Image

കേരളം വെന്തുരുകുന്നതില്‍ എന്തത്ഭുതം? (അനില്‍ പെണ്ണുക്കര)

Published on 05 March, 2015
കേരളം വെന്തുരുകുന്നതില്‍ എന്തത്ഭുതം? (അനില്‍ പെണ്ണുക്കര)
കേരളം വെന്തുരുകുന്നു. നാളിതുവരെ അനുഭവിക്കാത്ത കൊടും വെയിലാണിപ്പോള്‍ കേരളത്തില്‍ ഇത്‌ അറിയാത്തവര്‍ നമ്മെ ഭരിക്കുന്നവര്‍ മാത്രം. ജനം ചുട്ടു പോള്ളുന്നോ എന്നൊന്നും അവര്‍ക്ക്‌ അറിയേണ്ടല്ലോ. എന്തായാലും ഈ വരള്‌ച്ചയെ നേരിടാന്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സൂര്യ താപനം കൊണ്ട്‌ ആരെങ്കിലും ആശുപത്രിയില്‍ കയറിക്കഴിയുമ്പോളാണ്‌ അപലപനവും മറ്റും നടക്കുക. കായലുകളും തോടുകളും സുലഭമായ ആലപ്പുഴയില്‍ നിന്നുപോലും കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനത്തെ കുറ്റപ്പെടുത്തും മുമ്പ്‌ സര്‍ക്കാറും പഞ്ചായത്ത്‌, ബ്ലോക്ക്‌ ജനപ്രതിനിധികളും ഈ വിഷയത്തില്‍ ഗൗരവാവഹമായ ഒരു കൂടിയാലോചനക്ക്‌ സമയം കണ്ടെത്തിയിട്ടുണ്ടോ എന്നു ചിന്തിക്കണം. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പൊതുസമൂഹത്തിനു നിരന്തര ബോധവല്‍ക്കരണം നല്‍കണം.

ജലസാക്ഷരതയില്ലാത്തവരാണു സാധാരണക്കാരില്‍ ഏറിയ പങ്കും. ജലസ്രോതസ്സുകള്‍ മലിനപ്പെടുന്നത്‌ തടയുവാന്‍ അവര്‍ക്ക്‌ കഴിയാതെ പോകുന്നത്‌ ഇതുകൊണ്ടാണ്‌. തോടുകളും ചതുപ്പുനിലങ്ങളും മന:സാക്ഷിക്കുത്തില്ലാതെ മണ്ണിട്ടു മൂടുന്നത്‌ ജീവജലത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ്‌. പ്രകൃതിയുടെ കൂറ്റന്‍ ജലസംഭരണിയായ കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുന്നതു പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്നു. മഴ കുന്നുകളില്‍ പെയ്യുമ്പോള്‍ അവയത്രയും അവിടെ സംഭരിച്ചുവയ്‌ക്കുകയും താഴെയുള്ള കിണറുകളിലേക്കെത്തിക്കുകയും ചെയ്യുന്നുവെന്ന സാമാന്യബോധമുണ്ടെങ്കില്‍ ആരും കുന്നിടിച്ചു നിരപ്പാക്കില്ല. കുന്നിടിക്കല്‍ തടയാനുള്ള അധികാരം വില്ലേജ്‌ ഓഫീസര്‍മാരില്‍ നിന്ന്‌ എടുത്തുകളഞ്ഞിരിക്കുന്നു. ഇടിച്ച കുന്നു തള്ളുന്നതു ജലസ്രോതസ്സുകളായ പാടശേഖരങ്ങളിലും ചതുപ്പുനിലങ്ങളിലുമാണ്‌. അങ്ങിനെ രണ്ടുദ്രോഹം സര്‍ക്കാര്‍ ഒത്താശയില്‍ നടക്കുന്നു.

വീടിനു ചുറ്റും കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ ഒരു തുള്ളി വെള്ളം പോലും ഭൂമിക്കടിയിലേക്കിറങ്ങാന്‍ അനുവദിക്കാതെ ഭദ്രമായി അടക്കുന്നു പല വീട്ടുകാരും. മഴവെള്ള സംഭരണത്തെക്കുറിച്ചു പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന മഴവെള്ള സംഭരണ പദ്ധതികള്‍ക്കു പൊതുസമൂഹത്തില്‍ നിന്നു വേണ്ടത്ര പരിഗണന കിട്ടുന്നില്ല. നീര്‍ത്തട വികസന പദ്ധതികള്‍, മഴവെള്ള സംഭരണ മാര്‍ഗങ്ങള്‍, ഭൂജല പരിപോഷണ മാര്‍ഗങ്ങള്‍, തണ്ണീര്‍തടങ്ങളുടെ സുരക്ഷിതത്വം, മണ്ണൊലിപ്പു തടയല്‍, ജലസ്രോതസ്സുകള്‍ മലിനമാക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പൊതുസമൂഹം കൂടുതല്‍ അവബോധം ആര്‍ജ്ജിക്കുമെങ്കില്‍ വരള്‍ച്ചയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താം. ഓരോ തുള്ളി വെള്ളവും പാഴാക്കി കളയുവാനുള്ളതല്ലെന്നും സംഭരിച്ചുവെക്കാനുള്ളതാണെന്നുമുള്ള ബോധ്യത്തില്‍ നിന്നും മാത്രമേ കേരളത്തെ മരുഭൂമിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയൂ.

ഓരോ കൊല്ലവും വരള്‍ച്ച ആരംഭിക്കുമ്പോള്‍ അതതു ജില്ലകളില്‍ കലക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കുന്ന ജനപ്രതിനിധികളുടെ യോഗവും യോഗാനന്തരമുണ്ടാകുന്ന നടപ്പിലാക്കാത്ത തീരുമാനവും ഈ പ്രാവശ്യവും ഉണ്ടാകും. വരള്‍ച്ച തുടങ്ങുമ്പോള്‍ അതേപ്പറ്റി ആഴ്‌ചകളോളം ചര്‍ച്ച ചെയ്യുകയും ഒടുവില്‍ കാലംവൈകി തീരുമാനമെടുത്തു പുറത്തിറങ്ങുമ്പോഴേക്കും മഴപെയ്യാന്‍ തുടങ്ങുകയും ചെയ്യുന്ന പ്രക്രിയയാണ്‌ കുറേ വര്‍ഷമായി കണ്ടുവരുന്നത്‌. മഴപെയ്‌താലുടന്‍ വരള്‍ച്ചാ നിവാരണ പദ്ധതി നിലയ്‌ക്കും. പിന്നെ, വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയാരംഭിക്കും. വെള്ളമിറങ്ങും വരെ ഈ ചര്‍ച്ച നീളും.

പിന്നെ ജനപ്രതിനിധികള്‍ ചര്‍ച്ച നിര്‍ത്തി ഇറങ്ങിപ്പോകും. സമൂഹത്തോടു പ്രതിബദ്ധതയില്ലാത്ത ജനപ്രതിനിധികളും ജലസാക്ഷരതയില്ലാത്ത സമൂഹവും ഒത്തുചേരുമ്പോള്‍ ജലസമൃദ്ധമായിരുന്ന കേരളം മരുഭൂമി മണക്കുന്നതില്‍ എന്തത്ഭുതം? വിരസമായ ഈ തനിയാവര്‍ത്തനം നിര്‍ത്തി, അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട കാലം വൈകിയിരിക്കുന്നു. അല്ലാതെ വരുംകാല വരള്‍ച്ച നേരിടാനാകില്ല. കഴിഞ്ഞ മഴക്കാലത്ത്‌ വടക്കു പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷങ്ങളില്‍ ആറു ശതമാനം അധികം മഴ ലഭിച്ചു. എന്നിട്ടും ജനുവരി അവസാനമായപ്പോഴേക്കും കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി. ആറു ശതമാനം അധിക മഴ ലഭിച്ചിട്ടും കുടിക്കാന്‍ വെള്ളമില്ലെങ്കില്‍ പദ്ധതി ആസൂത്രണത്തില്‍ പൊളിച്ചെഴുത്ത്‌ അനിവാര്യമാണ്‌. 65 ശതമാനം മേഖലകളും വരള്‍ച്ചയുടെ പിടിയിലായിക്കഴിഞ്ഞെന്നാണ്‌ ദുരന്തനിവാരണ കേന്ദ്രം റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

കഴിഞ്ഞ വര്‍ഷങ്ങളിലെ മഴയുടെ അളവ്‌, ഭൂജലനിരപ്പിന്റെ അളവ്‌, ഉപഗ്രഹ ചിത്രങ്ങള്‍, ശുദ്ധജല വിവരണത്തിന്റെ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേന്ദ്രം തയ്യാറാക്കിയതാണ്‌ ഇത്രയും വിവരങ്ങള്‍. 2012- 13 കാലത്തെ കൊടുംവരള്‍ച്ചയില്‍ നിന്നും കേരളം പാഠമൊന്നും പഠിച്ചില്ല. 2013ല്‍ ശരാശരിയേക്കാള്‍ 26 ശതമാനം അധിക മഴ ലഭിച്ചുവെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുകയായിരുന്നു. വരള്‍ച്ചാ മേഖലയില്‍ വയനാട്‌ ജില്ലയാണ്‌ മുന്നില്‍. 12.1 ശതമാനം അധികമാണ്‌ അവിടെ വരള്‍ച്ചാനിരക്ക്‌. ജൂണ്‍ മാസത്തില്‍ മഴ പെയ്യുമെന്നു സങ്കല്‍പ്പിച്ചാല്‍ത്തന്നെ അതിന്‌ മൂന്നു മാസം ശേഷിക്കുന്നു. ഇക്കാലത്ത്‌ സ്ഥിതി ഗുരുതരമാകും. കേരളം വെള്ളത്തിനായി നെട്ടോട്ടമോടും .അപ്പോള്‍ ഞെട്ടിയിട്ട്‌ യാതൊരു കാര്യവുമില്ല..
കേരളം വെന്തുരുകുന്നതില്‍ എന്തത്ഭുതം? (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക