Image

പ്രവീണ്‍ വര്‍ഗീസിന്റെ മരണം പുനരന്വേഷണത്തിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 March, 2015
പ്രവീണ്‍ വര്‍ഗീസിന്റെ മരണം പുനരന്വേഷണത്തിലേക്ക്‌
ഷിക്കാഗോ: സ്റ്റേറ്റ്‌ അറ്റോര്‍ണി മൈക്കിള്‍ കാര്‍ അന്വേഷിക്കുകയും രഹസ്യ അജണ്ട വഴി ഗ്രാന്റ്‌ ജൂറി അന്വേഷണം അവസാനിപ്പിക്കുകയും ചെയ്‌ത പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണം വീണ്ടും അന്വേഷിക്കുന്നു. അറ്റോര്‍ണി ജനറലിന്റെ ചുമതലയുള്ള സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കേസ്‌ അന്വേഷണം ആരംഭിച്ചു. ഗ്രാന്റ്‌ ജൂറി അന്വേഷണം അവസാനിപ്പിച്ച ഇത്തരം കേസുകള്‍ പുനരാലോചിക്കുന്നത്‌ വളരെ അപൂര്‍വമാണ്‌. ഇന്ത്യന്‍ സമൂഹത്തിന്റേയും പ്രത്യേകിച്ച്‌ മലയാളികളുടേയും, കുടുംബാംഗങ്ങളുടേയും ശക്തമായ പ്രതികരണങ്ങളും നടപടികളുമാണ്‌ ഇത്തരത്തിലുള്ള പുരോഗതി കേസന്വേഷണത്തില്‍ ഉണ്ടാക്കുവാന്‍ ഇടയാക്കിയതെന്ന്‌ പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും ലൗലിയും പറഞ്ഞു.

തുടക്കം മുതല്‍ തന്നെ സ്റ്റേറ്റ്‌ അറ്റോര്‍ണി മൈക്കിള്‍ കാര്‍ ഈ കേസ്‌ അട്ടിമറിച്ചുകൊണ്ടുള്ള അന്വേഷണത്തിനാണ്‌ മുതിര്‍ന്നതെന്ന്‌ പ്രവീണിന്റെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചെങ്കിലും കേസിന്റെ അന്വേഷണം ശരിയായ രീതിയിലായിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫെഡറല്‍ ജസ്റ്റീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിലും, ഗവര്‍ണറുടെ ഓഫീസിലും, കോണ്‍ഗ്രസ്‌ അംഗങ്ങള്‍, സെനറ്റ്‌ അംഗങ്ങള്‍ എന്നിവരിലും ചെലുത്തിയ സമ്മര്‍ദ്ദങ്ങളാണ്‌ സ്റ്റേറ്റ്‌ അറ്റോര്‍ണി കേസ്‌ അന്വേഷണം അവസാനിപ്പിക്കേണ്ടിവന്നതും, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യത്തിലേക്ക്‌ എത്തിച്ചേര്‍ന്നതെന്നും അവര്‍ പറഞ്ഞു.

കേസിന്റെ പുരോഗതിയും തുടര്‍ന്നുള്ള നടപടികളെപ്പറ്റി ആലോചിക്കുന്നതിനുമായി മാര്‍ച്ച്‌ 14-ന്‌ ശനിയാഴ്‌ച രണ്ടുമണിക്ക്‌ ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ ഒരു യോഗം കൂടുന്നതാണെന്നും, എല്ലാവരേയും ആയതിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു. കേസിനെപ്പറ്റിയുള്ള ഒരു വിശകലനം ആര്‍ക്ക്‌ ഏഞ്ചല്‍സ്‌ ഓഫ്‌ ജസ്റ്റീസ്‌ അംഗങ്ങളും, കേസ്‌ നടത്തുന്ന അറ്റോര്‍ണി സ്റ്റെഗ്‌ മെയറും യോഗത്തില്‍ നല്‍കുന്നതായിരിക്കും.

വാര്‍ത്ത തയാറിക്കിയത്‌: ഡീക്കന്‍ ലിജു പോള്‍
പ്രവീണ്‍ വര്‍ഗീസിന്റെ മരണം പുനരന്വേഷണത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക