Image

സ്വരം നഷ്ടപ്പെട്ട നിസ്സഹായര്‍ക്കായ് - പോള്‍ ഡി പനയ്ക്കല്‍

പോള്‍ ഡി പനയ്ക്കല്‍ Published on 05 March, 2015
സ്വരം നഷ്ടപ്പെട്ട നിസ്സഹായര്‍ക്കായ് - പോള്‍ ഡി പനയ്ക്കല്‍
സോഷ്യല്‍ മീഡിയയില്‍ ഈയിടെ ഒരു പോസ്റ്റിംഗ് കണ്ടു. പൂഴിമണ്ണില്‍ കിടക്കുന്ന ഒരു ഇലക്ട്രിക് പോസ്റ്റില്‍ ഇരിക്കുന്ന രണ്ടു കുട്ടികള്‍ അഞ്ചോ ആറോ വയസ്സു തോന്നിക്കും. വളര്‍ന്നു ചപ്രച്ച മുടിയും അഴുക്കുപിടിച്ചിരുണ്ട ഭാഗിക വസ്ത്രവും വെയിലില്‍ കരിവാളിച്ച ശരീരവുമുള്ള ആ അര്‍ദ്ധ നഗ്ന കുട്ടികളുടെ കയ്യില്‍ ഓരോ അലൂമിനിയപാത്രം. മറ്റേ കയ്യില്‍ വിരലുകള്‍ തൂങ്ങിക്കിടക്കുന്ന മാംസമില്ലാത്ത കോഴിക്കാല്‍, അവരത് കടിച്ചു മുറിച്ചു തിന്നാന്‍ ശ്രമം. കാണുന്നവരില്‍ ഭയവും സങ്കടവും അമര്‍ഷവും ജനിപ്പിക്കുന്ന ചിത്രം. അടിക്കുറിപ്പില്‍ ആ കുട്ടികള്‍ നന്നായി മലയാളം സംസാരിക്കുമെന്നും തമിഴ്‌നാട്ടില്‍ നിന്നാണവരെ ആരോ കൊണ്ടുവന്നതെന്നും ഭിക്ഷാടനമാണ് തല്‍ക്കാല ജോലിയെന്നും എഴുതിയിരുന്നു. ആ ചിത്രം ജനിപ്പിച്ച മാനുഷിക വികാരങ്ങള്‍ പ്രതികരണങ്ങളില്‍ വ്യക്തമായിരുന്നു.

നാട്ടില്‍(ഭാരതത്തില്‍) പൊതുസ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഭിക്ഷയാചിക്കുന്നവരുടെ ഇടയില്‍ ഇതുപോലുള്ള മുഖങ്ങള്‍ സാധാരണം. നൈമിഷികമായുണ്ടാകുന്ന ദയവില്‍ പാത്രത്തില്‍ എന്തെങ്കിലുമിട്ട് നടന്നകലുമ്പോള്‍ അവരെ സഹായിച്ചല്ലോയെന്ന താല്‍ക്കാലികമായ, ആഴമില്ലാത്ത, പരക്ഷേമ ചാരിതാര്‍ത്ഥ്യത്തിലുപരി അവരുടെ ദയനീയതയെക്കുറിച്ചോ ദുര്‍ഘടാവസ്ഥയെക്കുറിച്ചോ ഓര്‍മ്മിക്കാറുണ്ടായിരുന്നില്ല. അതല്ലെങ്കില്‍ ആ കുട്ടികള്‍ അവരുടെ ഉടമസ്ഥന്‍മാരുടെ പണസമ്പാദ്യത്തിനുള്ള ഉപകരണങ്ങളാണല്ലോയെന്നോര്‍ത്ത് നടന്നകലും.

പിഞ്ചുകുരുന്നുകളായ രണ്ടു കുട്ടികളെ അവരുടെ ബാല്യത്തില്‍നിന്ന്, നിഷ്‌ക്കളങ്കമായ കുസൃതിയോടെ കളിച്ചു നടക്കേണ്ട ലോകത്തു നിന്ന്, അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന്, അവരുടെ ഭാവിയില്‍ നിന്ന്, രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പൗരസംഭാവനകളില്‍ നിന്ന്, നൈസര്‍ഗ്ഗികവും ലൗകികവും സാമൂഹികവുമായ മൃതിയിലേക്ക് വലിച്ചിട്ട കിരാതന്‍മാര്‍ സാധാരണ കാഴ്ചക്കാരുടെയും കടന്നു പോകുന്നവരുടെയും ചിന്തകള്‍ക്കും സഗൗരവ ഉള്‍ക്കാഴ്ചയ്ക്കും അപ്പുറത്താണ്. ഈ പിഞ്ചുകുട്ടികള്‍ ചെന്നെത്തുന്നത് സാമൂഹിക വിദ്വേഷലോകത്തോ സാമൂഹികദ്രോഹികള്‍ ആയിട്ടോ കുറ്റകൃത്യക്കാരായിട്ടോ അധോ ലോകത്തോ ആയിരിക്കാനാണ് സാധ്യത.

ബാലികാ ബാലന്‍മാരെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും സ്ത്രീകളെയും കടത്തി പണം സമ്പാദിക്കുന്ന സംഘങ്ങള്‍ ലോകമെങ്ങും ഇന്ന് സജീവമാണ്. ഒരു പഠനമോ ഗവേഷണമോ നടത്തി കൃത്യമായ കണക്കെടുക്കാന്‍ സര്‍ക്കാറുകള്‍ക്കോ സര്‍ക്കാരിതരസംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ലെങ്കിലും മനുഷ്യക്കടത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നിയമവിരുദ്ധ വ്യവസായം ആയാണ് കണക്കാക്കപ്പെടുന്നത്. ലൈംഗിക ചൂഷണമാണ് പ്രധാനലക്ഷ്യം. 2013 ല്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പോലീസ് റെയ്ഡില്‍ കടത്തു സംഘങ്ങളില്‍ നിന്നും പ്ലേസ്‌മെന്റ് ഏജന്‍സികളില്‍ നിന്നുമായി ആയിരത്തില്‍ പരം കുട്ടികളെയും കൗമാരപ്രായക്കാരെയും മോചിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പെണ്‍കുട്ടികളും സ്ത്രീകളും കച്ചവടച്ചരക്കായി മാറുന്ന ദയനീയാവസ്ഥ കാലങ്ങളായി ഇന്‍ഡ്യയിലും മറ്റു രാജ്യങ്ങളിലും നില നില്‍ക്കുന്നു. കൊച്ചു പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനും തുടര്‍ന്ന് ലൈംഗിക ചൂഷ്ണത്തിനും വേശ്യാവൃത്തിക്കും വേതനമില്ലാത്ത കഠിനാധ്വാനത്തിനും വിധേയരാകുന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്. ഭാരതം ദശലക്ഷക്കമക്കിനു സ്ത്രീകളുടെയും കുട്ടികളുടെയും 'ഉറവിടവും ലക്ഷ്യസ്ഥാനവും സഞ്ചാര മാര്‍ഗ്ഗവും' ആണത്രേ! അവരില്‍ വലിയൊരു ഭാഗം ഇന്‍ഡ്യയില്‍ നിന്നു തന്നെയുള്ളവര്‍ ആണെങ്കിലും വളരെയധികം പേരെ ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്നുണ്ടത്രേ! ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനും ബലാല്‍ക്കാര വിവാഹത്തിനുമായി പെണ്‍കുട്ടികളെ കടത്തുന്നതും വിരളമല്ലെന്നാണ് വിദഗ്ദ റിപ്പോര്‍ട്ടുകള്‍. കുട്ടികളാകട്ടെ ഇഷ്ടികക്കമ്പനികളിലും അരിമില്ലുകളിലും ഗാര്‍മെന്റ് ഫാക്ടററികളിലും കൃഷ്സ്ഥലങ്ങളിലും അടിമപ്പെടുന്നു.

മനുഷ്യക്കടത്തിന്റെ കാര്യത്തില്‍ അമേരിക്ക ഒട്ടും പിന്നില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കുടിയേറ്റക്കാര്‍ ഏറ്റവും അധികം തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിലാണ് അന്തര്‍ദ്ദേശീയ വാണിഭക്കാര്‍ മനുഷ്യക്കടത്ത് ഏറ്റവ് കൂടുതല്‍ നടത്തുന്നത്. കാലിഫോര്‍ണിയ, ടെക്‌സാസ് സംസ്ഥാനങ്ങളാണ് മുന്നില്‍. ഓരോ വര്‍ഷവും പതിനേഴായിരത്തി അഞ്ഞൂറില്‍ പരം പേര്‍ മനുഷ്യ വാണിഭത്തിനു വിധേയരാകുന്നുണ്ടെന്ന് അമേരിക്കന്‍ ജസ്റ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ശരിയായ കണക്ക് അതിനേക്കാള്‍ വളരെ അധികമാണെന്നാണ് പൊതുധാരണ. അമേരിക്കയില്‍ തന്നെ പന്ത്രണ്ടു ലക്ഷം സംഭവങ്ങള്‍, പോലീസ് പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതെഴുതിക്കൊണ്ടിരിക്കെ മനുഷ്യക്കടത്തിനു വിധേയരായ ഏതാനും മലയാളികള്‍ക്കനുകൂലമായി ലൂസിയാന കോടതി പതിനാലു ദശലക്ഷം ഡോളര്‍ നഷ്ട പരിഹാരം വിധിച്ചുവെന്ന വാര്‍ത്ത് സസന്തോഷം വായിച്ചു. എച്ച്. വണ്‍ വിസയും തുടര്‍ന്ന് ഗ്രീന്‍ കാര്‍ഡും വാഗ്ദാനം ചെയ്ത് ഇരുപതുലക്ഷം രൂപ വാങ്ങി താല്ക്കാലിക വിസ നല്‍കിയത്രേ. പാരതന്ത്ര്യത്തില്‍ ആദ്യം കഴിയേണ്ടി വന്ന ആ ഹതഭാഗ്യരുടെ ധൈര്യത്തെ പുകഴ്ത്തുന്നു.

നിഷ്ഠൂരവും ഹീനവും പൈശാചികവുമായ നിഗൂഢ ലോകത്തെ കൊലക്കത്തികള്‍ക്കു സമാനമായ ചെയ്തികള്‍ക്ക് അന്ത്യമുണ്ടാക്കുക ഒരു ഏജന്‍സിയുടെ, സര്‍ക്കാരുകളുടെ അല്ലെങ്കില്‍ സാര്‍വ്വദേശീയ സംഘടനകളുടെയോ ശ്രമങ്ങളില്‍ മാത്രം നിക്ഷിപ്തമല്ല. ആധുനിക അടിമത്തത്തിനു വിധേയമായി മാനസികമായ ആത്മഹത്യയോ കൊലപാതകമോ ചെയ്ത് ജീവനുള്ള മൃതശരീരങ്ങളായി നമുക്കിടയില്‍ കഴിയുന്നവരെ തിരിച്ചറിയുക സ്വയം സ്‌നേഹികളുടെയും പരസ്‌നേഹികളുടെയും ധാര്‍മ്മിക ബാധ്യതയായി കാണേണ്ട ആവശ്യകത തിരിച്ചറിയേണ്ടിയിരിക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളെ ലൈംഗീകാടിമത്തത്തിനും ലൈംഗീക വില്‍പനച്ചരക്കെന്ന അവസ്ഥയിലേക്കും നയിക്കുന്ന കാപാലികന്‍മാരെ നീതിക്കു വിധേയമാക്കുന്നതിനു സാധാരണക്കാരായ ജനത്തിന് അവബോധമുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിഷ്‌ക്കളങ്കരായ ബാലികാബാലന്‍മാരെ അപഹരിച്ചു. ഭീകരമായ ശാരീരിക പീഢനവും അംഗവൈകല്യവും നടത്തി ഭിക്ഷാടനത്തിനും മോഷണത്തിനുമായി ഉപയോഗിക്കുന്ന നികൃഷ്ടന്‍മാര്‍ ലോക സാമൂഹിക സ്രോതസുകളെ ലോക ക്ഷുദ്രജീവികളാക്കി മാറ്റുന്നത് തടയുക ലോകപൗരന്റെ താല്‍പര്യത്തില്‍ പെടേണ്ട കാര്യമാണ്.
നിലവിലിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക-മനുഷ്യത്വപര നടപടികള്‍ക്കപ്പുറത്തെ പൊതുജനതല്‍പരതയ്ക്കും, അവരുടെ സംഘടിത ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് അഭിനന്ദിതമായ ഒരു സംരംഭത്തെ പരിചയപ്പെടുത്തുവാന്‍ ഈ ലേഖകനു സന്തോഷമുണ്ട്. ലോംഗ് ഐലന്റിലെ ഒരു ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഡയറക്ടറ്റര്‍ ആയി സേവനം ചെയ്യുന്ന ഡോ.സന്തോഷ് പൗലോസ് എന്ന മലയാളി യുവാവ് തന്റെ സഹവര്‍ത്തികളായ ഏതാനും ഡോക്ടര്‍മാരോടൊപ്പം ഹ്യൂമന്‍ ട്രാഫിക്കിംഗിനെ ചെറുക്കാനായി സമൂഹമുന്നിലെത്തുന്നു. ദാരിദ്ര്യത്തിനും മനുഷ്യക്കടത്തിനും നവകാലികാടിമത്വത്തിനും നേരെ ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ ഈ യുവസംഘം പസിഫിക്ക് തീരത്തെ സിയാറ്റില്‍ മുതല്‍ അറ്റ്‌ലാന്റിക് തീരത്തെ ന്യൂയോര്‍ക്ക് വരെ സൈക്കിള്‍ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നു. വേനല്‍ മധ്യ ജൂലായില്‍ പ്രതിദിനം നൂറ്റിപ്പതിനഞ്ചു  മൈല്‍ വീതം സവാരി നടത്തി ഒരു മാസം കൊണ്ട് സംഘം ന്യൂയോര്‍ക്കില്‍ എത്തും. അനിതര സാധാരാണമായി ഈ യജ്ഞത്തില്‍ നിന്നും കിട്ടുന്ന സാമ്പത്തിക വരുമാനം  'വേള്‍ഡ് വിഷന്‍' എന്ന ദീനദയാലു സംഘടനയ്ക്കും നോമി നൈറ്റ് വര്‍ക്ക്' എന്ന സംഘടനയ്ക്കും നല്‍കും. 

ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യ ശുശ്രൂഷയിലും വസ്ത്ര-ഭക്ഷണങ്ങളിലും ദൃഷ്ടികേന്ദ്രീകരിച്ചിട്ടുള്ള 'വള്‍ഡ്് വിഷന്‍' ലോകത്തെ അത്യാഹിത മേഖലകളില്‍ സജീവമാണ്. നോമി നെറ്റ് വര്‍ക്ക്' മനുഷ്യക്കടത്തിനിരയായവരുടെ(അതിനെ അതിജീവിച്ചവരുടെ) പുനരധിവാസത്തില്‍ നിക്ഷിപ്തമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ സഹായവും പിന്തുണയും ഇവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഡോ. സന്തോഷ് പൗലോസ് പറയുന്നു. സാമൂഹിക ക്ഷേമത്തില്‍ താല്‍പര്യമുള്ള മലയാളികളുടെയും മറ്റിന്‍ഡ്യക്കാരുടെയും സഹായം തങ്ങള്‍ക്കുണ്ടാകുമെന്നാണ് ഈ മനുഷ്യസ്‌നേഹിസംഘത്തിന്റെ പ്രതീക്ഷ. C4C2015.com എന്ന വെബ്്‌സൈറ്റില്‍ അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

അത്യന്തം നീചമായ ഈ നൂതനകാല ക്രൂരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വലിയൊരു സംഘടനയാണ് പോളാറിസ്. അവരുടെ വസ്തുതാ പ്രസ്താവനയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 'അടിമത്വത്തിന്റെ ഉന്നതിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ അടിമകള്‍ ഇന്ന് നിലവിലുണ്ട്.'


സ്വരം നഷ്ടപ്പെട്ട നിസ്സഹായര്‍ക്കായ് - പോള്‍ ഡി പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക