Image

പ്രവാസി മലയാളി ഫെഡറേഷന്‍ ജനങ്ങളുടെ സംഘടന: ഡോ. ജോസ് കാനാട്ട്

Published on 02 March, 2015
പ്രവാസി മലയാളി ഫെഡറേഷന്‍ ജനങ്ങളുടെ സംഘടന: ഡോ. ജോസ് കാനാട്ട്
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ജനങ്ങളുടെ സംഘടനയാണെന്നും സംഘടനയില്‍ ജാതി-മത, രാഷ്ട്രീയ വിഘടന വാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് പറഞ്ഞു. കൂടാതെ മറ്റു മലയാളി സംഘടനകളില്‍ നിന്നു വ്യത്യസ്തമായി പി.എം.എഫ് എല്ലാ തുറകളിലുമുള്ള പ്രവാസി മലയാളികളെയും ഒരു കുടക്കീഴില്‍ ചേര്‍ത്തുകൊണ്ട് നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ തെളിവാണ് വളരെ ചെറിയ കാലത്തിനുള്ളില്‍ സംഘടനയ്ക്ക് ലോക പ്രവാസി മലയാളികളുടെ മനംകവര്‍ന്ന് വളര്‍ന്നുവരുവാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഒരു പ്രസ്താവനയില്‍ അറിയിച്ചതാണിത്.

പ്രവാസി മലയാളി ഫെഡറേഷന്‍ ഇപ്പോള്‍ അമേരിക്കയില്‍ ശക്തമല്ലെങ്കിലും, അധികം താമസിയാതെ മറ്റുള്ള എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളെക്കാളും ശക്തിയാര്‍ജിച്ചു വരുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പി.എം.എഫ് ഫോട്ടോകളിലും, സ്റ്റേജ് ഷോകളിലും മാത്രമല്ല പ്രവര്‍ത്തിക്കുന്നത്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങളും ആവലാതികളും അറിഞ്ഞുള്ള പ്രവര്‍ത്തനമാണ് സംഘടനയുടെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി സംഘടനകള്‍ ഉള്ളതും, സംഘടനാ പ്രവര്‍ത്തകരുടെ കെടുകാര്യസ്ഥതയിലും അഹംഭാവത്തിലും പൊറുതിമുട്ടിയതുമായ അമേരിക്കയില്‍ വീണ്ടുമൊരു സംഘടന എന്തിന് എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം പ്രസ്താവന പുറപ്പെടുവിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക