Image

കീരിയും പാമ്പും കാശ്മീരില്‍ പോയപ്പോള്‍... (അനില്‍ പെണ്ണുക്കര)

Published on 03 March, 2015
കീരിയും പാമ്പും കാശ്മീരില്‍  പോയപ്പോള്‍... (അനില്‍ പെണ്ണുക്കര)
കീരിയും പാമ്പും കമ്പനിയായാല്‍ എന്താകും അവസ്ഥ? നമ്മുടെ ആവാസ വ്യവസ്ഥ തന്നെ അപകടത്തിലാകും. കാശ്‌മീര്‍ ഇന്ത്യയുടെ സ്വര്‍ഗം തന്നെയാണ്‌.  അത്‌ നരകം ആക്കാന്‍ ആര്‌ ശ്രേമിചാലും നാം ഒറ്റക്കെട്ടായി നില്‍ക്കണം. എന്നാല്‍ ഇപ്പോള്‍ കാശിക്കുപോയ പാമ്പിനു കീരി കൂട്ടു പോയപോലെയായി കാര്യങ്ങള്‍.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്‌ രാഷ്ട്ര വിരുദ്ധ ശക്തികളുടെ ഔദാര്യത്തിലാണെന്ന്‌ പറഞ്ഞാല്‍ അത്‌ രാജ്യദ്രോഹമാണ്‌. പറയുന്നത്‌ ഭരണഘടനാപരമായ പദവിയിലിരിക്കുന്നയാള്‍ ആകുമ്പോള്‍ അതില്‍ വലിയ കാര്യമുണ്ട്‌. ബി.ജെ.പി പിന്തുണയോടെ ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തയുടന്‍ പി.ഡി.പി നേതാവ്‌ മുഫ്‌തി മുഹമ്മദ്‌ സഈദ്‌ നടത്തിയ പ്രസ്‌താവന വലിയ വിവാദമായതില്‍ ഭാരതീയര്‍ അത്ഭുതപെട്ടിട്ടു കാര്യമില്ല .

ജമ്മു കശ്‌മീരില്‍ സമാധാനപരമായി നിയമസഭാ തെരഞ്ഞെടുപ്പു നടത്താന്‍ സാഹചര്യമൊരുക്കിയതിനു പാകിസ്‌താനും കശ്‌മീരിലെ വിഘടനവാദ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയായ ഓള്‍ പാര്‍ട്ടി ഹുറിയത്ത്‌ കോണ്‍ഫറന്‍സിനും നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു മുഫ്‌തിയുടെ പ്രസ്‌താവന. ശത്രുചേരിയിലുള്ള ഏതെങ്കിലുമൊരു നേതാവില്‍ നിന്നാണ്‌ ഇത്തരമൊരു പ്രസ്‌താവന വന്നിരുന്നതെങ്കില്‍ സംഘ്‌പരിവാര്‍ സംഘടനകള്‍ സൃഷ്ടിച്ചേക്കാവുന്ന പുകിലൊന്നും ഈ വിഷയത്തില്‍ കണ്ടില്ല. പ്രഖ്യാപിത ശത്രുക്കളായ പാകിസ്‌താനെയും കശ്‌മീര്‍ തീവ്രവാദികളെയും ഒരു സഖ്യകക്ഷി നേതാവ്‌ സ്‌തുതിക്കുന്നത്‌ നിസ്സഹായരായി കേട്ടുനില്‍ക്കേണ്ട ഗതികേടിലാണ്‌ സംഘ്‌പരിവാരന്‍ മാരും ബി.ജെ.പി യും.

ബി.ജെ.പി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന അടവുനയ രാഷ്ട്രീയത്തിനു തല്‍ക്കാലം കശ്‌മീരില്‍ മുഫ്‌തിയുടെ കൂട്ടു വേണമെന്നതു തന്നെയാണു കാരണം. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ അടിസ്ഥാന നിലപാടുകളില്‍ പോലും വെള്ളം ചേര്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന സ്ഥിതിവിശേഷമാണ്‌ ബി.ജെ.പി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്‌.

സംസ്ഥാനത്തിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ വകുപ്പ്‌ നിലനിര്‍ത്തണമെന്നു വാദിക്കുന്ന പാര്‍ട്ടിയാണു പി.ഡി.പി. എന്നാല്‍ ഈ വകുപ്പ്‌ മാറ്റണമെന്ന കടുത്ത നിലപാടാണു ബി.ജെ.പിയുടേത്‌. സംസ്ഥാനത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ പോലും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ സഖ്യത്തിന്റെ ഭരണം ഉദ്‌ഘാടനം ചെയ്യപ്പെട്ട ദിനത്തില്‍ തന്നെ മുഫ്‌തി നടത്തിയ വെടി നമ്മുടെ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. തൂക്കുനിയമസഭ നിലവില്‍ വന്നപ്പോള്‍ ബി.ജെ.പിയുടെ പിന്തുണയാണു മുഫ്‌തി സ്വീകരിച്ചത്‌. വളരെ വ്യത്യസ്‌തമായ രാഷ്ട്രീയ സാഹചര്യമുള്ള കാശ്‌മീരില്‍ ഭരണം സൗകര്യപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കൂട്ടാണു തമ്മില്‍ ഭേദമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്‌.

അധികാരം നേടിയെടുക്കാന്‍ എന്ത്‌ മാര്‍ഗവും സ്വീകരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണു ബി.ജെ.പി പിന്തുണയുമായി ഓടിയെത്തിയതും. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമായി അറിയാവുന്നയാളാണു മുഫ്‌തി. കശ്‌മീരിലെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ രൂക്ഷത വ്യക്തിപരമായി തന്നെ അനുഭവിച്ചറിഞ്ഞ മുഫ്‌തിക്കു മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ല. പാക്‌ ഭരണ നേതൃത്വത്തെയും വിഘടനവാദികളെയും പ്രീണിപ്പിക്കേണ്ടത്‌ അധികാരക്കസേര ഉറപ്പിക്കാന്‍ അനിവാര്യമാണെന്ന തിരിച്ചറിവില്‍ കരുതിക്കൂട്ടിത്തന്നെയാണ്‌ മുഫ്‌തി ഈ പ്രസ്‌താവന നടത്തിയതെന്നു വ്യക്തം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തെയാണു മുഫ്‌തി അവഹേളിച്ചിരിക്കുന്നത്‌. രാജ്യ വിരുദ്ധ ശക്തികളുടെ ഔദാര്യത്തിലാണു നമ്മുടെ ജനാധിപത്യം പുലരുന്നതെന്നു പോലും അദ്ദേഹം പറയാതെ പറഞ്ഞുവച്ചിരിക്കുകയാണ്‌. ഇത്‌ ഭാരതത്തിലെ ജനങ്ങളോടുള്ള ഒരു വെല്ലുവിളിയായി തന്നെ കാണണം. ഭക്ഷണം ഇവിടെയും കൂറ്  അയല്‍പക്കത്തും എന്ന നിലപാട്‌ ശെരിയല്ല. അത്‌ തിരുത്തിയെ പറ്റു.

കാശിക്കുപോയ കീരിയും പാമ്പും...ഇതില്‍ ആര്‍ക്കാകും മോക്ഷം കിട്ടുക.
കീരിയും പാമ്പും കാശ്മീരില്‍  പോയപ്പോള്‍... (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക