Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-27: സാം നിലമ്പള്ളില്‍)

Published on 02 March, 2015
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-27: സാം നിലമ്പള്ളില്‍)
അദ്ധ്യായം ഇരുപത്തേഴ്‌.

ഹിറ്റ്‌ലര്‍ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തിയിട്ടും അനങ്ങാമ്പാറ നയമാണ്‌ ഇംഗ്‌ളണ്ടും അമേരിക്കയും സ്വീകരിച്ചത്‌. ഒരുയുദ്ധം ചെയ്‌തതിന്റെ ക്ഷീണം മാറിയിട്ടില്ലാത്ത ഇംഗ്‌ളീഷ്‌ജനത രാജ്യത്തെ മറ്റൊരു ദുരന്തത്തിലേക്ക്‌ വലിച്ചിഴക്കുന്നതിന്‌ എതിരായിരുന്നു. ബ്രിട്ടീഷ്‌ പ്രധാനമന്തിയായയിരുന്ന നെവില്‍ ചേമ്പര്‍ലെയിന്‍ നാസിജര്‍മനിയുമായി സമാധാനം സ്ഥാപിക്കാനാണ്‌ അവിടെച്ചെന്ന്‌ യുദ്ധമില്ലാക്കരാറില്‍ ഒപ്പിട്ടത്‌. അയാള്‍ തിരിച്ചുപോയതിന്റെ പിന്നാലെ ഹിറ്റ്‌ലര്‍ ആ കടലാസ്‌ കീറിക്കളഞ്ഞു. എന്നിട്ട്‌ ചേമ്പര്‍ലെയിന്‌ ഒരു ഓമനപ്പേരും ഇട്ടുകൊടുത്തു, `പുഴു.'

അന്ന്‌ ചേമ്പര്‍ലെയിനിന്റെ മന്ത്രിസഭയില്‍ വെറുമൊരു മന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ജര്‍മനിക്കെതിരെ യുദ്ധംചെയ്യണമെന്നുള്ള അഭിപ്രായക്കാരനായിരുന്നു. പക്ഷേ, ചര്‍ച്ചിലിന്റെ അ`ിപ്രായങ്ങള്‍ വെറുമൊരു വനരോദനമായിട്ടാണ്‌ അവശേഷിച്ചത്‌.

അമേരിക്കയുടെ സ്ഥിതിയും വെത്യസ്ഥമായിരുന്നില്ല. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്‌മയും മൂലം ദുരിതം അനു`വിക്കുന്ന അമരിക്കക്കാര്‍ അറുപത്‌ ശതമാനവും യുദ്ധംവേണ്ട എന്ന അ`ിപ്രായക്കാരായിരുന്നു. ഹിറ്റ്‌ലര്‍ ചുറ്റുമുള്ള ചെറുരാജ്യങ്ങളെ വിഴുങ്ങുന്നതും യഹൂദരെ കൂട്ടക്കൊലചെയ്യുന്നതും അറിഞ്ഞ പ്രസിഡണ്ട്‌ റൂസ്‌വെല്‍റ്റ്‌ അസ്വസ്ഥനായെങ്കിലും അക്രമിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍പോലും കോണ്‍ഗ്രസ്സ്‌ അദ്ദേഹത്തെ അനുവദിച്ചില്ല. `ഹിറ്റ്‌ലര്‍ യൂറോപ്പിലല്ലേ അതിക്രമം കാണിക്കുന്നത്‌ നമുക്കെന്തുവേണം? എന്തായാലും അറ്റ്‌ലാറ്റിക്ക്‌ സമുദ്രം കടന്ന്‌ അയാള്‍ ഇങ്ങോട്ടൊന്നും വരാന്‍ പോകുന്നില്ല. അധവാ വന്നാല്‍ അന്നേരം നോക്കാം.' ഇതായിരുന്നു കോണ്‍ഗ്രസ്സ്‌ അംഗങ്ങളുടെ നിലപാട്‌.

യൂറോപ്പിലെ ചെറുതും വലുതുമായ രാജ്യങ്ങളെ ഹിറ്റ്‌ലര്‍ കീഴടക്കിക്കഴിഞ്ഞു. ഇനി ഉണ്ടെന്നുപറയാന്‍ അല്‍പം ശക്തിയുള്ള ഇംഗ്‌ളണ്ടാണ്‌. അവരാണെങ്കില്‍ യുദ്ധത്തിന്‌ തയ്യാറെടുത്തിട്ടുമില്ല. ഇപ്പോള്‍ അടിച്ചാല്‍ ഇംഗ്‌ളണ്ടും വീണേക്കും. പിന്നെ തന്നെഎതിര്‍ക്കാനുള്ള ശക്തികള്‍ ലോകത്തില്‍ വേറെയില്ല. അമേരിക്ക അങ്ങുദൂരെയാണ്‌. തല്‍ക്കാലം ഉപദ്രവിക്കാതിരുന്നാല്‍ അവര്‍ അവരുടെ കാര്യംനോക്കി ജീവിച്ചുകൊള്ളും. ഇങ്ങനെയൊക്കെ ആലോചിച്ചിട്ടാണ്‌ ലണ്ടനിലേക്ക്‌ ബോംബുകളുമായി കുറെയുദ്ധവിമാനങ്ങള്‍ അയച്ചത്‌.

ഒരു സുപ്ര`ാതത്തില്‍ അമിട്ടുപൊട്ടുന്നതുപോലത്തെ ശബ്‌ദംകേട്ടുകൊണ്ടാണ്‌ ലണ്ടന്‍ നിവാസികള്‍ ഉണര്‍ന്നത്‌. ഈ കൊച്ചുവെളുപ്പാന്‍കാലത്ത്‌ ആരാ പടക്കംപൊട്ടിക്കുന്നതെന്ന്‌ വിചാരിച്ച്‌ വീടിനുവെളിയില്‍ ഇറങ്ങനോക്കിയവര്‍ കണ്ടത്‌ ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങളും പടരുന്ന തീയുമാണ്‌. മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ പുഷ്‌പവൃഷ്‌ടി നടത്തുന്നു. താഴെവീഴുന്ന പുഷ്‌പങ്ങള്‍ വലിയശബ്‌ദത്തോടെ പൊട്ടിച്ചിതറുന്നു. രണ്ടുമിനിറ്റ്‌ ആലോചിച്ചതിന്‌ ശേഷമാണ്‌ അവര്‍ക്ക്‌ കാര്യം പിടികിട്ടിയത്‌. ഹിറ്റ്‌ലര്‍ അയച്ച വിമാനങ്ങളാണ്‌ രാവിലെ `ഗുഡ്‌മോര്‍ണിങ്ങ്‌' പറയാന്‍ വന്നിരിക്കുന്നത്‌. ചര്‍ച്ചില്‍ പണ്ടുപറഞ്ഞത്‌ വാസ്‌തവമായിരുന്നല്ലോ എന്നോര്‍ത്തതും അന്നേരമാണ്‌. വലിയ താമസമില്ലാതെ ചേമ്പര്‍ലെയിനിനെ പ്രധാനമന്ത്രിയുടെ കസേരയില്‍നിന്ന്‌ പിടിച്ചിറക്കി ചര്‍ച്ചിലിനെ അവിടെ പ്രതിഷ്‌ഠിച്ചു.

പക്ഷേ, ചര്‍ച്ചില്‍ എന്തുചെയ്യാനാണ്‌? ആകെക്കൂടി കയ്യിലുള്ളത്‌ ഇന്‍ഡ്യയില്‍ ഗാന്ധിയുടെ അനുയായികളെ വെടിവെയ്‌ക്കാനുള്ള കുറെ പഴഞ്ചന്‍ തോക്കുകളാണ്‌. നാലുവെടിവെച്ചാല്‍ രണ്ടെണ്ണംപൊട്ടും. അതുംകൊണ്ട്‌ ഹിറ്റ്‌ലറെ നേരിടാന്‍പോയാല്‍ വാലിന്‌ തീപിടിച്ചതുപോലെ തിരിഞ്ഞോടേണ്ടിവരും. ചര്‍ച്ചില്‍ തന്റെ ദൂതനെ അമേരിക്കയിലേക്ക്‌ പറഞ്ഞുവിട്ടു. `ബ്രിട്ടീഷ്‌ രക്തംതന്നെയല്ലേ അമേരിക്കക്കാരുടെയും സിരകളില്‍കൂടി ഒഴുകുന്നത്‌? ഒന്നാലോചിച്ചാല്‍ നിങ്ങളുടെ മാതൃരാജ്യമല്ലേ അപകടത്തില്‍ പെട്ടിരിക്കുന്നത്‌. സഹായിക്കണം. ഇല്ലെങ്കില്‍ ഇംഗ്‌ളണ്ട്‌ തേര്‍ഡ്‌ റൈച്ചിന്റെ ഒരു സംസ്ഥാനമായിമാറും.'

`എന്റെ കൈകള്‍രണ്ടും ഇവിടെ ഞങ്ങളുടെ കോണ്‍ഗ്രസ്സ്‌ കെട്ടിവെച്ചിരിക്കയാണ്‌,' അമേരിക്കന്‍ പ്രസിഡണ്ട്‌ റൂസ്‌വെല്‍റ്റ്‌ പറഞ്ഞു. `ഈ അവസ്ഥയില്‍ ഞാനെങ്ങനെ യുദ്ധംചെയ്യാന്‍ വരും? പിന്നെ എനിക്കുചെയ്യാവുന്നത്‌ അഞ്ചാറ്‌ തോക്കും വഴിച്ചിലവിന്‌ കുറെ ഡോളറും തന്നുവിടാമെന്നുള്ളതാണ്‌. ഡോളര്‍ രാജാവാണെന്ന്‌ അറിയാമല്ലോ? അതുകാണിച്ചാല്‍ ചിലപ്പോള്‍ അതിക്രമിയുടെ കണ്ണ്‌ മഞ്ഞളിച്ചേക്കും. അതുകൊണ്ടും ഫലിച്ചില്ലെങ്കില്‍ തോക്കെടുത്ത്‌ പ്രയോഗിക്കുക. ഇത്‌ നിങ്ങള്‍ ഉണ്ടാക്കുന്നതുപോലത്തെ പൊട്ടാത്ത തോക്കൊന്നുമല്ല. ഒരുവെടിവെച്ചാല്‍ പത്ത്‌ നാസികള്‍ ചത്തുവീഴും.'

എന്തോ കൈമോശംവന്ന അണ്ണാനെപ്പോലെ ചര്‍ച്ചിലിന്റെ ദൂതന്‍ തോക്കും ഡോളറുമായി തിരികെപ്പോന്നു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ റൂസ്‌വെല്‍റ്റിന്‌ കരച്ചില്‍വന്നു; സഹായം അ`്യര്‍ത്ഥിച്ചുവന്ന ഒരാളെ വെറുംകയ്യോടെ പറഞ്ഞുവിട്ടതോര്‍ത്ത്‌. അദ്ദേഹം നേരെ കുന്നേലോട്ട്‌ (അവിടെയാണ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെയും സെനറ്റിന്റെയും ആസ്ഥാനമായ കാപ്പിറ്റോള്‍ സ്ഥിതിചെയ്യുന്നത്‌) വെച്ചുപിടിച്ചു.

`ഞാനൊരു അതിക്രമം കാട്ടിയിട്ടാണ്‌ വന്നിരിക്കുന്നത്‌.' അദ്ദേഹം കോണ്‍ഗ്രസ്സ്‌ അംഗങ്ങളോട്‌ പറഞ്ഞു. `നിങ്ങള്‍ കാരണം അമേരിക്കയുടെ സഹായംതേടിവന്ന ഒരാളെ നിരാശപ്പെടുത്തി വിടേണ്ടിവന്നു എനിക്ക്‌. രാവിലെ ബ്രേക്ക്‌ഫാസ്റ്റ്‌ വിളമ്പിവെച്ചത്‌ വൈറ്റ്‌ഹൗസില്‍ ഇരിക്കുന്നതേയുള്ളു. അതുപോലും കഴിക്കാതെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. ഇതിനൊരു പരിഹരം കണ്ടിട്ടേ ഞാന്‍ തിരിച്ചുപോകുന്നുള്ളു. റൂസ്‌ വെല്‍റ്റ്‌ കാപ്പിറ്റോളിലെ കസേരയില്‍ മുറുകെപ്പിടിച്ചിരുന്നു.

പ്രസിഡണ്ടിന്റെ പിടിവാശികണ്ട കോണ്‍ഗ്രസ്സ്‌ അംഗങ്ങള്‍ എന്താണ്‌ വേണ്ടതെന്ന്‌ ആലോചിച്ചു. അദ്ദേഹം ഒന്നാമതേ രോഗിയും ബലഹീനനുമാണ്‌. അതിന്റെകൂടെ ബ്രേക്ക്‌ഫാസ്റ്റും കഴിക്കാതിരുന്നലോ? ഇന്‍ഡ്യയിലെ ഗാന്ധിയുടെകൂട്ട്‌ ആരോഗ്യവാനാണെങ്കില്‍ വേണ്ടില്ല. അദ്ദേഹത്തിന്‌ പട്ടിണികിടന്ന്‌ പരിചയവുമുണ്ട്‌. അതുപോലാണോ അമേരിക്കന്‍ പ്രസിഡണ്ട്‌? എന്തെങ്കിലും ഉടനെചെയ്‌തില്ലെങ്കില്‍ കുഴപ്പമാണ്‌.

`മിസ്റ്റര്‍. പ്രസിഡണ്ട്‌.' കോണ്‍ഗ്രസ്സിന്റെ സ്‌പീക്കര്‍ പറഞ്ഞു. `തല്‍ക്കാലം നമുക്ക്‌ പണവും ആയുധങ്ങളും കൊടുത്ത്‌ ഇംഗ്‌ളണ്ടിനെ സഹായിക്കാം. എന്നിട്ട്‌ കാത്തിരുന്ന്‌ നോക്കാം എന്താണ്‌ സംഭവിക്കുന്നതെന്ന്‌. ഇവിടെ ജനങ്ങളില്‍ ഭൂരിഭാഗവും യുദ്ധത്തിന്‌ എതിരാണെന്ന്‌ താങ്കള്‍ക്ക്‌ അറിയാമല്ലോ. ജനഹിതത്തിന്‌ എതിരായി എന്തെങ്കിലും ചെയ്‌താല്‍ വരാന്‍പോകുന്ന ഇലക്‌ഷനില്‍ കെട്ടിവെച്ച കാശുംപോയി ഞങ്ങള്‍ വീട്ടിലിരിക്കത്തേയുള്ളു. ജനാധിപത്യത്തില്‍ ജനങ്ങളാണ്‌ യജമാന്മാര്‍ എന്ന്‌ കഴിഞ്ഞദിവസവും അങ്ങ്‌ പ്രസംഗത്തില്‍ പറഞ്ഞത്‌ മറന്നുപോയോ?'

സ്‌പീക്കര്‍ പറഞ്ഞതില്‍ വാസ്‌തവമുണ്ടെന്ന്‌ തോന്നിതിനാല്‍ റൂസ്വെല്‍റ്റ്‌ പോയതുപോലെ തിരിച്ചുപോന്നു.`അങ്ങോട്ട്‌ പോകേണ്ടന്ന്‌ ഞാന്‍പറഞ്ഞതല്ലേ' എന്ന്‌ അദ്ദേഹം ബ്രേക്കഫാസ്റ്റ്‌ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മിസസ്സ്‌ റൂസ്‌വെല്‍റ്റ്‌ പറഞ്ഞതായിട്ടാണ്‌ ചരിത്രകാരന്മാര്‍ സ്വകാര്യമായി രേഖപ്പെടുത്തിയത്‌.

(തുടരും....)


ഇരുപത്തിയാറാം ഭാഗം വായിക്കുക
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-27: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക