Image

അഴകോടെ, പെരിങ്ങല്‍ക്കുത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 59: ജോര്‍ജ്‌ തുമ്പയില്‍)

Published on 28 February, 2015
അഴകോടെ, പെരിങ്ങല്‍ക്കുത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 59: ജോര്‍ജ്‌ തുമ്പയില്‍)
അതിരപ്പിള്ളിക്ക്‌ സമീപമായി ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ്‌ പെരിങ്ങല്‍കുത്ത്‌ അഥവാ പൊരിങ്ങല്‍കുത്ത്‌. ഇതിനോടനുബന്ധിച്ച്‌ ഒരു ജലവൈദ്യുതകേന്ദ്രവുമുണ്ട്‌. 1957ലാണ്‌ ഇത്‌ പൂര്‍ത്തിയായത്‌. ചാലക്കുടി നദിയില്‍ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിര്‍മ്മാണ പദ്ധതി ഇതാണ്‌. ആനക്കയം താഴവാത്തിനു താഴെയാണ്‌ അണക്കെട്ട്‌ സ്ഥാപിച്ചിരിക്കുന്നത്‌. അണക്കെട്ടിന്‌ 366 മീറ്റര്‍ നീളവും 36.9 മീറ്റര്‍ ഉയരവും ഉണ്ട്‌.

പെരിങ്ങല്‍കുത്തിലേക്ക്‌ പോകും മുന്‍പ്‌ ലഭിച്ച വിവരങ്ങളാണിത്‌. അതിരിപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും പീച്ചിയിലേക്കുമൊക്കെ പോയിരുന്നുവെങ്കിലും ചാലക്കുടിപ്പുഴയിലെ ഈ അണക്കെട്ട്‌ കാണാനും ആസ്വദിക്കാനുമുള്ള സൗകര്യങ്ങള്‍ ഇതുവരെ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കേയാണ്‌ തൃശൂരിലുള്ള സുഹൃത്തിനൊപ്പം ഇവിടേക്ക്‌ ഒരു യാത്ര തരപ്പെട്ടത്‌. മലക്കപ്പാറയിലുള്ള ടീ എസ്റ്റേറ്റിലുള്ള യാത്രയ്‌ക്ക്‌ മദ്ധ്യേയായിരുന്നു പെരിങ്ങല്‍കുത്ത്‌ സന്ദര്‍ശനം. ശോഭനമായ അന്തരീക്ഷം, പ്രകൃതിയുടെ പരിലാളനകളേറ്റു തഴുകിയുണരുന്ന മരങ്ങള്‍. അന്തരീക്ഷത്തിലെ കുളിര്‍മയ്‌ക്കൊപ്പം തന്നെ കിളികളുടെ വരവേല്‍പ്പ്‌ നാദം.

പെരിങ്ങല്‍കുത്ത്‌ ശരിക്കുമൊരു ഡാമാണ്‌. ഇവിടെ കുത്തിയൊലിച്ച്‌ ഒഴുകിയിരുന്ന ചാലക്കുടി പുഴയെ തടഞ്ഞു നിര്‍ത്തി സംഭരിക്കുന്ന വെള്ളത്തില്‍ നിന്നും ഇവിടെ വൈദ്യുതി ഉണ്ടാക്കുന്നു. 3.2 കോടി ഘനമീറ്ററാണ്‌ ഡാമിന്റെ ജലസംഭരണശേഷി. അത്രയ്‌ക്ക്‌ ചെറുതുമല്ല, എന്നാല്‍ അത്രയ്‌ക്കൊട്ടു വലുതമല്ല. തൃശൂരില്‍ നിന്നും രാവിലെ തന്നെ പുറപ്പെട്ടു. വഴിയില്‍ വലിയ തിരക്കൊന്നും കണ്ടില്ല. വാഴച്ചാലില്‍ നിന്നായിരുന്നു പ്രഭാത ഭക്ഷണം. നല്ല ആവി പറക്കുന്ന പുട്ടും കടലയുമുണ്ടായിരുന്നു. ഞാന്‍ കടല ഒഴിവാക്കി. നല്ല പാളയന്‍കോടന്‍ പഴവും കൈയില്‍ കരുതിയിരുന്ന ഷുഗര്‍ ഫ്രീയും ചേര്‍ത്ത്‌ ബ്രേക്ക്‌ഫാസ്റ്റ്‌ ഉഷാറാക്കി. ചില്ല്‌ അലമാറയില്‍ നിന്നു നോക്കി ചിരിച്ചു കൊണ്ടിരുന്ന മുട്ട പുഴങ്ങിയത്‌ ഒപ്പമുണ്ടായിരുന്ന സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറില്‍ മുക്കി, ഉണ്ണി ഉപേക്ഷിച്ച്‌ ഒരെണ്ണം അകത്താക്കി. അപ്പോഴുണ്ട്‌, കടക്കാരന്റെ ഉപദേശം, കോമ്പിനേഷന്‍ പൂര്‍ണ്ണമാകണമെങ്കില്‍ ഒരു ഏത്തപ്പഴവും പാലുംവെള്ളവും കൂടി ആവണമത്രേ. എങ്കില്‍ പിന്നെ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നു കരുതി. അങ്ങനെ നിറവയറോടെ, പെരിങ്ങല്‍കുത്ത്‌ ഹെയര്‍പിന്‍ കയറ്റം കയറി തുടങ്ങി. വഴിയില്‍ അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയ കാണാം.

ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങല്‍ കുത്തിലെ ജനറേറ്ററുകളിലേയ്‌ക്ക്‌ വലിയ കുഴലുകള്‍ വഴി എത്തിക്കുന്നുണ്ട്‌. 32 മെഗാവാട്ടാണ്‌ ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങല്‍കുത്ത്‌ ഇടതുതീര പദ്ധതി 16 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നുണ്ട്‌.

പെരിങ്ങല്‍കുത്ത്‌ അണക്കെട്ട്‌ കാഴ്‌ചയില്‍ ഒരു കുഞ്ഞന്‍ അണക്കെട്ട്‌ പോലെയാണ്‌ തോന്നിയത്‌. ഒറ്റനോട്ടത്തില്‍ അയ്യപ്പാസ്‌. അകത്തേക്ക്‌ കയറിയപ്പോള്‍ വിശാലത കണ്ട്‌ അമ്പരന്നു പോയി.

1949 മേയ്‌ 20ന്‌ കൊച്ചി രാജാവ്‌ രാമവര്‍മ്മയാണ്‌ ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്‌. അന്ന്‌ ആരംഭിച്ച നിര്‍മ്മാണജോലികള്‍ 1957 മേയ്‌ 15ന്‌ പൂര്‍ത്തിയായി. 399 ലക്ഷം രൂപയാണ്‌ ഈ പദ്ധതിക്കായി ചെലവായ മൊത്തം. ഈ വിവരങ്ങളെല്ലാം ഡാമിനോടു ചേര്‍ന്നുള്ള ഭിത്തിയിലെ ശിലാഫലകത്തില്‍ കൊത്തിവച്ചിട്ടുണ്ട്‌. അണക്കെട്ടിന്റെ ജലസംഭരണിയില്‍ വിനോദസഞ്ചാരികള്‍ക്ക്‌ ബോട്ടിങ്‌ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്‌. ഒന്നു കയറിയാലോ എന്ന്‌ ആലോചിച്ചുവെങ്കിലും ഡാമിന്റെ ആഴമോര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു. അണക്കെട്ടില്‍ സന്ദര്‍ശകരുടെ വലിയ തിരക്ക്‌ അനുഭവപ്പെട്ടില്ല.

പെരിങ്ങല്‍ക്കുത്തിന്റെ ഭംഗി ആസ്വദിച്ചു നില്‍ക്കവേ, ഞങ്ങളെ കടന്ന്‌ ഒരു കൂട്ടം സഞ്ചാരികള്‍ വാല്‍പ്പാറയിലേക്ക്‌ യാത്ര തിരിക്കുന്നതു കണ്ടു. പെരിങ്ങല്‍കുത്ത്‌ മുകളിലേക്ക്‌ കയറിയാല്‍ പിന്നെ വാല്‍പ്പാറയായി. കേരളത്തിന്റെ അതിര്‍ത്തിയിലെ ചെറുപട്ടണം. അവിടം കഴിഞ്ഞാല്‍ തമിഴ്‌നാടിലെ മനോഹര മലമുകള്‍ പട്ടണമായ വാല്‍പ്പാറ എത്തുന്നു. അവിടെ നിന്നു മറുഭാഗത്തേക്ക്‌ മലയിറങ്ങി ആളിയാര്‍ വഴി പൊള്ളാച്ചിയിലെത്താം. വാല്‍പ്പാറയില്‍ നിന്നും ആളിയാറിലേക്കുള്ള മലയിറക്കം മല/വനയാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറെ ഇഷ്ടപ്പെടുന്നതാണ്‌. അനേകം ഹെയര്‍പിന്‍ വളവുകളാലും മറ്റും ഇവിടെയുണ്ട്‌. ഏതെങ്കിലുമൊരു വളവില്‍ സഞ്ചാരികളെ കാത്ത്‌ ഒരു കടുവയോ, കാട്ടാനയോ എങ്കിലും കാണാം.

സഹ്യന്റെ ഷോളയാര്‍, പറമ്പിക്കുളം മേഖലയിലെ മലമടക്കുകളില്‍ നിന്നും ഉത്ഭവിക്കുന്ന നീര്‍ച്ചോലകളാണ്‌ ചാലക്കുടിപ്പുഴഇറങ്ങി പെരിങ്ങല്‍കുത്തിലെത്തുന്നത്‌. ഈ പ്രദേശത്തെ നദീപ്രവാഹങ്ങളില്‍ അനേകം അണക്കെട്ടുകള്‍ നിര്‍മിക്കപ്പെടുകയും, അതിനെ തുടര്‍ന്ന്‌ ഇവിടങ്ങളിലെ ജലപ്രവാഹങ്ങളുടെ പ്രഭവവും പാതകളുമൊക്കെ സ്വാഭാവികത നഷ്ടപ്പെട്ട്‌ തമ്മില്‍പിണഞ്ഞ്‌ ഏറെ സങ്കീര്‍ണമാവുകയും ചെയ്‌തിട്ടുണ്ട്‌. പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍, ഇടമലയാര്‍ തുടങ്ങിയ ഡാമുകളൊക്കെ ഈ വനമേഖലയിലാണ്‌. ഇന്നത്തെ അവസ്ഥയില്‍, ലളിതമായി പറഞ്ഞാല്‍, ചാലക്കുടിപ്പുഴ ഉത്ഭവിക്കുന്നത്‌ പെരിങ്ങല്‍ക്കുത്ത്‌ ഡാമില്‍ നിന്നാണെന്നു തന്നെ പറയാം. ഞാന്‍ കുറച്ചു ചിത്രങ്ങളെടുത്തു. ഡാമിന്റെ സൗന്ദര്യം കാണാനായി അക്കരെ ഇക്കരെ നടന്നു. പ്രകൃതിയോടു ചേര്‍ന്നാണ്‌ ഡാമിന്റെ കിടപ്പ്‌. ചുറ്റുമുള്ള വനമേഖലയെ ആലിംഗനം ചെയ്‌തിരിക്കുകയാണോ എന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നി. പലേടത്തും ചെറു ദ്വീപുകള്‍ മുകളിലേക്ക്‌ പൊന്തി നില്‍ക്കുന്നതു പോലെ തോന്നി. ഒരു ബോട്ടിങ്‌ നടത്തിയാല്‍ ഇതൊക്കെയും അടുത്തു കാണാം. 50 കിലോമീറ്റര്‍ കൊടും വനത്തിന്റെ നടുവിലൂടെ നിരവധി ചെറുദ്വീപുകളെ ചുറ്റി ബോട്ടിങ്‌ നടത്താനാകും. (ബോട്ടിങ്‌ ചില സമയം നിര്‍ത്തിവയ്‌ക്കാറുണ്ട്‌.)

മുന്നിലെ വഴി, മലക്കപ്പാറയിലേക്ക്‌ നീളുകയാണ്‌. രാത്രി ആ ഭാഗത്തേക്ക്‌ യാത്രാ നിയന്ത്രണമുണ്ടെന്ന്‌ തോന്നുന്നു. അവിടെയുള്ള ചെക്ക്‌ പോസ്റ്റില്‍ വനംവകുപ്പ്‌ ഉദ്യോഗസ്ഥരാവണം, ചില വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരോട്‌ സംസാരിക്കുന്നത്‌ കാണാമായിരുന്നു. ഒരു പാതിരാത്രി, കുടുംബസമേതം, അവിചാരിതമായി വാല്‍പ്പാറയില്‍ നിന്നും മലയിറങ്ങേണ്ടി വന്ന ഒരു സുഹൃത്ത്‌ ഭയചകിതമായ ആ യാത്രയെക്കുറിച്ച്‌ പറഞ്ഞത്‌ അപ്പോള്‍ ഞാന്‍ ഓര്‍ത്തു..

*****

പുഴകളില്‍ റാണി, ചാലക്കുടിപ്പുഴ

കേരളത്തിലെ തൃശൂര്‍, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റര്‍ നീളം. ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാര്‍ന്ന പുഴ. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തില്‍ 5 ആം സ്ഥാനമാണ്‌ ചാലക്കുടിപ്പുഴയ്‌ക്കുള്ളത്‌. നദിയുടെ വിസ്‌തീര്‍ണ്ണം 1704 ച.കി.മീ ആണ്‌. ഇതില്‍ 1404 ച.കി.മീ കേരളത്തിലും ബാക്കി 300 ച.കി.മീ തമിഴ്‌നാട്ടിലുമാണ്‌. ഈ നദിയിലെ അതിപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്‌. അപൂര്‍വമായി കാണാറുള്ള ഒരു ഓക്‌സ്‌ബൊ തടാകം ഈ നദിയില്‍ വൈന്തലക്കടുത്തു കണ്ടെത്തിയിട്ടുണ്ട്‌. നാഷണല്‍ ബ്യൂറോ ഓഫ്‌ ഫിഷ്‌ ജനറ്റിക്‌ റിസോര്‍സസ്‌ ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉള്‍പ്പെടുത്തി ഒരു മത്സ്യ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌.

(തുടരും)
അഴകോടെ, പെരിങ്ങല്‍ക്കുത്ത്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 59: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക