Image

ഒരു കിരീടാവകാശിയുടെ വാനപ്രസ്ഥം, അഥവാ സ്വയം നാടുകടത്തല്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 02 March, 2015
ഒരു കിരീടാവകാശിയുടെ വാനപ്രസ്ഥം, അഥവാ സ്വയം നാടുകടത്തല്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)
 രാഹുല്‍ ഗാന്ധി സബാറ്റിക്കലില്‍ ആണ്. അതായത് നിഘണ്ടു പ്രകാരം ഏഴാം വര്‍ഷം യഹൂദര്‍ അടിമകളെ മോചിപ്പിക്കുകയും കടക്കാരെ മോചിപ്പിക്കുകയും പഠനപര്യടനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് ജോലി ഇളവ് അനുവദിക്കുകയും ചെയ്യുന്ന വര്‍ഷം. യഹൂദ നിയമപ്രകാരം സാബദില്‍ വേറൊരു കര്‍മ്മവും ചെയ്തുകൂടാ. സാബദ് വിശുദ്ധമായി ആചരിക്കണം. ഓര്‍മ്മയില്ലേ ബൈബിളിലെ സംഭവം? യേശു രോഗിയെ വിമുക്തനാക്കിയപ്പോള്‍ അത് സാബദിലാണെന്ന് പറഞ്ഞ് യഹൂദര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തത്. അത് വേറെ സംഭവം. അപ്പോള്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ സാബദിലാണ്. രാഷ്ട്രീയത്തില്‍ നിന്നും താത്കാലികമായ വാനപ്രസ്ഥത്തില്‍, അഥവാ ഒരു സ്വയം നാടുകടത്തല്‍.

സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് കപിലവസ്തു വിട്ട് പോയ ശുദ്ധോധന മഹാരാജാവിന്റെ മകന്‍ സിദ്ധാര്‍ത്ഥന്റെ കഥ നമുക്കറിയാം. രോഗത്തിന്റെയും നൊമ്പരങ്ങളുടെയും പട്ടിണിയുടെയും ഉറവിടം തേടി പോയ അദ്ദേഹത്തിന് പിന്നീട് ബധഗയയില്‍ വെച്ച് ബോധോദയമുണ്ടായി. അങ്ങനെ തഥാഗതന്‍ എന്ന സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധന്‍ ആയി.

ഇവിടെ മറ്റൊരു കിരീടാവകാശി കിരീടവും ചെങ്കോലും വെടിഞ്ഞ് വാനപ്രസ്ഥത്തിലാണ്. കോണ്‍ഗ്രസിന്റെ ഉപദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്വേഷിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം മറ്റു ചിലതാണ്. സിദ്ധാര്‍ത്ഥന്റേതു പോലെ മരണവും രോഗവും ദാരിദ്ര്യവും അല്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്? ഇതിനദ്ദേഹം ഉത്തരം കണ്ടെത്തുവാനായി ഗംഗോത്രിയിലെ ഹിമകശൈലങ്ങള്‍ക്കിടയില്‍ തപസ്സ് അനുഷ്ഠിക്കുകയാണോ? അതോ ബര്‍മ്മയിലെ ബുദ്ധമത ആശ്രമങ്ങള്‍ക്കിടയില്‍ വിപാസന എന്ന ബുദ്ധമത ധ്യാനാനുക്രമത്തില്‍ നിരതനാണോ? അതോ യൂറോപ്പിലെ ഏതെങ്കിലും വിശ്രമ കേന്ദ്രത്തില്‍ ധ്യാനിരതനാണോ? അറിയില്ല. കാരണം ഡല്‍ഹിയില്‍ ഊഹാപോഹങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. ഈ കിരീടാവകാശിയുടെ പാലായനവും അനാഥത്വവും അന്യതാ ബോധവും ഏകാന്തതയും സമാനതകള്‍ ഇല്ലാത്ത യാഥാര്‍ത്ഥ്യമാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍.

ഒരു ദശാബ്ദത്തിലേറെയായി നാല്പത്തിനാലുകാരനായ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എം.പി. ആയും ജനറല്‍ സെക്രട്ടറി ആയും ഉപാധ്യക്ഷനായും ഒന്നാം നിരയില്‍ വന്നിട്ട്. ഈ നെഹ്‌റു ഗാന്ധി കുടുംബാംഗം, പഴയ ഡൂണ്‍ സ്‌ക്കൂള്‍ ബോയ് ഇതുവരെ എന്തു നേടി? കാര്യമായൊരു നേട്ടവും അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഇല്ല. നേതൃപാടവം തെളിയിക്കുവാനായിട്ടില്ല. ആകെ എടുത്ത് പറയാവുന്നത് 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ഒമ്പതില്‍ നിന്നും ഇരുപത്തിമൂന്ന് ആയി ഉയര്‍ത്തിയതാണ്. ഇത് രാഹുലിന്റെ വ്യക്തിപ്രഭാവം കൊണ്ടും രാഷ്ട്രീയ അടവ് നയംകൊണ്ടും സാധിച്ചതാണെന്ന് ആണ് കൊട്ടിഘോഷിക്കപ്പെട്ടത്. പിന്നീട് ഇത് വേറെ എവിടെയും ആവര്‍ത്തിക്കപ്പെട്ടുമില്ല. നേരെ മറിച്ച് അടിവെച്ച് അടിവെച്ച് താഴേയ്ക്ക് പോവുകയായിരുന്നു കോണ്‍ഗ്രസ്. ഓരോ തകര്‍ച്ച കഴിയുമ്പോഴും സ്തുതി പാടകരായ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനു പുതിയ സ്ഥാനക്കയറ്റം നല്‍കുന്നതിനായി മുറവിളി കൂട്ടും. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഉപാധ്യക്ഷന്‍ പിന്നെ ഇപ്പോള്‍ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് അധ്യക്ഷന്‍, അങ്ങനെ. അല്ലെങ്കില്‍ കോണ്‍ഗ്രസുകാരന്റെ മറ്റൊരു മുദ്രാവാക്യം പ്രിയങ്കയെ കൊണ്ടുവരിക എന്നുള്ളതാണ്. അത് രാഹുല്‍ ഇപ്പോള്‍ താത്്കാലിക വാനപ്രസ്ഥത്തില്‍ പോയപ്പോഴും ഉണ്ടായി. ഈ വക നാടകവും നാടകീയതയും ആണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ കേളികള്‍.
രാഹുലിന്റെ നിര്‍ഭാഗ്യം എന്ന് പറയട്ടെ അദ്ദേഹം ഉപാധ്യക്ഷനായതിനു ശേഷം കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പ് പോലും ജയിച്ചിട്ടില്ല. ഇതില്‍ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പും മഹാരാഷ്ട്രാ, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളും ഉള്‍പ്പെടുന്നു. ഒരു യുവനേതാവിനെ സംബന്ധിച്ചിടത്തോളം ഇതില്‍പ്പരം പരാജയം എന്താണുള്ളത്. 

ഇദ്ദേഹത്തിനെതിരായി യാതൊരു വിധ അഴിമതി ആരോപണവും ഇല്ല. കാരണം ഇദ്ദേഹം അധികാരം നേരിട്ട് കയ്യാളിയിട്ടില്ല. എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്റെ ഗവണ്‍മെന്റില്‍ പരോക്ഷമായി അധികാരത്തില്‍ കൈ കടത്തിയതായി ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജയന്തി നടരാജന്റെ ആരോപണങ്ങള്‍ ഉദാഹരണമാണ്. ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ അധികാരത്തില്‍ തുടരുവാന്‍ അനുവദിച്ചുകൊണ്ടുള്ള മന്‍മോഹന്‍സിങ്ങ് ഗവണ്‍മെന്റിന്റെ ഓഡിനന്‍സിനെ ഇത് എന്ത് അസംബന്ധമാണ് എന്ന് പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ചുകൊണ്ട് ഡല്‍ഹിയിലെ പ്രസ്സ്‌ക്ലബില്‍ വെച്ച് പ്രസ്താവന നടത്തിയത് വളരെ പ്രസിദ്ധമാണ്. ഞാന്‍ അന്ന് പ്രസ്സ് ക്ലബില്‍ ഉണ്ടായിരുന്നു. ദൃക്‌സാക്ഷി ആയിരുന്നു. ഇതിന്റെ ഉദ്ദേശശുദ്ധിയെ ആരും ചോദ്യം ചെയ്യുന്നില്ല. അത് വേണ്ടതു തന്നെയായിരുന്നു. പക്ഷെ അത് ചെയ്ത രീതി ശരിയല്ലായിരുന്നു എന്ന് മാത്രം. ഒരു പ്രധാനമന്ത്രിയെ അതും മന്‍മോഹന്‍ സിങ്ങിനെ പോലെയുള്ള ഒരു വന്ദ്യവയോധികനെ ഒരിക്കലും രാഹുല്‍ ഗാന്ധിയെ പോലെയുള്ള ഒരു വ്യക്തി അങ്ങനെ അപഹസിക്കരുതായിരുന്നു. കാരണം വിയോജിപ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തീര്‍ക്കേണ്ടതാണ്.

അദ്ദേഹത്തിന്റെ അപക്വമതപരമായ ഒട്ടേറെ പ്രവര്‍ത്തികള്‍ വേറെയുമുണ്ട്. ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമാജ് വാദ് പാര്‍ട്ടിയുടെ പ്രകടനപത്രിക ഒരു പൊതുയോഗത്തില്‍ വെച്ച് പരസ്യമായി കീറി എറിഞ്ഞതാണ് ഒന്ന്. ഒരു രാഷ്ട്രീയ നേതാവും ചെയ്യരുതാത്ത, പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു നടപടിയാണത്. ആരാണ് രാഹുല്‍ഗാന്ധി? എന്താണ് രാഹുല്‍ ഗാന്ധി? ഇതൊന്നും ആര്‍ക്കും, കോണ്‍ഗ്രസുകാര്‍ക്ക് പോലും ഇത് വരെ അറിയാനാകാത്ത കാര്യമാണ്. കാരണം അദ്ദേഹം കോണ്‍ഗ്രസ്‌കാര്‍ക്കും ജനങ്ങള്‍ക്കും അപ്രാപ്യനാണ്. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ മായിക പരിവേഷത്തില്‍ അദ്ദേഹം ഒരു വിസ്മയം പോലെ വിരാജിക്കുകയാണ്. ഇതൊന്നും ഒരു ജനാധിപത്യ സംസ്‌കാരത്തിന് യോജിച്ചതല്ല. പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളെ എടുക്കുക, ലാളിക്കുക, ദളിതന്റെ വീട്ടില്‍ അന്തിയുറങ്ങുക തുടങ്ങിയതൊക്കെ അദ്ദേഹം ചെയ്യാറുണ്ട്. ഇവ പബ്ലിക് സ്‌ക്കൂളിലെ പിള്ളേരുടെ വാര്‍ഷിക പൊതുസേവന പ്രഹസനത്തിന്റെ മറ്റൊരു പതിപ്പ് മാത്രമാണ്.

ഇവിടെ രാഹുല്‍ ഗാന്ധിയുടെ  നേട്ടങ്ങളേയും നേതൃത്വത്തേയും താഴ്ത്തിക്കെട്ടുവാനുള്ള ശ്രമമല്ല നടത്തുന്നത്. അദ്ദേഹം പ്രതികരിക്കുന്ന തലമുറയുടെ പ്രക്ഷുബ്ദനായ നേതാവായിട്ടാണ് അവതരിച്ചത്. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യ രാഹിത്യത്തെ എതിര്‍ത്തു. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയിലെ ഡയനാസ്റ്റിക് രാഷ്ട്രീയത്തെപോലും തള്ളിപ്പറഞ്ഞു. അദ്ദേഹം ഭട്ടപരസൂളിലും നിയമഗിരിയിലും(ഒഡീഷ) നടത്തിയ ഇടപെടലുകള്‍ ക്രോധിക്കുന്ന യുവ നേതൃത്വത്തിന്റെ പ്രതിസ്ഭുരണം ആയിരുന്നു. പക്ഷെ നിയമഗിരിയിലെ ഇടപെടല്‍ പിന്നീട് ജയന്തി നടരാജന്റെ രാജിക്ക് കാരണമായത് മറ്റൊരു കഥ. രാഹുല്‍ ഗാന്ധി എല്ലാവരുടെയും വികസനത്തിനായും സാമൂഹ്യ ഉച്ചനീചത്വത്തിനെതിരായും നിലകൊണ്ടു. അദ്ദേഹം ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ അയോഗ്യരായി പ്രഖ്യാപിക്കുവാന്‍ എടുത്ത നിലപാട് സുപ്രീം കോടതി പോലും ശ്ലാഖിക്കുകയുണ്ടായി. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ചെലമേശ്വര്‍ രേഖപ്പെടുത്തുകയുണ്ടായി ഈ വലിയ മനുഷ്യന്‍ അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒരു വലിയ സേവനമാണ് രാഷ്ട്രത്തിനു വേണ്ടി ചെയ്തത് എന്ന്.

രാഹുല്‍ ഗാന്ധി ഡല്‍ഹിയിലായാലും അല്ലെങ്കില്‍ ഭൂലോകത്തില്‍ എവിടെയാണെങ്കിലും ഒരു സ്വയം നാടുകടത്തലിന്റെ ഇരയാണോ? അദ്ദേഹം ഏകനായ ഒരു കിരീട അവകാശി ആണോ?
ജയ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം പറയുകയുണ്ടായി അധികാരം വിഷമാണ് എന്ന്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒട്ടേറെ അംഗങ്ങളെ ഈ അധികാരം എന്ന വിഷത്തിലൂടെ നഷ്ടപ്പെട്ടു. മുതുമുത്തത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു 1964 ല്‍ ഒരു ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചതെങ്കിലും 1962 ലെ ഇന്‍ഡോ-ചൈന യുദ്ധത്തിലെ പരാജയത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. മുത്തശ്ശി ഇന്ദിരാഗാന്ധി വെടിയേറ്റാണ് മരിച്ചത്. പിതാവ് രാജീവ് ഗാന്ധിയും അപമൃത്യുപ്പെടുകയായിരുന്നു. ഇതുകൊണ്ടൊക്കെ രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ സജ്ജീവമായി പ്രവേശിക്കുവാന്‍ വിസമ്മതനാണോ? അതോ അദ്ദേഹത്തിന് മനം മാറ്റം ഉണ്ടോ എന്ന ചോദ്യം ഡല്‍ഹിയില്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനാക്കിയപ്പോള്‍ സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനാക്കിയപ്പോള്‍ സോണിയ ഗാന്ധി കരഞ്ഞതായും കുടുംബത്തില്‍ നിന്നും മറ്റൊരു ബലിയാട് കൂടിയും ജ•മെടുക്കുന്നതായി പറഞ്ഞതായും ഒരു സ്വകാര്യ സംഭവത്തെ പരസ്യപ്പെടുത്തിക്കൊണ്ട് രാഹുല്‍ ഒരിക്കല്‍ പറയുകയുണ്ടായി. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് വളരെയേറെ വൈമനസ്യത്തോടെയാണ്. ഇതെല്ലാം രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ഈ വാനപ്രസ്ഥം കാണുമ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഓടി എത്തുന്നതില്‍ അത്ഭുതമില്ല.

രാഹുല്‍ ഗാന്ധിയുടെ പെട്ടെന്നുള്ള തിരോധാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായ ഭിന്നതയും ഭയാശങ്കകളും ഉളവായിരിക്കുകയാണ്. ദിഗ് വിജയ് സിങ്ങിനെ പോലെയും കമല്‍ നാഥിനെ പോലെയുമുള്ള രാഹുല്‍ ഭക്തര്‍ പറയുന്നത് രാഹുല്‍ ഗാന്ധിയെ ഉടനടി കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ആക്കണമെന്നാണ്. ഇവരുടെ അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരമാധികാരം കൊടുക്കണം. കമല്‍ നാഥ് പറയുന്നത് രാഹുല്‍ ഗാന്ധിയുടെ അടുത്ത് പോയാല്‍ സോണിയ ഗാന്ധിയുടെ അടുത്ത് പോകുവാന്‍ പറയും. സോണിയ ഗാന്ധിയുടെ അടുത്ത് പോയാല്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത് പാകുവാന്‍ പറയും. അധികാരത്തിന്റെ ഈ ഇരുധ്രുവീകരണം ഇല്ലാതാക്കണം. അംബികാ സോണിയും ഇതേ അഭിപ്രായക്കാരിയാണ്. പക്ഷെ വീരപ്പ മൊയ്‌ലി സോണിയ ഗാന്ധിയുടെ പരമോന്നത അധികാരത്തില്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസില്‍ ഇതേ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിക്കൊണ്ട് ഇരിക്കുകയാണ്. രാഹുല്‍ ആകട്ടെ വാനപ്രസ്ഥത്തിലും. എത്രമാത്രം സ്വകാര്യത ഒരു രാഷ്ട്രീയ നേതാവിന് അനുവദിച്ചാലും ഇത് അല്‍പം കടന്ന കയ്യല്ലേ? അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല, ഒരു പക്ഷെ സോണിയയും പ്രിയങ്കയും ഒഴിച്ച്.
രാഹുല്‍ ഗാന്ധിയുടെ ഈ വാനപ്രസ്ഥത്തിന്റെ സമയം ആണ് എല്ലാവരേയും ഞെട്ടിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ തുടങ്ങുന്നു(ഫെബ്രുവരി 23) അതില്‍ ഒട്ടേറെ നിര്‍ണായകമായ ബില്ലുകള്‍ പാസാക്കുവാനുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നിയമം അതില്‍ ഒന്നു മാത്രമാണ്. 

ഇതുപോലെയുള്ള ഒരു സന്ദര്‍ഭത്തില്‍ രാഹുല്‍ഗാന്ധി അവധിയില്‍ പോയതിനെ എല്ലാവരും വിമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ. ശശി തരൂരും ഇതില്‍ ഉള്‍പ്പെടുന്നു. ചിലര്‍ പരിഹാസപൂര്‍വ്വം ചോദിക്കുന്നു, അദ്ദേഹം പാര്‍ലമെന്റില്‍ ഹാജരായിട്ടും എന്താണ് കാര്യം പറയത്തക്ക സംഭാവനകള്‍ ഒന്നും അദ്ദേഹത്തില്‍ നിന്നും ഉണ്ടാവാറില്ല. കഴിഞ്ഞ സെഷനില്‍ മുസഫര്‍ നഗര്‍ വര്‍ഗീയ കാലപത്തെ പ്രതിഷേധിച്ചുകൊണ്ട് വായ്മൂടിക്കെട്ടി ലോക്‌സഭയുടെ നടുത്തളത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളെ നയിച്ചെങ്കിലും അതേക്കുറിച്ചുണ്ടായ ഡിബേറ്റില്‍ ഹാജരായില്ല. അദ്ദേഹത്തിന്റെ ഹാജര്‍ ഇതുവരെ 65 ശതമാനം മാത്രമാണ്. ലോക്‌സഭയുടെ ശരാശരി ഹാജര്‍ 85 ശതമാനവും. അദ്ദേഹം ഒറ്റ ചോദ്യം ചോദിച്ചതായിട്ടും, ഒറ്റ ഡിബേറ്റില്‍ പങ്കെടുത്തതായിട്ടും, ഒറ്റ സ്വകാര്യ വ്യക്തി ബില്‍ അവതരിപ്പിച്ചതായിട്ടും രേഖയില്ല. പാര്‍ട്ടി ആസ്ഥാനം ആയ ഇരുപത്തിനാല് അക്ബര്‍ റോഡിലേക്ക് ആറു പ്രാവശ്യം മാത്രമാണ് സന്ദര്‍ശനം നടത്തിയത്. പാര്‍ട്ടിയുടെ പരമോന്നത സമ്മേളനമായ ഫൗണ്ടേഷന്‍ ഡേയില്‍, ഡിസംബര്‍ 28 അദ്ദേഹം സന്നിഹിതനായിരുന്നില്ല. കാരണം അദ്ദേഹം വിദേശത്തായിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥി ആയിരുന്നപ്പോഴും രാഹുല്‍ഗാന്ധിയെ ആരും വിജയ്ചൗക്കില്‍ കണ്ടില്ല.

എന്താണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം? ഇതറിയുവാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല ഇന്ത്യയുടെ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയ താല്‍പര്യമില്ലേ? ഇല്ലെങ്കില്‍ ഇട്ടെറിഞ്ഞ് പോവുക. അല്ലെങ്കില്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരിക. കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും മഹത്തായ ആദര്‍ശങ്ങള്‍ ആയ നാനാത്വത്തില്‍ ഏകത്വം, മതനിരപേക്ഷത, സഹിഷ്ണുത, പുരോഗമനം എന്നിവ ഉയര്‍ത്തി കാണിച്ചു കൊണ്ട് കോണ്‍ഗ്രസിന് പുനര്‍ജനി നല്‍കുക. അദ്ദേഹത്തിന്റെ പാത ദുഷ്‌കരവും ഏകാന്തവും സുദീര്‍ഘവും ആയിരിക്കും. പക്ഷെ രാഷ്ട്രം അദ്ദേഹത്തെ കാത്തിരിക്കുന്നു. ഒന്നുകില്‍ ഈ വെല്ലുവളി സ•നസ്സോടെ ഏറ്റെടുക്കുക. അല്ലെങ്കില്‍ സുല്ലിട്ട് വിടപറയുക.
ഒരു കിരീടാവകാശിയുടെ വാനപ്രസ്ഥം, അഥവാ സ്വയം നാടുകടത്തല്‍ (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക