Image

കള്ളപ്പണം തടയാന്‍ നിയമം...ജെയ്‌റ്റ്‌ലിയുടെ പെട്ടിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ പരമാനന്ദം...

അനില്‍ പെണ്ണുക്കര Published on 28 February, 2015
കള്ളപ്പണം തടയാന്‍ നിയമം...ജെയ്‌റ്റ്‌ലിയുടെ പെട്ടിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ പരമാനന്ദം...
എന്തെല്ലാമായിരുന്നു പുകില്‌ .ഒറ്റ ദിവസംകൊണ്ട്‌ ഇന്ത്യയിലെ സാധാരണക്കാരന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്തെങ്കിലും ഉണ്ടാകും എന്നായിരുന്നു കരുതിയത്‌ .കോരന്‌ പൊറോട്ട കഴിക്കാന്‍ കുമ്പിള്‍ തന്നെ വേണം എന്ന അവസ്ഥ ആയി

സംഭവം ഇത്രേയുള്ളൂ .ഇന്ത്യയിലെ ദരിദ്രരുടെ പേര്‌ പറഞ്ഞ്‌ മോഡിയുടെ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന ബജറ്റായിരുന്നു കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ പെട്ടി പുറത്തു വിട്ടത്‌. ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക്‌ വന്‍ നികുതിയിളവ്‌ നല്‌കിയും സബ്‌സിഡികള്‍ പരിമിതപ്പെടുത്തിയും ഉള്ള വര്‍ണ്ണ മനോഹരമായ ബജറ്റ്‌ .കള്ളപ്പണം തടയാന്‍ നിയമം കൊണ്ടു വരുമെന്നും പത്തു വര്‍ഷം വരെ ശിക്ഷ ഉറപ്പാക്കുമെന്നും 300 ശതമാനം പിഴ ചുമത്തുമെന്നുമുള്ള പ്രഖ്യാപനമാണ്‌ ഈ ബജറ്റിലെ ഏറ്റവും വലിയ തമാശ. കള്ളപ്പണം തടയാന്‍ നിയമം കൊണ്ടുവരുമെന്ന്‌ പറഞ്ഞ അതേ നാക്കുകൊണ്ടു തന്നെ കോര്‍പ്പറേറ്റ്‌ നികുതി അഞ്ചു ശതമാനം കുറച്ചതായി പ്രഖ്യാപനവും നടത്തി. ഇപ്പോഴത്തെ കോര്‍പ്പറേറ്റ്‌ നികുതിയായ 30 ശതമാനം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമാക്കുമെന്ന പ്രഖ്യാപനം നടത്തിയാണ്‌ കോര്‍പ്പറേറ്റുകളെ മന്ത്രി കയ്യിലെടുത്തത്‌. അതേ സമയം, വിദേശത്തുള്ള നിക്ഷേപങ്ങള്‍ മറച്ചുവെച്ചുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനും ഏഴു വര്‍ഷം വരെ തടവും റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ ബിനാമി ഇടപാടിനെതിരേ നടപടിയെടുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്‌.എം.പിമാരും ഉയര്‍ന്ന വരുമാനക്കാരും സബ്‌സിഡി പാചകവാതക സിലിണ്ടറുകള്‍ വേണ്ടെന്ന്‌ വയ്‌ക്കണമെന്ന്‌ മന്ത്രി പറഞ്ഞിട്ടുണ്ട്‌ .അത്‌ മറ്റൊരു തമാശ

സാധാരണക്കാരുടേയും സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന്‌ പ്രാധാന്യം നല്‍കുന്നതാണ്‌ ബജറ്റെന്ന ആമുഖവുമായാണ്‌ ധന മന്ത്രി തുടക്കം കുറിച്ചത്‌. ബജറ്റ്‌ അവതരിപ്പിക്കുന്ന എല്ലാ മന്ത്രി മന്ത്രിപുങ്കവന്മാരും സാധാരണക്കാരുടേയും സ്‌ത്രീകളുടേയും കുട്ടികളുടേയും മേക്കിട്ടുകയരിയാണ്‌ ബജറ്റിനു തുടക്കമിടുന്നത്‌ .അവര്‍ ഒന്നും പറയില്ലല്ലോ

കള്ളപ്പണക്കാര്‍ക്ക്‌ ബ്‌ളാക്ക്‌ വൈറ്റാക്കാന്‍ ഗംഗയെ കൂട്ടു പിടിച്ചത്‌ അല്‌പം കടന്ന കയ്യായിപ്പോയി .കയ്യില്‍ കാശിരിക്കുന്നവന്‍ ഗംഗാ ശുചീകരണ പദ്ധതികള്‍ക്ക്‌ സംഭാവന നല്‍കിയാല്‍ 100 ശതമാനം നികുതിയിളവാണ്‌ കിട്ടും .മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരില്‍ പെന്‍ഷന്‍ പദ്ധതിക്കും ബജറ്റില്‍ നിര്‍ദ്ദേശം നല്‍കി. അടല്‍ പെന്‍ഷന്‍ യോജനയില്‍ 50ശതമാനം വിഹിതം സര്‍ക്കാര്‍ അടയ്‌ക്കുമെന്നാണ്‌ പ്രഖ്യാപനം. ബി.ജെ.പിയുടെയും, ആര്‍.എസ്‌.എസിന്റെയും ശുപാര്‍ശയില്‍ പേര്‌ മാറ്റിയ പല സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും വാരിക്കോരി നല്‍കിയിട്ടുണ്ട്‌ നിലവിലുള്ള മറ്റു പദ്ധതികള്‍ക്ക്‌ പണം കുറച്ചു കൊണ്ടു വരാനും ബജറ്റില്‍ ശ്രദ്ധിച്ചു. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 60 ശതമാനം ആക്കുന്നതോടെ ഒരളവുവരെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക്‌ പ്രയോജന പ്രദമാകുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നത്‌ .ഉമ്മന്‍ ചാണ്ടി അത്‌ സമ്മതിച്ചുമില്ല

മറ്റ്‌ പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ നിന്നും ഒരളവുവരെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന 2022ല്‍ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം, എല്ലാവീടുകളിലും ശൗചാലയം എന്നതാണ്‌ പ്രധാന പ്രഖ്യാപനമായി ജെയ്‌റ്റ്‌ലി നടത്തിയിരിക്കുന്നത്‌. അധികം ആരും ശ്രെധിക്കപ്പെടാത്ത രീതിയില്‍ ജെയ്‌റ്റ്‌ലി ഒരു കാര്യം പറഞ്ഞിട്ടുണ്ട്‌ . രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നുള്ളതാണത്‌. ഇതിന്റെ ലക്ഷ്യം രാജ്യത്തെ ഒ.എന്‍.ജി.സി ഉള്‍പ്പെടെയുള്ള എണ്ണകമ്പനികളുടെ ഓഹരി വില്‍പ്പനയ്‌ക്കിടുമെന്ന്‌ ഉഹിക്കാം ഓഹരി വിപണിയുടെ നിയന്ത്രണത്തിന്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വിപണിയെ നല്ല രീതിയില്‍ ബാധിക്കും. പല കമ്പനികളും വിപണിയില്‍ നിന്നു പിന്മാറാനും സാധ്യതയുണ്ട്‌. ആഭ്യന്തര കടവും വിദേശ കടവും പുതിയ ഏജന്‍സിയുടെ കീഴിലാക്കുമെന്ന പ്രഖ്യാപനം എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന്‌ കണ്ടറിയണം.

മെയ്‌ക്‌ ഇന്ത്യ പദ്ധതിയില്‍ വിമാന നിര്‍മ്മാണം ഉള്‍പ്പെടുത്തുന്നതും പ്രതിരോധ മേഖലയില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചതും സ്വകാര്യ കുത്തകകളുടെ കടന്നു വരവിന്‌ അവസരമൊരുക്കാന്‍ തന്നെയാണ്‌. സ്വര്‍ണ്ണം കയ്യിലുള്ളവര്‍ക്ക്‌ അത്‌ കൊണ്ട്‌ വീണ്ടും കാശ്‌ ഉണ്ടാക്കാന്‍ ഒരു പദ്ധതി ഉണ്ട്‌ . ഇപ്പോള്‍ നിക്ഷേപകരുടെ കയ്യില്‍ വെറുതെയിരിക്കുന്ന 20,000 ടണ്ണോളമുള്ള സ്വര്‍ണത്തില്‍നിന്ന്‌ വരുമാനമുണ്ടാക്കാനാണ്‌പരുപാടി .നിലവിലുള്ള സ്വര്‍ണ നിക്ഷേപ രീതിയില്‍നിന്നും സ്വര്‍ണവായ്‌പാ പദ്ധതികളില്‍നിന്നും വ്യത്യസ്‌തമാണ്‌ പുതിയ പദ്ധതി. സ്വര്‍ണം കയ്യിലുള്ള ആര്‍ക്കും അത്‌ നിക്ഷേപിച്ച്‌ പലിശ വരുമാനം നേടാവുന്ന പദ്ധതിയാണിത്‌. ജ്വല്ലറികള്‍, ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും ഇത്തരത്തില്‍ സ്വര്‍ണം നിക്ഷേപിച്ച്‌ വരുമാനം നേടാം. സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണ്ണത്തിന്‌ പകരം ഗോള്‍ഡ്‌ ബോണ്ടുകള്‍ നിക്ഷേപകന്‌ വാങ്ങി സൂക്ഷിക്കാം. നിശ്ചിത നിരക്കില്‍ പലിശ വാഗ്‌ദാനം ചെയ്യുന്ന ബോണ്ടുകള്‍ വിറ്റ്‌ പണമാക്കുമ്പോള്‍ അന്നത്തെ സ്വര്‍ണത്തിന്റെ വില ലഭിക്കുകയുംചെയ്യും. ഫലത്തില്‍ സ്വര്‍ണം കയ്യില്‍ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടില്ലെന്നുമാത്രമല്ല നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും.അശോകചക്രം പതിച്ച ഇന്ത്യന്‍ ഗോള്‍ഡ്‌ കോയിന്‍ പുറത്തിറക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌

എന്തായാലും സാധാരണക്കാരന്‌ ഒരു കുന്തവുമിലാത്ത പഴയ യു പി എ ബജറ്റിന്റെ ഫോട്ടോസ്‌റാറ്റ്‌ ആയിപ്പോയി ഇത്‌.

അദാനി ..അംബാനി ...എല്ലാവരും പച്ചപിടിക്കട്ടെ ..രാജ്യവും
കള്ളപ്പണം തടയാന്‍ നിയമം...ജെയ്‌റ്റ്‌ലിയുടെ പെട്ടിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ പരമാനന്ദം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക