Image

ആത്മാവില്‍ ഒരു ചിരി (അനുസ്‌മരണം: ഷാജന്‍ ആനിത്തോട്ടം)

Published on 01 March, 2015
ആത്മാവില്‍ ഒരു ചിരി (അനുസ്‌മരണം: ഷാജന്‍ ആനിത്തോട്ടം)
വെള്ളിയാഴ്‌ച രാവിലെ ഓഫീസിലെ തിരക്കുകള്‍ക്കിടയിലേക്കായിരുന്നു എഴുത്തുകാരനും മുന്‍ ലാന പ്രസിഡന്റുമായ ജോണ്‍ ഇളമതയുടെ ഫോണ്‍കോള്‍ വന്നത്‌. `നമ്മുടെ ബേബി സേവ്യര്‍ പോയി കേട്ടോ' എന്ന്‌ അദ്ദേഹമറിയിച്ചത്‌ വിറയ്‌ക്കുന്ന മനസ്സോടെയായിരുന്നു കേട്ടത്‌. വെറും രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ കാനഡയിലെ സ്വന്തം വീട്ടില്‍ വെച്ച്‌ ഞങ്ങളുടെ പ്രിയ സ്‌നേഹിതന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞുവെന്നത്‌ ഉള്‍ക്കൊള്ളാന്‍ ഒട്ടും പറ്റിയില്ല. മനുഷ്യജീവിതം പുല്‍ക്കൊടിക്ക്‌ തുല്യമെന്നൊക്കെ എപ്പോഴും പറഞ്ഞു കേള്‍ക്കുന്നതാണെങ്കിലും നമ്മുടെ സ്വന്തം കാര്യത്തില്‍ വരുമ്പോള്‍ അതംഗീകരിക്കാന്‍ നമുക്കാവില്ലല്ലോ. കണ്ണടയ്‌ക്കുമ്പോള്‍ തെളിയുന്നത്‌ ബേബിച്ചന്റെ ആ നിഷ്‌കളങ്കമായ ചിരിയാണ്‌; ആത്മാവിലേക്ക്‌ പടര്‍ന്നു കയറുന്ന ആ പുഞ്ചിരി!

മരിക്കുമ്പോള്‍ ബേബി സേവ്യര്‍ ലാനയുടെ കാനഡ റീജിയന്‍ കോര്‍ഡിനേറ്ററായിരുന്നു; കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും. ഒരു പദവികളും വഹിക്കാതിരുന്ന കോളജ്‌ പഠനകാലത്താണ്‌ ഞങ്ങള്‍ സുഹൃത്തുക്കളായത്‌. കാല്‍ നൂറ്റാണ്ടിനുമുമ്പ്‌ കുറവിലങ്ങാട്‌ ദേവമാതാ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ തുടങ്ങിയ സൗഹാര്‍ദ്ദം കടലുകള്‍ക്കിക്കരെ വീണ്ടും സമാഗമിച്ചപ്പോഴും തുടര്‍ന്നു. അന്നും എന്നും അദ്ദേഹത്തിന്റെ മുഖത്തെ സ്ഥായിയായ ഭാവമായിരുന്നു നിഷ്‌കളങ്കമായ ഒരു ചെറുപുഞ്ചിരി. അടുത്ത സുഹൃത്തുക്കളോട്‌ സംസാരിക്കുമ്പോള്‍ ഒരുപാട്‌ തമാശകള്‍ പറയുന്ന ബേബിച്ചന്‍ വാതോരാതെ സംസാരിക്കുന്ന ശീലക്കാരനായിരുന്നില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ക്ക്‌ എന്നും ആത്മാര്‍ത്ഥതയുണ്ടായിരുന്നു.

കാനഡയിലേക്ക്‌ കുടിയേറുന്നതിനുമുമ്പ്‌ ഉഴവൂരില്‍ അദ്ദേഹം ഫിസിക്‌സ്‌ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തൊഴിലിനോടും സ്ഥാപനത്തോടും അദ്ദേഹം പുലര്‍ത്തിയ ആത്മാര്‍ത്ഥത അന്ന്‌ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന പലരും പറഞ്ഞുകേട്ടിരുന്നു. 2004-ല്‍ ടൊറന്റോയില്‍ വെച്ച്‌ നടന്ന ഒരു കണ്‍വന്‍ഷനില്‍ വെച്ചാണ്‌ ബേബിച്ചനെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടയിത്‌. അതിനുശേഷം 2012-ല്‍ ഡിട്രോയിറ്റില്‍ വെച്ച്‌ നടന്ന ലാന റീജിയണല്‍ കണ്‍വന്‍ഷനിലും, 2013 ഒടുവില്‍ ചിക്കാഗോയില്‍ വെച്ച്‌ നടന്ന ലാനയുടെ നാഷണല്‍ കണ്‍വന്‍ഷനിലും അദ്ദേഹം പങ്കെടുത്തു. ഷിക്കാഗോ കണ്‍വെന്‍ഷനിലെ മീഡിയ സെമിനാറില്‍ ടൊറന്റോ സര്‍ഗ്ഗധാരാ വിഷനെ പ്രതിനിധീകരിച്ച്‌ പ്രസംഗിച്ചത്‌ ബേബി സേവ്യറായിരുന്നു.

ലാന കുടുംബത്തിനും നോര്‍ത്ത്‌ അമേരിക്കയിലെ സാഹിത്യ പ്രവര്‍ത്തകര്‍ക്കും വലിയൊരു നഷ്‌ടമാണ്‌ അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്‌. അടുത്തിടപഴകുന്നവര്‍ക്കൊക്കെ സൗഹാര്‍ദ്ദത്തിന്റെ ഊഷ്‌മളത ഹൃദ്യമായി നല്‍കിയ ബേബിച്ചന്‍ അവരുടെയൊക്കെ മനസുകളില്‍ സജീവമായി എന്നും നിലനില്‍ക്കും. കാനഡയില്‍ നിന്നു തന്നെയുള്ള എഴുത്തുകാരി നിര്‍മ്മല തോമസും, കാനഡയില്‍ നിന്നും ചിക്കാഗോയിലേക്ക്‌ കുടിയേറിയ യുവകവി ശ്യാം പരമേശ്വരനുമൊക്കെ ബേബി സേവ്യര്‍ എന്ന നല്ല കൂട്ടുകാരന്റെ സൗഹാര്‍ദ്ദത്തിന്റെ ആഴവും ആത്മാര്‍ത്ഥതയും പങ്കുവെച്ചു. കുടുംബത്തെപ്പറ്റി എന്നും അഭിമാനത്തോടെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ സ്വന്തം പ്രേയസിയുടേയും ഏക മകന്റേയുമൊപ്പമായിരുന്നത്‌ ആ മനസ്സില്‍ നന്മയ്‌ക്കുള്ള ദൈവത്തിന്റെ അനുഗ്രഹമായി തന്നെ കാണണം.

ലാന ചിക്കാഗോ കണ്‍വന്‍ഷന്റെ സമാപന ദിവസമായിരുന്നു ബേബിച്ചനെ ഏറ്റവും ഒടുവിലായി കണ്ടത്‌. കാനഡയില്‍ നിന്നുള്ള ഡെലിഗേഷനോടൊപ്പം മടങ്ങുന്നതിനു മുമ്പ്‌ യാത്ര ചോദിക്കുവാന്‍ വന്നപ്പോള്‍ മിസ്സിസിനേയും മോനേയും കൂട്ടി വിന്‍ഡിസിറ്റിയിലേക്ക്‌ വീണ്ടും വരാമെന്നാണ്‌ പറഞ്ഞത്‌. അപ്പോഴും എന്റെ പ്രിയ സ്‌നേഹിതന്റെ മുഖത്ത്‌ ആ നിറഞ്ഞ ചിരിയുണ്ടായിരുന്നു. അത്‌ ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്‌ചയായിരിക്കുമെന്ന്‌ ആരറിഞ്ഞു? മനസ്സിലെ ആത്മാര്‍ത്ഥത മുഖത്ത്‌ നിറപുഞ്ചിരിയായി പ്രകാശിപ്പിക്കുന്ന ബേബിച്ചന്റെ നന്മ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ഭാര്യ സോഫിക്കും മകന്‍ ഷോണിനും എന്നും മാര്‍ഗ്ഗദീപമാകട്ടെ എന്ന്‌ ആശിക്കുന്നു. ആത്മാവില്‍ എന്നും നിറഞ്ഞുനില്‍ക്കട്ടെ പൂനിലാവുപോലെയുള്ള ആ പുഞ്ചിരി!!
ആത്മാവില്‍ ഒരു ചിരി (അനുസ്‌മരണം: ഷാജന്‍ ആനിത്തോട്ടം)
ആത്മാവില്‍ ഒരു ചിരി (അനുസ്‌മരണം: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക