Image

ബസിലെ വൃത്തികെട്ട മലയാളി, ട്രെയിനില്‍ മാന്യന്‍ (അനില്‍ പെണ്ണുക്കര)

Published on 04 March, 2015
ബസിലെ വൃത്തികെട്ട മലയാളി, ട്രെയിനില്‍ മാന്യന്‍ (അനില്‍ പെണ്ണുക്കര)
ഇന്ന്‌ പതിവ്‌ ക്ലാസില്‍ കുട്ടികളോട്‌ ദല്‍ഹിയിലെ പെണ്‍കുട്ടിയെ കുറിച്ചും ബലാല്‍സംഗ വീരന്‍ മുകേഷ്‌ സിങ്ങിനെക്കുറിച്ചും സംസാരിക്കവെ ഒരു ആണ്‍കുട്ടി ചോദിച്ചു .രാത്രിയില്‍ ഒരു പെണ്‍കുട്ടി എന്തിനു മറ്റൊരു പുരുഷനോടൊപ്പം യാത്ര ചെയ്‌തു എന്ന്‌.നമ്മുടെ കേരളത്തില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ എന്ന്‌.

ഗോവിന്ദ ചാമിയുടെ കഥ പറഞ്ഞു മറുപടി പറഞ്ഞുവെങ്കിലും കേരളത്തിലെ ബസ്‌ യാത്ര സ്‌ത്രീകള്‍ക്ക്‌ ഒരു പീഡന യാത്ര തന്നെയാണ്‌.

കേരളത്തില്‍ യാത്ര ഒരു പ്രശ്‌നമത്രേ ...ബസുകളില്‍ ...ഒരു ബസില്‍ കയറിയാല്‍ നമുക്ക്‌ അനുവദിച്ച ഇരിപ്പിടങ്ങള്‍ ഉണ്ടോ എന്നാവും മലയാളി കണ്ണുരുട്ടുക .ചിലര്‍ അധികാരത്തോടെ അവകാശം സ്ഥാപിക്കും.പറഞ്ഞുവരുന്നത്‌ ബസ്‌ യാത്രയിലെ ചില രസങ്ങളിലേക്കാണ്‌ .കേരളത്തിലെ യാത്രക്കാരിലധികവും ബസ്സ്‌ യാത്രക്കാരായതുകൊണ്ട്‌ കേരളീയരുടെ പൊതുസ്വഭാവമളക്കാന്‍ ബസ്സ്‌ യാത്ര മതിയാവും. ബസില്‍ അമ്പത്‌ സീറ്റ്‌ കാലിയാണെങ്കിലും ബസിലേക്ക്‌ കയറാനുള്ള പത്ത്‌ പേര്‍ ഇടിയിട്ടേ കയറൂ. അതൊരു ശീലമായിപ്പോയി. ക്യൂപാലിക്കാനല്ല ക്യൂപാലിക്കാന്‍ പാടില്ലെന്നാണിവിടത്തെ നിയമം. സംവരണ സീറ്റിലൊഴികെ സ്‌ത്രീകള്‍ക്കിരിക്കാന്‍ പാടില്ലെന്നാണ്‌ സ്‌ത്രീയാത്രക്കാരിലെ ഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നത്‌.

ജനറല്‍ സീറ്റിലിരിക്കുന്ന സ്‌ത്രീയുടെഅടുത്തിരിക്കാന്‍ പുരുഷനും പുരുഷന്റെ അടുത്തിരിക്കാന്‍ സ്‌ത്രീക്കും ഭയമാണ്‌. കാരണം കേരളത്തിലെ പുരുഷന്മാരിലെ ഭൂരിപക്ഷത്തിന്റേയും ധാരണ സ്‌ത്രീ അവരുടെ പൊതുസ്വത്താണെന്നാണ്‌. യാതൊരു പരിചയവുമില്ലാത്ത സ്‌ത്രീകളുടെ ദേഹത്ത്‌ തൊടാനും, തോണ്ടാനും അവനൊരുസങ്കോചവുമില്ല. ആ സ്‌ത്രീ, വിരൂപയോ, വിധവയോ, വൃദ്ധയോ ആരുമാകട്ടെ അവരുടെ അനുവാദമില്ലാതെ അവനൊന്ന്‌ തൊട്ടുനോക്കും, തോണ്ടിനോക്കും, സ്വന്തംവീട്ടിലെ പുന്നാര ആങ്ങള, സ്വന്തം നാട്ടിലെ വീരശൂരപരക്രമി, സ്വന്തംഭാര്യയെ വെറുതെ ഒന്ന്‌ നോക്കിപ്പോയവനെ കണ്ണുരുട്ടിക്കാണിച്ച ധീരനായ ഭര്‍ത്താവ്‌ ഇവനൊക്കെ ബസില്‍ കയറുമ്പോള്‍ അവന്റെ തനിനിറം വ്യക്തമാകും. ഇതൊരു മലയാളി വങ്കത്തമാണ്‌. സ്‌ത്രീകളെ പൊതുസ്വത്താക്കി പ്രഖ്യാപിച്ച വങ്കത്തം. ഈ വങ്കത്തത്തിനെതിരെ പ്രതികരിക്കുന്ന സ്‌ത്രീകളെ പുരുഷാധിപത്യ സമൂഹം ഒറ്റപ്പെടുത്തും. അവരെ പിന്തുണക്കാതെ മൗനം പാലിച്ച്‌ ഇരുന്നുകളയും. ബസിലെ വൃത്തികെട്ട മലയാളി ട്രെയിനില്‍ മാന്യനാണ്‌. അവനും അവളും അടുത്തടുത്തിരുന്ന്‌ യാത്ര ചെയ്യുന്നു, ഒരുകുഴപ്പവുമില്ലാതെ. ഈ വൃത്തികെട്ട സംസ്‌ക്കാരത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ വളരെ ബോധപൂര്‍വമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതാണ്‌ .

ഒരു നാടിന്റെ സംസ്‌ക്കാരമായി ഇത്‌ തുടരുന്നത്‌ കേരളത്തിനും മലയാളിക്കും ഭൂഷണമല്ല. ഒരു ശരാശരി മലയാളി പുരുഷന്‌ അവന്റെ അനുവാദമില്ലാതെ സ്വന്തം ശരീരത്തില്‍ മറ്റൊരാള്‍ സ്‌പര്‍ശിക്കുന്നത്‌ ഇഷ്ടമല്ല. എന്നാല്‍ അവന്‌ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അന്യസ്‌ത്രീകളെ അവരുടെ അനുവാദം കൂടാതെ സ്‌പര്‍ശിക്കാം .യാത്രയിലെ ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്ത സ്‌ത്രീകള്‍ വിരളമായിരിക്കുന്നു. ചില സ്‌ത്രീകള്‍മാത്രമാണ്‌ പ്രതികരിക്കുന്നത്‌. മറ്റുള്ള സ്‌ത്രീകളും ശക്തമായി പ്രതികരിച്ചാല്‍ സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായി യാത്രചെയ്യാന്‍ കഴിയും. രാവെന്നോ, പകലെന്നോ, വ്യത്യാസമില്ലാതെ സ്‌ത്രീക്കും പുരുഷനും യാത്രചെയ്യാന്‍ കഴിയുന്ന ഒരവസ്ഥ, അന്യന്റെ അവകാശം ഹനിക്കാതിരിക്കുന്ന അവസ്ഥ, സംജാതമായാലേ നാടിന്‌ സ്വാതന്ത്ര്യമുണ്ടെന്ന്‌ പറയാന്‍ കഴിയൂ. അല്ലാത്തത്‌ പുരുഷാധിപത്യസ്വാതന്ത്ര്യമാണ്‌. പുരുഷന്‌ മാത്രമായി ഒരുലോകമില്ല. പുരുഷനും സ്‌ത്രീയും തുല്ല്യശക്തികളാണ്‌. ഈ ശക്തികള്‍ പരസ്‌പരം അംഗീകരിച്ച്‌ മുന്നേറുമ്പോള്‍ ജീവിതയാത്ര സുരക്ഷിതമായി, നാട്‌ സമ്പന്നമായി.... ബസ്‌ യാത്രക്കിടയില്‍ മാന്യത പുലര്‍ത്താ തെ അന്യസ്‌ത്രീകളെ സ്‌പര്‍ശിക്കാന്‍ തക്കം പാര്‍ക്കുന്നവന്‍ ഓന്നോര്‍മിക്കുക, നിന്‌ റെ അമ്മയേയും, പെങ്ങളേയും, ഭാര്യയേയും, അവരുടെ സമ്മതമില്ലാതെ തോണ്ടാനുംപിടിക്കാനും, നിന്നെപ്പോലൊരു മലയാളി മറ്റൊരു ബസി ലിരിപ്പുണ്ട്‌. അവനും നിന്നെപ്പോലൊരു നികൃഷ്ട ജീവിയാണ്‌. ഇത്‌ ഓര്‍ക്കാതെയാണ്‌ പലരുടെയും കലാ പരിപാടികള്‍.

ഇത്രയും പറഞ്ഞത്‌ കൊണ്ട്‌ ഒരു പുരുഷ വിരോധി ആണെന്ന്‌ കരുതല്ലേ പുരുഷന്‍മാരേ ....
ബസിലെ വൃത്തികെട്ട മലയാളി, ട്രെയിനില്‍ മാന്യന്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക