Image

വിശുദ്ധ ഗോക്കള്‍ക്ക് മുന്നില്‍ തോല്‍ക്കുന്ന ജനത

Madhyamam Published on 06 March, 2015
വിശുദ്ധ ഗോക്കള്‍ക്ക് മുന്നില്‍ തോല്‍ക്കുന്ന ജനത

മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം നിലവില്‍വന്ന സമ്പൂര്‍ണ ഗോവധ നിരോധനിയമം ചൂടേറിയ വിവാദത്തിന് വഴിവെക്കാന്‍പോകുന്നത് ഈ വിഷയത്തിലടങ്ങിയ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മാനങ്ങള്‍ നമ്മുടേതു പോലുള്ള മതേതര ജനാധിപത്യസമൂഹത്തില്‍ ചില മൗലിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതുകൊണ്ടാണ്. കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകഴിഞ്ഞ, ഗോവധം പൂര്‍ണമായി നിരോധിക്കുകയും അത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ അനുശാസിക്കുകയും ചെയ്യുന്ന 1996ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ (ഭേദഗതി) ബില്ലിന് എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവുകൂടിയായിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൂടുതല്‍ ആലോചിക്കാതെ അംഗീകാരം നല്‍കി എന്ന ചോദ്യത്തിന് മാറിയ രാഷ്ട്രീയ സാഹചര്യം മറിച്ചൊരു തീരുമാനമെടുക്കുന്നതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടുണ്ടാവാം എന്നാണ് അനുമാനിക്കേണ്ടത്. ഏതാനും ബി.ജെ.പി എം.പിമാര്‍ തന്നെ സമീപിച്ച് ബില്ലിന്മേല്‍ അംഗീകാരം ആവശ്യപ്പെട്ടപ്പോഴേക്കും മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്ത് അത്തരമൊരു നിയമം പ്രാബല്യത്തില്‍വരുന്നതോടെ നേരിടേണ്ടിവന്നേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്‍പിന്‍ ചിന്തിക്കാതെ വിശുദ്ധ ഗോമാതാവിനെ മാത്രം ഓര്‍ത്തു ചാര്‍ത്തിയ കൈയൊപ്പ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ കടുംകൈ ആയിപ്പോയി. പശുവിന്‍െറയോ കാളയുടെയോ ഇറച്ചി കൈവശംവെക്കുകയോ വില്‍ക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നത് മേലില്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബി.ജെ.പി-ശിവസേന സഖ്യം വാഴുന്ന ആ സംസ്ഥാനത്ത് നിയമപാലകരായിരിക്കില്ല; മറിച്ച്, സേനയുടെയും വി.എച്ച്.പിയുടെയും ബാനറില്‍ തെരുവുഗുണ്ടകളായിരിക്കും നിയമം നടപ്പാക്കാന്‍ പോകുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

ഗോവധനിരോധത്തെക്കുറിച്ച് സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം തൊട്ട് രാജ്യത്ത് വിരുദ്ധ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ട്. പശുവിനെ ദൈവമായോ വിശുദ്ധ മൃഗമായോ സങ്കല്‍പിക്കുന്ന ബ്രാഹ്മണ്യവിഭാഗം ഗോമാതാവിനെ കൊല്ലുന്നത് പാപമായി വിശ്വസിക്കുന്നുണ്ടാവാം. അത്തരം വിശ്വാസത്തിന്‍െറ മതകീയ ന്യായയുക്തിയെ ആധികാരിക ചരിത്രകാരന്മാരും പണ്ഡിതന്മാരും ചോദ്യം ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല, കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി നിന്ന പശുസമ്പത്തിന്‍െറ പരിരക്ഷ മാത്രമാണ് ഗോക്കള്‍ക്ക് പാവനത കല്‍പിക്കുന്നതിലേക്ക് വഴിവെച്ചതെന്നു കൂടി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ആ വിഷയത്തിലുള്ള തര്‍ക്കം അക്കാദമിക തലത്തില്‍ അനന്തമായി തുടര്‍ന്നേക്കാം. എന്നാല്‍, ഒരു വിഭാഗത്തിന്‍െറ വിശ്വാസപരവും ആചാരപരവുമായ അംശങ്ങള്‍ ഇതര വിഭാഗത്തിന്‍െറമേല്‍ അടിച്ചേല്‍പിക്കുന്നതിലെ ജനായത്ത നിരാസവും മതേതരരാഹിത്യവുമാണ് ഗോവധനിരോധ വിഷയത്തില്‍ ചര്‍ച്ചാവിഷയമാവേണ്ടത്. ഗോവധ നിരോധത്തിലൂടെ വലിയൊരു വിഭാഗം പൗരന്മാരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലാണ് ഭരണകൂടം ഇടപെടുന്നത്. ഗോമാംസം സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ യഥേഷ്ടം ലഭിക്കുന്ന പോഷകാഹാരങ്ങളിലൊന്നാണ്. ബീഫ് കയറ്റുമതിചെയ്യുന്ന വിഷയത്തില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഗോവധ നിരോധമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും പ്രസവിക്കുന്നതും പാല്‍ചുരത്തുന്നതുമായ പശുക്കളെ അറുക്കാറില്ല. മച്ചിപ്പശുക്കളെയും കാളകളെയുമാണ് മാംസത്തിന് ഉപയോഗിക്കാറ്. 1958ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.ആര്‍. ദാസിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്‍െറ മുമ്പാകെ യു.പി, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ഗോവധ നിരോധ നിയമം പരിശോധനക്കു വന്നപ്പോള്‍ രാജ്യത്തെ പാവങ്ങളുടെ ഭക്ഷണമാണ് പശുവിന്‍െറയും പോത്തിന്‍െറയും ഇറച്ചിയെന്നും ‘ഉപയോഗശൂന്യമായ’ മൃഗങ്ങളെ അറുക്കുന്നത് വിലക്കാനാവില്ളെന്നും അസന്ദിഗ്ധമായി വിധിക്കുകയുണ്ടായി. ഒരു പ്രായം കഴിഞ്ഞാല്‍ പശുവിനെയും കാളയെയുമൊക്കെ ഒഴിവാക്കേണ്ടത് അതിന്‍െറ ഉടമയുടെകൂടി ആവശ്യമാണ്. അല്ലാത്തപക്ഷം ഇവറ്റകള്‍ക്കായി ‘ഗോകുലങ്ങള്‍’ പണിത് അവയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടിവരും.

ലക്ഷക്കണക്കിനു കര്‍ഷകരെയും അറവുകാരെയും തൊഴില്‍പരമായും സാമ്പത്തികമായും പ്രതികൂലമായി ബാധിക്കുന്ന ഇപ്പോഴത്തെ നിരോധം സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നതാണ് ഇത്തരം വിലക്കുകള്‍ നിലവിലുള്ള സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. ആറ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കേരളവുമൊഴികെയുള്ള ഇടങ്ങളിലെല്ലാം ഗോവധനിരോധം നിലവിലുണ്ടെങ്കിലും ബീഫിനോടുള്ള ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ജമ്മു-കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങള്‍ കര്‍ക്കശമായി നിയമം നടപ്പാക്കാറില്ളെന്ന് അവിടത്തെ പ്രതിമാസ ഉപഭോഗത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാവും. അതേസമയം, ഹിന്ദുത്വശക്തികള്‍ക്ക് മേല്‍ക്കൈയുള്ള മേഖലകളില്‍ മാംസാഹാരികളെ ‘രാജ്യദ്രോഹികളായി’ കണ്ട് നിയമം സ്വയം കൈയിലെടുക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന ചെയ്തികള്‍ ഫാഷിസത്തിന്‍െറ ബീഭത്സമുഖമാണ് തുറന്നുകാട്ടുന്നത്. പൗരന്മാരുടെ ഭക്ഷണശീലത്തില്‍ കൈകടത്താനുള്ള നീക്കം, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നായാലും ശരി അത് ഫാഷിസംതന്നെയാണ്. ഇത് പൗരന്മാരോട്, വിശിഷ്യ സമൂഹത്തിന്‍െറ താഴേതട്ടില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനതയോടുള്ള യുദ്ധപ്രഖ്യാപനമാണ്. വിശുദ്ധ ഗോക്കളെ കൈകൂപ്പി നമിക്കുമ്പോള്‍ തോല്‍ക്കുന്നത് ഒരു മഹാരാജ്യത്തെ ജനകോടികളാണെന്ന് ബന്ധപ്പെട്ടവര്‍ മറക്കാതിരിക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക