Image

മിസ്റ്റര്‍ സത്യന്‍ അന്തിക്കാട്‌; ഇനിയെങ്കിലും ഒന്ന്‌ മാറ്റിപ്പിടിക്കു....(ജയമോഹനന്‍ എം)

Published on 27 March, 2015
മിസ്റ്റര്‍ സത്യന്‍ അന്തിക്കാട്‌; ഇനിയെങ്കിലും ഒന്ന്‌ മാറ്റിപ്പിടിക്കു....(ജയമോഹനന്‍ എം)
രാജാവ്‌ നഗ്നനാണെന്ന്‌ പറയാന്‍ ആരെങ്കിലും വേണമെല്ലോ. തത്‌കാലം ആ ഉത്തരവാദിത്വം ലേഖകന്‍ ഏറ്റെടുക്കുന്നു. മലയാള സിനിമയിലെ രാജാക്കന്‍മാരായ സത്യന്‍ അന്തിക്കാടിനെയും മോഹന്‍ലാലിനെയും പോരാത്തതിന്‌ അഭിനവ രാഞ്‌ജിയായ മഞ്‌ജുവാര്യരെയും നോക്കിയാണ്‌ ലേഖകന്റെ ആക്ഷേപം. മൂവരും മെച്ചപ്പെട്ട രീതിയില്‍ നഗ്നര്‍ തന്നെ. സത്യേട്ടാ, ലാലേട്ടാ, മഞ്‌ജു ചേച്ചി നിങ്ങള്‍ മൂവരും ചേര്‍ന്ന്‌ കാഴ്‌ചവെച്ച എന്നും എപ്പോഴും എന്ന സിനിമ അറുബോറന്‍ കാഴ്‌ചയാണ്‌. അളിഞ്ഞു കുളമായ ``ലാലിസം'' ഇതിലും എത്രയോ ഭേദം എന്നേ പറയാനുള്ളു.

മാധ്യമ സ്‌തുതിപാടല്‍ ഏറെ ഏറ്റുവാങ്ങിയിട്ടുള്ള സംവിധായകനാണ്‌ സത്യന്‍ അന്തിക്കാട്‌. ഒരു കാലഘട്ടം വരെ മികച്ച സിനിമകള്‍ ചെയ്‌ത സംവിധായകന്‍. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ സിനിമകളെല്ലാം അറുബോറ്‌ തന്നെയാണ്‌. യാതൊരു കഥയും കഴമ്പുമില്ലാതെ ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന ലൈനില്‍ കുറെ നന്മപറച്ചിലാണ്‌ മിക്ക സിനിമകളും. ശരിക്കൊന്ന്‌ നോക്കിയാല്‍ ലോജിക്ക്‌ എന്ന പറയുന്ന സാധനം തൊട്ടു തെറിച്ചിട്ടുണ്ടാവില്ല അടുത്തിടെയുള്ള ഒറ്റ സത്യന്‍ ചിത്രത്തിലും. മേക്കിംഗ്‌ പാറ്റേണ്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു വിനയന്‍ ചിത്രത്തിന്റെ നിലവാരം മാത്രമേ ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, കഥ തുടരുന്നു, സ്‌നേഹവീട്‌, പുതിയ തീരങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയ കഥ, എന്നും എപ്പോഴും എന്നീ സിനിമകള്‍ക്കുള്ളു. അതിന്‌ മുമ്പ്‌ മനോഹരമായ സിനിമകള്‍ ചെയ്‌തിരുന്ന സംവിധായകനാണ്‌ ഈ ദുരവസ്ഥ എന്നതും ഓര്‍മ്മിക്കണം.

പുതിയ സത്യന്‍ ചിത്രത്തിന്റെ പേര്‌ തന്നെയാണ്‌ സത്യന്‍ അന്തിക്കാട്‌ സിനിമകളുടെ കുഴപ്പം. ``എന്നും എപ്പോഴും''. എന്നും എപ്പോഴും ഒരേ കഥ, ഒരേ സിനിമ. ഇത്രയും അന്വര്‍ഥമായ ഒരു പേരിലേക്ക്‌ എന്തായാലും സത്യന്‍ അവസാനം എത്തിച്ചേര്‍ന്നത്‌ നന്നായി. ഒരേ റൂട്ടിലോടുന്ന സ്ഥിരം ബസാണ്‌ സത്യന്റെ സിനിമ എന്ന വിമര്‍ശനം കേട്ടു തുടങ്ങിയിട്ട്‌ കുറെക്കാലമായി. എന്നാല്‍ വിമര്‍ശനം സഹിക്കുന്ന കൂട്ടത്തിലല്ല സത്യന്‍. വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവര്‍ അസൂയ മൂത്ത്‌ വിമര്‍ശിക്കുന്നതാണ്‌ എന്നവും സത്യേട്ടന്റെ കണ്ടെത്തല്‍. പിന്നെ പുശ്ചമായി. പുശ്ചിച്ചുള്ള ലേഖനമെഴുത്തായി. ഒരു ഇന്ത്യന്‍ പ്രണയ കഥയെ ആരോ മോശം പറഞ്ഞുവെന്ന്‌ പറഞ്ഞ്‌ സത്യേട്ടന്‍ എഴുതിയ ലേഖനം ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഫേസ്‌ബുക്കില്‍ എഴുതുന്നവര്‍ മുഴുവന്‍ കഴുതകളാണ്‌ എന്ന തരത്തില്‍ അടച്ചാക്ഷേപിക്കുന്ന രീതിയാണ്‌ സത്യന്‍ അന്തിക്കാടിന്റേത്‌.

വിമര്‍ശനങ്ങള്‍ കേള്‍ക്കുക എന്നതാണ്‌ പ്രഥമികമായി ഒരു കലാകാരന്‍ സ്വായത്തമാക്കേണ്ട ജനാധിപത്യ മര്യാദ എന്ന്‌ സത്യന്‍ അന്തിക്കാട്‌ മറന്നു പോകുന്നിടത്താണ്‌ അദ്ദേഹത്തിന്റെ പരാജയം തുടങ്ങുന്നത്‌. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ശ്രീനിവാസനും അധോഗതിയായിപ്പോയതിന്‌ പിന്നിലെ കാരണം മറ്റൊന്നല്ല.

ഇപ്പോഴും വിവാഹം കഴിഞ്ഞിട്ടില്ലാത്ത, വിവാഹ പ്രായം ഒരിമ്പിടി മാത്രം കൂടുതലുള്ള ചെറുപ്പക്കാരനാണ്‌ എന്നും എപ്പോഴും എന്ന ചിത്രത്തിലെ വിനീത്‌ എം പിള്ള എന്ന മോഹന്‍ലാല്‍ കഥാപാത്രം. ദൃശ്യം എന്ന ചിത്രത്തില്‍ പത്താംക്ലാസുകാരിയുടെ അച്ഛനായി എത്തിയ മോഹന്‍ലാലിനെ കാണാന്‍ ഒരു സ്വാഭാവികതയുടെ ചന്തമുണ്ടായിരുന്നു. പക്ഷെ സത്യന്‌ ഇപ്പോഴും ലാലില്‍ കാണുന്നത്‌ മധുപ്പതിനേഴാണ്‌. കഷ്‌ടം എന്നല്ലാതെ എന്തു പറയാന്‍. സിനിമയുടെ പരാജയവും ഇവിടെ തന്നെ തുടങ്ങുന്നു. വിവാഹം ഇത്തിരി വൈകിപ്പോയതിന്‌ ലാലേട്ടന്റെ കാരക്‌ടറിനെക്കൊണ്ട്‌ ഒരു ന്യായവും പറയിക്കുന്നുണ്ട്‌ സത്യന്‍ അന്തിക്കാട്‌. തന്റെ അമ്മയുടെ ഗുണുമുള്ള ഒരു പെണ്ണിനെ സത്യന്‍ ഇതുവരെയും കണ്ടിട്ടില്ല. എന്താണ്‌ ഈ ഗുണഗണങ്ങളെന്ന്‌ സിനിമയില്‍ പറയുന്നുമില്ല. എന്തായാലും ടിയാന്‍ കല്യാണം കഴിച്ചിട്ടില്ല.

അപ്പോള്‍ സ്വാഭാവികമായും നായിക വരണം. ഒന്നല്ല രണ്ട്‌ നായികമാരെ ഫിറ്റ്‌ ചെയ്‌തിട്ടുണ്ട്‌ സംവിധായകന്‍. അതിലൊന്ന്‌ റീനുമാത്യൂസിന്റെ മുതലാളി കഥാപാത്രം. മറ്റൊന്ന്‌ മഞ്‌ജുവാര്യരുടെ വക്കീല്‍ കഥാപാത്രം. ഭയങ്കരമാനമായ വക്കീലാണ്‌ ഈ മഞ്‌ജുവാര്യരുടെ കഥാപാത്രം. എന്താണ്‌ ഈ ഭയങ്കരം എന്നു മാത്രം ആര്‍ക്കും മനസിലാവുകയില്ല. വനിതാരത്‌നം മാസികയുടെ റിപ്പോര്‍ട്ടറായ വിനിത്‌ പിള്ള മഞ്‌ജുവാര്യരുടെ ദീപ എന്ന കഥാപാത്രത്തിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ അസൈന്‍ ചെയ്യപ്പെടുന്നു.

പക്ഷെ ഇന്റര്‍വ്യു എടുക്കാന്‍ പോകുന്ന ജേണലിസ്റ്റിന്‌ അപ്രാപ്യമായ എന്തെങ്കിലും അഡ്വക്കേറ്റ്‌ ദീപക്ക്‌ ചുറ്റുമുള്ളതായി ആര്‍ക്കും മനസിലാവില്ല. ഇനി ആകെ മനസിലാകുന്നത്‌ വിനിത്‌ പിള്ള ഒരു പൊട്ടനായതുകൊണ്ട്‌ ഇന്റര്‍വ്യു എടുക്കാന്‍ കഴിയുന്നില്ല എന്ന്‌ മാത്രമാണ്‌. ഈ പൊട്ടനെ മിടുക്കനായ ജേണലിസ്റ്റായി പലയിടത്തും കാണിക്കുന്നുമുണ്ട്‌. ആകെ കൂടെ ഒരു ലോജിക്കില്ല. പിന്നെ ഈ ദീപയുടെ കഥയായി സിനിമയില്‍. എന്തോന്ന്‌ കഥ എന്ന്‌ നോക്കി കണ്ണുമിഴിച്ചിരിക്കുമ്പോള്‍ വിവാഹമോചിതയായ ദീപയിലേക്ക്‌ പൂര്‍വ്വ ഭര്‍ത്താവിന്റെ കരാളഹസ്‌തങ്ങള്‍ എത്തും. അതിനെ വെറും ചീളുകേസുപോലെ വിനീത്‌ പിള്ള കേറി തകര്‍ക്കും. അതോടെ ദീപക്ക്‌ വിനീത്‌ പിള്ളയോട്‌ ആരാധനയാവും. പിന്നെ ഇന്റര്‍വ്യു കൊടുക്കും. അതോടെ സിനിമ തീരും.

ഇതിനിടയില്‍ എന്തിനോ വേണ്ടി തിളയക്കുന്ന സാമ്പാര്‍ എന്ന പരുവത്തില്‍ കുറെ സീനുകള്‍ നമ്മള്‍ കാണും. എന്നാല്‍ ഇവിടെ ലക്ഷ്യം വെച്ചിരിക്കുന്ന മറ്റൊന്നുണ്ട്‌. മഞ്‌ജുവിന്റെ കവല പ്രസംഗം. അതും വിവാഹ മോചനത്തെക്കുറിച്ച്‌. വ്യക്തിജീവിതത്തില്‍ വിവാഹ മോചിതയായ മഞ്‌ജുവിന്റെ കഥാപാത്രത്തെ സിനിമയിലും വിവാഹമോചിതയായി ചിത്രീകരിച്ച്‌ അതിന്റെ സെന്റിമെന്‍സും സെന്‍സേഷനും മുതലെടുക്കാന്‍ എന്ന്‌ മാത്രം തോന്നിപ്പിക്കുന്ന കുറെ ഡയലോഗുകള്‍. `എന്റെ തീരുമാനം ശരിയായിരുന്നു' എന്ന്‌ അര്‍ഥം വരുന്ന ഈ സംഭാഷണങ്ങള്‍ കഥയില്‍ എവിടെയും ആവശ്യമുള്ളതായി അനുഭവപ്പെടുകയുമില്ല. ഹൗ ഓള്‍ഡ്‌ ആര്‍ യു മാര്‍ക്കറ്റ്‌ ചെയ്‌ത മഞ്‌ജുവിന്റെ വ്യക്തി ജീവിത പ്രശ്‌നം ഇവിടെ മറ്റൊരു രീതിയില്‍ മാര്‍ക്കറ്റ്‌ ചെയ്യുകയാണ്‌ സത്യന്‍ അന്തിക്കാട്‌. ഇതിനപ്പുറം എന്തെങ്കിലും കഥയോ കഴമ്പോ എന്നും എപ്പോഴും എന്ന സിനിമക്ക്‌ ഉള്ളതായി കരുതുക വയ്യ. അതുകൊണ്ട്‌ മിസ്റ്റര്‍ സത്യന്‍ അന്തിക്കാട്‌, താങ്കള്‍ ഇനിയെങ്കിലും ഒന്ന്‌ മാറ്റിപ്പിടിക്കുന്നത്‌ നന്നായിരിക്കും.
മിസ്റ്റര്‍ സത്യന്‍ അന്തിക്കാട്‌; ഇനിയെങ്കിലും ഒന്ന്‌ മാറ്റിപ്പിടിക്കു....(ജയമോഹനന്‍ എം)
Join WhatsApp News
thannalamashood 2015-11-12 04:01:11
സര്‍ ഏയ് ഓട്ടോക്ക് ശേഷം ഞാന്‍  ലാലേട്ടനെ നായകനാക്കി സംകല്‍പിച്ച് ഒരു  കഥ തയ്യാറാക്കിയിട്ടുണ്ട് പണം തിരുമറി നടത്തുന്ന ഒരാള്‍  ധാരാളം കോമഡിയും ക്ളെെമാക്സും എഴുതിച്ചേര്‍ത്ത ഈകഥ പുറം ലോകം  അറിയാന്‍ ആരുംഅറിയാത്ത ഒരു  വ്യക്തിയുടെ അഭ്യര്‍തന എന്റെ നംപര്‍ 9048606505
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക