Image

ആര്‍.എസ്.എസ് നിക്കര്‍ രൂപം മാറ്റുന്നു; ഫ്രീക്കന്‍മാരെ ആകര്‍ഷിക്കാന്‍ യൂണിഫോമില്‍ വന്‍ അഴിച്ചുപണി

അനില്‍ പെണ്ണുക്കര Published on 06 March, 2015
ആര്‍.എസ്.എസ് നിക്കര്‍ രൂപം മാറ്റുന്നു; ഫ്രീക്കന്‍മാരെ ആകര്‍ഷിക്കാന്‍ യൂണിഫോമില്‍ വന്‍ അഴിച്ചുപണി
ഫ്രീക്കന്‍മാരെ ആകര്‍ഷിക്കാന്‍ യൂണിഫോമില്‍ വന്‍ അഴിച്ചുപണിയുമായി ആര്‍.എസ്.എസ് വരുന്നു. പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാക്കി നിക്കര്‍ ഒഴിവാക്കാനാണ് നീക്കം.

പകരം പുത്തന്‍ ഡിസൈനിലുള്ളത് കൊണ്ടുവരാനാണ് ആലോചിക്കുന്നത്. കാക്കി വേണ്ടെന്നേ തീരുമാനിച്ചിട്ടുള്ളൂ. 'നിക്കര്‍' എന്ന കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് സംഘടന തയ്യാറായിട്ടില്ല. അഭ്യാസങ്ങള്‍ക്കും മറ്റും നിക്കര്‍ തന്നെയാണ് നല്ലതെന്നാണ് ആര്‍.എസ്.എസിന്റെ പ്രചാരക് പ്രമുഖ് മന്‍മോഹന്‍ വൈദ്യ സര്‍ട്ടിഫൈ ചെയ്യുന്നത്.

 പ്രചാരകില്‍ പലര്‍ക്കും യൂണിഫോമിനോട് അത്ര താല്‍പര്യമില്ലെന്നാണ് 2009ല്‍ ആര്‍.എസ്.എസ് തന്നെ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ കുറ്റം പറഞ്ഞിട്ടുണ്ട് ഇപ്പോഴത്തെ യൂണിഫോമിനെ. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തേ മോദി പറഞ്ഞതാണ് ആര്‍.എസ്.എസ് യൂണിഫോം മാറ്റണമെന്ന്. അതും ജെയ്പൂരില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട്.

യുവാക്കളെ ആകര്‍ഷിക്കാന്‍ കാക്കി നിക്കറിനു കഴിയുന്നില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം. കുറച്ചുവൈകിയാണെങ്കിലും മോദിയുടെ നിര്‍ദേശം പരിഗണിക്കാന്‍ തന്നെ ആര്‍.എസ്.എസ് തീരുമാനിക്കുകയായിരുന്നു. അതത് സമയങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് നേരത്തെയും തങ്ങള്‍ യൂണിഫോമില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് വൈദ്യ അവകാശപ്പെടുന്നത്.

1925 മുതല്‍ 1939 വരെ മുഴുവന്‍ കാക്കിയായിരുന്നു ആര്‍.എസ്.എസ് യൂണിഫോം. 1940ല്‍ കാക്കി ഷര്‍ട്ടിനു പകരം വെള്ള ഷര്‍ട്ട് കൊണ്ടുവന്നു. 1973 ല്‍ ഷൂവിന് ലുക്കില്ലെന്ന പരാതിയെ തുടര്‍ന്ന് ഷൂവിന്റെ ഡിസൈന്‍ മാറ്റി. രണ്ടുവര്‍ഷം മുമ്പാണ് ലെതര്‍ ബെല്‍റ്റിനു പകരം ഫാബ്രിക് കൊണ്ടുവന്നു- വൈദ്യ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. യൂണിഫോമില്‍ മാറ്റം വരുത്തുന്നതിനു പുറമേ ആര്‍.എസ്.എസ് പ്രചാരകര്‍ ബ്രഹ്മചാരികളായി കഴിയണമെന്ന നിബന്ധനയും എടുത്തുമാറ്റാന്‍ ആലോചിക്കുന്നുണ്ട്.

പ്രചാരക് ആയി അഞ്ചാറുവര്‍ഷം പ്രവര്‍ത്തിച്ചശേഷം വിവാഹം വേണമോ വേണ്ടയോ എന്ന കാര്യം അയാള്‍ക്ക് തീരുമാനിക്കാമെന്ന ഭേദഗതിയാണു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. പ്രചാരകര്‍ വിവാഹം കഴിക്കരുതെന്നു പറയുന്ന ആര്‍.എസ്.എസ് ഹിന്ദുക്കള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന കാര്യം മിണ്ടരുതെന്ന് എം.ഐ.എം നേതാവ് അക്ബറുദ്ദീന്‍ ഉവൈസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അത്തരം വിമര്‍ശനങ്ങളെക്കൂടി കണക്കിലെടുത്താവണം വിവാഹം കഴിക്കാമെന്ന ഭേദഗതി കൊണ്ടുവന്നത്. ആര്‍.എസ്.എസിന്റെ യുവ വിഭാഗത്തിന്റെ പേര് തരുണ്‍ ശാഖ എന്നതില്‍ നിന്നും ഐ.ടി ശാഖ എന്നാക്കി മാറ്റുന്ന കാര്യവും പരിഗണനയിലാണെന്നാണ് പ്രചാരകര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക