Image

വേണോ നമുക്കിങ്ങനെയൊരു ജനാധിപത്യം? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 24 March, 2015
വേണോ നമുക്കിങ്ങനെയൊരു ജനാധിപത്യം? (ലേഖനം: സാം നിലമ്പള്ളില്‍)
ജനാധിപത്യമാണ്‌ ഏറ്റവുംനല്ല ഭരണസംവിധാനമെന്നത്‌ തര്‍ക്കമില്ലാത്ത വിഷയമാണ്‌. അമേരിക്കയില്‍ ജീവിക്കുന്ന നമ്മള്‍ ഇവിടുത്തെ ഭരണവ്യവസ്ഥ നല്‍കുന്ന സ്വാതന്ത്രവും, സുരക്ഷതത്ത്വവും, അവസരങ്ങളും ആസ്വദിച്ച്‌ ജനാധിപത്യത്തിന്റെ നന്മ അറിയുന്നവരാണ്‌. അതുപോലെതന്നെയാണ്‌ ജനാധിപത്യ രാജ്യങ്ങളായ ഇംഗ്‌ളണ്ടിലും മറ്റനേകം യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ളവരുടെ കാര്യവും. നിയമവാഴ്‌ചയുടെസുഹം അനുഭവിച്ച്‌ അമേരിക്കയില്‍ ജീവിക്കുന്ന നമ്മള്‍ക്ക്‌ ഇന്‍ഡ്യയിലേയും പ്രത്യേകിച്ച്‌ കേരളത്തിലേയും അരാജകത്വവും ആഭാസത്തരങ്ങളും കാണുമ്പോള്‍ ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും എത്രത്തോളമുണ്ടെന്ന്‌ നാട്ടിലുള്ളവര്‍ക്ക്‌ മനസിലാകത്തില്ല. അവര്‍ക്ക,്‌ ഒരുപക്ഷേ, ഇതൊക്കെ പരിചയമായിക്കാണണം. ഹര്‍ത്താല്‍ എന്നുള്ളത്‌ ദിനചര്യപോലെയാണ്‌ അവിടുള്ളവര്‍ക്ക്‌.

രാജ്യം സ്‌തംഭിപ്പിക്കുക എന്നതാണ്‌ ഹര്‍ത്താല്‍കൊണ്ട്‌ അതിന്റെ നടത്തിപ്പുകാര്‍ ഉദ്ദേശിക്കുന്നത്‌. അതായത്‌ രജ്യത്തിന്റെ നാഡീനരമ്പുകള്‍ ബന്ധിക്കുക. രാജ്യത്തിന്റെ വളര്‍ച്ചയെ ഏതാനും വര്‍ഷങ്ങള്‍ പിന്നോട്ടടിക്കുക. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ രാജ്യദ്രോഹം. ലോകത്ത്‌ ഒരുരാജ്യത്തും കേട്ടിട്ടില്ലാത്ത പ്രതിഭാസമാണ്‌ ഇന്‍ഡ്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ ബന്ദെന്നും കേരളത്തില്‍ ഹര്‍ത്താലെന്നും പേരില്‍ അറിയപ്പെടുന്ന ആഭാസത്തരം. നിയമം ലംഘിക്കുന്നത്‌ അത്‌ നടപ്പിലാക്കേണ്ടവര്‍ തന്നെയാണെന്നുള്ളതാണ്‌ അപലനീയമായ മറ്റൊരുകാര്യം.

കഴിഞ്ഞദിവസം നടന്ന ഹര്‍ത്താല്‍ വിജയിപ്പിച്ചതിന്‌ കൊടിയേരി ബലകൃഷ്‌ണന്‍ കേരളീയജനതയെ അഭിനന്ദിച്ചതായി വായിച്ചു. നിങ്ങളുടെ അഭിപ്രായങ്ങളോട്‌ യോജിപ്പുള്ളതുകൊണ്ടല്ല മറിച്ച്‌ ഭയംകൊണ്ടാണ്‌ ജനങ്ങള്‍ കടകള്‍ അടച്ചതും വാഹനങ്ങള്‍ റോഡില്‍ ഇറക്കാതിരുന്നതും. അത്‌ മനസിലാക്കാനുള്ള സാമാന്യബുദ്ധിപോലും ഇല്ലാത്ത തിരുമണ്ടനാണ്‌ പ്രസ്‌തുത അഭിപ്രായം രേഖപ്പെടുത്തിയത്‌. കേരളനിയമസഭയില്‍ നടന്ന ആഭാസങ്ങളെപ്പറ്റി എഴുതുന്നതുപോലും അഭിമാനമുള്ളവര്‍ക്ക്‌ ചേര്‍ന്നതല്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ പാര്‍ലമെന്റും അസംബ്‌ളികളും കയ്യാംകളിക്കും പോക്രിത്തരത്തിനുമുള്ള വേദികളല്ലെന്ന്‌ എന്നാണ്‌ ഇവന്മാര്‍ മനസിലാക്കുക. കുരങ്ങിന്റെ കയ്യില്‍ പൂമാലകിട്ടിയതുപോലെയാണ്‌ ഇവര്‍ക്ക്‌ ജനാധിപത്യം. `കഷ്‌ടം എന്റെ നാടേ!' എന്ന്‌ പരിതപിക്കനല്ലേ നമുക്കൊക്കെ സാധിക്കൂ. ഭഎന്തിന്‌ ഇങ്ങനെയൊരു ജനാധിപത്യം?' എന്ന്‌ ചോദിച്ചുപോകുന്നതില്‍ അപാകതയുണ്ടെന്ന്‌ തോന്നുന്നില്ല.

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ പാര്‍ലമെന്റും സംസ്ഥാന അസംബ്‌ളികളും ഒരുദിവസം സമ്മേളിക്കുന്നതിന്‌ കോടിക്കണക്കിന്‌ രൂപാ ചെലവുവരുമെന്നാണ്‌ അറിയുന്നത്‌. നികുതിദായകന്റെ പണംകൊണ്ടാണ്‌ ജനപ്രതിനിധികളെന്ന്‌ അഭിമാനിക്കുന്നവര്‍ പതിനായിരങ്ങള്‍ ശമ്പളം പറ്റുന്നതും, ആഢംബരക്കാറുകളില്‍ സഞ്ചരിക്കുന്നതും മസ്‌കറ്റ്‌ ഹോട്ടലില്‍നിന്ന്‌ ബിരിയാണി കഴിക്കുന്നതും. ആഒരു വിചാരമുണ്ടായിരുന്നെങ്കില്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ വിഠികളാക്കുന്ന തെമ്മാടിത്തങ്ങള്‍ അസംബ്‌ളിയില്‍ അരങ്ങേറുകയില്ലായിരുന്നു. ബുദ്ധിപരമായ വാദപ്രതിവാദങ്ങള്‍ നടക്കേണ്ട വേദിയാണ്‌ അസംബ്‌ളി. സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യശരങ്ങളിലൂടെ വിമര്‍ശ്ശിക്കുകയും മറുപക്ഷം പ്രതിരോധിക്കുകയും ചെയ്യേണ്ട രംഗത്താണ്‌ ചന്തയിലെപ്പോലെ കയ്യാങ്കളി നടക്കുന്നത്‌. സംസാരിക്കാന്‍ അറിയാത്തവരാണ്‌ ബലപ്രയോഗം നടത്തുന്നത്‌. ഉത്തരം മുട്ടുമ്പോള്‍ എന്തോ പൊക്കുന്നതുപോലെ. റൗഡികളേയും കുറ്റിച്ചൂലുകളേയും സാഥനാര്‍ത്ഥികളാക്കുന്ന പാര്‍ട്ടികളാണല്ലോ നമുക്കുള്ളത്‌. വ്യക്തിക്കല്ലല്ലോ പാര്‍ട്ടിക്കല്ലേ നമ്മള്‍ വോട്ടുചെയ്യുന്ന്‌ത്‌.

മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത്‌ പാര്‍ലമെന്റ്‌ സുഗമമായി നടത്താന്‍ പ്രതിപക്ഷങ്ങള്‍ അനുവദിച്ചില്ല. അഞ്ചുവര്‍ഷക്കാലത്തിനുള്ളില്‍ ഏതാനുംദിവസങ്ങള്‍ മാത്രമേ പാര്‍ലമെന്റ്‌ സമ്മേളിച്ചുള്ളു. പിന്നീടുള്ള ദിവങ്ങളിലെല്ലാം കയ്യാങ്കളിയും പോക്രിത്തരങ്ങളുമായിരുന്നു അരങ്ങേറിയിരുന്നത്‌. അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ ഭരണക്കാര്‍ ആയപ്പോള്‍ തിരിച്ചടിപോലെ പഴയകാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്‌. എങ്ങനെ സഭ സ്‌തംഭിപ്പിക്കണമെന്ന്‌ മാതൃകകാട്ടിയ കേരളഅസംബ്‌ളിയിലെ തെമ്മാടിത്തരങ്ങളുടെ അത്രയും നിലവാരത്തില്‍ താഴ്‌ന്നിട്ടില്ലെന്നത്‌ സന്തോഷകരമാണ്‌. അമേരിക്കയിലെ എബിസി ന്യൂസില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു ഷോട്ട്‌ കാണിക്കയുണ്ടായി. ഇന്‍ഡ്യന്‍ ജനാധിപത്യം ഇങ്ങനെയെന്നാണ്‌ കമന്റേ്‌റ്റര്‍ പറഞ്ഞത്‌. എംപി മാര്‍ ഡെസ്‌കിന്‌ മുകളില്‍ കയറി നില്‍കുന്നതും മൈക്ക്‌ പിഴുതെടുത്ത്‌ എറിയുന്നതും ചിലരൊക്കെ കയ്യാങ്കളി പരിശീലിക്കുന്നതുമാണ്‌ കാണിച്ചത്‌. പ്രസ്‌തുതന്യൂസ്‌ കണ്ട ഇന്‍ഡ്യാക്കാരൊക്കെ തങ്ങളുടെ മാതൃരാജ്യത്തെയോര്‍ത്ത്‌ അഭിമാനം കൊണ്ടിരിക്കാന്‍ സാധ്യതയുണ്ട്‌.

തെമ്മാടിത്തരം കാണിക്കുന്നവരെ മര്യാദപഠിപ്പിക്കാന്‍ എന്താണ്‌ ഒരുമാര്‍ക്ഷം? നല്ല ചുട്ടഅടി. അതാണ്‌ നമ്മുടെ ജനപ്രതിനിധികള്‍ക്ക്‌ കൊടുക്കേണ്ട്‌ത്‌. അത്‌ അവരെ തെരഞ്ഞെടുത്ത ജനങ്ങള്‍തന്നെയാണ്‌ കൊടുക്കേണ്ടത്‌. ഇന്‍ഡ്യയിലേയും കേരളത്തിലേയും രാഷ്‌ട്രീയകാലാവസ്ഥയില്‍ അതിനുള്ള സാധ്യത കുറവാണ്‌. നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്‌ മറ്റൊരുമാര്‍ക്ഷം. ഇലക്ഷന്‍ കമ്മീഷന്‌ കൂടുതല്‍ അധികാരങ്ങള്‍ കൊടുക്കുക. പാര്‍ലമെന്റിലേയും അസംബ്‌ളികളിലേയും ജനപ്രതിനിധികളുടെ പ്രകടനംഅനുസരിച്ചുവേണം അവര്‍ക്ക്‌ അടുത്ത ഇലക്‌ഷനില്‍ മത്സരിക്കാനുള്ള അര്‍ഹതയുണ്ടോയെന്ന്‌ കമ്മീഷന്‍ തീരുമാനിക്കേണ്ടത്‌. സ്‌കൂളുകളിലെപ്പോലെ ജനപ്രതിനിധികള്‍ക്കും പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ട്‌ സ്‌പീക്കറും ഗവര്‍ണറുംകൂടി തയ്യാറാക്കണം. ഓരോസമ്മേളനം കഴിയുമ്പോഴും റിപ്പോര്‍ട്ട്‌ ഇലക്‌ഷന്‍ കമ്മീഷന്‌ സമര്‍പ്പിക്കണം. പ്രസ്‌തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ഒരുമെമ്പര്‍ അടുത്ത ഇഷക്‌ഷനില്‍ മത്സരിക്കാനുള്ള യോഗ്യതയുണ്ടോയെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കേണ്ടത്‌. അയോഗ്യനാക്കപ്പെടും എന്ന ഭയമുണ്ടെങ്കില്‍ ജനപ്രതിനിധി നല്ലരീതിയില്‍ അസംബ്‌ളികളില്‍ പെരുമാറുമെന്നുള്ളതിന്‌ സംശയംവേണ്ട. അങ്ങെയൊരു നിയമംകൊണ്ടുവരാന്‍ നമ്മുടെ അടിവീരന്മാരും കടിവീരത്തികളും സമ്മതിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ?

സാം നിലമ്പള്ളില്‍ (sam3nilam@yahoo.com)
വേണോ നമുക്കിങ്ങനെയൊരു ജനാധിപത്യം? (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക