Image

ബജറ്റ്‌ : 2022 ല്‍ എല്ലാവര്‍ക്കും വീട്‌

Published on 28 February, 2015
ബജറ്റ്‌ : 2022 ല്‍ എല്ലാവര്‍ക്കും വീട്‌
ന്യൂഡല്‍ഹി: ഇന്ത്യയെ വളര്‍ച്ചയുടെ പാതയിലേക്ക്‌ നയിക്കുക അതിന്റെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക്‌ എത്തിക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യമെന്ന്‌ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്ലി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും വീട്‌ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുമെന്നു ബജറ്റ്‌ അവതരണ വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

2022 എത്തുമ്പോഴേയ്‌ക്ക് പട്ടണ പ്രദേശങ്ങളില്‍ 2 കോടി വീടുകളും ഗ്രാമപ്രദേശങ്ങളില്‍ 4 കോടി വീടുകളും നിര്‍മിക്കുമെന്നും വീട്ടില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും ബജറ്റ്‌ പ്രഖ്യാപനത്തില്‍ പറഞ്ഞു. എല്ലാവരുടെയും ക്ഷേമമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വളര്‍ച്ചയുടെ ഫലം സാധാരണക്കാര്‍ക്കും യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈമാറുമെന്നും പറഞ്ഞു.
തൊഴിലുറപ്പ്‌ പദ്ധതിക്കായി 5000 കോടി ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്‌. വനിതാ സുരക്ഷയ്‌ക്ക് നിര്‍ഭയാ ഫണ്ടിന്‌ ആയിരം കോടി, എല്ലാവര്‍ക്കുമായി സാമൂഹ്യ സുരക്ഷാ പദ്ധതി, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പരിഗണന, 12 രൂപ പ്രിമിയത്തിന്‌ രണ്ടുലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ്‌ പദ്ധതി തുടങ്ങിയവയാണ്‌ ദരിദ്രര്‍ക്കായി ബജറ്റില്‍ വിലയിരുത്തപ്പെട്ടിട്ടുള്ള പ്രമുഖ പ്രഖ്യാപനങ്ങള്‍.

സബ്‌സീഡി ചോര്‍ച്ച ഇല്ലാതാക്കുമെന്ന്‌ വ്യക്‌തമാക്കിയ ജെയ്‌റ്റ്ലി സബ്‌സീഡി കുറയ്‌ക്കുകയല്ല ലക്ഷ്യം പാവപ്പെട്ടവരില്‍ എത്തിക്കുകയാണെന്ന്‌ വ്യക്‌തമാക്കി. ഇതിനായി എംപിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍പിജി സബ്‌സീഡി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അടിസ്‌ഥാന സൗകര്യ മേഖലയില്‍ നിക്ഷേപക്കുറവുണ്ടെന്നും നഷ്‌ടമുണ്ടാക്കുന്ന പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും പറഞ്ഞു. കാര്‍ഷികമേഖലയുടെ തളര്‍ച്ചയാണ്‌ സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക