ്ങള്‍....!
പെട്ടെന്ന് സ്‌ക്രീനില്‍ സംഘര്‍ഷഭരിതമായ സമരസീന്‍ നിറഞ്ഞു. മുദ്രാവാക്യം വിളികള്‍, ബാരിക്കേഡുകള്‍ തള്ളി മറിച്ചിടാന്‍ വെമ്പല്‍കൊള്ളുന്ന സമരക്കാര്‍ അവരെ നിയന്ത്രിക്കാന്‍ പാടുപെടുന്ന പോലീസ് സേനാ വിഭാഗങ്ങള്‍..... ക്ലോസ്..... ലോങ്ങ് ഷോട്ടുകള്‍ രംഗത്തിന്റെ തീവ്രതയും വ്യാപ്തിയും വ്യക്തം.... നഗരത്തിലെ പ്രധാന ജംഗ്ഷന് സമീപമുള്ള ബാര്‍ പൂട്ടിക്കുവാനുള്ള സമരസമിതിയുടെ ഉപരോധസമരമാണ്.
പെട്ടെന്ന് സമരമുഖത്തേയ്ക്ക് ഒരു ഹോണ്ടസിറ്റി കാര്‍ വന്നുനിന്നു. പോലീസുകാര്‍ ഓടിവന്ന് കാറിനെ വലയം ചെയ്തു. കാറിന് വഴിയൊരുക്കി ബാര്‍ കോമ്പൗണ്ടിലേയ്ക്ക് കയറ്റിവിട്ടു. സുരക്ഷിതമായി പാര്‍ക്കു ചെയ്ത കാറില്‍നിന്നും വിലയേറിയ ചെരുപ്പണിഞ്ഞ കാല്‍ നിലത്ത് ഊന്നി ഒരാള്‍ ഇറങ്ങി..... തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച ആ മനുഷ്യന്‍ സ്ലോമോഷനില്‍ തിരിഞ്ഞ് ക്ലേസപ്പ് വ്യൂവില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ മുഖം ദൃശ്യമാക്കി.... തിയേറ്ററില്‍ വമ്പന്‍ കൈയ്യടി ഉയര്‍ന്നു..... നീളന്‍ വിസിലടികള്‍....!
'മിഥുനേട്ടാ.... ഹോയ്.... അടിച്ചുപൊളി മിഥുനേട്ടാ....ഹൊയ്....ഹൊയ്....ഹൊയ്.....' താളത്തില്‍ ശബ്ദാരവങ്ങള്‍ ഉയര്‍ന്നു. കൈയ്യടികള്‍ക്കുമീതേ പഞ്ചിംഗ് ഡയലോഗുകളുടെ ഘോഷയാത്ര....
ഹോണ്ടാസിറ്റിയുടെ ഡോര്‍ വലിച്ചടച്ച് തിടുക്കത്തില്‍ ബാര്‍ ഹോട്ടലിലേക്ക് നടന്നുകയറവേ മിഥുന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ 'ചാവശ്ശേരില്‍ ചെറിയാന്‍ ഉതുപ്പ്' എന്ന പ്രമുഖ അബ്കാരിയുടെ ഡയലോഗ് മുഴങ്ങി.

'ആരാ വേണൂ.... ഈ തെമ്മാടിത്തരത്തിനു പിന്നില്‍. ചാവശ്ശേരില്‍ ചെറിയാന്‍ ഉതുപ്പെന്ന എന്നെ പിടിച്ചുകെട്ടാന്‍ ഇറങ്ങിത്തിരിച്ച ഏതു ആയാലും ഈ ചെറ്റത്തരത്തിന് അവന്‍ പെടമേടിക്കും.....'
'ഇതിനു പിന്നില്‍ മുല്ലമന മാധവനുണ്ണിയല്ലാതെ പിന്നാരാകാനാ മൊതലാളി..... അവന്‍ ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി കളികളിറക്കിയിട്ടുണ്ടല്ലോ. അതിനുതക്കത് അവന്‍ മേടിച്ചു കൂട്ടിയിട്ടുമുണ്ട്....'
ഇവിടെ ഈ കോലാഹലങ്ങളൊക്കെ നടന്നിട്ടും എന്തിയേടോ നിങ്ങടെ കമ്മീഷ്ണറ്.... അവളുടെ അണ്ണാക്കിലേയ്ക്ക് മുന്‍കൂര്‍ നോട്ടുകെട്ടുകള്‍ വാരിത്തിരുകിയാലോ എഴുന്നള്ളൂ എന്നുണ്ടോടോ.... അതോ അവളും മുല്ലമന എന്ന നാറിയും കൂടിയുള്ള ഒത്തുകളിയാണോടോ ഇത്....'
'ഹേയ്..... അതിന് ആ പെമ്പ്രന്നോര് കാശുവാങ്ങുന്ന ടൈപ്പല്ല.... കാശുംകൊണ്ട് ചെന്നാല്‍ ആദ്യം അതിന് അടി ഞാന്‍ മേടിക്കേണ്ടിവരും....' വേണു പറഞ്ഞു.
'ഓഹോ.... അവളത്രയ്ക്ക് വലിയ കേമത്തിയാണോ? വിളിക്കടോ.....എസ്.പി. ആനന്ദിനെ' ചെറിയാന്‍ ഉതുപ്പ് അലറിക്കൊണ്ട് ആഞ്ഞാപിച്ചു....
മണിക്കൂറുകള്‍ കഴിഞ്ഞു. തിയേറ്ററില്‍ ആകാംഷയുടെയും ശാന്തതയുടെയും കരഘോഷങ്ങളുടെയും ത്രില്ലടിപ്പിക്കുന്ന സംഘട്ടനങ്ങളുടെയും നിമിഷങ്ങള്‍.....കെല്‍സിയുടെ 'കമ്മീഷണര്‍ സുനന്ദ' എന്ന കഥാപാത്രത്തിന്റെ രൗദ്രഭാവങ്ങളും കിടിലന്‍ ഡയലോഗ് പ്രസന്റേഷനുകളും അന്വേഷണാത്മരംഗങ്ങളും കൊണ്ട് നിറഞ്ഞുനിന്ന സിനിമ! കഥാതന്തുവിന്റെ ത്വരിതഗതിയിലുള്ള പരിണാനത്തില്‍ ഫുള്‍ എന്റര്‍ടൈയ്‌നറായ 'അബ്കാരി' എന്ന ചിത്രം പര്യവസായിയായി.
തിയേറ്ററിലെ ലൈറ്റുകള്‍ തെളിഞ്ഞു. വാതിലുകള്‍ക്കു മീതേ 'പുറത്തേക്കുള്ള വഴി'കാട്ടികള്‍ ചുവന്നു കത്തിനിന്നു. ഒരടിപൊളി സിനിമയുടെ ഹാങ്ങോവറില്‍ പ്രേക്ഷകര്‍ ഒരു നിമിഷത്തേയ്ക്ക് കൂടി തിയേറ്ററിനുള്ളില്‍ തങ്ങിനിന്നു. ഹര്‍ഷാരവങ്ങളും ആര്‍പ്പുവിളികളും നിറഞ്ഞു.
ബാല്‍ക്കണിയില്‍ കെല്‍സിയുടെയും മിഥുനിന്റെയും തലവെട്ടം കണ്ടപ്പോള്‍ ജനം ജയ് വിളികളാലും ആര്‍പ്പുവിളികളാലും കൈകള്‍ ഉയര്‍ത്തി വീശി ആശംസയറിയിച്ചു.
പ്രേക്ഷകരുടെ ആനന്ദപ്രകടനങ്ങളും സിനിമയുടെ വിജയസാധ്യതയുംകണ്ട് കെല്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു. ആനന്ദാശ്രുക്കള്‍! കാശിനാഥന്‍ മിഥുനെ ഒരു നീണ്ട ആശ്ലേഷണത്താല്‍ അഭിനന്ദിച്ചു. സിനിമകഴിഞ്ഞ്് ഇറങ്ങിച്ചെല്ലുമ്പോള്‍ വീണ്ടുമൊരു ജനസാഗരം തിയേറ്ററിന്റെ പുറത്ത് തിക്കിത്തിരക്കുകയായിരുന്നു..... കണ്ടിറങ്ങിയവര്‍ ക്യൂ നില്‍ക്കുന്നവരോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. 'അടിപൊളി പടം മച്ചാ.... മിഥുനണ്ണന്‍ കസറി..... നമ്മുടെ കെല്‍സി ഇടിവെട്ടു വരവാ....അണ്ണാ.....'
****   **** ***** ******
തിയേറ്ററുകളില്‍ തകര്‍ത്തോടുകയായിരുന്നു 'അബ്കാരി'. രണ്ടുമാസം കൊണ്ടുതന്നെ പ്രൊഡ്യൂസര്‍ ശ്യാംകുമാറിന് രണ്ടുകോടിരൂപ ടേണോവര്‍ കിട്ടിക്കഴിഞ്ഞു. ഇനി സിനിമയുടെ ചാനല്‍ റൈറ്റും സി.ഡി. പകര്‍പ്പവകാശവും എല്ലാം കൂടിയാകുമ്പോള്‍ ഒരു വമ്പന്‍ ഹിറ്റിന്റെ നിര്‍മ്മാണവിജയം തനിക്ക് സ്വന്തമെന്നതില്‍ അയാള്‍ അതിയായി സന്തോഷിച്ചു. ഓണച്ചിത്രങ്ങളില്‍ വളരെ മുന്നിലായിരുന്നു. 'അബ്കാരി'യുടെ റേറ്റിംഗ്.
കെല്‍സിയുടെ രണ്ടാം വരവിന്റെ വിജയം നന്നായി ആഘോഷിച്ചു. പിന്നെയും ടോക്ഷോകളും അഭിമുഖങ്ങളും റിവ്യൂകളും നിരവധി. മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ പിടിച്ചുപറ്റുന്നതില്‍ കെല്‍സി വിജയിക്കുകതന്നെ ചെയ്തു. കെല്‍സിയെന്ന അഭിനേത്രിയെ നന്നായി മുന്നോട്ടുള്ള പടവുകള്‍ കയറ്റുന്നതിന് ശക്തമായ കൈത്താങ്ങുമായി ദീപ്തിയും കൂടെയുണ്ട്.
എസ്തപ്പാനും സരളാന്റിയും ശരണ്യയുമെല്ലാം കെല്‍സിയുടെ വിജയത്തില്‍ അതിയായ സന്തോഷം അറിയിക്കുവാന്‍ മറന്നില്ല.
നാളുകള്‍ കഴിയുന്തോറും കെല്‍സിക്ക് തിരക്കുകള്‍ ഏറിവന്നു. കൈനിറയെ പുതിയ ചിത്രങ്ങള്‍. വിവിധ ഭാഷകളില്‍ നിന്നായി ഓഫറുകള്‍.... നായകകഥാപാത്രത്തിനു തുല്യമായ വേഷങ്ങള്‍, ശക്തമായ സഹവേഷങ്ങള്‍, അമ്മവേഷങ്ങള്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ നീണ്ട നിര യുക്തമായവ മാത്രം തിരഞ്ഞെടുക്കാന്‍ കെല്‍സിയും ദീപ്തിയും ശ്രദ്ധിച്ചു.
 കെല്‍സിക്ക് കന്നടയിലും തെലുങ്കിലും തമിഴിലും തിരക്കേറി. എല്ലാ തിരക്കുകള്‍ക്കിടയിലും കെല്‍സി കുട്ടികളുടെ പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. അവര്‍ക്ക് നന്നായി വിദ്യാഭ്യാസം നല്‍കുന്നതിനായി കെല്‍സി ബദ്ധശ്രദ്ധാലുവായി. അജിത്ത് ഇടയ്ക്കിടെ കുട്ടികളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് വിളിക്കും. കെല്‍സി പ്രശസ്തിയിലേക്കു കുതിച്ചു തുടങ്ങിയപ്പോള്‍ അജിത്തിന്റെ ഫോണ്‍വിളികളുടെ കാലദൈര്‍ഘ്യം കുറഞ്ഞുവരുന്നതായി കെല്‍സിക്കു തോന്നി.
അജിത്തിന്റെ കാര്യങ്ങളെക്കുറിച്ച് കെല്‍സി അന്വേഷിക്കാറോ അജിത്തുമായി സംസാരിക്കാറോ ഉണ്ടായിരുന്നില്ല. ഫോണ്‍ വരുമ്പോള്‍ അജിത്താണെന്നു മനസിലായാല്‍ കുട്ടികള്‍ക്ക് ഫോണ്‍ നല്‍കും. അവര്‍ തമ്മില്‍ ഓരോന്ന് സംസാരിക്കാറുണ്ട്. കുട്ടികള്‍ക്ക് തങ്ങളുടെ ബന്ധത്തിലെ കാര്യഗൗരവങ്ങളെക്കുറിച്ച് അറിയില്ലല്ലോ? അവര്‍ തങ്ങളുടെ അമേരിക്കയിലുള്ള പപ്പായോട് സംസാരിക്കുന്നു അത്രതന്നെ....
കെല്‍സിയാകട്ടെ കുഞ്ഞുങ്ങളുടെ മനസില്‍ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കാന്‍ തയ്യാറായതുമില്ല. താനായി തന്റെ പാടായി. മക്കളും താനും സന്തോഷത്തോടെ കഴിയുന്നു. തന്റെ ഹിതംപോലെ അഭിനയിക്കാനും സാധിക്കുന്നു. അജിത്ത് തന്റെ കാര്യങ്ങളില്‍ ഇടപെടുകയോ തന്നെക്കുറിച്ച് അന്വേഷിക്കാനേ വരുന്നില്ല. പിന്നെ താനെന്തിന് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടണം.
ഒരിക്കല്‍ കെല്‍സിയോട് മിന്നുമോള്‍ ചോദിച്ചു: 'അമ്മേ നമ്മുടെ പപ്പായെന്താ വരാത്തേ?'
'അത് പപ്പായ്ക്ക് അവിടെയല്ലേ ജോലി.... അതുകൊണ്ടാ? 'കെല്‍സി മറുപടി പറഞ്ഞു.
'എങ്കില്‍ നമുക്ക് പപ്പായുടെ അടുത്തേയ്ക്ക് പോയാലോ?' അപ്പു തന്റെ ഐഡിയ പറഞ്ഞു.
'അതുവേണ്ട അപ്പു നമുക്ക് ഇവിടെ നില്‍ക്കാം. നമ്മുടെ നാടല്ലേ നല്ലത്... സ്‌ക്കൂളിലൊക്കെപ്പോയി കൂട്ടുകാരുമായി കളിച്ച് നടക്കാം. ഇവിടെ ഗ്രാന്റ്മായും ഗ്രാന്റ്ഫാദറും എല്ലാരും ഇല്ലേ.... അതല്ലേ നല്ലത്....?' കെല്‍സി ചോദിച്ചു.
ഒന്നും മനസിലായില്ലെങ്കിലും കണ്ണുകളിലേയ്ക്ക് നോക്കി ആലോചനയോടെ കുട്ടികള്‍ നിന്നു. കെല്‍സി അവരെ നോക്കി സ്‌നേഹത്തോടെ പുഞ്ചിരിച്ചു. കുട്ടികള്‍ സന്തോഷത്തോടെ 'അതുമതി' യെന്നു പറഞ്ഞ് ഓടിപ്പോയി.
 ഇപ്പോള്‍ അജിത്തിന്റെ ജീവിതം എന്തായിരിക്കും. ചോദിക്കാനും പറയാനും ആരും ഇല്ല. ആരെയും ബോധിപ്പിക്കേണ്ട എന്നതിനാല്‍ അലസജീവിതം തന്നെയായിരിക്കും. കൂട്ടുകാരുടെ എണ്ണം കൂടിയിട്ടുണ്ടാവും. കസിനോകളില്‍ കയറിയിറങ്ങി ലക്ഷങ്ങള്‍ ചൂതുകളിച്ച് നശിപ്പിക്കുന്നുണ്ടാവും. മദ്യത്തിന്റെ ഉപയോഗം ഒട്ടും കുറവില്ലാതെ കൂടിയിട്ടുമുണ്ടാവാം..... എന്തായാലും തനിക്കെന്താ? എന്നാലും....
തന്റെ സ്വപ്‌നങ്ങള്‍ക്കു ചിറകുതന്ന, തന്റെ ആദ്യാഭിനിവേശങ്ങളില്‍ ചൂടുപകര്‍ന്ന, തനിക്കു സന്താന സൗഭാഗ്യം തന്ന മാതൃത്വത്തിലേയ്ക്കു നയിച്ച ഒരു പുരുഷനെ മറക്കാന്‍ ഏതു പെണ്ണിനും ആകില്ല.... കാരണം താനും ഒരു പെണ്ണല്ലേ....
അന്നേദിവസം ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നെല്ലാം ഒഴിവായി കെല്‍സി കുട്ടികളോടൊപ്പം വീട്ടില്‍ ചെലവഴിച്ചു. സരളാന്റിയും എസ്തപ്പാനും വിളിച്ച് വിവരന്വേഷണങ്ങള്‍ നടത്തി. എസ്തപ്പാന്‍ വല്ലപ്പോഴും വീട്ടില്‍ വരികയും കുട്ടികളുമായി ഔട്ടിംഗിന് പോകാറുമുണ്ട്. അതുകൊണ്ടുതന്നെ എസ്തപ്പാനും കുട്ടികളും വലിയ ചങ്ങാത്തത്തിലായി.
കെല്‍സി ബോഡി ഫിറ്റ്‌നെസ് ക്ലബ്ബില്‍ പോയിവന്ന് വിശ്രമിക്കുകയാണ്. നന്നായി അദ്ധ്വാനം ചെയ്ത് ശരീരം ശ്രദ്ധിച്ചില്ലെങ്കില്‍ വേഗം തന്നെ രൂപം മാറി ഷെയ്പ്പ്‌ലസ് ആകും എന്നത് കെല്‍സിക്ക് അറിയാമായായിരുന്നു. അഭിനയ ജീവിതത്തിന്റെ അദ്യകാലം തൊട്ട് മടികൂടാതെ വ്യായാമങ്ങള്‍ ചെയ്യുക എന്നത് കെല്‍സിയുടെ ദിനചര്യതന്നെയാണ്. ആയതിനാല്‍ പ്രസവശേഷവും കെല്‍സിക്കു തന്റെ ഭംഗിയും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ സാധിച്ചു എന്നത് പ്ലസ്‌പോയിന്റ്.
കെല്‍സി ടി.വി.യില്‍ സിനിമവച്ചു. ദൂരദര്‍ശനില്‍ മനുവിന്റെയും സുശീലയുടെയും പഴയകാല ചിത്രമായിരുന്നു. വളരെയധികം വിജയം നേടിയ പഴയകാല ചിത്രം! കുടുംബപ്രേക്ഷകര്‍ വിജയിപ്പിച്ച ഫാമില എന്റര്‍ടെയ്‌നര്‍.
പ്രണയാര്‍ദ്രഭാവങ്ങളുടെ ആവിഷ്‌ക്കാരത്തില്‍ അതുല്യപ്രതിഭയായി സ്ഥിരപ്രതിഷ്ഠനേടിയ മനുസാറും താരറാണി സുശീലയും. പലയാവര്‍ത്തി കണ്ടിട്ടുള്ള സിനിമയെങ്കിലും അഭിനയമികവ് കണ്ടു മനസിലുറപ്പിക്കാന്‍ തനിക്കേറെ സഹായകമായിട്ടുള്ള സിനിമകളില്‍ ഒന്ന്.
*****    ******   ****** ***** *******
കെല്‍സി നാട്ടിലേയ്ക്ക് പോയിട്ട് നാലുവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അജിത്തിനെ സംബന്ധിച്ച് ജോലിത്തിരക്കിനിടയിലും ജീവിതം യാന്ത്രികമായിത്തോന്നി. നാലുവര്‍ഷത്തിനിടയ്ക്ക് രണ്ടുമൂന്നുതവണ കേരളത്തിലേയ്ക്ക് പോയിരുന്നു. കുട്ടികളെ കാണുവാനും അവരുമായി കുറച്ചു മണിക്കൂറുകള്‍ ഇല്ലസിക്കുവാനും സാധിച്ചിരുന്നു. കെല്‍സിയെ ഒരിക്കല്‍ മാത്രമേ കാണുവാന്‍ കഴിഞ്ഞുള്ളൂ. രണ്ടു പരിചയക്കാര്‍ എന്ന പോലെ ക്ഷേമാന്വേഷണങ്ങള്‍ നടത്തി.... കുട്ടികളെയുംകൊണ്ട് വന്നിരുന്നത് എസ്തപ്പാനാണ്. കുട്ടികള്‍ തന്റെ കൂടെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അപ്പുവിനെയും മിന്നുവിനെയും വിട്ട് തിരിച്ചുപോരുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയാണ്. പിന്നെ അമേരിക്കയില്‍ എത്തിയാല്‍ ഒന്നുരണ്ടുദിവസത്തേയ്ക്ക് ഇരിക്കപ്പൊറുതിയില്ല. ഒറ്റയാക്കപ്പെട്ടവന്റെ ഹൃദയവേദന!
എല്ലാം തന്റെയും എടുത്തചാട്ടത്തിന്റെ ഫലം തന്നെയാണ്. രണ്ടുപേരും രണ്ടുവശത്തേയ്ക്ക് തുഴഞ്ഞു. അശാന്തിയുടെ കാററിലും കോളിലും ജീവിതം വഴിപിരിഞ്ഞുപോയി. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നുള്ള ചൊല്ല് എത്രയോ അര്‍ത്ഥവത്താണ്. ഇരുട്ടില്‍ അകപ്പെട്ടുപോയതുപോലെ....
രാവിലെ ജോലി സ്ഥലത്തേയ്ക്ക് ഇറങ്ങിത്തിരിക്കും ജോലിയുടെ ആശങ്കകളും അസ്വസ്ഥതകള്‍ക്കും ഒടുവില്‍ വൈകുന്നേരം കൂട്ടുകാരോടൊന്നിച്ച് കുറച്ചു നിമിഷങ്ങള്‍.... മദ്യത്തിന്റെ ലഹരിയില്‍ ഉള്ളിലുള്ള വ്യസനം തുറന്നടിക്കും. ഒരു കഥപോലെ അവര്‍ കേട്ടിരിക്കും. ഇടയ്ക്കിടെ ചില കമന്റുകള്‍ എന്നല്ലാതെ ഒരു ഫലവുമില്ല.... പലരും അവരുടെ വഴിക്ക്‌പോയി.... സ്ഥലംമാറി പോവുന്നവര്‍.... ജോലിയില്‍ പ്രൊമോഷന്‍ കിട്ടിയപ്പോയവര്‍..... അവശേഷിച്ചവര്‍ക്ക് തന്റെ ദുഃഖങ്ങള്‍ വര്‍ഷങ്ങളായി കേട്ടു തഴമ്പിച്ചവ.... ഒരു ഭാവഭേദവും ഇല്ല. നിറംമങ്ങിയ കഥകള്‍!
മിക്കപ്പോഴും അവരുടെ മുന്നില്‍ താനൊരു പരിഹാസ്യകഥാപാത്രം തന്നെയാണെന്ന് അജിത്തിന് തോന്നി. ബംഗ്ലാവിലെ നാലുചുവരുകള്‍ക്കുള്ളില്‍ ഏകാന്തതടവിന് വിധിക്കപ്പെട്ടവന്റെ അവസ്ഥയായിരുന്നു. ചിലര്‍ ഡിവോഴ്‌സ് നല്‍കി പുതിയൊരു ബന്ധം സ്ഥാപിക്കാന്‍ ഉപദേശിച്ചു. ആലോചനയുമായി വന്നവര്‍ക്ക് തന്റെ ഭാരിച്ച സ്വത്തിലാണ് കണ്ണെന്നുള്ള സത്യം അജിത്ത് മനസിലാക്കി.
കെല്‍സി തന്റെ ജീവിതത്തില്‍നിന്നും മാറി നില്‍ക്കുകയാണെങ്കിലും തന്റെ സമ്പാദ്യത്തിലെ ഒരു ഡോളര്‍പോലും അവള്‍ ആവശ്യപ്പെട്ടില്ല. കുട്ടികളെയും കൂട്ടി മാന്യമായി ഇറങ്ങിപ്പോയി;  കുട്ടികളുമായുള്ള തന്റെ സ്‌നേഹത്തിന് അവള്‍ ഇതുവരെയും തടസ്സം നില്‍ക്കുകയോ വിലക്കേര്‍പ്പെടുത്തുകയോചെയ്തിട്ടില്ല. തന്റെ പിതൃസ്ഥാനത്തെ അവള്‍ ഇതുവരെയും അവരുടെ മുമ്പില്‍ നിന്ദിച്ച് ചിത്രീകരിച്ചിട്ടുമില്ല.... പിന്നെ എന്താണ് തനിക്കു പറ്റിയത്? അജിത്തിന് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
അജിത്ത് പ്രഭാകരവര്‍മ്മയ്ക്ക് ഫോണ്‍ ചെയ്തു. വര്‍മ്മസാറിനോട് സംസാരിക്കുമ്പോഴാണ് തനിക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടാറുള്ളത്. അങ്ങേത്തലയ്ക്കല്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. സാര്‍ തിരക്കിലോ മറ്റോ ആണെന്നു തോന്നുന്നു. അജിത്ത് ഫോണ്‍ ബെല്ലടിച്ചുനിന്നപ്പോള്‍ ഒന്നുകൂടി ട്രൈ ചെയ്തു.
ഹലോ.... വര്‍മ്മസാറെ..... കുറച്ചുദിവസമായല്ലോ കണ്ടിട്ട്.... എന്താസാറെ സുഖം തന്നെയല്ലേ? അജിത്ത് കുശലാന്വേഷണം നടത്തി.
'ങ്ങാ.... എന്താടോ അജി വിശേഷം? എനിക്കവിടെ സുഖം തന്നെ. പിന്നെ പ്രായമൊക്കെ ഏറിത്തുടങ്ങിയില്ലേടോ അജി. നിങ്ങളു ചെറുപ്പക്കാരെപ്പോലെ ഞങ്ങള്‍ക്ക് ഓടിച്ചാടി പറ്റുമോ.....' മറുതലയ്ക്കല്‍ ചിരിമുഴങ്ങി....
'ഓ.... പിന്നെ..... വര്‍മ്മസാറിനല്ലേ പ്രായമേറിയത്..... ഇനിയും വേണേ ഒരു പെണ്ണൂടെ  കെട്ടാം....' അജി കളിയാക്കി.
'ആ.... പിന്നെന്തുണ്ട് അജി വിശേഷങ്ങള്‍..... ഇങ്ങോട്ടൊക്കെ വന്നിട്ട് കുറച്ചായല്ലോ? ഞങ്ങളെയൊക്കെ മറന്നെന്നുണ്ടോ? താനവിടെ ഒറ്റയ്ക്ക് എന്തെടുക്കുവാടോ.... വല്ലപ്പോഴും ഒന്നിങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ..... അതോ വല്ല മദാമ്മമാരുമായും ഡേറ്റിങ്ങിലാണോടേ അജി.....' വര്‍മ്മസാര്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ല.
'ഓ.... പിന്നെ.... ക്യൂവല്ലേ ഇവിടെ.... എല്ലാവര്‍ക്കും കണ്ണ് പണത്തിലാ.....' അജി പറഞ്ഞു.
'അതെന്താ അജി താനങ്ങിനെ പറഞ്ഞത്?' വര്‍മ്മ തിരക്കി.
'ഓ..... ഞാന്‍ ഇവിടെ ഒറ്റയ്ക്കായെന്നറിഞ്ഞ് ചിലര്‍ ഡിവോഴ്‌സിന് നിര്‍ബന്ധിച്ചു. വേറൊരു കല്യാണം കഴിച്ചുകൂടെ എന്നും ഉപദേശിക്കാറുണ്ട്. എല്ലാവരും എന്റെ ഭാരിച്ച സ്വത്തിന്റെ ബാഹുല്യം നോക്കിയാ വരുന്നതെന്ന് എനിക്കറിയരുതോ? അതുകൊണ്ട് പറഞ്ഞുപോയതാ....'  അജിത്ത് വിശദീകരിച്ചു.
'അതിവിടുത്തെ ശൈലിയാണെന്നുള്ളത് അജിത്തിനറിയരുതോ? ഒരാളുപോയാ വേറൊരാളുമായി ജീവിതം പങ്കുവയ്ക്കും. നമ്മുടെ നാട്ടിലെപ്പോലെ സുദൃഢമായൊരുബന്ധം വെസ്‌റ്റേണ്‍ കള്‍ച്ചറില്‍ വിരളമാണെന്ന് ഞാന്‍ പറയേണ്ടതുണ്ടോ? ഇപ്പോള്‍ നമ്മുടെ നാട്ടിലും ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് ഡിവോഴ്‌സ് എന്ന ആയുധം പ്രയോഗിക്കുന്ന ദുര്‍വിധി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നതാ സത്യം.' പ്രഭാകരവര്‍മ്മ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
'ഉം....' അജിയൊന്നു മൂളുകമാത്രം ചെയ്തു.....
'ഹലോ അജി..... നിന്നെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ല കേട്ടോ.... നീ സമാധാനപ്പെട്, ജീവിതത്തിലെ പ്രതിസന്ധികളും തെറ്റിദ്ധാരണകളും ഉയര്‍ച്ച താഴ്ച്ചകളും സര്‍വ്വസാധാരണമാണ്. ജീവിതത്തില്‍നിന്ന് പിന്തിരിഞ്ഞോടുന്നത് ഭീരുത്വമാണ്. എന്താ അജി. ഇപ്പോ നീ കുട്ടികളെ വിളിക്കാറില്ലേ?'  പ്രഭാകരവര്‍മ്മ അജിത്തിനോട് ജിജ്ഞാസയോടെ തിരക്കി.
'ങ്ങാ..... ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്. കുട്ടികളുടെ സംസാരവും ശബ്ദവും കേട്ടുകഴിഞ്ഞ് ഫോണ്‍വച്ചു കഴിഞ്ഞാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നും. ഞാനൊന്തൊരു മണ്ടത്തരമാ വര്‍മ്മസാറെ കാട്ടിയത്..... നാലുവര്‍ഷമായിട്ട് ഏകാന്തതടവിന്റെ അനുഭവമാ എനിക്ക്..... ഒന്നു രണ്ടു വര്‍ഷം പിണങ്ങിയും ഇണങ്ങിയും എന്തിനധികം രണ്ട് റൂമിലായി വേറിട്ട് ജീവിച്ചപ്പോള്‍പോലും  ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ടില്ല..... എന്റെ കുഞ്ഞുങ്ങള്‍..... കെല്‍സി അവളിനി എന്നെ തിരഞ്ഞുപോലും നോക്കുമെന്ന് തോന്നുന്നില്ല..... മുറിവേറ്റുപോയവളാണ് അവള്‍....' അജിത്ത് ഒരു ഭ്രാന്തമായ ആവേശത്തോടെ പുലമ്പുകയാണ്. മറുതലയ്ക്കല്‍ പ്രഭാകരവര്‍മ്മ എന്തുപറയണമെന്നറിയാതെ മിണ്ടാതെ നില്‍ക്കുകയാണ്.....
'ഹലോ അജിത്തേ..... കൂള്‍ഡൗണ്‍ കൂള്‍ഡൗണ്‍..... നീയിങ്ങനെ ആയാലോ.... നീ സമാധാനിക്ക് എല്ലാം നല്ലതിനെന്നു കരുതുക. നമുക്ക് വഴിയുണ്ടാക്കാമെടോ..... താനൊരുകാര്യം ചെയ്യ് നാളെ വൈകുന്നേരം ഇങ്ങോട്ടേയ്ക്ക് പോര്..... നമുക്ക് കുറച്ചുസംസാരിക്കാം..... താനവിടെ ഒറ്റയ്ക്കിരിക്കുമ്പോഴാണ് ചിന്തകള്‍ ഏറുന്നത്.... ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ....' അജിത്തിനെ സമാധാനപ്പെടുത്തിക്കൊണ്ട് വര്‍മ്മ പറഞ്ഞു.
'ഉണ്ട്.....'
'ങ്ങാ..... എങ്കില്‍ ഇപ്പോള്‍ തല്‍ക്കാലത്തേയ്ക്ക് ഫോണ്‍ വയ്ക്ക്.... അജി ഒരു കാര്യം ചെയ്യ് വെറുതെ ഇരുന്ന് ചിന്തകളാല്‍ മനസിനെ അലട്ടാതെ എന്തെങ്കിലും നല്ല പുസ്തകം ഇരിപ്പുണ്ടെങ്കില്‍ എടുത്ത് വായിക്ക്.... മനസിന് സമാധാനം കിട്ടും..... നമുക്ക് നാളെ കാണാം എന്താ?'
'ശരി.....' അജിത്ത് സമ്മതിച്ചു.
'എന്നാ ശരി..... ബൈ.... ഗുഡ്‌നൈറ്റ്' പ്രഭാകരവര്‍മ്മ ഫോണ്‍ കട്ട്‌ചെയ്തു. അജിത്തിന് ചെറിയൊരു ആശ്വാസം തോന്നി. ഒരു ദീര്‍ഘനിശ്വാസത്തോടെ സോഫായിലേയ്ക്ക് മലര്‍ന്നുകിടന്ന് കണ്ണുകള്‍ ഇറുകെ അടച്ചു.

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍: 23- കൊല്ലം തെല്‍മ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക