Image

പ്രിയ നികേഷ്, കിട്ടേണ്ടതു തന്നെയല്ലേ കിട്ടിയത്?

ജയമോഹനന്‍ എം Published on 26 March, 2015
പ്രിയ നികേഷ്, കിട്ടേണ്ടതു തന്നെയല്ലേ കിട്ടിയത്?
''മിസ്റ്റര്‍ നികേഷ് കുമാര്‍, താങ്കള്‍ക്ക് കേള്‍ക്കാമെന്ന് കരുതുന്നു. തീര്‍ച്ചയായും ഇത് അനിവാര്യമായ ഒരു അറസ്റ്റ് തന്നെയല്ലേ''.

ഇങ്ങനെ പറയുന്നത് അല്പം മനുഷ്യത്വ രഹിതമായി ആദ്യ വായനയില്‍ തോന്നിയേക്കാം. എങ്കിലും പറയാതെ വയ്യ, റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനെ ഇന്‍കംടാക്‌സ് വകുപ്പ് അറസ്റ്റ് ചെയ്തത് തീര്‍ച്ചയായും അര്‍ഹിക്കപ്പെടുന്നതും അനിവാര്യവുമായിരുന്നു. പിണറായി വിജയനും, എംഎ ബേബിയും അടക്കം നിരവധി രാഷ്ട്രീയ മാധ്യമ പ്രതിഭകള്‍ നികേഷ് കുമാറിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണ് എന്നൊക്കെ പറയുമ്പോഴും ഞാന്‍ ഈ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. നികേഷ് കുമാര്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള കാലം അതിക്രമിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴെങ്കിലും ഇത് സംഭവിച്ചത് വളരെ നന്നായി.

ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന വിഷയം ആഘോഷിക്കുകയല്ല ഇവിടെ. മറിച്ച് മലയാള ദൃശ്യ
വാര്‍ത്താ രംഗത്തെ തലതൊട്ടപ്പനായ നികേഷ് കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, അതും അദ്ദേഹത്തിന്റെ ചാനല്‍ നികുതി അടക്കാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അത് മലയാള ടെലിവിഷന്‍ വാര്‍ത്താ രംഗത്തും സമൂഹത്തിലും വരുത്തിയ ചലനങ്ങള്‍ ഇവിടെ ആവശ്യമായിരുന്നു എന്നതിനാലാണ്.

1.42 കോടി രൂപയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ സേവന നികുതിയിനത്തില്‍ അടക്കാനുള്ളത്. ഈ തുക പിരിച്ചു കിട്ടാത്തതിന്റെ പേരിലാണ് അദ്ദേഹത്തെ സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതിയില്‍ എത്തിച്ചപ്പോള്‍ നികേഷ്‌ കുമാറിന് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് നികേഷ് കുമാര്‍ തന്നെ റിപ്പോര്‍ട്ടറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന സ്വന്തം കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. തൊട്ടുപിറകെ എന്തുകൊണ്ട് എനിക്ക് നിങ്ങളുടെ ഐക്യദാര്‍ഡ്യം വേണം എന്ന കുറിപ്പിലൂടെ ജനങ്ങളുടെ ഐക്യദാര്‍ഡ്യം അഭ്യര്‍ഥിച്ചിരിക്കുന്നു.

സത്യത്തില്‍ മലയാളത്തിലെ ചാനല്‍ ലോകത്ത് നികേഷ് കുമാറിന്റെ ചാനല്‍ സേവന നികുതി അടക്കാത്തത് തട്ടിപ്പും വെട്ടിപ്പുമൊന്നും കൊണ്ടല്ല. മറിച്ച് നിവൃത്തികേടു കൊണ്ടാണ്. ഇന്നത്തെ വിപണയില്‍ ഒരു വാര്‍ത്താ ചാനലിന് തട്ടിയും മുട്ടിയുമൊക്കെ മാത്രമേ കടന്നു പോകാന്‍ കഴിയു. അതുകൊണ്ടു തന്നെ നികേഷ് വസ്തുതാപരമായി നികുതി വെട്ടിച്ച തട്ടിപ്പുകാരനാകുന്നുമില്ല. ഇവിടെ ലേഖകന്‍ പൂര്‍ണ്ണമായും നികേഷിനൊപ്പം തന്നെയാണ്. എന്നാല്‍ തന്റെ അറസ്റ്റിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന നികേഷിന്റെ ശ്രമങ്ങളും ഒരു നാര്‍സിസ്റ്റിന്റേത് മാത്രമാണ് എന്നതാണ് ചര്‍ച്ചയാവേണ്ടത്. ഈ നാര്‍സിസ്റ്റ് മലയാള വാര്‍ത്താ രംഗത്തെ പ്രമുഖനാകുമ്പോള്‍ മീഡിയ ഫാസിസമാണ് നടപ്പാക്കുന്നതെന്നും ഈ മീഡിയ മോറല്‍ പോലീസിംഗിന് അഥവാ ഫാസിസത്തിന് ലഭിച്ച ആദ്യത്തെ ഷോക്കാണ് നികേഷിന്റെ അറസ്റ്റ് എന്നതും സംഭവത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ഒന്നാമത് നികേഷ് മലയാളത്തില്‍ അവതരിപ്പിച്ച വാര്‍ത്താ സംസ്‌കാരം തീര്‍ത്തും വികലമായ ഒന്നായിരുന്നു. എങ്ങനെ ദേശിയ മാധ്യമത്തിലിരുന്ന് അര്‍ണബ് ഗോസ്വാമി എന്ന 'നാഷണല്‍ നികേഷ്‌കുമാര്‍' വാര്‍ത്തകളെ നിശിപ്പിച്ച് ജനങ്ങളുടെ ഹിസ്റ്റീരിയയെ വാര്‍ത്തയാക്കി മാറ്റുന്നുവോ അതിന്റെ കേരളാ പതിപ്പായിരുന്നു നികേഷ് കുമാര്‍. ഈ നാട്ടില്‍ ജനശ്രദ്ധയിലേക്ക് വരേണ്ടുന്ന എത്രയോ വര്‍ത്തകളെ തമസ്‌കരിച്ച്, കേവലം പിണറായി - വി.എസ് പോരാണ് അല്ലെങ്കില്‍ അതുപോലെയുള്ള കാര്യങ്ങളാണ് കേരളം ശ്രദ്ധിക്കേണ്ടത് എന്ന് വരുത്തി തീര്‍ത്തവരില്‍ പ്രധാനിയായിരുന്നു നികേഷ്‌കുമാര്‍. പ്രസക്തമായ വാര്‍ത്തകള്‍
നികേഷ്‌ വായിക്കാതെ വിട്ടു എന്നതല്ല ഇവിടെ പറഞ്ഞുവെക്കുന്നത്. പ്രസക്തമായ വാര്‍ത്തകള്‍ പലതും വായിക്കാതെ അപ്രസക്തമായവയെ വില്‍പ്പനയുടെ വിപണി മൂല്യം മാത്രം നോക്കി പധാനപ്പെട്ടവയായി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. ഇന്ന് കേരളത്തിലെ എല്ലാ ചാനലുകളും അവലംബിച്ചു പോരുന്ന ഈ രീതിയാണ് മലയാള വാര്‍ത്താ സംസ്‌കാരത്തെ നശിപ്പിച്ചത്.

നാളത്തെ പത്രത്തിന്റെ ഏഴാം പേജില്‍ ഒറ്റക്കോളം വര്‍ത്തയായി അവസാനിക്കേണ്ടുന്ന പ്രധാന്യം മാത്രമുള്ള ചവറു വിഷയങ്ങളെ പ്രൈം ടൈംമില്‍ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് മലയാളിയുടെ മസ്തിഷ്‌കത്തിലേക്ക് നികേഷും സംഘവും കുത്തിനിറയ്ക്കുമ്പോള്‍ ടെലിവിഷന്‍ സീരിയലുകളെപ്പോലെ അധപ്പതിച്ചുകൊണ്ടിരുന്നത് വാര്‍ത്താ ലോകമായിരുന്നു. അതിന്റെ ഉത്തരവാദികളില്‍ പ്രധാനിയായിരുന്നു നികേഷ് കുമാര്‍.

ഇനി നികേഷ് പഠിക്കേണ്ട മറ്റൊരു പാഠത്തിലേക്ക് വരാം. ഒരാള്‍ക്കെതിരെ ഒരു കേസ് ഉണ്ടാവനും അത് അറസ്റ്റ് വരെയെത്താനും നിസാര സമയം മതിയെന്നും നിസാര കാരണങ്ങള്‍ മതിയെന്നും വിഷയത്തില്‍ നമ്മള്‍ കുറ്റവാളിയായികൊള്ളണമെന്നില്ലെന്നും നികേഷിന് ഇപ്പോള്‍ മനസിലായിക്കാണും. കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തി അത് തെളിയിക്കപ്പെടുന്നത് വരെ നിരപരാധി തന്നെയാണ് എന്ന നിയമവ്യവസ്ഥിതിയാണ് ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമാക്കുന്ന പല ഘടകങ്ങളില്‍ ഒന്ന്. പക്ഷെ ഇന്ന് നികേഷ് ഉയര്‍ത്തിവിട്ട മാധ്യമ സംസ്‌കാരത്തില്‍ പൊലിയുന്നതും ഇതേ ജനാധിപത്യമാണ്. ഒരാളില്‍ കുറ്റം ആരോപിക്കപ്പെടുമ്പോള്‍ മുതല്‍ തുടങ്ങുന്ന സമാന്തര വിചാരണയാണ് ഇന്ന് മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്.

കോടതി വെറുതെ വിടുമ്പോഴും മാധ്യമങ്ങള്‍ സൃഷ്ടിച്ച വിചാരണയിലൂടെ കുറ്റക്കാരന്‍ എന്ന ഇമേജ് അയാളില്‍ ചാര്‍ത്തപ്പെടുന്നു.

മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ ഒരു നികുതിവെട്ടിപ്പുകാരനാണ് എന്ന പൊതുബോധ ഇമേജ് രൂപപ്പെടാന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളു എന്നോര്‍ക്കുക. ഒരു ആരോപണം ഉണ്ടായാല്‍ മുന്‍പിന്‍ നോക്കാതെ അത് വാര്‍ത്തയാക്കുന്ന ചാനല്‍ സംസ്‌കാരം തുടങ്ങിവെച്ച നികേഷ് കുമാര്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണിരിക്കുന്നു. സോറി നികേഷ് സത്യമായും ലേഖകന് ഇപ്പോള്‍ കൈയ്യടിച്ച് ചിരിക്കാനാണ് തോന്നുന്നത്.

വാര്‍ത്ത സൃഷ്ടിക്കാനുള്ള മത്സരയോട്ടത്തില്‍ നികേഷടക്കം മുറിവേല്‍പ്പിച്ചവരെ ഈ നിമിഷം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. സര്‍വീസ് ടാക്‌സ് അടക്കാതിരിക്കുന്നതിന് നികേഷ് സ്വന്തം കുറിപ്പില്‍ നല്‍കുന്ന ന്യായീകരണം പരസ്യത്തുക പിരിച്ചെടുക്കാന്‍ പറ്റിയില്ല എന്നതാണ്. പരസ്യത്തുക നികേഷിന്റെ കമ്പിനിയിലെ മനേജര്‍മാര് പിരിച്ചെടുക്കാത്തതിന് ഇന്‍കംടാക്‌സ് ഓഫീസിലെ ജീവനക്കാര്‍ എങ്ങനെ കുറ്റക്കാരാവും. അത് റിപ്പോര്‍ട്ടറിന്റെ പിടിപ്പുകേടാണ്. സ്വന്തം പിടിപ്പുകേടിനെ ന്യായീകരിക്കുന്ന മൂന്നാം കിട രാഷ്ട്രീയക്കാരനായി ഇവിടെ നികേഷ് മാറുന്ന കോമാളിത്തരം ചരിത്രത്തിന്റെ അനിവാര്യത തന്നെയാണ്.

ഇതുപോലെ തനിക്ക് ഐക്യദാര്‍ഢ്യം അവശ്യപ്പെട്ട് നികേഷ് എഴുതിയിരിക്കുന്ന കുറിപ്പിലെ പല കാര്യങ്ങളും. അതിലൊന്ന് ചൂണ്ടിക്കാട്ടാം. അറസ്റ്റ് നടന്നപ്പോള്‍ മുന്‍ കമ്മീഷണറായ ഡോ. രാഘവനോട് സഹായം അഭ്യര്‍ഥിച്ചു എന്ന് നികേഷ് പറയുന്നുണ്ട്. നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തി ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുന്നത് ശരിയാണോ. ഇത്തരക്കാരെ ചാനല്‍ ഫ്‌ളോറില്‍ വിളിച്ചിരുത്തി കുറ്റവിചാരണ ചെയ്യുന്നയാളണല്ലോ താങ്കള്‍. എന്തുകൊണ്ട് സ്വന്തം കാര്യം വന്നപ്പോള്‍ ഇത് തെറ്റിച്ചു. അപ്പോള്‍ എവിടെപ്പോയി നിങ്ങളുടെ നിഷ്പക്ഷ മാധ്യമസ്വഭാവം?
 
ഇനി എന്തുകൊണ്ട് നികേഷ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവം റിപ്പോര്‍ട്ടറില്‍ അപ്പോള്‍ തന്നെ വാര്‍ത്തയായില്ല? എന്തും ന്യായമോ അന്യായമോ നോക്കാതെ വാര്‍ത്തയാക്കുന്ന റിപ്പോര്‍ട്ടര്‍ സ്വന്തം മുതലാളിയുടെ കാര്യത്തില്‍ വാര്‍ത്ത തമസ്‌കരിക്കാന്‍ ശ്രമിച്ചു. ഒരു ചാനല്‍ മുതലാളി അറസ്റ്റ് ചെയ്യപ്പെടുന്നത് ജനങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ല എന്ന് കരുതാന്‍ മാത്രം മണ്ടന്‍മാരാണോ റിപ്പോര്‍ട്ടറിലുള്ളത്. എന്തുകൊണ്ട് ഭരണകൂട ഭീകരതയെന്നോ, തനിക്ക് നേരെയുള്ള ഗൂഡാലോചനയെന്നോ, മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നോ റിപ്പോര്‍ട്ടറില്‍ ചര്‍ച്ച നടന്നില്ല. അപ്പോള്‍ അറസ്റ്റില്‍ കുറയൊക്കെ കാര്യമുണ്ടെന്ന് നികേഷ് കുമാറും അംഗീരിച്ചു നല്‍കുകയല്ലേ.

എല്ലാത്തിനുമൊടുവില്‍ സ്വയം ന്യായീകരിക്കാനുള്ള കുറിപ്പില്‍ വാഴപ്പിണ്ടി മാറ്റിവെച്ച് നട്ടെലുള്ള മാധ്യമപ്രവര്‍ത്തനം തുടങ്ങിയത് ചാനലുകളാണെന്നും താനാണ് അതിന്റെ തുടക്കക്കാരനെന്നും നികേഷ്‌ കുമാര്‍ പറയുന്നു. ഇവിടെ വര്‍ഷങ്ങള്‍ പഴക്കമുള്ള മലയാള ജേര്‍ണലിസത്തെ മൊത്തം അപഹസിക്കുകയാണ് നികേഷ്‌ കുമാര്‍ ചെയ്യുന്നത്. ഇതിന് മുമ്പുള്ളവര്‍ നടത്തി
അന്തസുറ്റ മാധ്യമപ്രവര്‍ത്തനത്തിന്റെ ക്രെഡിബിലിറ്റിക്ക് മുകളിലിരുന്നാണ് നികേഷ്‌ കുമാര്‍ മുതല്‍ ഈ ലേഖകന്‍ വരെയുള്ളവര്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്. അതിനെ പുശ്ചിക്കുന്നതും തള്ളിപറയുന്നതും ഇരട്ടത്താപ്പ് മാത്രമാണ്.

ചുരുക്കിപ്പറയാം. സേവന നികുതി അടക്കാത്തതിനാണ് താങ്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പരസ്യവരുമാനം പിരിഞ്ഞുകിട്ടിയില്ല എന്നത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രശ്‌നമല്ല. താങ്കളുടെ ചാനലിന്റെ പ്രശ്‌നമാണ്. അത് കിട്ടിയില്ല എന്നതുകൊണ്ട് നികുതി അടക്കുക എന്ന കാര്യത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിയില്ല. നിയമപരമായി താങ്കള്‍ക്ക് കിട്ടാനുള്ള പണം പിരിച്ചെടുക്കുകയും അതില്‍ നിന്നും നികുതി അടക്കാനുള്ളത് അടക്കുകയുമാണ് വേണ്ടത്. അതിനു പകരം മലയാളിയെ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാടുമായി ദയവ് ചെയ്ത് മുന്നാംകിട രാഷ്ട്രീയക്കാരെപ്പോലെ തരംതാഴരുത്.

പ്രിയ നികേഷ്, കിട്ടേണ്ടതു തന്നെയല്ലേ കിട്ടിയത്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക