Image

സ്വപ്‌നഭൂമിക (നോവല്‍ 15: മുരളി ജെ. നായര്‍)

മുരളി ജെ. നായര്‍ Published on 28 February, 2015
സ്വപ്‌നഭൂമിക (നോവല്‍ 15: മുരളി ജെ. നായര്‍)
പതിനഞ്ച്

ന്യൂ ഇയര്‍ ഈവ്.
പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ അമേരിക്ക തയ്യാറാകുന്നു. എങ്ങും പാര്‍ട്ടികള്‍, ഡാന്‍സുകള്‍, കൂടിച്ചേരലുകള്‍.
ശുഭാപ്തിവിശ്വാസത്തിന്റെ അലയൊലികള്‍....
 പാടുപെട്ടാണ് മമ്മിയെക്കൊണ്ട് സമ്മതിപ്പിച്ചത്. തന്നെ ഒന്നു പുറത്തേക്കുവിടാന്‍ കെല്ലിയോടും ട്രിഷയോടുമൊപ്പം.
കള്ളം പറയേണ്ടി വന്നു. ട്രിഷയുടെ വീട്ടിലാണ് പാര്‍ട്ടി എന്നാണ് പറഞ്ഞത്. അതില്‍ സത്യം ഇല്ലാതില്ല. ഡിന്നര്‍ ട്രിഷയുടെ വീട്ടില്‍ കഴിച്ചിട്ട് പുറത്തേക്ക് പോകാനാണു പ്ലാന്‍.
കണ്‍ട്രി ക്ലബ്ബില്‍ ഡാന്‍സ് പാര്‍ട്ടിക്ക് മൂന്നു ടിക്കറ്റ് കെല്ലി ബുക്കു ചെയ്തിട്ടുണ്ട്. ഓപ്പണ്‍ബാര്‍ അടക്കം ഒരാള്‍ക്ക് ഇരുപത്തഞ്ചു ഡോളര്‍ വീതം.
സാധാരണഗതിയില്‍ ഇത്തരം ഡാന്‍സുകള്‍ക്കു ജോഡികള്‍ ആണ് പങ്കെടുക്കുന്നത്. സിംഗിള്‍സും ധാരാളം കാണും. ട്രിഷയ്ക്കും കെല്ലിക്കും അടുത്ത കാലം വരെ ബോയ്ഫ്രണ്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ സിംഗിള്‍സ്.
സന്ധ്യ ഡ്രസ് ചെയ്യുന്നതിനിടയില്‍ ഓര്‍ത്തു. മമ്മിയുടെ ആദ്യത്തെ പ്ലാന്‍ അനിലിനേയും ലീയേയും കൂടി വിളിച്ച് ഒരു ഫാമിലി ഗെറ്റ് ടുഗദര്‍ ആയിരുന്നു. എന്നാല്‍ അനിലും ലീയും ന്യൂയോര്‍ക്കിനു പോകുകയാണെന്നു പറഞ്ഞു. ടൈംസ് സ്‌ക്വയറില്‍ 'ബാള്‍ ഡ്രോപ്പു' ചെയ്യുന്നതു കാണാന്‍. ന്യൂയോര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂഇയര്‍ സംഭവമാണത്. തനിക്കിതുവരെ പോകാന്‍ പറ്റിയിട്ടില്ലെങ്കിലും ടി.വി.യില്‍ കണ്ടിട്ടുണ്ട്.
അനിലും ലീയും ഇല്ലാത്തതുകൊണ്ടാണ് മമ്മി തന്നെയും പുറത്തു പോകാന്‍ ്‌നുവദിച്ചത്.
ഡാഡി ഫ്രണ്ട്‌സിനെ ആരെയൊക്കെയോ വിളിച്ചിട്ടുണ്ടെന്നു തോന്നുന്നു. അഞ്ചാറു ഫാമിലികള്‍ കാണുമെന്നു പറഞ്ഞു. മമ്മി കുക്കിങ്ങിന്റെ തിരക്കിലാണ്.
മണി ഏഴ്. ഏഴരയ്ക്ക് ട്രിഷ വന്നു പിക് ചെയ്യാമെന്നു പറഞ്ഞിരിക്കുകയാണ്. എന്നിട്ട് ട്രിഷയുടെ വീട്ടില്‍ ഡിന്നര്‍. പിന്നെ കണ്‍ട്രി ക്ലബ്ബിലേക്ക്.
ലിപ്സ്റ്റിക് ഇടുന്നതിനിടയില്‍ ഒരു നിമിഷം ഓര്‍ത്തു. ഇപ്പോള്‍ വിനോദ് എന്തു ചെയ്യുകയാവും?
വാച്ചില്‍ നോക്കി. ഏഴുമണി. അപ്പോള്‍ ഇന്ത്യയിലെ രാവിലെ അഞ്ചരമണി.
പുതുവത്സരാഘോഷവും കഴിഞ്ഞ് സുഖമായി മദ്യപിച്ച് ബോധം കെട്ടുറങ്ങുകയാവും. 'സോറി ഡിയര്‍.' സന്ധ്യ മന്ദഹസിച്ചു.
ഡ്രസ് ചെയ്തു താഴെ വന്നു.
'ഹാപ്പി ന്യൂ ഇയര്‍ മമ്മീ.' കെട്ടിപ്പിടിച്ചു കവിളില്‍ മുത്തം വച്ചു പറഞ്ഞു.
'ഹാപ്പി ന്യൂ ഇയര്‍.' മമ്മി പ്രത്യഭിവാദ്യം ചെയ്തു. മോളേ വളരെ സൂക്ഷിക്കണേ.'
'ഷുവര്‍,' പിടിവിട്ടുകൊണ്ട് മെല്ലെ പറഞ്ഞു. 'മമ്മിക്കെന്നെ വിശ്വാസമില്ലേ?'
കണ്ണിലേക്കുറ്റു നോക്കുന്ന മമ്മിയുടെ നോട്ടം നേരിടാനാവാതെ തലകുനിച്ചു.
ഡോര്‍ ബെല്‍ മുഴങ്ങി.
ട്രിഷ.
'ഹായ് ട്രിഷ.'
'ഹായ് സാന്‍ഡി.'
ട്രിഷ മമ്മിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു.
'പോകാമല്ലോ?' ട്രിഷ ചോദിച്ചു.
'യെസ്.'
മമ്മിയെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ച് കോട്ട് അണിഞ്ഞ് ട്രിഷയോടൊപ്പം പുറത്തേക്കിറങ്ങി.
'കെല്ലി എട്ടുമണിക്കുമുമ്പെത്തും.' ട്രിഷ പറഞ്ഞു.
'വീട്ടില്‍ എല്ലാവരും ഡിന്നര്‍ കഴിക്കാന്‍ കാത്തിരിക്കയാണ്.'
ട്രിഷ കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.
സന്ധ്യ ഓര്‍ത്തു. മദ്യം തൊടരുതെന്ന് മമ്മി പ്രത്യേകം താക്കീതു ചെയ്തിട്ടുണ്ട്. എങ്കിലും ഷാമ്പയിന്‍ അല്പമെങ്കിലും കഴിക്കേണ്ടി വരും. ഒരു ചടങ്ങിനുവേണ്ടി. അതിനു മൗനസമ്മതം തന്ന മട്ടുണ്ട്.
ട്രിഷയുടെ വീട്ടില്‍ ഓരോരുത്തരായി പുതുവത്സരാശംസകള്‍ നേര്‍ന്നു.
കെല്ലിയും എത്തി.
ഉത്സവമയമായ അന്തരീക്ഷം.
ട്രിഷയുടെ അമ്മയുമായി കുശലപ്രശ്‌നങ്ങള്‍ ചെയ്തു. ഇടയ്ക്ക് ട്രിഷ അമ്മയെ കണ്ണിറുക്കി കാണിക്കുന്നതു കണ്ടു.
'പത്തുമണിയാകുമ്പോഴേക്കും അവിടെയെത്തിയാല്‍ മതി.' ഡിന്നര്‍ കഴിഞ്ഞ് മുകളിലത്തെ മുറിയിലേക്കു നയിച്ചുകൊണ്ട് ട്രിഷ പറഞ്ഞു.
'ഡിന്നര്‍ കഴിഞ്ഞു പോകുന്ന സ്ഥിതിക്ക് ഒരു ചെറിയ ഫിക്‌സ് വേണോ?'
'ട്രിഷയുടെ ചോദ്യം കേട്ട് ഞെട്ടിപ്പോയി.
'വേണ്ട.' അമ്പരന്നുകൊണ്ടുള്ള മറുപടി.
ട്രിഷ കളിപ്പാട്ടങ്ങള്‍ കൂടിക്കിടക്കുന്ന മൂലയിലേക്കു നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.
ദൈവമേ, എന്തൊരു പരീക്ഷണമാണിത്.
'ടേക് ഇറ്റ് ഈസി.' 'ട്രിഷ പറഞ്ഞു. ഇന്ന് അതൊന്നും ചെയ്യാന്‍ പോകുന്നില്ല. പേടിക്കേണ്ട.'
കെല്ലി സിഗരറ്റെടുത്ത് ചുണ്ടില്‍ വച്ച് തീകൊളുത്തി.
'ഹൗ ഈസ് യുവര്‍ ഹസ്ബന്റ്?' ട്രിഷയുടെ ചോദ്യം.
'ഫൈന്‍!'
'ഡിഡ് യു കോള്‍ഹിം ടുഡേ?'
'യെസ്.'
കെല്ലിയും ട്രിഷയും പരസ്പരം നോക്കി പുഞ്ചിരിച്ചു. എന്താണാവോ കാര്യം? മൂന്നുപേരും പുറത്തേക്കിറങ്ങി.
'ലെറ്റ് മി ഡ്രൈവ്,' കെല്ലി പറഞ്ഞു.
'വേണ്ട, ഞാന്‍ ഡ്രൈവ് ചെയ്യാം.' ട്രിഷ.
മൂന്നുപേരും ട്രിഷയുടെ കാറില്‍ കയറി.
്'ഇന്ന് രാത്രി സ്‌നോ പെയ്യുമെന്നാണ് പ്രഡിക്ഷന്‍.' കെല്ലി പറഞ്ഞു. 'തിരികെ വരുമ്പോള്‍ ഡ്രൈവിംഗ് പ്രയാസമായിരിക്കും.'
'വീ വില്‍ ടെക് കേര്‍ ഓഫ് ഇറ്റ്.' ട്രിഷ.
കണ്‍ട്രി ക്ലബ്ബിന്റെ പരിസരം കാറുകള്‍ കൊണ്ടു നിറഞ്ഞിരുന്നു. പാര്‍ക്കിങ്‌ലോട്ട് നിറഞ്ഞിട്ട് റോഡിലും വരിയായി കാറുകള്‍.
പാര്‍ക്ക് ചെയ്ത് മൂന്നുപേരും പ്രവേശന കവാടത്തിലേക്കു നടന്നു. 
കോട്ടുകള്‍ ഊരി സൂക്ഷിക്കാന്‍ ഏല്പിച്ച് ടോക്കണ്‍ വാങ്ങി.
സൂട്ടും ടൈയും അണിഞ്ഞ ദ്വാരപാലകന്‍ അകത്തേക്കാനയിച്ചു രജിസ്റ്ററില്‍ നോക്കി പേരുകള്‍ ഉറപ്പു വരുത്തി.
ലൈവ് ബാന്റ് സംഗീതം പൊടിപൊടിക്കുന്നു. തുള്ളിക്കളിക്കുന്ന പ്രകാശബിന്ദുക്കള്‍ ഹാള്‍ നിറയെ.
ഭംഗിയായി വസ്ത്രധാരണം ചെയ്ത ആളുകളെക്കൊണ്ട് ഹാള്‍ നിറഞ്ഞിരുന്നു. മദ്ധ്യത്തിലുള്ള ഡാന്‍സ് ഫ്‌ളോറില്‍ സംഗീതത്തിനൊത്ത് ചുവടു വയ്ക്കുന്ന ചിലര്‍.
'എത്രയാ ടേബ്ള്‍ നമ്പര്‍?' ഒരു അറ്റന്‍ഡന്റ് പുഞ്ചിരിയോടെ  ആരാഞ്ഞു.
'നാല്പത്തിയാറ്.'
'ദിസ് വേ.'
ഹാളിന്റെ സൈഡില്‍ അവര്‍ക്കായി റിസര്‍വ് ചെയ്തിരുന്ന ടേബിളിലേക്ക് ആനയിക്കപ്പെട്ടു.
ചെറിയ കാര്‍ഡ് മേശപ്പുറത്ത്. ട്രിഷയുടെ പേരും മൂന്ന് എന്ന അക്കവും അതില്‍ ആലേഖനം ചെയ്തിരുന്നു.
ഇരുന്നുകൊണ്ട് സന്ധ്യ ചുറ്റും നോക്കി. പരിചയമുള്ളവര്‍ ആരെങ്കിലും?
സൂട്ടും ടൈയും ധരിച്ച പുരുഷ•ാരും പലതരം ഫാഷനിലുള്ള ഡ്രസുകള്‍ ധരിച്ച സ്ത്രീകളും.
'ഓരോ ഡ്രിങ്ക് എടുക്കാം.' ട്രിഷ പറഞ്ഞു.
യെസ്.' കെല്ലി.
ഒരു നിമിഷം അങ്കലാപ്പിലായി. മദ്യം വളരെ കര്‍ശനമായി നിരോധിച്ചിരിക്കുന്ന തെറാപ്പി നിര്‍ദ്ദേശങ്ങളെപ്പറ്റി ഓര്‍ത്തു.
ബാറിലേക്കു നടന്നു.
ട്രിഷ വിസ്‌ക്കിസവറും കെല്ലി ആന്റ് കോക്കും ഓര്‍ഡര്‍ ചെയ്തു.
'ഓറഞ്ച് ജ്യൂസ്.' ഇടം കണ്ണിട്ട്് കെല്ലിയെ നോക്കി, അല്പം ജാള്യതയോടെ.
ഡ്രിങ്ക്്, മൊത്തിക്കുടിച്ചുകൊണ്ട് ഇരിക്കവേ, ബാന്റ് സംഗീതക്കാരന്റെ അനൗണ്‍സ്‌മെന്റ് കേട്ടു. ഇനിയും കേവലം ഒന്നരമണിക്കൂര്‍. തൊണ്ണൂറു മിനിറ്റുകള്‍, കഴിഞ്ഞാല്‍ പുതുവത്സരമായി. അതുകേട്ട് ആര്‍ത്ത് വിളിക്കുന്ന ചെറുപ്പക്കാര്‍.
അടുത്തതായി വേഗതയേറിയ ഒരു ഡാന്‍സ് നമ്പര്‍.
ട്രിഷയും കെല്ലിയും എഴുന്നേറ്റു.
'കമോണ്‍, ലെറ്റസ് ഡാന്‍സ്്.'
ഡാന്‍സ് ഫ്‌ളോറിലേക്ക് അവരോടൊപ്പം നടന്നു.
സംഗീതത്തിനൊപ്പം ചുവടുകള്‍ വച്ചു.
പാര്‍ട്ടി നല്ല ഫോമിലാകാന്‍ തുടങ്ങിയിരിക്കുന്നു.
അടുത്തതും ഒരു ഡിസ്‌കോ സംഗീതം തന്നെ. നിഴലും വെളിച്ചവും കെട്ടിപ്പുണരുന്ന ഹാളില്‍ ഉത്സവാഘോഷം തിരയടിച്ചു.
അടുത്തതായി ജോഡികള്‍ക്കുള്ള ഒരു നമ്പരാണ് പാടാന്‍ പോകുന്നത്് എന്ന് ബാന്റുകാരന്‍ അനൗണ്‍സ് ചെയ്തു.
ട്രിഷയും കെല്ലിയോടുമൊപ്പം ടേബിളിലേക്കു നടന്നു.
ഓറഞ്ചു ജ്യൂസ് മൊത്തിക്കുടിച്ചുകൊണ്ട് ഡാന്‍സ് ഫ്‌ളോറില്‍ മന്ദം മന്ദം ചുവടു വയ്ക്കുന്ന ജോഡികളെ നോക്കിയിരുന്നു എല്ലാ പ്രായക്കാരും ഉണ്ട് അവരില്‍. 
ഡാന്‍സ് നമ്പരുകള്‍ ഒന്നൊന്നായി ആര്‍ത്തു വിളിച്ചു കടന്നുപോയി.
അനൗണ്‍സറുടെ ശബ്ദം. ഇന്നി അഞ്ചു മിനിറ്റു കൂടിയേയുള്ളൂ ന്യൂഇയറിന്. ട്രിഷയും കെല്ലിയും ബാറിലേക്കു നടന്നു. ഷാമ്പയിന്‍ കുപ്പികള്‍ ഓരോ ടേബിളിലും എത്തി.
ഒരു ഡാന്‍സ് കൂടി കഴിഞ്ഞു.
ഇനി പുതുവത്സരത്തിന് ഒരു മിനിറ്റില്‍ താഴെ മാത്രം സമയം. എല്ലാവരും ഡാന്‍സ് ഫ്‌ളോറിലൂടെ നടന്നു.
കൗണ്ട് ഡൗണ്‍ ടു ദ ന്യൂ ഇയര്‍.
ഫൈവ്..... ഫോര്‍..... ത്രീ..... ടു.....വണ്‍......
ഹാപ്പി ന്യൂ ഇയര്‍!
ആയിരം കണ്ഠങ്ങളില്‍ നിന്നുയരുന്ന ശബ്ദം. കൂടെ സംഗീതവും.
'ഹായ് സാന്‍ഡി.'
ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി. കീത്ത്.
ഒരു നിമിഷം നാവിറങ്ങിപ്പോയതുപോലെ
'ഹാപ്പി ന്യൂ ഇയര്‍!' കീത്ത് വീണ്ടും.
'താങ്ക്‌സ്.' സന്ധ്യ മെല്ലെ പറഞ്ഞു 'സെയിം ടു യൂ.'
കീത്തിന്റെ കൂടെ ഉണ്ടായിരുന്ന വെള്ളക്കാരിയെ അപ്പോഴാണു ശ്രദ്ധിച്ചത്.
'മീറ്റ് സാന്‍ഡീ,' കീത്ത് കൂട്ടുകാരിയെ നോക്കി പറഞ്ഞു.
'സാന്‍ഡി , ഇത് കാരെന്‍.'
'ഹായ് സാന്‍ഡി'
'ഹായ് കാരെന്‍.'
കീത്തിന്റെ നോട്ടം നേരിടാനാകാതെ കുനിഞ്ഞു.
വീണ്ടും ഡാന്‍സിന്റെ സംഗീതം. അതിനൊത്ത് എല്ലാവരും ചുവടുവയ്ക്കാന്‍ തുടങ്ങി.
കീത്ത് തന്റെ നേരെ തിരിഞ്ഞാണ് ഡാന്‍സു ചെയ്യുന്നത്. ദൈവമെ, വല്ലാത്തൊരു ശിക്ഷ തന്നെ!
ജീവിതത്തില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും നീണ്ട ഡാന്‍സ് നമ്പറായി തോന്നി അത്. ഡാന്‍സ് തീരുവോളം കീത്ത് തന്നെത്തന്നെ ഉറ്റു നോക്കുകയായിരുന്നു.
ഡാന്‍സ് കഴിഞ്ഞു.
ടേബഌലേക്കു നടന്ന തന്നെ കീത്തും പിന്തുടര്‍ന്നു. കെല്ലിയുടെയും ട്രിഷയുടേയും മുഖത്ത് അതിശയം.
'ഈസ് യുവര്‍ ഹസ്‌ബെന്റ് നോട്ട് ഹിയര്‍ യെറ്റ്?'
'നോ.'
യാന്ത്രികമായി മറുപടി പറഞ്ഞു.
'എത്ര നാളെടുക്കും എത്താന്‍?'
'നാലു മാസത്തോളം.'
'സീ യൂ.'
കീത്തും കൂട്ടുകാരിയും അകന്നു പോകുന്നതറിഞ്ഞു.
ഏറുകണ്ണിട്ട് കെല്ലിയേയും ട്രിഷയേയും നോക്കി. അവര്‍ തന്നെ തറപ്പിച്ചു നോക്കുകയാണ്.
ദൈവമേ, ഇവിടെ നിന്നു പുറത്തു കടക്കാന്‍ കഴിഞ്ഞെങ്കില്‍!
ട്രിഷയും കെല്ലിയും കസേരകളില്‍ ഇരുന്നു.
'വാട്ട് ഹാപ്പന്‍ഡ്?'
കെല്ലിയുടെ ചോദ്യം.
'നത്തിങ്?'
'യൂ ആര്‍ സഡന്‍ലി ഓഫ്.'
'നോ ഒന്നുമില്ല.' പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ട്രിഷ ഷാമ്പയിന്‍ കുപ്പിയുടെ കോര്‍ക്ക് പോപ്പ് ചെയ്യാന്‍ തുടങ്ങി.
'ഹാപ്പി നൂ ഇയര്‍.' കോര്‍ക്ക് വലിയ ശബ്ദമുണ്ടാക്കി മുകളിലേക്ക് തെറിച്ചതിനൊപ്പം ട്രിഷ പറഞ്ഞു.
ഷാമ്പയിന്‍ ഗ്ലാസുകളിലേക്കു പകരാന്‍ തുടങ്ങി.
'എനിക്കു വേണ്ട.' മടിച്ചുമടിച്ച് പറഞ്ഞു.
'ഡോന്റ് ബി സില്ലി.' കെല്ലി ചിരിച്ചു. ഒരല്പം കഴിക്കുന്നതു കൊണ്ട് കുഴപ്പമൊന്നും വരില്ല.'
മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.
കെല്ലിയും ട്രിഷയും ഗ്ലാസുകള്‍ കൈയിലെടുത്തു.
'ചിയേഴ്‌സ്' ട്രിഷ പറഞ്ഞു. 'ഫോര്‍ എ ഹാപ്പി ന്യൂ ഇയര്‍.'
സിപ്പു ചെയ്ത് ഗ്ലാസ് മേശപ്പുറത്തു വച്ചു ഷാമ്പയിന്റെ തണുപ്പ് പാപഭാരം പോലെ ആത്മാവിലേക്കിറങ്ങുന്നു.
വീണ്ടും സംഗീതം അലയടിക്കാന്‍ തുടങ്ങി.
'കമോണ്‍, ലെറ്റസ് ഡാന്‍സ്!'
കെല്ലി പറഞ്ഞു.
'ഞാന്‍ വരുന്നില്ല. നിങ്ങള്‍ പൊയ്‌ക്കൊള്ളൂ.'
ട്രിഷയും കെല്ലിയും ഷാമ്പയിന്‍ ഗ്ലാസ് കാലിയാക്കി എഴുന്നേറ്റു പോയി. ഡാന്‍സ് ഫ്‌ളോറില്‍ കെട്ടിമറിയുന്ന നിഴലുകളെ നോക്കിയിരുന്നു. കീത്ത് അടുത്തേക്കു വരുന്ന ഭാഗം.
'ഹൗ ഈസ് യുവര്‍ ന്യൂ ഗേള്‍ഫ്രണ്ട്?' ചോദിച്ചു.
അവള്‍ ഗേള്‍ഫ്രണ്ടല്ല. ഇന്നത്തേക്കുള്ള ഡേറ്റ് ആണ്. കാരന്‍ തങ്ങളുടെ ടേബഌനു നേരെ നടന്നടുക്കുന്നതു കണ്ടു.
'നീ പോയതിനുശേഷം എനിക്ക് ഗേള്‍ ഫ്രണ്ടൊന്നും ഉണ്ടായിട്ടില്ല.'
കീത്ത് പതുക്കെ പറഞ്ഞു. നോബെഡി ക്യാന്‍ റീപ്ലേസ് യൂ.'
ചെറുതായൊന്നു ഞെട്ടി. കീത്തിനെ നോക്കി പുഞ്ചിരിച്ചു. വിളറിയ ചിരി.

സ്വപ്‌നഭൂമിക (നോവല്‍ 15: മുരളി ജെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക