Image

കാലം ചെയ്ത മാര്‍ ദിന്‍ഹ നാലാമന്‍ ബാവയുടെ ചുമതല മാര്‍ അപ്രേം മൂക്കനു

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 26 March, 2015
കാലം ചെയ്ത മാര്‍ ദിന്‍ഹ നാലാമന്‍ ബാവയുടെ ചുമതല മാര്‍ അപ്രേം മൂക്കനു
തൃശൂര്‍ . പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആഗോള തലവന്‍ മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ബാവാ അമേരിക്കയിലെ മായോ ക്ലിനിക്കില്‍ ഇന്ന് രാവിലെ 10.04 മണിക്ക് ദിവംഗതനായി. ഏതാനും ആഴ്ചകളായി അമേരിക്കയിലെ മിനസോട്ട മായോ ക്ലിനിക്കില്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു പാത്രിയര്‍ക്കീസ് ബാവാ. 1935 സെപ്റ്റംബര്‍ 15 നു ഇറാക്കിലെ ദര്‍ബന്‍ദോക്കി ഗ്രാമത്തില്‍ ജനിച്ച ദിനഹ കഹനാനിയ 1949 സെപ്റ്റംബര്‍ 12 ന് ശേമ്മാച്ചനും, 1957 ജൂലൈ 15 ന് വൈദീകനുമായി.

അമേരിക്കയിലെ മിനസോട്ടയില്‍ കൂടിയ പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അടിയന്തര സുനഹദോസ് ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം മൂക്കനെ പാത്രിയര്‍ക്കല്‍ വികാരിയായി തിരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു മെത്രാപൊലീത്ത ഈ പദവിയില്‍ എത്തുന്നത്.

അടുത്ത പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുത്ത് സ്ഥാനാരോഹണം നടക്കുന്നതുവരെ ആഗോള കല്‍ദായ സഭയുടെ ഭരണച്ചുമതല മാര്‍ അപ്രേം മൂക്കന്‍ വഹിക്കും. തൃശൂരിലെ പുരാതനമായ മൂക്കന്‍ കുടുംബത്തില്‍ ജനിച്ച മാര്‍ അപ്രേം ആഗോള കല്‍ദായ സുറിയാനി സഭയിലെ മുതിര്‍ന്ന ആര്‍ച്ച്ബിഷപ്പും, കേരളത്തിലെ കല്‍ദായ സുറിയാനി സഭയുടെ പ്രധാന അധ്യക്ഷനുമാണ്. 1976ല്‍ മാര്‍ ദിന്‍ഹ നാലാമന്റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ അന്ന് ഇന്ത്യയിലെ ആര്‍ച്ച്ബിഷപ് ആയിരുന്ന മാര്‍ തിമോത്തിയോസ് പ്രധാനകാര്‍മികനായിരുന്നു . 1968ലാണ് ബഗ്ദാദില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. 47 വര്‍ഷമായി ഈ സ്ഥാനത്ത് തുടരുന്നു.

മാര്‍ ദിന്‍ഹ നാലാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ ഓര്‍ത്തഡോക്‌സ് ടി വി ക്ക് വേണ്ടി ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത, സി.ഇ.ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കാലം ചെയ്ത മാര്‍ ദിന്‍ഹ നാലാമന്‍ ബാവയുടെ ചുമതല മാര്‍ അപ്രേം മൂക്കനു കാലം ചെയ്ത മാര്‍ ദിന്‍ഹ നാലാമന്‍ ബാവയുടെ ചുമതല മാര്‍ അപ്രേം മൂക്കനു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക