Image

വികസന രംഗം: ഇന്ത്യ അനുകരണത്തിനില്ല: രമേശ്‌ ചെന്നിത്തല

Published on 12 June, 2011
വികസന രംഗം: ഇന്ത്യ അനുകരണത്തിനില്ല: രമേശ്‌ ചെന്നിത്തല
ചിക്കാഗോ: വേള്‍ഡ്‌ ബാങ്കും അന്താരാഷ്‌ട്ര നാണ്യനിധിയും നിര്‍ദ്ദേശിക്കുന്ന പാതയല്ല, മറിച്ച്‌ സ്വതന്ത്രമായ പാതയിലൂടെയുള്ള വളര്‍ച്ചയാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എം.എല്‍.എ. ഗ്ലോബലൈസേഷന്റെ അന്ധമായ മാതൃകയല്ല നാം പിന്തുടരുക. നമുക്ക്‌ നമ്മുടെ വഴി. വികസ്വര രാജ്യങ്ങള്‍ സാമ്പത്തിക കാര്യത്തില്‍ നട്ടംതിരിയുമ്പോഴും ഇന്ത്യ പിടിച്ചുനിന്നത്‌ സ്വതന്ത്രമായ നയങ്ങള്‍ വഴിയാണ്‌.

ഫെഡേറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ) സംഘടിപ്പിച്ച പ്രൊഫഷണല്‍ സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധീരമായ ഒരു കാല്‍വെയ്‌പ്പാണ്‌ പ്രവാസി സംഗമമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഫോമ ഇക്കാര്യത്തില്‍ തീര്‍ത്തും അഭിനന്ദനമര്‍ഹിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ പ്രവര്‍ത്തനങ്ങളെ കേരള ജനത ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്നുണ്ട്‌. കേരള വികസനത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ അവര്‍ ജാഗരൂകരാണ്‌.

കോളനിവാഴ്‌ചയുടെ ഭീകര കാലഘട്ടിലൂടെ കടന്നുപോയവരാണ്‌ നാം. എന്നിട്ടും കൊളോണിയല്‍ മോഡല്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവരുണ്ട്‌. എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തനതു നയങ്ങളാണ്‌ പിന്തുടരുന്നത്‌. വ്യവസായരംഗത്തും മറ്റും ഇന്ത്യ മുന്നേറുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌.

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസന്തുലിതമായ വികസനം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളുടെ നടുവിലാണ്‌ ഇന്ത്യ. പാവങ്ങള്‍ക്ക്‌ ഭക്ഷണവും, കിടപ്പാടവുമില്ല. 50 ശതമാനത്തിലേറെ ജനം ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണ്‌. ഇതെല്ലാം നേരിടുക എന്നതാണ്‌ സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും പ്രഥമ ചുമതല.

വികസനം എന്നു പറയുമ്പോള്‍ അത്‌ ആര്‍ക്കുവേണ്ടി എന്ന പ്രശ്‌നം ഉദിക്കുന്നു. താഴെത്തിട്ടിലുള്ള ജനങ്ങളിലേക്ക്‌ വികസനം ചെല്ലുന്നില്ലെങ്കില്‍ അത്‌ അര്‍ത്ഥരഹിതമാകുന്നു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനം തന്നെയാണ്‌ വികസനം.

മള്‍ട്ടിനാഷണല്‍ കമ്പനികളുടെയൊന്നും ആസ്ഥാനം കേരളത്തിലില്ലെന്ന വിമര്‍ശനം അംഗീകരിക്കുന്നു. വ്യാവസായിക രംഗത്ത്‌ നാം പിന്നോക്കമാണ്‌. പക്ഷെ, കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കേരളത്തിലുണ്ടായ മാറ്റങ്ങള്‍ പാശ്ചാത്യരാജ്യങ്ങളോട്‌ കിടപിടിക്കുന്നതാണ്‌. പുരുഷന്റെ ശരാശരി ആയുസ്‌ 72 ഉം സ്‌ത്രീയുടേത്‌ 74-ഉം എന്നത്‌ അമേരിക്കയുടേതിന്‌ തുല്യമാണ്‌. സാക്ഷരതയിലാവട്ടെ നാം പാശ്ചാത്യ രാജ്യങ്ങള്‍ക്ക്‌ ഒപ്പംതന്നെ. ആരോഗ്യരംഗത്തും സ്ഥിതി വ്യത്യസ്‌തമല്ല.

2025 ആകുമ്പോഴേയ്‌ക്കും ഇന്ത്യ ലോക രംഗത്തെ വന്‍ ശക്തിയാകുമെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പ്രവചിക്കുന്നു. ചൈനയെപ്പോലും പിന്തള്ളുന്ന വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നത്‌. ഏതാനും കമ്പനികളുടെ വളര്‍ച്ചയല്ല നമ്മുടെ ലക്ഷ്യം. ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളുടെ മുന്നേറ്റമാണ്‌ നമ്മുടെ ലക്ഷ്യം.

പ്രത്യേകതകളാര്‍ന്ന രാജ്യമാണ്‌ ഇന്ത്യ. മഹത്തായ ചരിത്രത്തിന്റെ പതാകാവാഹകരാകണം നാം. മാറ്റങ്ങള്‍ കേരളത്തിലെ പുതിയ ഗവണ്‍മെന്റിലൂടെ പ്രതിഫലിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി വലിയ മാറ്റങ്ങള്‍ക്ക്‌ കാരണമാകും. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട്‌ കേരളം ഒട്ടേറെ പിന്നോക്കംപോയി. ഇത്‌ രാഷ്‌ട്രീയം പറയുകയല്ല. സര്‍ക്കാരിന്‌ എല്ലാ രംഗത്തും നിക്ഷേപമിറിക്കാന്‍ കഴിയില്ല. പിന്നെ വേണ്ടത്‌ സ്വകാര്യ നിക്ഷേപങ്ങളാണ്‌. പ്രൈവറ്റ്‌ പബ്ലിക്‌ പാര്‍ട്ടിസിപ്പേഷന്‍ ആണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌. സ്വകാര്യ നിക്ഷേപത്തിന്‌ കോണ്‍ഗ്രസ്‌ എതിരല്ലെന്ന്‌ മാത്രമല്ല, അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അഞ്ചുവര്‍ഷമായി സ്വകാര്യ മേഖലയില്‍ നിക്ഷേപം വന്നില്ല. മുഖ്യമന്ത്രി തന്നെ സ്വകാര്യമേഖലയ്‌ക്ക്‌ എതിരായിരുന്നു.

അമേരിക്കയില്‍ ജീവിക്കാനുള്ള സാഹചര്യം ലഭിച്ചവരാണ്‌ നിങ്ങള്‍. ഇവിടെ നിന്നും ലഭിച്ച അറിവ്‌ കേരളത്തിലെ ജനതയ്‌ക്ക്‌ കൈമാറാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ശാഘനീയമാണ്‌.

ആറു മേഖലകളിലാണ്‌ പ്രധാനമായും നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്‌. ഒന്ന്‌: ഐ.ടി സെക്‌ടര്‍. 2016 ആകുമ്പോഴേയ്‌ക്കും 10,000 കോടി രൂപ മേഖലയില്‍ നിന്ന്‌ ലഭ്യമാകുമെന്ന്‌ കരുതുന്നു. (2) ആരോഗ്യരംഗം: മികച്ച ചികിത്സയും ആരോഗ്യ പരിപാലനവും ലഭിക്കുന്ന കേന്ദ്രമായി കേരളത്തെ വളര്‍ത്തിയെടുക്കണം. (3) വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്‌ വികസിപ്പിക്കുക. (4) മാലിന്യ സംസ്‌കരണത്തിന്‌ മികച്ച സാങ്കേതിക വിദ്യ രൂപപ്പെടുത്തുക. ഇപ്പോള്‍ കേരളത്തിലെ നഗരങ്ങളിലെല്ലാം മാലിന്യ സംസ്‌കരണത്തിനുവേണ്ടി തത്രപ്പെടുകയാണ്‌. (5) ടൂറിസം യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത മേഖലയാകണം. സാംസ്‌കാരിക രംഗത്തേയും ഗ്രാമങ്ങളേയും അധികരിച്ചുള്ള ടൂറിസമാണ്‌ വരേണ്ടത്‌. (6) ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ വികസനം. വലിയ മുതല്‍മുടക്ക്‌ ആവശ്യപ്പെടുന്ന രംഗമാണ്‌. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു.

സുപ്രധാന മേഖലകളില്‍ അമേരിക്കന്‍ മലയാളികളുടെ സഹകരണം ഉണ്ടാവണം. അത്‌ കേരളത്തിനും ഇവിടെയുള്ളവര്‍ക്കും പ്രയോജനകരമാണ്‌.

തൊഴില്‍പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ കേരളത്തിലില്ല. തൊഴിലാളികള്‍്‌ തന്നെ ഇല്ലെന്നതാണ്‌ സ്ഥിതി. ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നുമൊക്കെയാണ്‌ തൊഴിലാളികള്‍ വരുന്നത്‌.

ഇന്ത്യയ്‌ക്കും കേരളത്തിനും പുതിയൊരു ദിശാബോധമാണ്‌ കോണ്‍ഗ്രസ്‌ നല്‍കുന്നത്‌. അതില്‍ പങ്കാളിയാകാന്‍ ഏവരേയും ക്ഷണിക്കുന്നു. ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ പ്രൊഫഷണലുകളുടെ മനസ്സിലേക്കൊരു പാലം എന്നതാണ്‌ ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. അമേരിക്കയിലുള്ള നല്ലൊരു പങ്ക്‌ കര്‍മ്മ രംഗങ്ങളില്‍ മികച്ച നേട്ടങ്ങളുണ്ടാക്കിയവരാണ്‌. അവര്‍ ഇവിടെ നേടിയ അറിവ്‌ നാട്ടിലുള്ളവരുമായി പങ്കുവെയ്‌ക്കുകാണ്‌ ലക്ഷ്യമിടുന്നത്‌.

ഫോമാ വെറുമൊരു സംഘടനയല്ല, മറിച്ച്‌ അമേരിക്കന്‍ മലയാളികളുടെ ഹൃദയതാളമാണ്‌. അമേരിക്കയിലുള്ള 56 സംഘടനകളില്‍ 49 ഉം അതില്‍ അംഗങ്ങളാണ്‌. എല്ലാ മലയാളികളേയും ഫോമയ്‌ക്ക്‌ കീഴില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. ഫൊക്കാന നേതാക്കളേയും ഈ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചതാണ്‌. സെക്രട്ടറിയായി ബിനോയി തോമസിനെ ലഭിച്ചതും, ജോര്‍ജ്‌ ഏബ്രഹാം, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവരുടെ സജീവമായ പ്രവര്‍ത്തനവും, മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍നായരും, ജോണ്‍ ടൈറ്റസുമൊക്കെ തെളിച്ചുതന്ന പാതയുമൊക്കെയാണ്‌ സംഘടനയെ ഇത്രയ്‌ക്ക്‌ സജീവമാക്കുന്നത്‌-ഊരാളില്‍ പറഞ്ഞു.

പത്തുസംഘടകള്‍ ഒന്നിച്ചുചേര്‍ന്നാണ്‌ സമ്മേളനത്തിന്‌ രൂപംനല്‍കിയതെന്ന്‌ മുഖ്യസംഘാടകനായ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. അമേരിക്കയില്‍ പ്രൊഫഷണല്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖരും, വ്യവസായ രംഗത്തെ പ്രമുഖരുമെല്ലാം പങ്കെടുക്കുന്ന അപൂര്‍വ്വ സമ്മേളനമാണിത്‌.

സ്ഥാനമാനങ്ങള്‍ക്കപ്പുറമുള്ള രമേശ്‌ ചെന്നിത്തലയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ അദ്ദേഹം ശ്ശാഘിച്ചു. 70-80,000 മലയാളി പ്രൊഫഷണലുകള്‍ അമേരിക്കയിലുണ്ട്‌. അവരുടെ അറിവ്‌ സമാഹരിക്കുകയാണെങ്കില്‍ അതൊരു വലിയ മുതല്‍ക്കൂട്ടിയിരിക്കുമെന്ന്‌ ഫോമാ സെക്രട്ടറി ബിനോയി തോമസ്‌ പറഞ്ഞു. അതിനുള്ള എളിയ ശ്രമമാണിത്‌.

ഫോമയുടെ സംഘാടക ശക്തിയും സാമ്പത്തിക ശേഷിയുമാണ്‌ സമ്മേളനത്തിന്‌ വഴിയൊരുക്കിയതെന്ന്‌ സംഘാടകനായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി. ബിനോയി തോമസിന്റെ ആശയം ബേബി ഊരാളിലൂടെ നേതൃത്വത്തില്‍ പൂവണിഞ്ഞതാണ്‌ ഈ ഒത്തുചേരല്‍.

കേരള പോലീസിനെപ്പറ്റി വിദേശ മലയാളികള്‍ പലപ്പോഴും പരാതിപ്പെടുന്നത്‌ പതിവാണെന്ന്‌ അഡീഷണല്‍ ഡി.ജി.പി പി. ചന്ദ്രശേഖരന്‍ പറഞ്ഞു. ഒരു ദശാബ്‌ദമായി പോലീസില്‍ ആധുനിക വത്‌കരണത്തിന്‌ ശ്രമം നടക്കുന്നു. അത്‌ കാലക്രമേണ വലിയ മാറ്റങ്ങള്‍ക്ക്‌ കാരണമാകുമെന്നദ്ദേഹം പറഞ്ഞു.

ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ നന്ദി പറഞ്ഞു.

അമേരിക്കയില്‍ ടെററിസവും, അടിമത്വവുമൊക്കെയുണ്ടെന്ന്‌ പറയുമെങ്കിലും സത്യത്തില്‍ അത്‌ ശരിയല്ലെന്ന്‌ ബഹ്‌റിനില്‍ നിന്നുവന്ന പത്രപ്രവര്‍ത്തകനായ സണ്ണി കുലത്താക്കല്‍ പറഞ്ഞു. അടിമത്വമൊക്കെ ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌. സത്യത്തില്‍ അമേരിക്കയിലുളളവര്‍ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണ്‌. കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ അടിമത്വം ചിത്രീകരിക്കുന്ന `ആടു ജീവിതം' നോവലിന്റെ ഇതിവൃത്തം അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

ബഹ്‌റിനില്‍ സ്വാതന്ത്ര്യ പ്രക്ഷോഭം നടക്കുന്നുവെങ്കിലും ഏറ്റവും ജനകീയമായ ഭരണമാണ്‌ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസന രംഗം: ഇന്ത്യ അനുകരണത്തിനില്ല: രമേശ്‌ ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക