Image

മീശ മത്തായി, തുടങ്ങിയോര്‍ (രണ്ട്‌ കവിതകള്‍: കെ.വി. പുളിക്കീല്‍)

Published on 28 February, 2015
മീശ മത്തായി, തുടങ്ങിയോര്‍ (രണ്ട്‌ കവിതകള്‍: കെ.വി. പുളിക്കീല്‍)
ശ്രീമാന്‍ ജോസ്‌ തയ്യലിന്റെ ന്യൂജേഴ്‌സി മലയാളി യോജിപ്പിനെപ്പറ്റിയുള്ള ലേഖനം വായിച്ചപ്പോള്‍ രണ്ട്‌ കവിതകള്‍ മനസ്സില്‍ വന്നു. ഒരുമയ്‌ക്കു വേണ്ടി ഒഴിവാക്കേണ്ട സ്വഭാവങ്ങളിലേക്ക്‌ ഇവ വിരല്‍ ചൂണ്ടുന്നു .

ഡമ്പ്‌ കാട്ടും മലയാളി മങ്കമാര്‍
കൊമ്പു കോര്‍ക്കുന്നു പള്ളിയില്‍ മല്‍സരം
വമ്പനാരുടെ ഭ
ര്‍ത്താവ്‌, തര്‍ക്കമായ്‌
അമ്പയറായി അച്ചനും കൂട്ടരും

താരതമ്യങ്ങളൊക്കെയും ചെയ്‌തവര്‍
തീരുമോ നാരി തര്‍ക്കം തുടങ്ങിയാല്‍
അന്ത്യ ബാണമെടുത്തൊരു സുന്ദരി
തന്റെ കേമിയാം വൈരിയെ നേരിടാന്‍

കൊമ്പു മീശയെന്‍ ഭര്‍ത്താവിനുണ്ടെടീ
കോഴി മുട്ട പോല്‍ നിന്‍റ്റെയാളിന്‍ മുഖം
നാണമാകും മുഖത്തേക്കു നോക്കിയാല്‍
ചേന ചെത്തിയ പോലെ കഷണ്ടിയും

എന്റെ ഭര്‍ത്താവു സായിപ്പു പോലെടീ
എന്നു മറ്റവള്‍ വാദിച്ചു വെങ്കിലും
തോറ്റു പോയവള്‍ ; ഓടി തന്‍ വീട്ടിലെ
ഷേവിംഗ്‌ സെറ്റുകള്‍ കുപ്പയില്‍ തള്ളിനാള്‍

മീശ നാഥാ വളര്‍ത്തിയില്ലെങ്കില്‍ ഞാന്‍
ഇല്ല; പള്ളിയില്‍ പോരില്ലോരിക്കലും
ശങ്ക വെണ്ട കൊലകൊമ്പനാമൊരു
മീശ വച്ചു നീ പള്ളിയില്‍ നില്‍ക്കണം

ഓമനേ നിന്റെയാനന്ദമണെനി
ക്കേക ലക്ഷ്യം, വളര്‍ ത്തിടാം മീശ ഞാന്‍
കുഞ്ഞു മത്തായിയില്ലിനി പള്ളിയില്‍
`മീശ മാത്തന്‍' വിളിക്കട്ടെ പാപികള്‍

മീശ നന്നായ്‌ കൊഴുത്തു വളരുവാന്‍
നീലിഭൃംഗാദി തേച്ചു കൊടുത്തവള്‍
കൊമ്പു രണ്ടും തിരുമ്മി പിരിച്ചവള്‍
കാണ്മതെങ്ങൊരു ദമ്പത്യമിങ്ങനെ ?

ഞായര്‍ വന്നതും ചേലൊത്ത കൊമ്പുകള്‍
നീട്ടി മീശകള്‍ രണ്ടു പേര്‍ പള്ളിയില്‍
മീശമാരുടെ മങ്കമാര്‍ രണ്ടുപേര്‍
വാശിയും വഴിപാടുമായ്‌ പ്രാര്‍ത്ഥന

വെന്തുരുകും മനസ്സും തിരിയുമായ്‌
കൊന്ത ചൊല്ലി കുരിശു വരച്ചവര്‍
പുണ്യവാളാ പരിശുദ്ധ അമ്മയേ
മത്സരത്തിലടിയരെ കാക്കണേ

വേദവായന തീര്‍ത്തിട്ടു കത്തനാര്‍
സാരമോതി പ്രസംഗിച്ച വേളയില്‍
മീശ മത്തായി നോക്കി തന്‍ ഭാര്യയെ
കേമമാണെന്നു കണ്ണാല്‍ പറഞ്ഞവള്‍

എങ്കിലുമിടം കോമ്പിനൊരു പിരി
കുടി വേണം മിനുക്കു പണിയത്‌
തഞ്ചമായിടം കൈ തന്‍റ്റെ മൂക്കിനു
താഴെ തൊട്ടു കാണിച്ചു കൊടുത്തവള്‍

സാരി കൊണ്ടു മുഖം മറച്ചച്ചന്‍റ്റെ
കണ്ണു വെട്ടിച്ചു വൈരിയെ നോക്കിയാ
കാതിലോതി 'നീ നോക്കെന്‍റ്റെ കാന്തന്‍റ്റെ
മീശ; കേമമിതാരുടെ ചൊല്‍ക നീ '

ഉള്ളിലല്‍പം പകച്ചു പോയ്‌ മറ്റവള്‍
എങ്കിലും ബലം സംഭരിച്ചോ തിയാള്‍
എണ്ണി നോക്കണം തിട്ടപ്പെടുത്തണം
നാളെ രാവിലെ എന്നെ വിളിക്കു നീ


തുടങ്ങിയോര്‍

നടന്‍ ലാലെന്‍ കൂടെ നില്‍ക്കും പടമിന്നു വരും പത്രം
മറക്കാതെ മഹാരാജാക്കടയില്‍ നിന്നെടുക്കേണം
ഭാര്യ, ബന്ധു, ശത്രു, മിത്രം സര്‍വരെയും കാട്ടിയെന്‍റ്റെ
വിലയെന്തെന്നറിയിച്ചു ഗമയോടെ നടക്കേണം

മനക്കോട്ട പണിതു ഞാന്‍ തുറന്നു കൈരളിപ്പത്രം
നടുക്കത്തെ താളിലല്ലോ കിടക്കുന്നു പടം രമ്യം
ലാലു പോലുമറിയാതെ തോളിലെന്‍റ്റെ വലംകൈയ്യും
തോള്‌ തോളായ്‌ തോഴര്‍ പോലെ കണ്ണെടുക്കാന്‍ മടിച്ചു ഞാന്‍

പെരുത്തു വാല്‍സല്യമേറി മൃദുവായി തടവി ഞാന്‍
നടന്റെ മുഖത്തുമെന്റെ മുഖത്തുമിതടിപോളി
പടം വെട്ടി ഫ്രയിം ചെയ്യും , അളിയന്മാര്‍ കാണുവാനായ്‌
ലിവിങ്ങ്‌ റൂമില്‍ പരസ്യമായ്‌ പ്രദര്‍ശിപ്പിക്കും

പടത്തിന്റെയടിയിലെ കുറിപ്പു ഞാന്‍ കിതപ്പോടെ
പഠിച്ചെന്‍റ്റെ പേരു കാണാനുറക്കെ വായിച്ചു നോക്കാന്‍
ചതിച്ചോനീ ചെറിയാനെയെഴുതിയില്ല നീയെന്‍ പേര്‍
പ്രസിഡന്റാം എന്നെ ദുഷ്ടാ കളിപ്പിച്ചോ തിളച്ചു ഞാന്‍

`മുന്‍ നിരയിലിരിക്കുന്നൊരിടത്തുന്നും വലത്തോട്ട്‌
ചെയര്‍മാനാം ചെറിയാനും മുന്‍ ചെയര്‍മാന്‍ കറിയായും
ബൊക്കെയും കൊണ്ടിരിപ്പതു പ്രിയംകരന്‍ നടന്‍ ലാലും
ലാലുവിന്റെ വലത്തായി ചെയര്‍മാന്‍റ്റെ പ്രിയ ഭാര്യ'

ഇരുള്‍ മൂടി കണ്‍കളില്‍; ഞാന്‍ വ്യഥ പൂണ്ടു നോക്കി പിന്നേം
`പിന്‍ നിരയില്‍ കാര്യ ദര്‍ശി രവിശങ്കര്‍ തുടങ്ങിയോര്‍`.
`തുടങ്ങിയോര്‍' എന്ന ഗ്രൂപ്പില്‍ പൊതുവായി തള്ളിയെന്നെ
അപമാനം സഹിക്കാന്‍ ഞാനേശുവല്ല ഗാന്ധിയല്ല

ശപഥ മാണിതു സത്യം, സംഘടന പോളിച്ചങ്ങു
ചെയര്‍മാനായ്‌ വിലസും ഞാന്‍ ചെറിയാന്‍ നീ ചെവി നുള്ളും
പേരിനായി കേസു നല്‍കും കേസു തോറ്റാല്‍ മസ്സില്‍ കാട്ടും
അതും തോറ്റാലക്ഷരങ്ങള്‍ മാറ്റി വേറെ പേരെടുക്കും.
മീശ മത്തായി, തുടങ്ങിയോര്‍ (രണ്ട്‌ കവിതകള്‍: കെ.വി. പുളിക്കീല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക