Image

മീശക്കാരന്‍ വാസവന്റെ ഒറ്റാലില്‍ ദേശീയ പുരസ്‌കാരം

ആശ എസ് പണിക്കര്‍ Published on 26 March, 2015
 മീശക്കാരന്‍ വാസവന്റെ ഒറ്റാലില്‍ ദേശീയ പുരസ്‌കാരം
 ഒറ്റ ദിവസം കൊണ്ട് നാട്ടുകാരുടെ വാസവന്‍ ചേട്ടന്‍ നാട്ടിലെങ്ങും താരമായി. ഒറ്റാല്‍ സിനിമയില്‍ നായകനായി അഭിനയിച്ച കുമരകം സ്വദേശി വാസവന് ഇന്നലെ തിരക്കോടു തിരക്കായിരുന്നു. നാട്ടുകാരും സ്‌കൂള്‍ കുട്ടികളും പഞ്ചായത്തിലെ ജനപ്രതിനിധികളുമൊക്കെ അഭിനന്ദനം നല്‍കാന്‍ എത്തിയിരുന്നു. 

വാസവന്‍ നായകനായി അഭിനയിച്ച ഒറ്റാല്‍ എന്ന സിനിമയ്ക്കാണ് മികച്ച പരിസ്ഥിതി ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്‌കാരം. ഈ വാര്‍ത്ത പരന്നതോടെ കുമരകത്ത് വാസവന്‍ താരമായി.   ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ താറാവുകര്‍ഷകന്റെ വേഷമായിരുന്നു വാസവന്.

മറ്റുളളവരില്‍ നിന്ന് വാസവന്‍ ചേട്ടനെ വ്യത്യസ്തനാക്കുന്നത് മറ്റൊന്നുമല്ല. മുഖം നിറഞ്ഞുനില്‍ക്കുന്ന കൊമ്പന്‍ മീശ തന്നെ. ഷൂട്ടിങ് സമയത്ത് എവിടെപ്പോയാലും വാസവന്റെ (70) കൊമ്പന്‍മീശയിലായിരുന്നു ചുറ്റം കൂടുന്നവരുടെ നോട്ടം. ചിത്രത്തിന് അവാര്‍ഡ് കിട്ടിയ സന്തോഷം പങ്കുവയ്ക്കാനും അഭിനന്ദിക്കാനും സംവിധായകന്‍ ജയരാജ് ഡല്‍ഹിയില്‍നിന്നു വാസവനെ വിളിച്ചു. 30 വര്‍ഷം ആനപ്പാപ്പാനായി ജോലിചെയ്തശേഷമാണ് വാസവന്‍ മീന്‍പിടിക്കാന്‍ പോയിത്തുടങ്ങിയത്. മീന്‍പിടിക്കുന്നതിനിടെയാണ് കായലില്‍വച്ചു സംവിധായകന്‍ ജയരാജ് വാസവനെ കണ്ടതും സിനിമയിലേക്കു ക്ഷണിച്ചതും.

22 ദിവസം കുമരകത്തും പരിസരത്തുമായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് കഴിഞ്ഞു പനിപിടിച്ചു വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണു പുറത്തേക്കിറങ്ങിത്തുടങ്ങിയത്. ആനപ്പാപ്പാനായി വേഷം കിട്ടിയാല്‍ ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ തയാറാണെന്നു വാസവന്‍ പറയുന്നു.

നാലു മാസം മുന്‍പു സിനിമയ്ക്കായി ഏതാനും താറാവിന്‍കുഞ്ഞുങ്ങളെ വാങ്ങിയിരുന്നു. ഇവയില്‍ ഒരെണ്ണം ഇപ്പോള്‍ വാസവന്റെ വീട്ടിലുണ്ട്. നാലു മാസംകൊണ്ടു താറാവു വളര്‍ന്നു വലുതായി മുട്ടയിടാറായി. ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മയ്ക്ക് ഇതിനെ പൊന്നുപോലെ വളര്‍ത്തുകയാണു ഭാര്യ രാജമ്മ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക