Image

തമിഴ് പാട്ടെഴുത്തുകാരി താമര ഭര്‍ത്താവിനെതിരെ കുത്തിയിരിപ്പ് സമരത്തില്‍

Published on 28 February, 2015
തമിഴ് പാട്ടെഴുത്തുകാരി താമര ഭര്‍ത്താവിനെതിരെ കുത്തിയിരിപ്പ് സമരത്തില്‍

ചെന്നൈ: ‘കണ്‍കള്‍ ഇരണ്ടാല്‍’ എന്ന ജനപ്രിയ ഗാനരചയിതാവായ പ്രമുഖ തമിഴ് സിനിമ പാട്ടെഴുത്തുകാരി താമര, ഭര്‍ത്താവും തമിഴ് ആക്ടിവിസ്റ്റുമായ ത്യാഗുവിനെതിരെ കുത്തിയിരിപ്പ് സമരത്തില്‍. കഴിഞ്ഞ നവംബര്‍ 23 മുതല്‍ ത്യാഗു വീട്ടില്‍ വരുന്നില്ളെന്നും തങ്ങളെ ഉപേക്ഷിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും ആരോപിച്ചാണ് 12 വയസ്സുള്ള മകനുമൊത്ത് താമര അനിശ്ചിതകാല കുത്തിയിരിപ്പ് സത്യഗ്രഹം ആരംഭിച്ചത്.

ഭര്‍ത്താവ് വീട്ടിലേക്ക് തിരിച്ചുവരണമെന്നാണ് താമരയുടെ ആവശ്യം. തമിഴ് സംഘടനയായ തമിഴ് ദേശീയ വിടുതലൈ ഇയക്കം (തമിഴ് നാഷനല്‍ ലിബറേഷന്‍ മൂവ്മെന്‍റ്) ജനറല്‍ സെക്രട്ടറിയായിരുന്നു ത്യാഗു എന്ന തോഴര്‍. അദ്ദേഹം ഈയിടെ സംഘടനയില്‍നിന്ന് പുറത്തായി. മാസങ്ങളായി ഇവരുടെ ദാമ്പത്യത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വൈകോ അടക്കമുള്ള തമിഴ് നേതാക്കള്‍ക്ക് കത്ത് നല്‍കിയിട്ടും പരിഹാരമാവാത്ത സാഹചര്യത്തിലാണ് പരസ്യ സമരത്തിനിറങ്ങിയതെന്നും താമര പറഞ്ഞു.

അതേസമയം, വീട് ജയിലായി മാറുമ്പോള്‍ മാത്രമാണ് ആളുകള്‍ ഉപേക്ഷിച്ചുപോവുന്നതെന്നും പൊരുത്തക്കേട് പരിഹരിക്കാനുള്ള മാന്യമായ വഴി പിരിയലാണെന്നും ത്യാഗു പ്രതികരിച്ചു. കവിയും പത്രപ്രവര്‍ത്തകയുമായ താമര 500ലേറെ തമിഴ് സിനിമാ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളുടെ രചയിതാവായ ഇവര്‍, ഗൗതം മേനോന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. അവസാനമിറങ്ങിയ ‘എന്നെ അറിന്താല്‍’ എന്ന അജിത് ചിത്രത്തിലും താമരയുടെ വരികളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക