Image

ജ്ഞാനപ്പാനയിലെ സാമൂഹ്യ-ദാര്‍ശനിക തലവും ചില ആനുകാലിക ചിന്തകളും (ഒന്നാം ഭാഗം: വാസുദേവ്‌ പുളിക്കല്‍ )

Published on 25 March, 2015
ജ്ഞാനപ്പാനയിലെ സാമൂഹ്യ-ദാര്‍ശനിക തലവും ചില ആനുകാലിക ചിന്തകളും (ഒന്നാം ഭാഗം: വാസുദേവ്‌ പുളിക്കല്‍ )
സമൂഹത്തിലെ അനീതിക്കും മുല്യശോഷണത്തിനുമെതിരെ പേനയെടുക്കേണ്ടത്‌ സാഹിത്യകാരന്മാരുടെ ധാര്‍മ്മികമായ കടമയാണെന്ന്‌ മനസ്സിലാക്കിയ കവിയാണ്‌ പൂന്താനം. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സമൂഹത്തിലെ ധര്‍മ്മച്യുതിയും വൈകൃതങ്ങളും ജീവിതത്തെ കുറിച്ചുള്ള തന്റെ ദാര്‍ശനിക വീക്ഷണവും ലളിതവും ഹൃദയ സ്‌പര്‍ശിയുമായ രചനാശൈലിയില്‍ ജ്ഞാനപ്പാനയില്‍ അവതരിപ്പിച്ചിരിക്കുന്നു. സംസ്‌കൃതം മലയാള കവിതയെ സ്വാധീനിച്ചുകൊണ്ടിരുന്ന കാലത്ത്‌ ലളിതവും മനോഹരവുമായ പച്ച മലയാളത്തില്‍ കവിതകളെഴുതി അനുവാചകരുടെ മനം കവര്‍ന്ന പൂന്താനത്തിന്റെ കൃതികളില്‍ ഏറ്റവും ജനസമ്മിതി നേടിയ ജ്ഞാനപ്പാന ദാര്‍ശനികത കലര്‍ന്ന ഹൃദ്യമായ ഭക്തികാവ്യമാണ്‌. `പുന്താനത്തിന്‌ വലിയ കല്‌പനകളില്ല, പറയത്തക്ക നിഷ്‌ക്കര്‍ഷതയില്ല. എങ്കിലും അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനിയുടെ പ്രസന്നപ്രവാഹത്തില്‍ സകലവൈകല്യങ്ങളും മാഞ്ഞുപോകുമെന്ന്‌ ഉള്ളൂരും, തന്റെ പൂവ്വീകന്മാരായ മണിപ്രവാള കവികള്‍ കവിതയില്‍ കാട്ടിയ ധൂര്‍ത്തുകള്‍ക്കും ഭാവചാപല്യങ്ങള്‍ക്കും അമിതമായ ശ്രംഗാര രസാനുസക്തിക്കും ജീവിതത്തോട്‌ കാട്ടിയ ലീലാമനോഭാവത്തിനും കവിതകൊണ്ടും ജീവിതം കൊണ്ടും പ്രായശ്ചിത്തമനുഷ്‌ഠിച്ച്‌ ക്ഷേത്രശുദ്ധി വരുത്താന്‍ പിറന്ന കവിയാണ്‌ പൂന്താനമെന്ന്‌ എന്‍. കൃഷ്‌ണപിള്ളയും പൂന്താനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്‌.'

ഭക്തിയും ഭാരതീയ തത്ത്വചിന്തയും ഇടകലര്‍ന്നിരിക്കുന്ന ജ്ഞാനപ്പാനയുടെ അന്തര്‍ധാര ദുഃഖത്തിന്റെ ഗദ്‌ഗദമാണ്‌. ദീര്‍ഘകാലത്തെ കണ്ണീരിനും പ്രാര്‍ത്ഥനക്കും ശേഷം പുന്താനത്തിന്‌ ജനിച്ച? കുട്ടിയുടെ അകാലമരണത്തില്‍ നിന്നുണ്ടായ മാനസികവ്യഥയുടെ ബഹിര്‍സ്‌ഫുരണമാണ്‌ ഈ കവിത. മരണം ആര്‍ക്ക്‌ എപ്പോള്‍ ഏതു രൂപത്തില്‍ വരുമെന്ന്‌ നിശ്ചയിക്കാന്‍ നിവൃത്തിയില്ലല്ലൊ. ജനിമൃതികള്‍ വെള്ളത്തിലെ കുമിളകള്‍ പോലെയാണ്‌.മരണാനന്തരം എന്തു സംഭവിക്കുന്നു അന്ന്‌ അറിയാനുള്ള ജിജ്ഞാസയുമായി യമലോകത്തെത്തി യമന്റെ സഹായം തേടിയ നചികേതസ്സിനോട്‌ യമന്‍ പറയുന്നു, ധനം തന്നെ മീതെ എന്നും ഈ ലോകം തന്നെ സത്യം, പരലോകമില്ല എന്നും ഭ്രമിച്ചുഴലുന്ന മൂഢബുദ്ധികള്‍ പിന്നെയും പിന്നെയും എന്റെ പിടിയില്‍ പെടുന്നു (കഠോപനിഷത്ത്‌). താന്‍ ശരീരമല്ല, ആത്മാവാണ്‌; ആത്മാവ്‌ മരിക്കുന്നില്ല; ദേഹനാശത്തില്‍ ആത്മാവ്‌ നശിക്കുന്നില്ല; ആത്മാവിന്റെ കൂടുമാറ്റം മത്രമാണ്‌ മരണം; മരണത്തെയോര്‍ത്ത്‌ ജ്ഞാനികള്‍ ദുഃഖിക്കുകയില്ല; എന്ന്‌ മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും അവബോധമുണ്ടായിട്ടും സ്വന്തം മകന്റെ മരണം പൂന്താനത്തെ തളര്‍ത്തി. ഇത്‌ സ്വാഭാവികമാണ്‌. എങ്കിലും കവിയായ അദ്ദേഹം തന്റെ മാനസികാവസ്ഥയില്‍ അപ്പോള്‍ ഉരുത്തിരിഞ്ഞ വിചാരങ്ങളുടെ താത്ത്വികമായ ഒരു ഭാവം കവിതയിലൂടെ പകരുന്നു. തത്ത്വചിന്ത പ്രതിഫലിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹിത്യരൂപം കവിതയാണെന്നും തത്ത്വചിന്ത കവ്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും? കുമാരനാശാനും മറ്റും പിന്നീടും തെളിയിച്ചിട്ടുണ്ട്‌. വാസ്‌തവത്തില്‍ നമ്മളെല്ലാം അറിവു ശേഖരിക്കുന്നെങ്കിലും വളരെ ഉപരിപ്ലവമായ ഒരു സമീപനമാണ്‌ മിക്കവരിലും ഉള്ളത്‌. എന്നാല്‍ സ്വന്തം അനുഭവങ്ങളെ നേടിയ അറിവുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ യഥാര്‍ത്ഥ ജ്ഞാനം ലഭിക്കുന്നു. ഒരു പക്ഷെ മകന്റെ മരണമുണ്ടായില്ലെങ്കില്‍ ഇത്രയും യാഥാസ്‌തികത്ത്വത്തോടെ വളരെ ലളിതമായി അതേസമയം ഗംഭീരമായി പൂന്താനം എഴുതുമായിരിന്നോ അറിവുകളെ വെറുമൊരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ അറിവിന്റെ മുഴുവന്‍ സാരാംശം മനസ്സിലാക്കുന്നില്ല. അറിവിനെ ജീവിതവുമായി, ജീവിതത്തിലെ അനുഭവങ്ങളുമായി നമ്മള്‍ ഉള്‍പ്പെടുത്തണം. ജ്ഞാനപ്പാന പേരു സൂചിപ്പിക്കുന്നതു പോലെ അറിവിന്റെ ഒരു പാനയാണ്‌- പാട്ടാണ്‌- അതു പാടി നോക്കൂ.

ജീവിതത്തിന്റെ അനിശ്ചിതത്ത്വമോര്‍ത്ത്‌ വിലപിക്കുമ്പോഴും ആശ്വാസത്തിന്റെ്‌ ശ്രോതസ്സുകള്‍? കണ്ടെത്താന്‍ മനുഷ്യന്‌ സാധിക്കുന്നു. പൂന്താനം ദുഃഖാബ്ധിയുടെ ആഴത്തില്‍ നിന്ന്‌ കര കയറുന്നതെങ്ങനെയെന്ന്‌ നോക്കൂ:

ഉണ്ണിക്കണ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌

നിരന്തരമായ ഈശ്വരചിന്തയിലൂടെ, ആത്മാര്‍ത്ഥമായ ആത്മസമര്‍പ്പണത്തിലൂടെ മനസ്സിനെ കാര്‌ന്നു കൊണ്ടിരിക്കുന്ന ദുഃഖത്തില്‍ നിന്നും മോചനം നേടാമെന്നും ജീവിതം ധന്യമാക്കാമെന്നും കവി ഉല്‍ബോധിപ്പിക്കൂന്നു. ഭൗതികമായ ബാഹ്യലോകം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക്‌ സമാധാനമാവില്ല. ആദ്ധ്യാത്മികതയായിരിക്കണം അടിത്തറ. അതുകൊണ്ട്‌ കവി പറയുന്നു, `തിരുനാമങ്ങള്‍ നാവിന്മേലെപ്പൊഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍'.

മുകള്‍പ്പരപ്പിലൂടെ തുടിച്ചു കളിക്കാതെ സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങിച്ചെന്ന്‌ സൂക്ഷ്‌മമായ ഒരപഗ്രഥനം നടത്തി സമൂഹത്തിലെ വൈകൃതങ്ങളെയും മൂല്യച}തിയേയും കവി ചൂണ്ടിക്കാണിക്കുന്നു.

സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതികട്ടു നടക്കുന്നിതു ചിലര്‍?
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലര്‍

യോഗ്യതയില്ലാത്ത സ്ഥാനമാനങ്ങള്‍ക്കു വേണ്ടി നാണം കെട്ട്‌ മത്സരിക്കുന്നവരും സുന്ദരിമാരുടെ പിന്നാലെ കൊഞ്ചിക്കുഴഞ്ഞ്‌ നടക്കുന്ന പൗരുഷം കെട്ട സ്‌ത്രീലമ്പടന്മാരും സ്വന്തം വ്യക്തിത്വം വിറ്റ്‌ കാശാക്കുന്നവരാണ്‌. ലൗകികതയില്‍ ഭ്രമിച്ച്‌ ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കാനുള്ള തൃഷ്‌ണയില്‍ ഓരോരുത്തരും കാട്ടിക്കുട്ടുന്ന ചാപല്യങ്ങളേയും വങ്കത്തരങ്ങളേയും പരിഹാസരുചിരമായ ഭാഷയില്‍ കവി അവതരിപ്പിച്ചിരിക്കുന്നു. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ (16-ാം നൂറ്റാണ്ടിലെ) ജനസമൂഹത്തെക്കണ്ട്‌ `ശിവ ശിവ' എന്ന്‌ വിളിച്ച കവി ഇന്നത്തെ സമൂഹത്തെ കണ്ടിരുന്നെങ്കില്‍ കവിയുടെ ആര്‍ദ്രതയും അത്ഭുതവും എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച്‌ ആധിപത്യം സ്ഥാപിക്കാനാകാതെ വരുമ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി കസേര ഉറപ്പു വരുത്തുന്നത്‌ ഭാരതീയ രാഷ്ട്രീയത്തില്‍ പുത്തരിയല്ല. അമേരിക്കയില്‍ ആ രാഷ്ട്രീയക്കളി നടക്കാത്തതുകൊണ്ട്‌ അവര്‍ സംഘടനകളിലേക്ക്‌ തിരിയുന്നു. തല്‍ഫലമായി ഒരു സുപ്രഭാതത്തില്‍ കടലാസു സംഘടനകളും ഫെഡറേഷനുകളും സ്വയം പ്രഖ്യാപിക്കപ്പെടുന്ന സാരഥികളും പ്രത്യക്ഷപ്പെടുന്നു. താന്‍ പൊളിറ്റീഷനല്ല എന്ന്‌ പരസ്യമായി പറയുമ്പോഴും അണിയറിയില്‍ പൊളിറ്റിക്‌സിന്റെ ഗൂഢതന്ത്രങ്ങളിലൂടെ സ്ഥാനം കൈക്കലാക്കുന്നവര്‍ പൊതുജനങ്ങളുടെ മുന്നില്‍ മാന്യത നടിക്കുന്നു.

ധനമാനാദികളുടെ അടിസ്ഥാനത്തില്‍ പ്രഭുവെന്നും ദാസനെന്നും സ്ഥാനങ്ങള്‍ നല്‍കി ഏറ്റക്കുറച്ചിലുകള്‍ കല്‌പിക്കുന്നുണ്ട്‌. പുകഴ്‌ത്തലുകള്‍ വിധേയത്വത്തിന്റേയും ഇകഴ്‌ത്തലുകള്‍ വെറുപ്പിന്റേയൂം അടിസ്ഥാനത്തില്‍ നടക്കുമ്പോള്‍ മനുഷ്യാവസ്ഥയുടെ വികൃമായ മറ്റൊരു മുഖമാണ്‌ നാം കാണുന്നത്‌. അദ്ധ്യാത്മിക ലോകത്തു പോലും ബ്രഹ്മശ്രീ, ഹിസ്‌ ഹോളിനസ്‌ മുതലായ സ്ഥാനമാനങ്ങള്‍ സന്യാസിമാര്‍ക്കും നല്‍കിയിട്ടുണ്ട്‌. അഹന്തയെ പെരുപ്പിക്കുന്ന ഈ സ്ഥനമാനങ്ങളോട്‌ ആരും എതിര്‍പ്പു പ്രകടിപ്പിക്കുന്നുമില്ല. മനുഷ്യന്‌ ഏറ്റവും അഭികാമ്യമായിരിക്കേണ്ടത്‌ മനുഷ്യര്‍ തമ്മിലുള്ള സമത്വമാണ്‌. സമത്വം ഒരു അനുഭവമാകണമെങ്കില്‍ സമത്വത്തിന്റെ അടിസ്ഥാനമെന്താണെന്ന്‌ നല്ലതു പോലെ അറിഞ്ഞിരിക്കണം. ആത്മാവിന്റെ ഏകതയെ കുറിച്ചുള്ള ബോധമാണ്‌ സമാനതയുണ്ടാക്കുന്നത്‌.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മ രൂപം

എന്ന ആത്മബോധം സമാനതയിലേക്കുള്ള വഴി തുറന്നിടുന്നു.പശുവിനെ മാതാവിനെപോലെ വന്ദിക്കുകയും പൂജിക്കുകയും അതേസമയം നായ്‌ക്കളോട്‌ ക്രൂരമായി പെരുമാറുകയും ചെയ്യുന്നത്‌ ഈ ആത്മബോധത്തിന്റെ അഭാവം മൂലമാണ്‌. ഒരുപീഡയുമുറുമ്പിനും വരുത്തരുത്‌ എന്നു പറയുന്നത്‌ ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ.

ഒരു വിഭാഗം ജനങ്ങളുടെ സാംസ്‌കാരികാധഃപതനം നമ്മുടെ നാടിന്റെ തേജോമയമായ മുഖത്തിനു്‌ മങ്ങലേപ്പിച്ചു കൊണ്ടിരിക്കുന്നു. തെരുവില്‍ കാണുന്ന ചഞ്ചലാക്ഷിമാരുടെ ശരീര വടിവ്‌ അവരുടെ മനസ്സിന്റെ താളം തെറ്റിക്കുന്നു. പട്ടാപ്പകല്‍ വഴിയിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പിടിച്ചു കയറ്റി മാനഭംഗപ്പെടുത്തുന്നതും വഴങ്ങിയില്ലെങ്കില്‍ കൊന്നു കളയുന്നതും നിത്യ സംഭവമായിരിക്കുന്നു. ഇതിന്റെയൊക്കെ നേരെ കണ്ണടക്കുന്ന നിയമപാലകര്‍ക്ക്‌ വിഹിതം വേറെ. റേപ്പ്‌ ചെയ്യാന്‍ അനുവദിക്കാതിരുന്നത്‌ കൊണ്ടാണ്‌ കൊന്നു കളഞ്ഞെതെന്ന്‌ പറയുന്ന ബലാല്‍സംഘക്കാര്‍ നെഞ്ചു വിരിച്ച്‌ നില്‍ക്കുന്നത്‌ പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ മന്ത്രിമാര്‍ക്ക്‌ പണ്‍കുട്ടികളെ എത്തിക്കുന്നത്‌ ഈ റാക്കറ്റായതുകൊണ്ടായിരിക്കാം. സ്‌ത്രീസംരക്ഷണ സഘടനകളുടെ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തിലെ?വായൂപാളികളില്‍ വിലീനമായിത്തീരുന്നു. ഇന്റര്‍നഷ്‌ണല്‍ ലെവലിലും രാജ്യം നാണം കെട്ടിട്ടും നാണം കെട്ടു നടക്കുന്ന ഭരണകര്‍ത്താക്കള്‍.?ഭാരതീയ സംസ്‌കാരത്തില്‍ സ്‌ത്രീകള്‍ക്കുണ്ടായിരുന്ന സുരക്ഷിതത്ത്വവും അവരോട്‌ സമൂഹം കാണിച്ചിരുന്ന ആദരവും അസ്‌തമിച്ചുകൊണ്ടിരിക്കുന്നു.??

രാവണന്മാരലറുന്നു, സീതമാര്‍ കേഴുന്നു,
അധികാരികള്‍ പല്ലിളിക്കുന്നു, ലോകര്‍ മൂക്കത്ത്‌ വിരല്‍ വയ്‌ക്കുന്നു.

ജനപ്രതിനിധികള്‍ നിയമസഭയില്‍ അഴിഞ്ഞാടുമ്പോഴും അവര്‍ എത്തിക്‌സിനെ പറ്റി ചിന്തിക്കാറില്ല.സ്വന്തം പാര്‍ട്ടിനേതാകന്മാര്‍ എന്തു ചെയ്‌താലും അനുകൂലിച്ച്‌ നിയമസഭക്കകത്തും പുറത്തംമുദ്രാവാക്യം വിളിക്കുന്ന അണികള്‍ നേതാക്കന്മാര്‍ക്ക്‌ പൈശാചികമായ വിധത്തില്‍ കൊലപാതകത്തിന്റെ നൂതന വശങ്ങള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാനുംഖജനാവ്‌ കൊള്ളയടിക്കാനുമുള്ള പ്രേരകശക്തിയാണ്‌. സാംസ്‌കാരധഃപതനമായേ ഇതിനെ കണക്കാന്‍ സാധിക്കൂ. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ക്രിമിനല്‍ വാസനപശ്ചാത്താപം കൊണ്ടല്ലാതെ മാഞ്ഞു പോകുമോ അച്ചടക്കം നഷ്ടപ്പെട്ട്‌ തെരുവു സംസ്‌ക്കാരത്തെ പോലും നാണിപ്പിക്കുന്ന സംസ്‌ക്കാരവുമായി ഞെളിഞ്ഞു

നടക്കുന്നവരാല്‍ ഭരിക്കപ്പെടേണ്ട ഗതികേടിലാണ്‌ കേരളീയ ജനത.?ജനപ്രതിനിധികളുടെ ഈ അധഃപതനത്തിനും ആക്രോശത്തിനും ഇവരെ അനുയോജ്യമായ ചികത്സക്കായി സമൂഹത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്തേണ്ടത്‌ അനിവാര്യമാണ്‌. കേരളീയ ജനതയാണ്‌ അതു ചെയ്യേണ്ടത്‌. ശിക്ഷണം കൊണ്ട്‌ അവര്‍ക്ക്‌ എന്തെങ്കിലും മാറ്റമുണ്ടാകുമോ സംസ്‌ക്കാരമുണ്ടായിരുന്നെങ്കില്‍ തെറ്റുകള്‍ മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്യുമായിരുന്നു. എന്നാല്‍?തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ അധിക്ഷേപിക്കാനാണ്‌ അവര്‍ക്ക്‌ താല്‌പര്യം. ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ഥിതിഗതികള്‍?ഇതു തന്നെ.?അങ്ങനെയുള്ളവരെ നോക്കി പൂന്താനം പറയുന്നു:

സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രൂദ്ധിക്കുന്നു ചിലര്‍

ഈശ്വരകാരുണ്യം കൊണ്ട്‌ പെട്ടെന്ന്‌ സമ്പന്നതയുടെ കൊടുമുടിയില്‍ എത്തുന്നവരുണ്ട്‌.

രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്മാവുമെനിക്കൊക്കായെന്നും ചിലര്‍ ജീവിതത്തിലുണ്ടാകുന്ന സൗഭാഗ്യം സ്വന്തം കഴിവുകൊണ്ട്‌ മാത്രം നേടിയതാണെന്ന്‌ അഹങ്കരിക്കുന്നവരില്‍ മറ്റുള്ളവര്‍ തനിക്ക്‌ സമന്മാരല്ലെന്ന ഭാവത്തില്‍ പുച്ഛിക്കുന്നവരൂണ്ട്‌. അവര്‍ പുന്താനത്തിന്റെ കാലത്തെ ഇല്ലാത്ത ജാതിശ്രേഷ്‌ഠത നടിച്ച്‌ ബ്രഹ്മാവു പോലും തനിക്ക്‌ തുല്യമല്ല എന്ന്‌ പറഞ്ഞ്‌ ഞെളിഞ്ഞൂ നടക്കുന്ന ബ്രാഹ്മണരെ പോലെയാണ്‌.

ധനസമ്പാദനത്തിനും ദൈവാനുഗ്രഹത്തിനും വേണ്ടി അഗ്നിഹോത്രാദികള്‍ ചെയ്‌ത്‌ പ്രാര്‍ത്ഥിക്കുന്നവരെയാണ്‌ പുന്താനത്തിന്‌ കൂടുതല്‍ പരിചയം. എന്നാല്‍ ധനസമ്പാദനത്തിനു വേണ്ടി കുതന്ത്രങ്ങള്‍ മെനഞ്ഞ്‌ എന്തു നീച കൃത്യം പോലും ചെയ്യാന്‍ മടിയില്ലാത്തവരും സമൂഹത്തിലുണ്ട്‌. സ്വന്തം തെറ്റിനെ ശരിയെന്ന്‌ വ്യാഖ്യാനിക്കാനും സമര്‍ത്ഥിക്കാനും ശ്രമിക്കുന്നവരാണവര്‍. അത്‌ വിഢിത്തരമാണെന്ന്‌ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തതുകൊണ്ട്‌ അവര്‍ എന്നും തെറ്റിന്റെ പാതയില്‍ തന്നെ ആയിരിക്കും. ദുര്‍ചിന്തകള്‍ മനസ്സിനെ കീഴടക്കുമ്പോള്‍ അര്‍ത്ഥമെത്രയുണ്ടായാലും തൃപ്‌തി വരാ മനസ്സിനൊരു കാലം എന്നോ മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ എന്നോ, കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന്‌ വരുത്തുന്നതും ഭവാന്‍ എന്നോ ഇവര്‍ അറിയുന്നുണ്ടോ ലൗകിക സുഖത്തിന്റെ അര്‍ത്ഥശുന്യതയും മനുഷ്യന്റെ ജീവിതത്തിലെ ദയനീയാവസ്ഥയും കവി ചൂണ്ടിക്കാണിക്കുന്നു. ആയുസ്സ്‌ കുറഞ്ഞു കുറഞ്ഞു വരുന്നത്‌ മനസ്സിലാക്കാതെ ധനാസക്തി മുഴുത്തു നടക്കുന്ന സമൂദായത്തെ കണ്ട്‌ പുന്താനം കൃഷ്‌ണ! കൃഷ്‌ണ! എന്ന്‌ വിളിച്ചു പോകുന്നു.

മോക്ഷാര്‍ത്ഥികള്‍ക്കുവേണ്ടിയും സുഖഭോഗങ്ങള്‍ക്കുവേണ്ടിയും വേദങ്ങളില്‍ വിവിധ മാര്‍
ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കര്‍മ്മഫലമനുസരിച്ച്‌ സ്വര്‍ക്ഷജീവിതം ലഭിക്കുമെന്ന്‌ ഉപനിഷത്ത്‌ പറയുന്നു. `മരണശേഷം സൂര്യരശ്‌മിമാര്‍ക്ഷത്തില്‍ സഞ്ചരിച്ച്‌ അതീവ സുന്ദരമായ ലോകത്ത്‌ എത്തൂന്നു. അവിടത്തെ കാലശേഷം സ്വര്‍ക്ഷം പൂകുന്നു. എന്നാല്‍ അവര്‍ക്ക്‌ വീണ്ടും പതനമുണ്ടായി ഭുമിയില്‍ ജനിക്കുന്നു.' ഈ ഉപനിഷദ്‌സാരം പുന്താനം വളരെ ലളിതമായി പറഞ്ഞിരിക്കൂന്നു:

സുകൃതം ചെയ്‌തു മേല്‌പോട്ടു പോയവര്‍, സുഖിച്ചീടുന്നു സത്യലോകത്തോളം
സല്‍ക്കര്‍മ്മങ്ങള്‍കൊണ്ടു മേല്‌പോട്ടു പോയവര്‍ സ്വര്‍
ഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍ പരിപാകവുമെള്ളോളമില്ലവര്‍ പരിചോടങ്ങിരുന്നിട്ടു ഭുമിയില്‍ ജാതരായ്‌ ----

സ്വര്‍
ഗ്ഗപ്രാപ്‌തിയും ഈശ്വരസാക്ഷാത്‌ക്കാരവും ഏതു മതത്തിലൂടെ വേണമെങ്കിലും നേടാം. അതുകൊണ്ട്‌ തന്റെ മതമാണ്‌ മറ്റുമതങ്ങളേക്കാള്‍ ശ്രേഷ്‌ഠമെന്ന്‌ ധരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യേണ്ടതില്ല.മതം തര്‍ക്ക വിഷയമല്ല. തര്‍ക്കം കൊണ്ട്‌ മനസ്സ്‌ കലുഷമാകുമെന്നല്ലാതെ ഈശ്വരസാക്ഷാത്‌ക്കാരത്തിന്‌ സഹായിക്കുകയില്ല. വിശ്വാസമുണ്ടായിരിക്കണമെന്ന്‌ എല്ലാ മതങ്ങളും സിദ്ധാന്തിക്കുന്നു. ചോദ്യം ചെയ്യാതെ കണ്ണുമടച്ച്‌ വിശ്വസിക്കണമെന്ന്‌ നിര്‍ബ്ബന്ധിക്കുന്നത്‌ ആക്ഷേപാര്‍ഹമാണ്‌.ഋഷീശ്വരന്മാര്‍ മനസ്സില്‍ പരീക്ഷിച്ച്‌ അനുഭവച്ചറിച്ചറിഞ്ഞ കാര്യങ്ങളാണ്‌ ഉപനിഷത്തുക്കളിലെ പ്രതിപാദ്യം. അത്‌ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ സ്വയം പരീക്ഷിച്ച്‌ ബോധ്യപ്പെടുകയോ ചെയ്യാം. മതം ഗ്രന്ഥങ്ങളില്ല, ദേവാലയങ്ങളില്ല. അത്‌ സാക്ഷാല്‍ അനുഭവമാകുമ്പൊഴെ വഴക്കും വക്കാണവും കലാശിക്കൂ. യേശു ക്രിസ്‌തു മലമുകളില്‍ വെച്ചു ചെയ്‌ത ഉപദേശത്തിലെ തത്ത്വം സാക്ഷാത്‌ക്കരിക്കുന്നവന്‍ ക്രിസ്‌ത്യാനിയോ മുഹമ്മദീയനോ മറ്റേതു മതക്കാരനോ ആയാലും അയാള്‍ സിദ്ധനായി (വിവേകാനന്ദ സ്വാമികള്‍). യേശുക്രിസ്‌തുവിന്റെ ഗിരിപ്രഭാഷണത്തിന്റെ ഗരിമ ഒരു കൃസ്‌ത്യാനിക്ക്‌ മതത്തിന്റെ അന്തസത്ത  അനുഭപ്പെടാന്‍ ഉപരിക്കുന്നെല്ലെങ്കില്‍ അയാള്‍ക്ക്‌ ഒരു കൃസ്‌ത്യാനിയെന്നോ, ഒരു ഹിന്ദുവിന്‌ വേദാന്തശാത്രം ഉല്‍ഘോഷിക്കുന്ന മതത്തിന്റെ ഉള്‍ക്കാമ്പ്‌ അനുഭവപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ അയാള്‍ക്ക്‌ ഒരു ഹിന്ദുവെന്നോ അവകാശപ്പെടാനുള്ള അര്‍ഹതയില്ല.

സ്വര്‍
ഗ്ഗസുഖം താല്‍ക്കാലികമാണ്‌. അനശ്വരമായ ആനന്ദം ഈശ്വരസാക്ഷാത്‌ക്കരത്തിലൂടെ മത്രമെ ലഭ്യമാവുകയുള്ളൂ എന്നും അത്‌ സാധ്യമാകാന്‍ വിദ്യയെ വേണ്ടരീതിയില്‍ ഉപയോഗിക്കണമെന്നും കവി ചൂണ്ടിക്കാണിക്കുന്നുണ്ട്‌.വിദ്യയെ ഭൗതികനേട്ടങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നത്‌ സാധരണമാണ്‌. ലൗകിക നേട്ടങ്ങള്‍ക്കതീതമായിഏകമായ സത്യത്തെ തിരിച്ചറിയാന്‍ വിദ്യയെ ഉപയോഗിക്കണം.

ഏകം സത്യം ന ദ്വിതീയം ഹൃസത്യം ഭാതി സത്യവത്‌
ശിലൈവ ശിവലിംഗം ന ദ്വിതീയം ശില്‌പിനാ കൃതം

ശിവലിംഗത്തെ പൂജിക്കുമ്പോഴും അതില്‍ സത്യമായിരിക്കുന്നത്‌ ശില തന്നെ എന്ന വസ്‌തുത മറക്കരുത്‌. അതുപോലെ ഏവരിലും അടിസ്ഥാന സത്യമായിരിക്കുന്നത്‌ ബ്രഹ്മമാണ്‌ (യാതൊന്നില്‍ നിന്നാണോ പ്രപഞ്ചവസ്‌തുക്കളെല്ലാം വിരിഞ്ഞു വരുന്നത്‌).വിദ്യയെ അതീന്ദ്രിയ ജ്ഞാനപ്രാപ്‌തിക്കായി ഉപയോഗിച്ച്‌ ഈശ്വരസാക്ഷാത്‌ക്കാരം കൈവരിക്കുമ്പോഴെ വിദ്യകൊണ്ട്‌ യാഥാര്‍ത്ഥ്യത്തില്‍ അറിയേണ്ടത്‌ അറിയുകയുള്ളൂ എന്ന ഉപനിഷദ്‌ സന്ദേശമാണ്‌ പൂന്താനത്തിന്റെ താഴെ കുറിച്ചിരിക്കുന്ന വരികളില്‍ അന്തര്‍ലീനമായിരിക്കുന്നത്‌.

വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്ന്‌ നടിക്കുന്നിതു ചിലര്‍
കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുംപാലെ ഗര്‍ദ്ദഭം

കുങ്കുമത്തിന്റെ ഗുണമറിയാത്ത കഴുതയെപ്പോലെ വിദ്യയുടെ മാഹാത്മ്യം മാനസ്സിലാക്കാതെ വിദ്വാനെന്ന്‌ നടിക്കുന്നവര്‍ ഭൗതികതയെ പുല്‍കി നില്‌ക്കുന്നത്‌കൊണ്ട്‌ വീണ്ടും വീണ്ടും യമന്റെ പിടിയില്‍പട്ടുപോകുന്നു. മുണ്ഡകോപനിഷത്തില്‍ വിദ്യയെ ഉപയോഗിക്കുന്നതിനനുസരിച്ച്‌ പരാവിദ്യയെന്നും അപരാവിദ്യയെന്നും വേര്‍തിരിച്ചിട്ടുണ്ട്‌. പരാവിദ്യ ബ്രഹ്മത്തെ കുറിച്ചുള്ള അറിവിലേക്ക്‌ നയിക്കുമ്പോള്‍?അപരാവിദ്യ ലൗകികതയിലും സ്വര്‍ക്ഷപ്രാപ്‌തിക്കായുള്ള കര്‍മ്മയാഗാദികളിലും ഒതുങ്ങി നില്‌ക്കുന്നു. ലൗകികസുഖങ്ങളും സ്വര്‍ക്ഷസൗഭാഗ്യവും താല്‍ക്കാലികമാണെന്ന്‌ സുകൃതം ചെയ്‌ത്‌ മേല്‌പ്‌പോട്ടു പോയവര്‍ സുകൃതങ്ങള്‍ അവസാനിക്കുമ്പോള്‍ ഭൂമിയില്‍ പതിക്കുന്നു എന്ന ഉപനിഷദ്‌ സന്ദേശം നമ്മള്‍ കണ്ടു. അവര്‍ ജനിമൃതികളുടെ വലയത്തില്‍ കിടന്നുഴലുന്നു. ശാശ്വതമല്ലാത്ത സുഖം നല്‌കുന്ന വിദ്യ അവിദ്യയാണ്‌. ഈ അവസ്ഥയില്‍ അവര്‍ക്ക്‌ വിവേകം നഷ്ടപ്പെടുന്നു, ഉല്‍കൃഷ്ടമായ സംസ്‌ക്കാരത്തില്‍ നിന്ന്‌ അകന്നു പോകുന്നു. അവര്‍ കുങ്കുമത്തിന്റെ മഹത്വം മനസ്സിലാക്കാതെ കുങ്കുമം ചുമക്കുന്ന കഴുതക്ക്‌ സമാനരായി അവിദ്യയുടെ ഇരുട്ടില്‍ തപ്പിത്തടയുമ്പോഴും പണ്ഡിതന്മാരെന്നു നടിക്കുന്നു. ജനിമൃതികളിലൂടെയുള്ള അനസ}തമായ യാത്രയാണ്‌ ജീവിതം. ജീവിതയാത്ര അവസാനിപ്പിച്ച്‌ മനുഷ്യന്‍ പുറപ്പെട്ടേടത്തു തന്നെ തിരിച്ചെത്തി ശാശ്വാതമായ ആനന്ദത്തെ പുല്‍കുതാണ്‌ ബ്രഹ്മപ്രാപ്‌തി. ദുരിതങ്ങളുടെ തനിയാവര്‍ത്തനത്തിന്‌ വേണ്ടി വിദ്യയെ ഉപയോഗിക്കാതെ അനശ്വരമായ ആനന്ദം പ്രദാനം ചെയ്യുന്ന ബ്രഹ്മപ്രാപ്‌തിക്കായി ഉപയോഗിക്കണം. വിദ്യകൊണ്ടറിയേണ്ട പരമതത്ത്വം മനസ്സിലാക്കിക്കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക്‌ ലൗകിക സുഖത്തിനുള്ള തൃഷ്‌ണ ഉണ്ടാവുകയില്ല. `സത്യമെന്നതു ബ്രഹ്മമതു തന്നെ സത്യമെന്ന്‌ കരുതുന്നു സത്തുക്കള്‍ സത്യവും ബ്രഹ്മവുമൊന്നു തന്നെ'. ഈ ബോധമാണ്‌ വിദ്യകൊണ്ട്‌ നേടിയെടുക്കേണ്ടതെന്ന്‌ നിര്‍ദ്ദേശിച്ചുകൊണ്ട്‌ കവി നമ്മേ സത്യത്തിലേക്ക്‌ നയിക്കുന്നു, ധാര്‍മ്മികാധഃപതനത്തില്‍ നിന്ന്‌ കരകയറാന്‍ ഉല്‍ബോധിപ്പിക്കുന്നു.ഇതുകൊണ്ട്‌ എന്താണ്‌ ഗുണം ആത്മസാക്ഷാത്‌ക്കാരം നേടുമ്പോള്‍ നമ്മള്‍ മെച്ചപ്പെട്ട മനുഷ്യരായിത്തീരും.

നാടോടി ശൈലിയില്‍ രചിച്ചിരിക്കുന്ന ജ്ഞാനപ്പാന ജനഹൃദയങ്ങളില്‍ എന്നെന്നും തങ്ങി നില്‌ക്കും. നല്ല കവിതകള്‍ ഒളി മങ്ങാതെ പ്രകാശിച്ചുകൊണ്ടിരിക്കും എന്നതിന്‌ ഉദാഹരണമാണ്‌ പൂന്താനത്തിന്റെ ജ്ഞാനപ്പാന
ജ്ഞാനപ്പാനയിലെ സാമൂഹ്യ-ദാര്‍ശനിക തലവും ചില ആനുകാലിക ചിന്തകളും (ഒന്നാം ഭാഗം: വാസുദേവ്‌ പുളിക്കല്‍ )
Join WhatsApp News
Linsha 2020-01-29 05:27:05
സർ ഇതിന്റെ രണ്ടാം ഭാഗം available ആണോ
2020 VISION 2020-01-29 08:12:59
We are living in 2020. Do we need this outdated literature? Remember Poonthanam became Lunatic due to his faith- Naradhan.
Lubna 2023-12-17 06:55:41
മനോഹരം. എത്ര ദാർശനികമായാണ് എഴുതിയത്. I am doing an assignment on this topic : I t helped me a lot. വരികൾക്കിടയിലൂടെ വീണ്ടും വായിക്കുന്നു thank you Sir❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക