Image

ഉമ്മന്‍ ചാണ്ടി..നിങ്ങള്‍ ആ പൂവ്‌ എന്ത്‌ ചയ്‌തു? (അനില്‍ പെണ്ണുക്കര)

Published on 27 March, 2015
ഉമ്മന്‍ ചാണ്ടി..നിങ്ങള്‍ ആ പൂവ്‌ എന്ത്‌ ചയ്‌തു? (അനില്‍ പെണ്ണുക്കര)
വി എം സുധീരന്റെ ആത്മാഭി മാനമായിരുന്നു സമ്പൂര്‍ണ്ണ മദ്യ നിരോധനം .അത്‌ കപ്പലുകയറ്റിയത്‌ ഉമ്മന്‍ ചാണ്ടിയാണെന്ന്‌ എല്ലാവര്‍ക്കും അറിയാം .സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടാന്‍ ഉത്തരവു നല്‍കിയ മുഖ്യമന്ത്രിക്ക്‌ അന്ന്‌ കേരളത്തിലെ വീട്ടമ്മമാരുടെ പ്രതിനിധികളെന്നവണ്ണം ഏതാനും വനിതകള്‍ ചേര്‍ന്ന്‌ കൃതജ്ഞാനിര്‍ഭരമായി ഒരു പൂച്ചെണ്ടു നല്‍കിയിരുന്നു. ആ പൂവ്‌ ഉമ്മന്‍ചാണ്ടി എന്ത്‌ ചെയ്‌തു ...ബഷീര്‍ പറഞ്ഞതുപോലെ അദ്ദേഹം അത്‌ ഞെരിച്ചു കളഞ്ഞെങ്കില്‍ അത്‌ കേരളത്തിലെ ചില സാധാരണ സ്‌ത്രീകളുടെ ഹൃദയമായിരുന്നു എന്ന്‌ മുഖ്യന്‍ ഓര്‍ക്കുന്നത്‌ നന്നു്‌ .

1991ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായതു മുതല്‍ യു.ഡി.എഫ്‌ ഉയര്‍ത്താന്‍ തുടങ്ങിയതാണ്‌ സമ്പൂര്‍ണ മദ്യനിരോധനമെന്ന മുദ്രാവാക്യം. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്‌ സര്‍ക്കാരെന്നു തോന്നിപ്പിക്കുന്ന നടപടികളാണ്‌ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌.

ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവന്ന്‌ പത്തു വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്‍പ്‌ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ നടത്തിയ വാദം സര്‍ക്കാര്‍ തന്നെ സ്വന്തം മദ്യനയം അട്ടിമറിക്കുകയാണെന്ന തോന്നലാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. വൃത്തിയില്ലായ്‌മയുടെയും അസൗകര്യങ്ങളുടെയും പേരില്‍ ചില ബാറുകള്‍ പൂട്ടിക്കുകയും മറ്റു ചിലതു തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്‌തതിലൂടെ തന്നെ സര്‍ക്കാര്‍ ബാറുടമകള്‍ക്ക്‌ പഴുതിട്ടു കൊടുക്കുകയായിരുന്നു. നിലവാരമില്ലാത്തതിന്റെ പേരില്‍ ചില ബാറുകള്‍ പൂട്ടുക. കോടതി വിധി വരുമ്പോള്‍ തുറന്നു കൊടുക്കുക. സര്‍ക്കാരിന്റെ നയ വൈകല്യമല്ലേ ഇത്‌? പഴുതുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള നയസമീപനമാണ്‌ സര്‍ക്കാര്‍ ബാറുകള്‍ പൂട്ടുന്ന കാര്യത്തില്‍ അനുവര്‍ത്തിച്ചത്‌. പഴുതുകള്‍ അടച്ചുകൊണ്ടുള്ള നിയമനിര്‍മാണം നടത്തിയിരുന്നെങ്കില്‍ മാര്‍ച്ച്‌ 31ന്റെ കോടതി വിധിയെ അങ്കലാപ്പോടെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു.

ഭരണഘടനയുടെ നാല്‌പ്പത്തിയെഴാം അനുഛേദത്തില്‍ പറയുന്നത്‌ ഹാനികരമായ ലഹരി പദാര്‍ഥങ്ങള്‍ തടയാന്‍ സര്‍ക്കാരിന്‌ അധികാരമുണ്ടെന്നാണ്‌. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്‌ നിയമനിര്‍മാണം നടത്താമായിരുന്നു. പൂട്ടിയിട്ട 418 ബാറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ലെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു പടി മുന്നില്‍ കടന്ന്‌ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും റോഡരികിലുള്ള ബിവറേജ്‌ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളും പൂട്ടുമെന്നും ഘട്ടം ഘട്ടമായി പത്തു വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പെടുത്തുമെന്നും കടലാസില്‍ എഴുതിക്കൊണ്ടു വന്ന്‌ മന്ത്രിസഭാ യോഗത്തില്‍ വായിച്ചതു മറക്കാറായിട്ടില്ല. ഇത്തരമൊരു പ്രഖ്യാപനത്തിന്‌ നിയമസാധുത ഉണ്ടായിരിക്കില്ലെന്നു മുഖ്യമന്ത്രി അറിയാതെ പോയതാണോ? ഈ തീരുമാനത്തിനെതിരേ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ കോടതിയില്‍ പോകുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം കപില്‍ സിബല്‍ വാദിച്ചത്‌ സമ്പൂര്‍ണ മദ്യനിരോധനമല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരികയാണെന്നുമാണ്‌. ഇത്തരമൊരു നയം മാറ്റത്തിനു കാരണമായി പറഞ്ഞത്‌ പുതിയ വസ്‌തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വാഭാവിക മാറ്റങ്ങളുണ്ടാകുമെന്നാണ്‌. എന്താണു പുതിയ വസ്‌തുതകളെന്നും സാഹര്യങ്ങളെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. സമ്പൂര്‍ണ മദ്യനിരോധനം സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഇല്ലെന്നുകൂടി കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്‌ സര്‍ക്കാര്‍. ഈ ബോധ്യപ്പെടുത്തലോടെ ത്രീ സ്റ്റാര്‍ ബാര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതികള്‍ക്ക്‌ മാര്‍ച്ച്‌ 31ന്‌ അനുകൂലമായ വിധി ഉണ്ടായേക്കാം.

ബാറുടമകളില്‍ നിന്ന്‌ ധനകാര്യ മന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന ആരോപണാഗ്‌നി അതിന്റെ പാരമ്യതയില്‍ കത്തിനില്‍ക്കുകയാണ്‌. കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയും ചെയ്യുന്നു. ഈയൊരവസ്ഥയില്‍ ഭരണത്തിന്റെ ഉറപ്പിനു വേണ്ടി സര്‍ക്കാരിന്‌ ഒരുപക്ഷേ കോടതിയില്‍ മലക്കം മറിച്ചില്‍ അനിവാര്യമായി വന്നിട്ടുണ്ടാകും. ബാറുടമകള്‍ക്ക്‌ ഗുണകരമായി വിധി വരുമ്പോള്‍ ബിജു രമേശ്‌ അടങ്ങുമെന്നും അതുവഴി കോഴ വിവാദം കെട്ടടങ്ങുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ടാവണം. ഒരു പക്ഷേ കേരള കോണ്‍ഗ്രസിലെ കോളിളക്കവും അവസാനിക്കും. ഭരണം മുന്നോട്ടു പോകുകയും ചെയ്യും.

മാര്‍ച്ച്‌ 31ന്‌ ബാറുടമകളുടെ ലൈസന്‍സ്‌ കാലാവധി തീരുകയുമാണ്‌. ഇനി ഏതൊക്കെ ബാറുകള്‍ തുറക്കണം, ഏതൊക്കെ ബാറുകള്‍ പൂട്ടണം എന്നൊക്കെ മാര്‍ച്ച്‌ 31ന്‌ വരുന്ന കോടതി വിധിയില്‍ ഉണ്ടാകും. സര്‍ക്കാരിന്റെ ഉത്തരവാദിത്വം കോടതിക്ക്‌ ഏല്‍പിച്ചുകൊടുത്ത്‌ സര്‍ക്കാര്‍ മാറിനില്‍ക്കുകയാണിവിടെ. നിയമപരമായി നിലനില്‍ക്കുന്ന ഒരു നിയമം ആവിഷ്‌കരിക്കാതെ പോയതിന്റെ ദുര്യോഗങ്ങളാണിതൊക്കെ. മദ്യനയത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റത്തോടെ ജനങ്ങളാണ്‌ തോല്‍പിക്കപ്പെടുന്നത്‌. വീടുകളുടെ ശാന്തതയിലേക്ക്‌ ഇനി നിറഞ്ഞ മദ്യകുപ്പികളെത്തും. ദാരിദ്ര്യവും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കും. പട്ടിണിയും ആത്മഹത്യകളും സംഭവിച്ചേക്കും. ക്രമസമാധാന തകര്‍ച്ചയും ആരോഗ്യ തകര്‍ച്ചകളും ഉണ്ടാകും. റോഡപകടങ്ങള്‍ വര്‍ധിക്കും. കുടുംബം ശിഥിലമാകും. എണ്ണിയാലൊടുങ്ങാത്ത വിപത്തുകളാണ്‌ സര്‍ക്കാരിന്റെ മദ്യനയ മാറ്റത്തിലൂടെ കേരളത്തില്‍ സംജാതമാകാന്‍ പോകുന്നത്‌.

ഇതൊക്കെ ഇത്രയും നാളായി കേരളത്തില്‍ ഇല്ലേ എന്ന്‌ ചോദിക്കാം.പക്ഷെ കുറച്ചു ബാറുകള്‍ പുട്ടിയ സമയത്ത്‌ മലയാളിയുടെ മദ്യ ഉപയോഗത്തില്‍ വലിയ മാറ്റം ഉണ്ടായിരുന്നു എന്നത്‌ സത്യമാണ്‌.

പക്ഷെ ഒരു ഗവന്മെന്റു തന്നെ ഇല്ലാതാകുന്ന കോഴ വിവാദങ്ങള്‍ വന്നുകൂടിയപ്പോള്‍ കോടതി വിധികൂടി ബാര്‍ കള്‍ക്ക്‌ അനുകൂലമായി വരുന്നതോടെ കേരളത്തിലെ ചില സ്‌ത്രീകളെങ്കിലും ചോദിക്കും...
ഉമ്മന്‍ ചാണ്ടി..നിങ്ങള്‍ ആ പൂവ്‌ എന്ത്‌ ചയ്‌തു?
ഉമ്മന്‍ ചാണ്ടി..നിങ്ങള്‍ ആ പൂവ്‌ എന്ത്‌ ചയ്‌തു? (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക